2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter -8-ആദികാല വിദേശികള്‍

                                                  എട്ട്

                             ആദികാല വിദേശികള്‍

പ്രഹ്ളാദാ,ബിസി ആയിരത്തി എണ്ണൂറിലെ ഒരമാവാസി നാളായിരുന്നു അത്.മൂപ്പനും കൂട്ടരും യോദ്ധാക്കളുടെ വരവ് കാത്ത് ആകാംഷയോടെ ഇരിക്കയായിരുന്നു. ദൂരെനിന്നുള്ള അവരുടെ വരവറിയിക്കുന്ന ആര്‍പ്പുകള്‍ ഒന്നും കേട്ടില്ല.വിജയഭേരി മുഴക്കാതെ അവര്‍ നിഴലുകളായി നടന്നുവരുന്നത് മൂപ്പനില്‍ ആശങ്കപടര്‍ത്തി. എന്താണ് സംഭവിച്ചിരിക്കുക. അശുഭകരമായ ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയി. കൂടുതല്‍ എന്തെങ്കിലും ചിന്തിക്കും മുന്‍പ് രണ്ട് ശവങ്ങള്‍ അവര്‍ ഇറക്കികിടത്തി.ആ കാഴ്ച കണ്ട് സ്ത്രീകള്‍ നിലവിളിക്കാന്‍ തുടങ്ങി.പുരുഷന്മാര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ദുഃഖമടങ്ങാതെ അവര്‍ അലമുറയിട്ടു.ആണുങ്ങളുടെ കാഴ്ചയില്‍ വിദേശിയര്‍ തെളിഞ്ഞു.പിന്നെ എല്ലാ കണ്ണുകളും അവരിലേക്കായി.അവരെ കൊല്ലാനുള്ള ദേഷ്യവും ഇരമ്പി വന്നു.അത് മനസ്സിലാക്കിയ മൂപ്പന്‍ ഗോത്രക്കാരെ വിലക്കി,വേണ്ട,അക്രമം വേണ്ട,അവരെ കടമ്പ് മരത്തില്‍ കെട്ടിയിടൂ.
രണ്ടുപേരെയും കടമ്പുമരത്തില്‍ കെട്ടിയിട്ട ശേഷം കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ മൂപ്പന്‍ നിര്‍ദ്ദേശിച്ചു.ശരീരങ്ങള്‍ അടക്കുന്നതുവരെ എല്ലാവരുടെയും ശ്രദ്ധ കര്‍മ്മങ്ങളില്‍ തന്നെയായിരുന്നു.വിദേശീയരെക്കുറിച്ച് നാളെ തീരുമാനമെടുക്കാം എന്ന മൂപ്പന്‍റെ നിര്‍ദ്ദേശം പാലിച്ച് എല്ലാവരും ഉറങ്ങാന്‍ പോയി.മൂപ്പന് ഉറക്കം വന്നില്ല.അമാവാസിയുടെ കടുത്ത ഇരുട്ടില്‍ മൂപ്പന്‍ ആകാശത്തേക്ക് കണ്ണുപായിച്ചു.
ഇരുട്ടിലും കടമ്പുമരത്തില്‍ കെട്ടിയിട്ടിരുന്ന വിദേശികളുടെ മുഖം തെളിഞ്ഞുവന്നു. കാഴ്ചയ്ക്ക് നല്ല മിടുക്കന്മാര്‍.അവരില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങളാണെങ്കില്‍ മികച്ചവയും. മൂപ്പന്‍ പ്രായോഗിക നേതൃത്വത്തിലേക്ക് ഉണരുകയായിരുന്നു.അവരുടെ കൈകളിലുണ്ടായിരുന്ന മണ്പാത്രങ്ങള്‍ ഏറെ ഭംഗിയുള്ളവയായിരുന്നു. വസ്ത്രങ്ങളും മനോഹരം. ഇവരെ ഭൂമിദേവിക്ക് കാഴ്ചവയ്ക്കുന്നതിലും നല്ലത് ഗോത്രത്തിന് പ്രയോജനപ്പെടുത്തുകയാവും.മൂപ്പന്‍ മനസ്സില്‍ ഉറപ്പിച്ച് കണ്ണുകള്‍ അടച്ചു കിടന്നു.
അടുത്ത ദിവസം ഗോത്രസഭ കൂടി.അന്യദേശക്കാരെ ഭൂമിദേവിക്ക് ബലിയര്‍പ്പിക്കണം എന്ന് മന്ത്രവാദിയും വേട്ടക്കാരും ആവശ്യപ്പെട്ടു.വിദേശികളുടെ ഭംഗിയുള്ള ശരീരവും വസ്ത്രങ്ങളും സ്ത്രീ മനസ്സുകളില്‍ ചാഞ്ചാട്ടമുണ്ടാക്കിയിരുന്നു. അവര്‍ ഒന്നും പറഞ്ഞില്ല. ഒടുവില്‍ മൂപ്പന്‍ പറഞ്ഞു, ഇവര്‍ക്ക് നമ്മളേക്കാള്‍ അറിവുണ്ട്.ആ അറിവ് നമുക്ക് പ്രയോജനപ്പെടുത്താം, എന്നു മാത്രമല്ല,പുരുഷന്മാര്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ഇവരെ ഇണയാക്കുകയും ചെയ്യാം.മൂപ്പന്‍റെ വാക്കുകള്‍ ദൈവേച്ഛയായി അംഗീകരിക്കപ്പെട്ടിരുന്നതിനാല്‍ ആരും എതിര് പറഞ്ഞില്ല.ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് സന്തോഷമായി.അവര്‍ക്ക് കുറേക്കൂടി ശേഷിയും സൌന്ദര്യവുമുള്ള ഇണകളെ കിട്ടി.മറ്റ് സ്ത്രീകളില്‍ അത് അസൂയയായി നിറയുന്നത് ആരും അറിഞ്ഞില്ലെന്നു മാത്രം.ഇളം തവിട്ടുനിറമുള്ള ചര്‍മ്മവും തരംഗതുല്യവും കട്ടികുറഞ്ഞതുമായ തലമുടിയും മിതമായി വളര്‍ന്ന ശരീരരോമങ്ങളും പുറകിലോട്ടു ചരിഞ്ഞ് പരന്ന നെറ്റിയും വളഞ്ഞുവികസിച്ച പുരികങ്ങളും കുഴിഞ്ഞ നയനതലവും നടുവുയര്‍ന്ന മൂക്കും വിടര്‍ന്ന നാസാദ്വാരങ്ങളും തടിച്ച ചുണ്ടും ചെറിയ താടിയെല്ലുകളും നീണ്ടുയര്‍ന്ന തലയും ഉയരവുമുള്ള സുന്ദരന്മാരെ അവര്‍ കണ്ണിമചിമ്മാതെ നോക്കിന്നു.
മൂപ്പന്‍റെ തീരുമാനം ചിത്രങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയും വിദേശികളിലേക്ക് കൈമാറി.അവര്‍ സന്തുഷ്ടരായി.ജീവിതം തിരികെ കിട്ടിയല്ലോ എന്ന ആശ്വാസം. അവരുടെ അറിവുകള്‍ ഗോത്രനന്മയ്ക്കായി ഉപയോഗിക്കാന്‍ മൂപ്പന്‍ ആഹ്വാനം ചെയ്തു. അവര്‍ക്ക് സ്വന്തമായി എഴുത്തുഭാഷയുണ്ട് എന്നതുതന്നെ മൂപ്പനെ സന്തോഷവാനാക്കി.സായാഹ്നങ്ങളില്‍ ആ ലിപികള്‍ പഠിക്കുക എന്നത് ഗോത്രരീതികളുടെ ഭാഗമായി.മൂപ്പനും ഉത്സാഹപൂര്‍വ്വം അതില്‍ ചേര്‍ന്നു.വേട്ടയാടലും ഭക്ഷണം പാകംചെയ്യലും കഴിഞ്ഞാല്‍ ഭാഷാപഠനമായി പ്രധാന ജീവിതക്രമം.അങ്ങിനെ ആ വിദേശികള്‍ കടമ്പുഗോത്രക്കാരുടെ ആദിഗുരുക്കളായി.അവര്‍ കളിമണ്ണുകൊണ്ട് പാത്രം നിര്‍മ്മിക്കാന്‍ പഠിപ്പിച്ചു.ചെടിനാരുകള്‍ നേര്‍പ്പിച്ച് ചൂടുവെള്ളത്തില്‍ പുഴുങ്ങിയുണക്കി വസ്ത്രമുണ്ടാക്കാന്‍ പഠിപ്പിച്ചു.അങ്ങിനെ പുതിയ അറിവുകളിലൂടെ അവര്‍ പുതുയാത്ര ആരംഭിച്ചു.
സ്ത്രീകള്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം വിദേശികളോട് സൌഹൃദം കൂടി.സുന്ദരന്മാരും സുന്ദരികളുമായ കുട്ടികള്‍ അവര്‍ക്ക് പിറന്നു.ഭാഷയുടെ അതിരുകള്‍ ഇല്ലാതായ ഒരു നാള്‍ വിദേശികള്‍ സ്വന്തം കഥ പറഞ്ഞു.
ഞങ്ങളുടെ നാട് ഹിമാലയപര്‍വ്വതത്തിന്‍റെ താഴ്വരയിലാണ്.മനോഹരിയായ സിന്ധുനദിയുടെ തീരത്ത് വളക്കൂറുള്ള മണ്ണില്‌‍ കൃഷി നടത്തിയാണ് ഞങ്ങള്‍ ജീവിച്ചുവന്നത്.വളരെ സമൃദ്ധമായ സംസ്ക്കാരമാണ് ഞങ്ങളുടേത്.ചെമ്പും ഓടും ഞങ്ങള്‍ ഉപയോഗിച്ചു വരുന്നു.കറുപ്പും ചുവപ്പും മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നത്.നല്ല വീടുകളും വസ്ത്രങ്ങളും വാഹനങ്ങളും ഞങ്ങള്‍ക്കുണ്ട്.എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല് സിന്ധു ഞങ്ങളെ ചതിച്ചു.അവള്‍ ഗതിമാറി ഒഴുകി. ഞങ്ങളുടെ താമസസ്ഥലവും കൃഷിയിടവുമെല്ലാം ഒഴുക്കിക്കൊണ്ട് അവള്‍ സംഹാരതാണ്ഡവമാടി. ആയിരക്കണക്കിനാളുകള്‍ മരണപ്പെട്ടു.വര്‍ഷങ്ങളായി കെട്ടിപ്പടുത്ത സംസ്ക്കാരം ഒരു ദിവസംകൊണ്ട് ഇല്ലാതെയായി.അവശേഷിച്ചവര്‍ കുറെ ദൂരേക്ക് മാറി താമസമാക്കി.ആയുധവും ആള്‍ബലവും കുറഞ്ഞ ആ സമയത്താണ് ഹിമാലയം താണ്ടി ശക്തന്മാരും പൈശാചികരുമായ വെളുത്തവര്‍ കുറേപേര്‍ അവിടെയെത്തിയത്. അവരുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് ശക്തിയുണ്ടായില്ല. അങ്ങിനെ ഞങ്ങള്‍ അവര്‍ക്ക് കീഴടങ്ങി. ഇപ്പേള്‍ അടിമകളായി തൊഴില്‍ ചെയ്യുന്നു. അവര്‍ക്കുവേണ്ടി മരം സംഘടിപ്പിക്കാനാണ് ഞങ്ങള്‍ വന്നത്.അവര്‍ ശക്തരാണെങ്കിലും ബുദ്ധിപരമായി ഞങ്ങളേക്കാള്‍ പിന്നിലാണ്. അവര്‍ക്ക് നഗരമുണ്ടാക്കാനും വീടുകള്‍ വയ്ക്കാനും കൃഷി ചെയ്യാനുമൊക്കെ ഞങ്ങളുടെ ബുദ്ധി ആവശ്യമാണ്. കാളകളെ ഉപയോഗിച്ചാണ് ഞങ്ങള്‍ കൃഷിചെയ്യുന്നത്.ഗോക്കള്‍ ഞങ്ങളുടെ ദൈവങ്ങളാണ്,ഞങ്ങള്‍ അവയെ ആരാധിക്കാറുണ്ട് , അവര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ മൂപ്പനും കൂട്ടര്‍ക്കും ഒരത്ഭുത ലോകം കണ്ടുമടങ്ങിയപോലെ തോന്നി.
ഒരു ദിവസം രാത്രിയില്‍ ആകാശം നോക്കിയിരിക്കെ ഒരു മീനിന്‍റെ ചിത്രം വരച്ച് ആറുവരകള്‍ ഇട്ട് ഒരുവന്‍ ആകാശത്തേക്ക് ചൂണ്ടി. അവന്‍ കാര്‍ത്തിക നക്ഷത്രത്തെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ഏഴുവരകളിട്ട് ചൂണ്ടിക്കാട്ടിയത് സപ്തര്‍ഷി മണ്ഡലമായിരുന്നു. വിദേശികളുടെ വാനശാസ്ത്രമികവില്‍ അവര്‍ അത്ഭുതം കൂറി.
കാലം കടന്നുപോവുകയാണ്. മൂപ്പന് അപകടമൃത്യു ഉണ്ടായി.നാഗവിഷമേറ്റാണ് അദ്ദേഹം മരിച്ചത്. ഗോത്രസമൂഹം ഒന്നാകെ കരഞ്ഞു വശായി. നീലനിറമാര്‍ന്ന് കിടക്കുന്ന മൂപ്പനെ ആചാരക്രമമനുസരിച്ച് അടക്കി.നാഗം ഒരു ഭയമായി എല്ലാവരിലും നിറഞ്ഞു.രാത്രിയില്‍ കുട്ടികള്‍ ഭയന്ന് നിലവിളിച്ചു. ചുറ്റിനുമുള്ള ഓരോ ചലനവും നാഗത്തിന്‍റേതാണെന്ന് അവര്‍ ഭയപ്പെട്ടു. ഗോത്രസഭ കൂടി പ്രശ്നം ചര്‍ച്ച ചെയ്തു. മന്ത്രവാദി ഒടുവില്‍ പ്രസ്താവിച്ചു,നാഗദോഷം,നാഗദോഷം.വനം വെട്ടി കൃഷിചെയ്തതിനാല്‍ നാഗങ്ങള്‍ കോപിച്ചിരിക്കുന്നു.
വനം തെളിച്ച് കൃഷിചെയ്തപ്പോള്‍ മാളം നഷ്ടപ്പെട്ട് പാലായനം ചെയ്ത നാഗങ്ങളെ അവര്‍ ഓര്‍ത്തു.
പ്രതിക്രിയ ചെയ്യണം,മന്ത്രവാദി പറഞ്ഞു.
നാഗരൂപം കൊത്തി പടിക്കല്‍ വച്ച് പൂജിക്കണം, എല്ലാവരും സമ്മതിച്ചു.ശില്പ്പി നാഗരൂപം തയ്യാറാക്കി.പൂജാകര്‍മ്മങ്ങളോടെ നാഗരൂപം പടിക്കല്‍ സ്ഥാപിച്ചു.ഇലയും പൂക്കളും പാലും ഒഴിച്ച് നാഗരാജാവിനെ സംതൃപ്തനാക്കി.അന്നു മുതല്‍ അവര്‍ സമാധാനമായി  ഉറങ്ങി. മറ്റു ദേവതകള്‍ക്ക് നല്‍കിയതിനേക്കാള്‍ മുന്തിയ പരിഗണനയോടെ നാഗങ്ങളെ പൂജിച്ചു.മൂപ്പന്‍ വിഷം തൊട്ട നാളില്‍ എല്ലാ മാസവും നാഗക്കളങ്ങള്‍ വരച്ച് ആരാധിച്ചു. സ്ത്രീകള്‍ നാഗനൃത്തം ചെയ്തു.നാഗരാജാവിന് നിത്യവും പാല്‍ നല്‍കി സംതൃപ്തിപ്പെടുത്തുന്ന രീതിയും നിലവില്‍ വന്നു.നൂറും പാലും കൊടുത്ത് കാവിനുള്ളില്‍ നാഗങ്ങളെ പരിപാലിക്കാന്‍ തുടങ്ങി.പ്രഹ്ളാദാ,ഗോത്രചക്രങ്ങള്‍ എത്ര കറങ്ങിയിട്ടും ആധുനിക ലോകത്ത് മാറ്റങ്ങള്‍ പലതും വന്നിട്ടും ആദിമ ഗോത്ര ഭീതികള്‍ക്കും ആചാരങ്ങള്‍ക്കും മാറ്റം വന്നിട്ടില്ല എന്നറിയുമ്പോള്‍ നിന്‍റെയുള്ള് പഴമയുടെ സമൃദ്ധിയില്‍ നിറയുന്നത് ഞാനറിയുന്നു.

പ്രഹ്ളാദന്‍ ഏതോ പഴങ്കഥയോര്‍ത്ത് പുഞ്ചിരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ