2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-7-ഇരകളും വേട്ടക്കാരും

                                                      ഏഴ്

                               ഇരകളും  വേട്ടക്കാരും 

തലമുറകള്‍ പലത് കഴിഞ്ഞു. മൂപ്പന്‍റെ മൂത്ത മരുമകന്‍ മൂപ്പനാകുന്ന പാരമ്പര്യം രൂഢമൂലമായി. മന്ത്രവാദിയുടെ മരുമകന്‍ മന്ത്രവാദിയായി തുടര്‍ന്നു. ഇവരാണ് ഗോത്രത്തെ നിയന്ത്രിച്ചത്.സ്ത്രീകള്‍ കൃഷിയില്‍ ശ്രദ്ധിച്ചു.പുരുഷന്മാര്‍ കാലിമേയ്ക്കാന്‍ തുടങ്ങി. പാലിന്‍റെ ഗുണം അവര്‍ മനസ്സിലാക്കി.സ്ത്രീകള്‍ അറിഞ്ഞോ അറിയാതെയോ തൈരും വെണ്ണയും കണ്ടെത്തി. അവരുടെ ഭക്ഷണത്തില്‍ പാലും പാലുത്പ്പന്നങ്ങളും പ്രധാനഘടകമായി. കൈത്തെറ്റുകള്‍ പോലെയോ കൈക്കുറ്റപ്പാടുകള്‍ പോലെയോ കണ്ടുപിടുത്തങ്ങള്‍ നടന്നുകൊണ്ടേയിരുന്നു.
ശരീരത്തില്‍ വിത്ത്പേറി വീര്‍ത്തവയറില്‍ നിന്നും കുഞ്ഞിനെ ജനിപ്പിക്കുന്ന സ്ത്രീയെപ്പോലെ ഭൂമിയും പാകിയ വിത്തുകള്‍ മുളപ്പിച്ചു. വളര്‍ന്ന ചെടിയില്‍ അനേകം കായകള്‍ ഉണ്ടായി,അവയില്‍ വിത്തും. രണ്ട് കര്‍മ്മങ്ങളും ഒരുപോലെ. സ്ത്രീ,അമ്മ എന്നീ വികാരങ്ങളില്‍ നിന്നും, പ്രേരണയില്‍ നിന്നും ഉയിര്‍കൊണ്ട സ്വപ്ന മാസ്മരികതയില്‍, കലാകാരന്‍ കളിമണ്ണ് കുഴച്ച് ഭൂമിദേവിയെ സൃഷ്ടിച്ചു. അതിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു.ഫലപുഷ്ടിയുടെയും സന്താനോത്പ്പാദനശേഷിയുടെയും സമൃദ്ധിയുടെയും ദൈവമായി അത് മാറി. പൂക്കളും ഇലകളും ദേവിക്കര്‍പ്പിച്ച് അവര്‍ കൃഷിയിറക്കി. കൃഷി പുഷ്ടിപ്പെടുന്നതിനനുസരിച്ച് പൂജയുടെയും വിശ്വാസത്തിന്‍റെയും ശക്തികൂടി. ഓരോ പ്രസവം കഴിയുമ്പോഴും ക്ഷീണിക്കാതിരിക്കാന്‍ സ്ത്രീക്ക് പ്രസവരക്ഷ ചെയ്യുംപോലെ വിളവെടുപ്പോടെ ക്ഷീണിതയാകുന്ന ഭൂമിക്ക് ശക്തിരക്ഷയ്ക്കായി ബലിതര്‍പ്പണം ചെയ്യാന്‍ വെളിപാടുണ്ടായതും മന്ത്രവാദിക്കായിരുന്നു.
കൃഷിചെയ്ത് കിട്ടിയതില്‍ പങ്കും കാട് തന്നതില്‍ പങ്കും കടവ് തന്നതില്‍ പങ്കും ബലിയായി നല്കി ദേവിയെ പ്രീതിപ്പെടുത്താന്‍ മൂപ്പന്‍റെ അരുളപ്പാടുണ്ടായി. വീണ്ടും നരബലികള്‍ ആവര്‍ത്തിക്കപ്പെട്ടു.
കൊയ്ത്തുകാലം സന്തോഷത്തിന്‍റെ ഉത്സവകാലമായി. പാട്ടും നൃത്തവും മേളവും മുഖരിതമായി.കന്നുകാലികള്‍ക്കും അത് ഉത്സവകാലമായി. ശബ്ദങ്ങള്‍ വാക്കുകളായി തുടങ്ങിയിരുന്നു. ശില്പിയുടെ സ്വപ്നങ്ങളില്‍ മധുരഭാവത്തിലുള്ള ദേവി പ്രത്യക്ഷയായി. അവന്‍ പാറയിലും മണ്ണിലും മരത്തിലും സര്‍വ്വാഭീഷ്ടദായിനിയും സമൃദ്ധിജന്യയുമായ ദേവിയെ കൊത്തിയെടുത്തു.
വേനലിലും വെള്ളപ്പൊക്കത്തിലും കഷ്ടപ്പെടുന്ന ഭയാനകമായ രാവുകളിലും പകലുകളിലും അവന്‍റെ മുന്നില്‍ ദംഷ്ട്രങ്ങളുള്ള , കനല്‍ക്കണ്ണുകളില്‍ തീയെരിയുന്ന, സംഹാരരൂദ്രയായി ദേവി പ്രത്യക്ഷപ്പെട്ടു. അവന്‍ ഊണും ഉറക്കവുമില്ലാതെ ആ രൂപങ്ങള്‍ കൊത്തിയെടുത്തു. സര്‍വ്വാഭീഷ്ടദായിനിക്ക് തേനും പൂവും കാണിക്ക വച്ചു. തീവ്രദുരിതത്തില്‍ നിന്നും രക്ഷനേടാന്‍, കോപാക്രാന്തയായ ദേവിക്ക് ബലിതര്‍പ്പണം നടത്തി. കോപദുരിതങ്ങളെ തണുപ്പിക്കാനുള്ള മൃഗബലിയും നരബലിയും.
വേട്ടയാടിയും കൃഷിചെയ്തും ഇണചേര്‍ന്നും അവര്‍ പെരുകിക്കൊണ്ടിരുന്നു. വിവിധ ഗോത്രങ്ങളിലെ ഗോത്രാംഗങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം ഗോത്രങ്ങള്‍ പരസ്പ്പരം ആക്രമിക്കാനും തുടങ്ങി. നരബലി വ്യാപകമായതോടെ ജീവസുരക്ഷ കുറഞ്ഞു. തനിച്ചുള്ള യാത്രകള്‍ അപകടകരമായി. മൃഗങ്ങളെ വേട്ടയാടുന്നതിനേക്കാള്‍ ദുഷ്ക്കരമായി മനുഷ്യനെ വേട്ടയാടലും വേട്ടയില്‍ നിന്നുള്ള രക്ഷനേടലും.
അച്ഛന്‍,അമ്മ,മക്കള്‍ എന്ന കുടുംബസംവിധാനം വന്നതോടെ ഗോത്രത്തിനുള്ളിലും ഇടയ്ക്കിടെ കലഹങ്ങള്‍ ഉണ്ടായിവന്നു. മൂപ്പന്‍റെ നേതൃത്വത്തിലുള്ള ഗോത്രസഭകള്‍ അതൊക്കെ പരിഹരിക്കുന്ന സമിതികളായി മാറി. സ്ത്രീകളെ ഉപദ്രവിക്കുന്നവന് കൊടുംശിക്ഷ നല്കാനും സമിതി മടിച്ചില്ല. ഗോത്രഭരണം,ഗോത്രനിയമം എന്നൊക്കെ പേരിടാതെ തന്നെ അത്തരം സംവിധാനങ്ങള്‍ ആരും പറയാതെ സംഭവിച്ചുകൊണ്ടിരുന്നു.
കല്ലും മരവും വള്ളികളും മുത്തും പവിഴവുമൊക്കെ ആഭരണങ്ങളായി മാറി. ചൂര്‍ണ്ണിയുടെ ആഴങ്ങളില്‍ നിന്നുകിട്ടിയ ചൌര്‍ണ്ണേയം തുളയിട്ട് മാലകോര്‍ത്ത് കടമ്പുഗോത്രത്തിലെ ചെറുപ്പകാരനായ ശില്പ്പി ഗോത്രസുന്ദരിക്ക് നല്കിയപ്പോള്‍ അത് സ്ത്രീകള്‍ അത്ഭുതത്തോടെ നോക്കിനിന്നു. ഒപ്പം അസൂയയും പൊട്ടിയുണര്‍ന്നു. മുത്തുമാലയണിഞ്ഞ ഗോത്രസുന്ദരി ആ രാത്രിയില്‍ ശില്പ്പിയുടെ മാറില്‍ തലചായ്ച്ച് അവന്‍റെ ഗന്ധമറിഞ്ഞു. അവന്‍ അംഗപ്രത്യംഗം അറിഞ്ഞും അളന്നും ശില്പം രചിച്ചു.
ചെറുപ്പക്കാരികള്‍ മുത്തും പവിഴവും സ്വപ്നം കണ്ടു. ചെറുപ്പക്കാര്‍ ചൂര്‍ണ്ണിനദിയില്‍ മുങ്ങി മുത്തുകള്‍ പരതി. മറ്റു ചിലര് മല കയറി പവിഴം തിരക്കി. വിവാഹപ്രായമായ പെണ്‍കുട്ടികള്‍ മുത്തും പവിഴവുമായി വരുന്ന സുന്ദരനെ വരിക്കാന്‍ വരണമാല്യവുമായി കാത്തിരുന്നു. മുത്തും പവിഴവും തേടിയലയുന്ന കാമുകന്മാര്‍ വന്യമൃഗങ്ങളുടെ ഇരയാകുന്നതും പതിവായി.
കാട്ടുമൃഗങ്ങള്‍ ചെവികൂര്‍പ്പിച്ചു നിന്ന രാത്രിയുടെ ആദ്യയാമം. നീണ്ട കൃഷിയിടങ്ങള്‍ക്കരികിലെ ചെറുവീടുകളുടെ കൂട്ടായ്മയ്ക്ക് നടുക്കുള്ള തളത്തില്‍ മൂപ്പന്‍ ഇരിക്കുന്നു. മൂപ്പനു മുന്നില്‍ അവര്‍ നൃത്തമാടുകയാണ്. ഗോത്രനൃത്തത്തിന് താളലയബോധം കൈവന്നിരിക്കുന്നു. അവര്‍ മൃഗങ്ങളുടെ മുഖംമൂടികള്‍ ധരിച്ചിട്ടുണ്ട്. അവ്യക്തമായ വാക്കുകളിലൂടെ ഊറിവരുന്ന നാദധാര.വലുതും ചെറുതുമായ പല സംഗീതഉപകരണങ്ങളും അവര്‍ ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളുടെ മാറില്‍ നിരയെ മാലകള്‍. ഇടുപ്പില്‍ തോല്‍കവചം. ഉറച്ച ശരീരം കുലുക്കിയും കാലുകള്‍ നിശ്ചിത അകലം വച്ചും അവര്‍ നൃത്തമാടുകയാണ്. വേട്ടയാടപ്പെട്ട കാട്ടുപന്നി കനല്‍ച്ചൂടില്‍ കിടക്കുന്നുണ്ട്. മൂപ്പന്‍ പകര്‍ന്നുനല്കിയ ലഹരിപാനീയം നൃത്തത്തിന്‍റെ ചടുലത വര്‍ദ്ധിപ്പിച്ചു. താളനൃത്തങ്ങളുടെ വന്യത ക്രമമായി കുറഞ്ഞുവന്ന് നിശ്ചലമായതോടെ അവര്‍ ഭക്ഷണത്തിനിരുന്നു. ഭക്ഷണം കഴിഞ്ഞ്,പ്രകാശത്തിന്‍റെ കാരുണ്യവാരിധിയായ ചന്ദ്രന് നന്ദിയും പറഞ്ഞ് അവര്‍ ഉറങ്ങാന്‌‍ പോയി. അവരവരുടെ ഇണകളുമൊത്ത് ,സ്വന്തം കൂരകളിലേക്കുള്ള യാത്ര.
രാത്രിയുടെ നേര്‍ത്ത താളങ്ങള്‍ക്കൊപ്പം സ്ത്രീയും പുരുഷനും പരസ്പരം വേട്ടയാടി.സുഖമുള്ള വേട്ടയാടലിനുശേഷം ഇരയും വേടനും ഒത്തുചേര്‍ന്ന് കിടന്നുറങ്ങി.അത്തരം അനേകം ഉണ്ടുറക്കങ്ങളിലൂടെ,ലഹരിനുകരുന്ന രാവുകളിലൂടെ ഗോത്രാംഗങ്ങള്‍ പെരുകിക്കൊണ്ടിരുന്നു. കാടും നാടും വേറിട്ടു. നാട്ടിലെവിടെയും മനുഷ്യരും കാട്ടിലെവിടെയും മൃഗങ്ങളും. അവര്‍ അതിര്‍ത്തി നിശ്ചയിച്ചു. എന്നിട്ട് അതിര്‍ത്തികള്‍ ലംഘിച്ച് പോരടിച്ചു. പകതീര്‍ത്ത മൃഗങ്ങള്‍ മനുഷ്യരെ കൊന്നുകൂട്ടി. പകവീട്ടാന്‍ മനുഷ്യര്‍ കാടുകേറി,കാടുതെളിച്ചു.ഇങ്ങനെ യുദ്ധം ചെയ്തും കൊലചെയ്തും സമൂഹങ്ങള്‍ വളരാന്‍ തുടങ്ങി. ഒപ്പം പലവിധ കൃഷികളും അവര്‍ ചെയ്തു. കാട്ടുചെടികളില്‍ ഗുണമുള്ളവ നാട്ടുകൃഷികളായി മാറി. നെല്‍കൃഷിയും വാഴകൃഷിയും വ്യാപകമായി.
മിനുസപ്പെടുത്തിയ കന്മഴുവായി പ്രധാന ആയുധം. കന്മഴുവുമായി ഒരിക്കല്‍ വേട്ടയാടാന്‍ പോയ കടമ്പുഗോത്രക്കാര്‍ എറിത്രേറിയന്‍ കടലിനോടു ചേര്‍ന്നുള്ള കാട്ടില്‍ തട്ടും മുട്ടും കേട്ട് അവര്‍ അവിടേക്ക് നീങ്ങി. മനുഷ്യസഹജമായ ആകാംഷയാണ് അവരെ അവിടേക്ക് നയിച്ചത്. അവര്‍ക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തവിട്ടുനിറവും ഉയരവും ആരോഗ്യവുമുള്ള ഒരു കൂട്ടം മനുഷ്യര്‍ മരങ്ങള്‍‌ മുറിക്കുന്നു. ഇവര്‍ ഏത് ലോകത്തുനിന്നു വന്നവര്‍ എന്ന് അതിശയപ്പെട്ട് അവര്‍ സ്തബ്ദരായി. മരങ്ങള്‍ മറഞ്ഞുനിന്ന് അവര്‍ ശ്രദ്ധിച്ചു. അരയില്‍ മൃഗത്തോലിനു പകരം മിനുസ്സമായ മറ്റേതോ വസ്തുവാണ് ധരിച്ചിരിക്കുന്നത്. മരം മുറിക്കുന്ന ആയുധങ്ങളും ഇതുവരെ കണ്ടിട്ടില്ലാത്തവ. അവര്‍ കുറേക്കൂടി അടുത്തേക്ക് നീങ്ങി ശ്രദ്ധിച്ചു. ബന്ധങ്ങള്‍ മുറിഞ്ഞ് കരച്ചിലോടെ നിലംപൊത്തുന്ന മരങ്ങള്‍. അവയുടെ ശാഖകള്‍ വെട്ടി നീക്കി, മുറിച്ച് അടുക്കുകയാണ് ആ മനുഷ്യര്‍. അവര്‍ യാത്രചെയ്തുവന്ന വാഹനം കടല്‍ത്തീരത്തുണ്ട്. വള്ളികള്‍ കൂട്ടിക്കെട്ടിയ തടികള്‍കൊണ്ടാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. അതിനുമുകളില്‍ വീണ്ടും മുറിച്ച തടികള്‍ അടുക്കിവയ്ക്കുന്നു. കുറേനേരം നിരീക്ഷണം നടത്തിയശേഷം അവര്‍ മടങ്ങി. വിവരം മൂപ്പനെ അറിയിച്ചു.
മൂപ്പനും മന്ത്രവാദിയും കൂടിയാലോചിച്ചു. അവര്‍ പിടിക്കപ്പെടേണ്ടവരാണ് എന്നു തീരുമാനമായി. യുദ്ധത്തിനുള്ള ആഹ്വാനമായി മൂപ്പന്‍ തോല്‍ച്ചെണ്ടയില്‍ താളമിട്ടു. രാത്രിയില്‍ തന്നെ ആയുധങ്ങളും ഭക്ഷണവുമെല്ലാം തയ്യാറാക്കി. മൂപ്പന്‍ ഉറക്കം വരാതെ അസ്വസ്ഥനായി തെക്കുവടക്ക് നടന്നു. പുരുഷന്മാര്‍ പുലര്‍ച്ചെ തന്നെ തയ്യാറായി. മൂപ്പനും മന്ത്രവാദിയും സ്ത്രീകളും ചേര്‍ന്ന് അവരെ യാത്രയാക്കി. ചരിത്രം സാക്ഷിയാകുന്ന ഒരാക്രമണം,വിദേശികള്‍ക്കെതിരായ ആദ്യ ആയുധമെടുപ്പ്.
പുറപ്പെടും മുന്‍പ് ഭൂമിദേവിക്കും പിതാമഹന്മാര്‍ക്കും പൂജ ചെയ്തു. മൂപ്പന്‍ അവരെ അനുഗ്രഹിച്ചു. മന്ത്രവാദി നെറ്റിയില്‍ പൊടിതിരുമ്മി പ്രാര്‍ത്ഥിച്ചു. കാടും മേടും താണ്ടി തീരം ലക്ഷ്യമാക്കി അവര്‍ യാത്ര ആരംഭിച്ചു. കടലിരമ്പം കേട്ടു തുടങ്ങിയപ്പോള്‍, വളരെ ശ്രദ്ധിച്ചും ശബ്ദമുണ്ടാക്കാതെയും,മരങ്ങള്‍ക്ക് പിന്നില്‍ പതുങ്ങിയും,ആക്രമിക്കാന്‍ ഒരുങ്ങിയും അവര്‍ മുന്നോട്ടു നീങ്ങി. തലേദിവസം വിദേശികളെ കണ്ടെത്തിയ വേട്ടക്കാരാണ് നേതൃത്വം നല്കിയത്. അവരുടെ ആംഗ്യങ്ങള്‍ യാത്രാചിഹ്നങ്ങളായി.മരങ്ങള്‍ മുറിച്ചെടുക്കുന്ന ജോലിയില്‍ വ്യാപൃതരായ അന്യദേശക്കാരെക്കണ്ട് മറ്റു വേട്ടക്കാരും അത്ഭുതം കൂറി. പിന്നെ ആക്രമണതന്ത്രം കണക്കുകൂട്ടി മുന്നോട്ടു നീങ്ങി. അപ്രതീക്ഷിതമായ ഒരു മുന്നേറ്റം തന്നെ നടത്തി. അന്യദേശക്കാര്‍ക്ക് പ്രതിരോധിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ല. എങ്കിലും അവര്‍ തിരിച്ചാക്രമിച്ചു. അമ്പും വില്ലും മഴുവും വാളുമൊക്കെ ആയുധങ്ങളായി മാറി.എറിത്രേറിയന്‍ കടല്‍ കണ്ട ആദ്യ യുദ്ധം.കടല്‍ത്തീരത്തെ ചുവന്ന മണ്ണിനെ തിരകള്‍ പുല്‍കി. രണ്ടുപേര്‍ കടമ്പുഗോത്രക്കാരുടെ പിടിയിലായി. ബാക്കിയുള്ളവര്‍ തടികൊണ്ടുള്ള ചങ്ങാടത്തില്‍ കയറി കടലിലേക്ക് നീങ്ങി. രണ്ട് കടമ്പുവംശക്കാരും കൊല്ലപ്പെട്ടു. കടലിലൂടെ ഒഴുകി നീങ്ങിയ ചങ്ങാടം നോക്കി കുറേനേരം അവര്‍ നിന്നു. അത് കണ്‍വെട്ടത്തു നിന്നും മറഞ്ഞപ്പോള്‍ തടവുകാരെയും മരിച്ചവരെയും കൊണ്ട് അവര്‍ മടക്കയാത്ര ആരംഭിച്ചു.

കൂട്ടുകാരുടെ മരണം അവരെ വേദനിപ്പിച്ചെങ്കിലും രണ്ടുപേരെ തടവില്‍ കിട്ടിയത് അവരെ സംതൃപ്തരാക്കി. വിദേശികള്‍ ഉപേക്ഷിച്ചുപോയ ആയുധങ്ങള്‍,ഉപകരണങ്ങള്‍,പാത്രങ്ങള്‍ ഒക്കെ അവര്‍ക്ക് അത്ഭുതവസ്തുക്കളായിരുന്നു. അവയെല്ലാം കൈക്കലാക്കി അവര്‍ ഗോത്രഭൂമിയിലേക്ക് മടക്ക യാത്ര തുടങ്ങി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ