2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-9-ഗോത്രമത്സരങ്ങള്‍

                                        ഒന്‍പത്

                             ഗോത്രമത്സരങ്ങള്‍

മൂപ്പന്‍റെ മരണശേഷം അടുത്ത തലമുറയില്‍ നിന്നൊരു മൂപ്പന്‍ വന്നു.അയാള്‍ക്ക് എന്തിലും ഏതിലും ഉപദേശം നല്കിവന്നത് വിദേശികളായിരുന്നു.അവര്‍ വളഞ്ഞ തടികള്‍ കൊണ്ട് കലപ്പയുണ്ടാക്കി നിലമുഴാന്‍ പഠിപ്പിച്ചു. കാലിമേയ്ക്കലും ശക്തമായി.പശുക്കളുടെ എണ്ണം വര്‍ദ്ധിച്ചു. പുരുഷന്മാര്‍ കാലിമേയ്ക്കാനും സ്ത്രീകള്‍ കൃഷി ചെയ്യാനും നേതൃത്വം നല്കി. സമൃദ്ധിയുടെ നാളുകള്‍,എങ്ങും ആഹ്ലാദം മാത്രം.
ഈ കാലത്ത് ഹിമാലയ താഴ്വാരങ്ങളിലും വന്‍മാറ്റങ്ങള്‍ സംഭവിക്കയായിരുന്നു.പര്‍വ്വതം കടന്നുവന്ന ആര്യന്മാരുടെ എണ്ണം വര്‍ദ്ധിച്ചു.അവര്‍ അടിമകളാക്കിയ ദ്രാവിഡരെ ഉപദ്രവിക്കുന്നതും കൂടി വന്നു.ദ്രാവിഡര്‍ പടുത്തുയര്‍ത്തിയ സാംസ്ക്കാരിക സാമൂഹിക ഭരണ സംവിധാനങ്ങള്‍ എല്ലാം അവര്‍ തച്ചുടച്ചു. ശല്യം സഹിക്കാന്‍ കഴിയാതെ അനേകം ദ്രാവിഡര്‍ ദക്ഷിണദേശത്തേക്ക് പലായനം ചെയ്തു. നടന്നുവന്നവര്‍ കൃഷ്ണാ നദിക്കരയില്‍ പാര്‍പ്പുറപ്പിച്ചപ്പോള്‍, ചെറുകപ്പലുകളിലും ചങ്ങാടങ്ങളിലും കയറി തുഴഞ്ഞവര്‍ എറിത്രേറിയന്‍ കടല്‍ത്തീരത്തെത്തി.പച്ചപ്പിന്‍റെ സമൃദ്ധികണ്ട് അവര്‍ തീരത്തിറങ്ങി താമസം തുടങ്ങി.ഓരോ ദിവസവും എത്തുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു.ഇവര്‍ വിവിധ ഗോത്രങ്ങളില്‍ പെട്ടവരായിരുന്നു.
മത്സ്യം കുലചിഹ്നമായവര്‍ മീനവരും വില്ല് കുലചിഹ്നമായവര്‍ വില്ലുവരും കടല്‍ത്തിര ചിഹ്നമാക്കിയവര്‍ തിരൈയരുമായിരുന്നു.ഓരോ കപ്പല്‍ അടുക്കുമ്പോഴും അതില്‍ വരുന്നവര്‍ അവരുടെ കുലത്തോടൊപ്പം ചേര്‍ന്നു.ആദ്യം തീരത്ത് താമസമാക്കിയവരില്‍ തിരൈയര്‍ ഒഴികെ ബാക്കിയുള്ളവര്‍ ഉള്‍പ്രദേശങ്ങളിലേക്ക് താമസം മാറ്റി.അവര്‍ കാടുവെട്ടി കൃഷിയിറക്കാനും കാലിവളര്‍ത്താനും വേട്ടയാടാനും തുടങ്ങി.കലയിലും സംഗീതത്തിലും താത്പ്പര്യമുള്ള അവര്‍ പാറകളില്‍ ചിത്രം വരയ്ക്കുകയും ശില്പ്പങ്ങള്‍ കൊത്തിയെടുക്കുകയും ഈറത്തണ്ടില്‍ ദ്വാരമുണ്ടാക്കി മനോഹരമായ ഈണത്തില്‍ പാടുകയും ചെയ്തു.
ആയുധബലം കൊണ്ടും കായികബലം കൊണ്ടും ശക്തരായ ദ്രാവിഡരുടെ തള്ളിക്കയറ്റം കണ്ട് പകച്ചുനിന്ന നാട്ടുകാരായ പല സമൂഹങ്ങളും മൂപ്പന്‍റെ നേതൃത്വത്തില്‍ കാടുകളിലേക്ക് പിന്‍വലിഞ്ഞു. മറ്റുള്ളവര്‍ ദ്രാവിഡര്‍ക്കൊപ്പം ചേര്‍ന്നു, അവരുടെ ഭാഷ പഠിച്ചു,പുതിയ തൊഴിലുകള്‍ പഠിച്ചു.

യുദ്ധത്തിലൂടെ ദ്രാവിഡരെ തോല്പ്പിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ നാളില്‍ കടമ്പുഗോത്രക്കാരുടെ സഭയില്‍ മൂപ്പന്‍ പറഞ്ഞു, നമുക്കിനി ഇവിടെ നിലനില്പ്പില്ല.കാട്ടിനുള്ളിലേക്ക് പിന്മാറുകയാണ് ഉചിതം.ഇല്ലെങ്കില്‍ നമ്മുടെ ഗോത്രം നശിക്കും,നമ്മള്‍ അടിമകളാകും.

ആരും മറുപടി പറഞ്ഞില്ല.മൂപ്പനെ ധിക്കരിക്കാന്‍ വയ്യ,എന്നാല്‍ ദ്രാവിഡര്‍ കൊണ്ടുവന്ന പല സുഖങ്ങളും ഉപേക്ഷിക്കാനും വയ്യ.നാനാവിധ ചിന്തകളോടെ അവര്‍ ഇരുന്നു.നാളെ പ്രഭാതത്തില്‍ നമ്മള്‍ യാത്രയാകും, മൂപ്പന്‍ ഇത്രയും പറഞ്ഞ് വീട്ടിലേക്ക് പോയി.

കടമ്പ്മരച്ചോട്ടിലിരുന്ന് ദിഷയും ഭാര്യ ഇകയും കുറേനേരം ആലോചിച്ചു.ഒരു തീരുമാനം എടുത്തേ മതിയാകൂ, ഇനി അധിക സമയമില്ല.ഒടുവില്‍ കടമ്പുഗോത്രത്തില്‍ നിന്നും വേര്‍പിരിയാന്‍ തന്നെ അവര്‍ തീരുമാനിച്ചു.മക്കളായ ചിനയെയും ചിമ്പുവിനെയും എടുത്ത് അവര്‍ ദൂരേയ്ക്ക് മാറി ഒളിച്ചുനിന്നു.രാവിലെ കടമ്പുഗോത്രക്കാരായ ബന്ധുക്കളും  സ്വന്തക്കാരും തങ്ങളുടേതായ വസ്തുക്കളൊക്കെയെടുത്ത് യാത്രപോകുന്നത് അവര്‍ നോക്കിനിന്നു. അവര്‍ കണ്‍വെട്ടത്തു നിന്നും മറഞ്ഞപ്പോള്‍ എതിര്‍ദിശയിലേക്ക് അവരും നടന്നു.ദൂരെ ഒരു സമൂഹം താമസിക്കുന്നിടത്ത് അവര്‍ എത്തി.അത് വില്ലുവ വംശക്കാരായിരുന്നു.അവരെ സംശയത്തോടെ നോക്കിനിന്ന ദിഷ , മെല്ലെ അവരോട് അടുക്കുകയും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആ കൂട്ടത്തില്‍ ചേരുകയും ചെയ്തു.വില്ലുവ മൂപ്പനും കൂട്ടരും അവരോട് സ്നേഹമായി പെരുമാറി. വില്ലുവര്‍ക്ക് നല്ല കൃഷിയിടം കണ്ടെത്താനും നാടറിയാനും ദിഷയുടെ ചങ്ങാത്തം ഉപകരിച്ചു.

പ്രഹ്ളാദാ,അങ്ങിനെ നിന്‍റെ കുടുംബക്കാര്‍ ആദികുലം ഉപേക്ഷിച്ചു. നീ ഇപ്പോള്‍ വിശ്രമിക്കുന്ന ഈ മണ്ണില്‍ നിന്‍റെ ഗോത്രജനിതകം പേറുന്നവര്‍ നിന്‍റെ പുതിയ കുലത്തില്‍പെട്ടവരെ ഭയന്ന് ഇന്നും ജീവിക്കുന്നു എന്നറിയുക.

നിന്‍റെ ആദി പിതാക്കളുടെയും ആദി മാതാക്കളുടെയും ആദിമ ഭീതി ഇപ്പോഴും മാഞ്ഞിട്ടില്ലെന്നും നീ മനസ്സിലാക്കണം പ്രഹ്ളാദാ”, ഗുരു പറഞ്ഞു. അവനാ സത്യത്തിനു മുന്നില്‍ തലകുനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ