2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter 37-വിപ്ലവച്ചൂടില്‍ ഉരുകിയുറഞ്ഞ മണ്ണ്

മുപ്പത്തിയേഴ്
വിപ്ലവച്ചൂടില്‍  ഉരുകിയുറഞ്ഞ  മണ്ണ്
ക്ഷേത്രങ്ങള്‍ രാജവ്യവസ്ഥയുടെ മുഖ്യഘടകമായിരുന്നതിനാലാണ് പ്രഹ്ളാദ,ക്ഷേത്രപ്രവേശനം ഒരു ഗൌരവമേറിയ വിഷയമായി മാറിയത്. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാന്‍  വാശിയോടെ രംഗത്തുവന്നത് അറിവും വിവരവുമുള്ള സവര്‍ണ്ണരാണ് എന്നത് ശ്രദ്ധേയമാണ് പ്രഹ്ളാദ.അതുകൊണ്ടുതന്നെ അതിന് ദേശീയതലത്തില്‍ ശ്രദ്ധയും കിട്ടി.ഇരുപത് മാസക്കാലം നീണ്ട വൈക്കം സത്യാഗ്രഹം ഇതില്‍ പ്രധാനമാണ്.പഞ്ചാബില്‍ നിന്നും അകാലികളും തമിഴ്നാട്ടില്‍ നിന്നും ഈ.വി.രാമസ്വാമി നായ്ക്കരും മറ്റും വൈക്കത്ത് എത്തിയിരുന്നു.ശ്രീനാരായണ ഗുരുവും ഗാന്ധിജിയും പങ്കെടുത്തതോടെ അതിന്‍റെ തലം മറ്റൊന്നായി.തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമുള്ള ഇടം വരെ അവര്‍ണ്ണര്‍ക്കും പ്രവേശനം അനുവദിച്ചു. വൈക്കം പോലെതന്നെ തീവ്രമായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹവും.എന്നാല്‍ അനുകൂല തീരുമാനമുണ്ടാകും മുന്‍പ് ആ സമരം അവസാനിപ്പിക്കേണ്ടിവന്നു.
സമരങ്ങളുടെ ഒരു തുടര്‍ച്ച പിന്നീട് നമുക്ക് കാണാന്‍ സാധിക്കും. കൊച്ചിയില്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം രൂപപ്പെട്ടു.ഈഴവ-ക്രിസ്ത്യന്‍ -മുസ്ലിം സമുദായങ്ങള്‍ ഒന്നുചേര്‍ന്ന് തിരുവിതാംകൂറില്‍ ജോലി സംവരണത്തിനായി നിവര്‍ത്തന പ്രസ്ഥാനം തുടങ്ങി.ഒടുവില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപീകരണത്തിലാണ് ഇതവസാനിച്ചതെന്ന് നിനക്കറിയാമല്ലോ.ഈ കാലത്തുതന്നെയാണ് മദ്രാസില്‍ ജനകീയ ഭരണം വന്നതെന്നതും നീ ഓര്‍ക്കണം.അവര്‍ കൊണ്ടുവന്ന കാര്‍ഷിക ഋണാശ്വാസ നിയമത്തിന്‍റെ ഗുണം കിട്ടിയ കുടുംബക്കാരനല്ലെ നീ.സാധാരണ കൃഷിക്കാര്‍ക്ക് ഇത് വലിയ പ്രയോജനം ചെയ്തു.പ്രഹ്ളാദ,ഇതൊക്കെ നമ്മള്‍ തൊട്ടറിഞ്ഞ ഇന്നലെകളുടെ കഥകള്‍.
ഗുരോ,എങ്കിലും ഒരോര്‍മ്മപ്പെടുത്തല്‍ നല്ലതാണ്.ഓര്‍മ്മകോശങ്ങള്‍ക്ക് ഒരു റെജുവിനേഷന്‍.
നേരോ,എങ്കില്‍ തുടരാം.നീ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല സിപിയുടെ ഭരണം.മനുഷ്യരില്‍ നന്മ തിന്മകളുടെ ഗ്രാഫ് മാറിമാറി വരുന്നത് നമുക്ക് സിപിയില്‍ കാണാം.ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയാറില്‍ ദിവാന്‍ പദം ഏറ്റെടുക്കുമ്പോള്‍ എല്ലാ ക്ഷേത്രങ്ങളും അവര്‍ണ്ണര്‍ക്കായി തുറന്നുകൊടുക്കണം എന്ന് രാജാവിനെ ഉപദേശിച്ച വ്യക്തിയാണ്  സിപി.എന്നാല്‍ തുടര്‍ന്ന് ജനാധിപത്യപ്രസ്ഥാനങ്ങളുടെ വേരറുത്തുകളയുന്ന ഒരു നയമായിരുന്നു സിപി രാമസ്വാമിയുടേത്.പോലീസും റൌഡികളും ചേര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് യോഗങ്ങള്‍ അലങ്കോലപ്പെടുത്തുകയും നേതാക്കളെ ഉപദ്രവിക്കുകയും ചെയ്തു.സിപിയുടെ ജനമര്‍ദ്ദന നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സുകാര്‍ രാജാവിന് മെമ്മോറാണ്ടം നല്‍കി.സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെയും യൂത്ത് ലീഗിനെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു സിപിയുടെ അടുത്ത നടപടി. നിരോധനം ലംഘിച്ചുകൊണ്ട് പലയിടത്തും യോഗങ്ങളും ഘോഷയാത്രകളും നടന്നു.ലാത്തിച്ചാര്‍ജ്ജും അറസ്റ്റുമുണ്ടായി.നെയ്യാറ്റിന്‍കര രാഘവന്‍ വെടിയേറ്റു മരിച്ചു.സമരം ഊര്‍ജ്ജസ്വലമായി മുന്നേറിയപ്പോള്‍ ആവേശം തണുപ്പിക്കാന്‍ ഗാന്ധി പ്രത്യക്ഷപ്പെട്ടു.എല്ലാ പ്രധാന പ്രക്ഷോഭങ്ങളിലും എന്നപോലെ തിരുവിതാംകൂര്‍ പ്രക്ഷോഭത്തിലും ഗാന്ധിജിയുടെ അപകടകരമായ ഇടപെടലുണ്ടായി എന്നു ചുരുക്കം.അതോടെ സമരം ആറിത്തണുക്കുകയും സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ യുവജന വിഭാഗവും ആലപ്പുഴയിലെ തൊഴിലാളി വര്‍ഗ്ഗവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ചുവടുമാറുകയും ചെയ്തു.
ഒരു സ്വാഭാവികമായ മാറ്റം എന്നു പറയാം-ല്ലെ ഗുരോ.
അതെ പ്രഹ്ളാദ,സമൂഹം എത്ര നന്നായാലും ചീത്തയായാലും ഭരണാധികാരിയുടെ സ്വഭാവമാകും അതിന്റെ മൊത്തമായ സമീപന രീതികള്ക്ക് ആധാരം.തിരുവിതാംകൂറില് ഇങ്ങനെ പ്രശ്നം നിലനില്ക്കുമ്പോള് കൊച്ചിയില് താരതമ്യേന പ്രശ്നങ്ങള് കുറവായിരുന്നു.അവിടെ ദിവാന് ഷണ്മുഖം ചെട്ടി രാഷ്ട്രീയമായി ഉയര്ന്ന ഭരണ തന്ത്രജ്ഞതയാണ് പ്രദര്ശിപ്പിച്ചത്.നിയമസഭയില് ഭൂരിപക്ഷമുള്ള കക്ഷിയുടെ പ്രതിനിധിയെ അവിടെ ഗ്രാമോദ്ധാരണ മന്ത്രിയായി നിയമിച്ചു.അമ്പാട്ട് ശിവരാമ മേനോനും അദ്ദേഹത്തിന്റെ മരണത്തെ തുടര്ന്ന് ഡോക്ടര് എ.ആര്.മേനോനും മന്ത്രിമാരായി.എങ്കിലും പരിപൂര്ണ്ണ ഉത്തരവാദ ഭരണത്തിനായി കൊച്ചി രാജ്യ പ്രജാമണ്ഡല് എന്ന പുതിയ രാഷ്ട്രീയ സംഘടനയുടെ പ്രവര്ത്തനങ്ങള് അവിടെയും നടന്നിരുന്നു.
ജനാധിപത്യം ഒരനിവാര്യതയായി വളരുകയായിരുന്നു എന്നു ചുരുക്കം.
അതെ പ്രഹ്ളാദ,രാജാക്കന്മാര്ക്കെതിരായ സമരത്തിനൊപ്പം ബ്രിട്ടീഷുകാര്ക്കെതിരായ സമരവും തുടരുകയായിരുന്നു. ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തി രണ്ടില് ക്വിറ്റ് ഇന്ത്യാ സമരം കേരളത്തിലും ആവേശമായി മാറിയിരുന്നു.എന്നാല് കമ്മ്യൂണിസ്റ്റുകാര് മാറി നിന്നു.ഫാസിസ്റ്റുകള്ക്കെതിരായ സമരത്തില് സോവിയറ്റ് യൂണിയനെയും ബ്രിട്ടനെയും സഹായിക്കണമെന്നും അവരെ ദുര്ബ്ബലപ്പെടുത്തരുതെന്നുമായിരുന്നു കമ്മ്യൂണിസ്റ്റ് സമീപനം.എന്നാല് അതിശക്തമായ ഒരു ദേശീയ സമരത്തില് നിന്നും മാറിനിന്നവര് എന്ന നിലയില് ദേശീയതലത്തില് കമ്മ്യൂണിസ്റ്റുകള് ഒറ്റപ്പെട്ടു. ഇതിന്റെയൊക്കെ ശരിതെറ്റുകള് ചിന്തിച്ചെടുക്കുന്നതിനേക്കാള് അനുഭവങ്ങളെ ഉള്ക്കൊള്ളുകയാണ് നല്ലത് പ്രഹ്ളാദ.നിന്റെ അച്ഛന്റെയൊക്കെ നിലപാട് ഫാസിസത്തിനെതിരായിരുന്നല്ലോ.അന്ന് അമ്മാവന് ഫാസിസ്റ്റുകളെ അനുകൂലിച്ചു.ബ്രിട്ടനേക്കാള് ഭേദം ജപ്പാന് എന്നായിരുന്നു വാദം.എന്നാല് വല്ല്യച്ഛന് ബ്രിട്ടീഷുകാര് ഇന്ത്യവിടുക പ്രസ്ഥാനത്തില് സജീവമായിരുന്നു.ഞാനിത് പറയുന്നത് ഒരേതരം ജനിതക ക്രമങ്ങളില് പോലും ചിന്തയുടെ നിലവാരങ്ങളും പ്രചോദനങ്ങളും വേറിട്ടു നില്ക്കും എന്ന് നീ മനസ്സിലാക്കാന് വേണ്ടിയാണ്.
നിയമസഭയുടെ പ്രസിഡന്റായ ദിവാനില് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെ തിരുവിതാംകൂറില് നടന്ന സമരം നിനക്കോര്മ്മയുണ്ടാകുമല്ലോ.അതൊന്നുപൊടിതട്ടിയെടുക്കുന്നത് ചരിത്രവിചാരിപ്പിന് ഉതകും.ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തിയാറ് സെപതംബര് ഇരുപത്തിനാലിനാണ് തൊഴിലാളികള് ആലപ്പുഴ ചേര്ത്തല ഭാഗത്ത് പണിമുടക്ക് പ്രഖ്യാപിച്ചത്.ആര്.സുഗതനെയും മറ്റും അറസ്റ്റുചെയ്തു. പട്ടാളം റൂട്ട്മാര്ച്ച് നടത്തി ജനങ്ങള്ക്കിടയില് ഭീതിപരത്തി. പുന്നപ്രയിലെ പട്ടാളക്യാമ്പിനടുത്തു വച്ച് തൊഴിലാളികളും പട്ടാളവും തമ്മില് ഏറ്റുമുട്ടി.ഇരുഭാഗത്തും നാശനഷ്ടമുണ്ടായി. വയലാര് കേന്ദ്രീകരിച്ചായിരുന്നു തൊഴിലാളി ക്യാമ്പ്.ഒക്ടോബര് ഇരുപത്തിയാറിന് പട്ടാളം ക്യാമ്പ് ആക്രമിച്ചു. ജലമാര്ഗ്ഗമായിരുന്നു അവര് വയലാര് ദ്വീപ് വളഞ്ഞത്.അവരുടെ യന്ത്രത്തോക്കിനെ പ്രതിരോധിക്കാന് തൊഴിലാളികളുടെ കൈയ്യിലുണ്ടായിരുന്നത് വാരിക്കുന്തം മാത്രം. എഴുനൂറിലേറെ പേര് സംഘട്ടനത്തില്  മരിച്ചു.ഇത് വന് ജനരോഷമായി മാറി.ഇന്ത്യ സ്വതന്ത്രയായിട്ടും അതില് ചേരാതെ സ്വതന്ത്ര തിരുവിതാംകൂര് എന്ന ആഗ്രഹവുമായി കഴിഞ്ഞ സിപിയെ വിപ്ലവവീര്യമാര്ന്ന  മണി എന്ന  സഖാവ് കൊല്ലാന് ശ്രമിക്കുകയും ജീവനില് ഭയമുള്ള സിപി ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തിയേഴ് ആഗസ്റ്റ് പത്തൊന്പതിന് ജീവനുംകൊണ്ട് ഓടിപ്പോവുകയും ചെയ്തു എന്നത് നമുക്ക് തൊട്ടറിയാവുന്ന ചരിത്രം.നമുക്ക് ഓര്മ്മയില് നിന്നും മായ്ക്കാന് കഴിയാത്ത ദൃശ്യങ്ങളുടെ ചുവപ്പ്.ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തിയെട്ടിലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്.പട്ടം താണുപിള്ളയുടെ നേതൃത്വത്തില് ആദ്യ മന്ത്രിസഭ അധികാരമേറ്റു.ഈ സമയം കൊച്ചിയില് പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തില് മന്ത്രിസഭയുണ്ടാവുകയും ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തിയെട്ട് ഒക്ടോബറില് നടന്ന തെരഞ്ഞെടുപ്പില് ഇക്കണ്ടവാര്യരുടെ നേതൃത്വത്തില് സമ്പൂര്ണ്ണ പ്രജാമണ്ഡല മന്ത്രിസഭ അധികാരമേല്ക്കുകയും ചെയ്തു.
പ്രഹ്ളാദ,നീ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം വേണ്ടത്ര ഗൗരവത്തോടെ പഠിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.ഏതായാലും ഒന്നുണ്ട് പ്രഹ്ളാദ,ദേശീയസമരത്തിലുപരി സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കടുത്ത മുന്നേറ്റങ്ങള് കേരളത്തിലുണ്ടായിരുന്നു.അതിന്റെ പരിണതിയാണ് നാം ഇന്നു കാണുന്ന പുരോഗതിക്കൊക്കെ കാരണവും.എന്നാല് അവകാശങ്ങള്ക്കൊപ്പം തൊഴിലിനോടുള്ള കൂറും അന്ന് നിലനിന്നിരുന്നു.ക്രമേണ തൊഴില്കൂറ് നഷ്ടമായി.അത് തിരികെ വന്നാലേ ഇനി കേരളത്തിന് രക്ഷയുള്ളു.തൊഴിലാളി കര്ഷക പ്രസ്ഥാനങ്ങളാണ് പിന്നീട് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്ക്ക് ജീവനായി മാറിയത് എന്നതും സത്യമാണ്.നിനക്കറിയാമോ,ആയിരത്തി തൊള്ളായിരത്തി അന്പത്തി രണ്ടില് മദിരാശി നിയമസഭയിലേക്ക് നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില് മലബാറില് നിന്നും വിജയിച്ചവരില് ഒരു കോണ്ഗ്രസ്സുകാരനും അഞ്ച് മുസ്ലിംലീഗുകാരുമൊഴികെ മറ്റെല്ലാവരും കമ്മ്യൂണിസ്റ്റ് പാര്ട്ടി ഉള്പ്പെട്ട ഐക്യമുന്നണിക്കാരായിരുന്നു.എന്നാല് തിരുവിതാംകൂര് കൊച്ചിയില് കോണ്ഗ്രസ്സിനായിരുന്നു കൂടുതല് സീറ്റുകള്.എന്നാല് ഭരിക്കാന് വേണ്ടത്ര സീറ്റുകള് കിട്ടിയതുമില്ല.തമിഴ്നാട് കോണ്ഗ്രസ്സിന്റെ പിന്തുണയോടെയാണ് അന്ന് ഏ.ജെ.ജോണിന്റെ നേതൃത്വത്തില് കോണ്ഗ്രസ്സ് മന്ത്രിസഭ രൂപീകരിച്ചത്.തിരു-കൊച്ചിയില് ആയിരത്തി തൊള്ളായിരത്തി അന്പത്തിനാലില് വീണ്ടും തെരഞ്ഞെടുപ്പ് നടന്നു.പ്രജാ സോഷ്യലിസ്റ്റ് പാര്ട്ടിയും കമ്മ്യൂണിസ്റ്റ് പാര്ട്ടിയും റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്ട്ടിയും ചേര്ന്ന സഖ്യം ഭൂരിപക്ഷം നേടി.പ്രഹ്ളാദ,നീ ശ്രദ്ധിച്ചുവോ,ആ കാലത്തുതന്നെ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ആശയസമരത്തിനാലോ വ്യക്തിതാല്പ്പര്യത്തിനാലോ വേറിട്ടുതുടങ്ങിയിരുന്നു. അവസരവാദ സമീപനവും നേതൃത്വങ്ങള് ആരംഭിച്ചത് കാണാന് കഴിയും.പിഎസ്സ്പിക്കാരനായ പട്ടം താണുപിള്ള സഖ്യം വിട്ട് കോണ്ഗ്രസ്സിന്റെ ഒപ്പം ചേര്ന്ന് ഒരു ന്യൂനപക്ഷ മന്ത്രിസഭയുണ്ടാക്കി. അധികം കഴിയും മുന്പേ കാര്യങ്ങള് വീണ്ടും മാറിമറിഞ്ഞു.ആയിരത്തി തൊള്ളായിരത്തി അന്പത്തിയാറ് നവംബറില് സംസ്ഥാന പുനഃസംഘടന നടന്നു. മലബാറും കാസര്ഗോഡും തിരുക്കൊച്ചിയോട് ചേര്ത്തും കന്യാകുമാരിയെ മദ്രാസിന് വിട്ടുകൊടുത്തുകൊണ്ടുമായിരുന്നു കേരള രൂപീകരണം.കമ്മ്യൂണിസ്റ്റ് ഭൂരിപക്ഷം വരത്തക്കവിധം ഒരു സംസ്ഥാനം രൂപീകരിക്കുമ്പോള് പുനഃസംഘടനാ സമിതിക്ക് ചില താത്പ്പര്യങ്ങളുണ്ടായിരുന്നു. എന്നാല് അതെല്ലാം അട്ടിമറിക്കപ്പെട്ടതിന് കാലം സാക്ഷി. അന്പത്തിയേഴിലാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. കമ്മ്യൂണിസ്റ്റുകാരും പാര്ട്ടിയെ അനുകൂലിക്കുന്ന സ്വതന്ത്രരും ഭൂരിപക്ഷം നേടുകയും ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില് ഇന്ത്യയില് ആദ്യമായി ഒരു ഇടതുപക്ഷ മന്ത്രിസഭയുണ്ടാവുകയും ചെയ്തു. ഇന്ത്യയിലെ രാഷ്ട്രീയ ജനകീയ പ്രസ്ഥാനത്തിന്റെ മുന്നണിയില് കേരളം എത്തി എന്നതിന്റെ സൂചകമായിരുന്നു ഇത്.അന്പത്തിയൊന്പതില് വിമോചന സമരം എന്നു പേരിട്ട പ്രക്ഷോഭ മുറയിലൂടെയാണ് ഈ മന്തിസഭയെ കേന്ദ്ര സര്ക്കാര് പുറത്താക്കിയത്. അറുപത് ഫെബ്രുവരിയില് വീണ്ടും തെരഞ്ഞെടുപ്പ് നടന്നു.പ്രഹ്ളാദ,കമ്മ്യൂണിസ്റ്റുകള് ഒറ്റയ്ക്ക് നിന്നു മത്സരിച്ചിട്ടും നാല്പ്പത്തിമൂന്ന് സീറ്റുകള് അവര് നേടി.എന്നാല് കോണ്ഗ്രസ്സ് പിഎസ്സ്പി മുസ്ലിംലീഗ് സഖ്യമാണ് ഭരണത്തിലേറിയത്.സാധാരണ ജനതയുടെ പ്രതീക്ഷാ പ്രതീകമായിരുന്ന കമ്മ്യൂണിസ്റ്റു പാര്ട്ടി, നേതാക്കളുടെ സ്പര്ദ്ധ കാരണം ആയിരത്തി തൊള്ളായിരത്തി അറുപത്തിനാലില് രണ്ടായി.അറുപത്തിയഞ്ചില് വീണ്ടും തെരഞ്ഞെടുപ്പ് നടന്നു.കൂടുതല് സീറ്റുകള് മാര്ക്സിസ്റ്റ് പാര്ട്ടി നേടിയെങ്കിലും ആര്ക്കും ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല.അറുപത്തിയേഴായപ്പോഴേക്കും ഭിന്നിപ്പിന്റെ കയ്പ്പ് കമ്മ്യൂണിസ്റ്റുകള്ക്കും സോഷ്യലിസ്റ്റുകള്ക്കും മനസ്സിലായി. രണ്ട് കമ്മ്യൂണിസ്റ്റുകളും എസ്സ് എസ്സ് പി,ആര് എസ്സ് പി,കെ എസ്സ് പി, മുസ്ലിംലീഗ്,കെടിപി എന്നീ കക്ഷികളും ചേര്ന്ന് ഐക്യമുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പില്  പങ്കെടുത്ത് ഭൂരിപക്ഷം നേടി.വീണ്ടും ഇ എം എസ്സ് മുഖ്യമന്ത്രിയായി.കടിപിടി കൂടലുകള് തുടങ്ങാന് അധികകാലം വേണ്ടിവന്നില്ല.തെറ്റിപ്പിരിയലിന്റെ ഒടുവില് അന്ന് രാജ്യസഭാംഗമായിരുന്ന സി.അച്യുതമേനോന്റെ നേതൃത്വത്തില് അറുപത്തിയൊന്പത് നവംബര് ഒന്നിന് കോണ്ഗ്രസ്സ് പിന്തുണയോടെ ഒരു മന്ത്രിസഭ നിലവില് വന്നു. എഴുപത്തിയൊന്നില് കോണ്ഗ്രസ്സുകാരെ ഉള്പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.ഇതൊരു പുതിയ ഭരണക്രമത്തിന് രൂപം നല്കി.കമ്മ്യൂണിസ്റ്റും കോണ്ഗ്രസ്സും കൂടിച്ചേരുന്ന ഭരണ ക്രമം. ഒരിക്കല് ജന്മി മേല്ക്കോയ്മയുണ്ടായിരുന്ന പാര്ട്ടിയും കര്ഷക തൊഴിലാളി മേല്ക്കോയ്മയുണ്ടായിരുന്ന പാര്ട്ടിയും കൈകോര്ത്തു.ജനാധിപത്യം വരുത്തുന്ന മറിമായങ്ങള്.
ആദ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ വീറും കൂറും പാവപ്പെട്ട കര്ഷകനോടും തൊഴിലാളിയോടും മാത്രമായിരുന്നു. അതുകൊണ്ടാണ് അന്പത്തിയേഴ് ഡിസംബര് പതിനെട്ടിന് കേരള കാര്ഷിക ബന്ധ ബില് നിയമസഭയില് അവതരിപ്പിച്ചത്.അന്പത്തിയൊന്പത് ജൂണ് പത്തിന് ഇത് പാസ്സാക്കി.വസ്തു ഒഴിപ്പിക്കല് തടയുന്നതും എല്ലാ കുടിയാന്മാര്ക്കും കുടിയായ്മാ അവകാശവും സ്ഥിരാവകാശവും നല്കുന്നതും കൈവശ ഭൂമിയുടെ ജന്മാവകാശം വാങ്ങുവാനുള്ള അധികാരം കുടിയാന് കൊടുക്കുന്നതുമായ ഒരു നിയമമായിരുന്നു അത്.എന്നാല് അതിനെ തകര്ക്കുക എന്നതായിരുന്നു വിമോചന സമര ലക്ഷ്യം.തുടര്ന്നു വന്ന കോണ്ഗ്രസ്സ് മന്ത്രിസഭ ഈ നിയമത്തില് മാറ്റം വരുത്തി.കേരള ഭൂപരിഷക്കരണ നിയമം എന്ന പേരില് ഇതിനെ അറുപത്തി മൂന്നില് നിയമസഭയില് പാസ്സാക്കിയെടുത്തു. അറുപത്തിയൊന്പതില് ഇ എം എസ്സ് മന്ത്രിസഭ ഇതിനെ ഭേദഗതി ചെയ്ത് സമൂലമായ ഭൂപരിഷ്ക്കരണത്തിനുള്ള നിയമമാക്കി, അച്യുത മേനോന് സര്ക്കാര് നടപ്പിലാക്കി.നോക്കൂ പ്രഹ്ളാദ,ഇതൊരു കാല്പ്പന്ത് കളിപോലെയാണ്.പന്ത് പല കൈകളിലൂടെ മാറി മറിഞ്ഞ് മുന്നോട്ടുപോകും.രണ്ടുകൂട്ടരുമിട്ട് തട്ടും, ഒടുവില് ഒരു കൂട്ടര്ക്ക് ഗോളടിക്കാന് അവസരം കിട്ടും. ജനാധിപത്യവും അധികാരവുമെല്ലാം ഇത്തരം കളികള്തന്നെയാണ് പ്രഹ്ളാദ.
അവന് മറുപടി പറയാതെ കേട്ടിരുന്നു.
ആയിരത്തി തൊള്ളായിരത്തി എഴുപത് ജനുവരി ഒന്നുമുതല് കേരളത്തില് ജന്മി സമ്പ്രദായം നിര്ത്തല് ചെയ്തു.ഇരുപത്തിയേഴ് ലക്ഷത്തില് പരം പാട്ടകൃഷിക്കാര് അതോടെ പാട്ടവ്യവസ്ഥയില് നിന്നും മോചിതരായി.കൃഷിഭൂമി കൃഷിക്കാര്ക്ക് എന്ന കര്ഷക പ്രസ്ഥാനം ഉയര്ത്തിയ മുദ്രാവാക്യം കേരളത്തില് യാഥാര്ത്ഥ്യമായി.എന്നാല് തൊഴിലാളി വര്ഗ്ഗം ആശാവഹമായ ഒരു ചിത്രമല്ല നല്കുന്നത്. മര്ദ്ദിതരും ചൂഷിതരുമായ വിഭാഗത്തിന് ആശ്വാസവും ശക്തിയുമായി മാറി , ഉള്ളവനും ഇല്ലാത്തവനുമെന്ന് രണ്ട് ജാതിയേയുള്ളു എന്ന തിരിച്ചറിവോടുകൂടി പ്രസ്ഥാനം മുന്നോട്ടുപോകേണ്ടതായിരുന്നു. ജാതിമത വേര്തിരിവുകള് അവസാനിപ്പിച്ച് ഒരുത്തമ സമൂഹസൃഷ്ടിക്ക് ഇത് ഉതകുമായിരുന്നു. എന്നാല് തൊഴിലാളി പ്രസ്ഥാനങ്ങള് സ്വന്തം സാമ്പത്തിക ഉന്നമനം മാത്രം ലക്ഷ്യമിട്ട് സ്വാര്ത്ഥമതികളായി മാറുന്ന കളങ്കിത സമൂഹത്തെയാണ് നമുക്ക് സൃഷ്ടിക്കാന് കഴിഞ്ഞത്. പ്രഹ്ളാദ, നിന്നിലും ആ സ്വാര്ത്ഥതയുടെ അംശം ഞാന് കാണുന്നു. നമുക്ക് ചുറ്റിലുമുള്ള കാഴ്ചകള് ഒക്കെത്തന്നെയും ലാഭം ലക്ഷ്യമിടുന്നതും തന്നിലേക്ക് ഒതുങ്ങതുമാണെന്ന് ഞാനറിയുന്നു. അതുകൊണ്ടുതന്നെയാണ് പ്രഹ്ളാദ,ഇന്നും ജാതിക്ക് പുറത്തേക്ക് മലയാളിക്ക് കടക്കാന് കഴിയാത്തതും ജാതീയമായും രാഷ്ട്രീയമായുമുള്ള സ്വജന പക്ഷപാതം നിലനില്ക്കുന്നതും.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള് മുന്നോട്ടു വച്ച പരിഷ്ക്കാരങ്ങള് ജനങ്ങളുടെ പുരോഗതിക്ക് ഏറെ സഹായിച്ചു. ഭൂപരിഷ്ക്കരണവും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ പുരോഗമന പരമായ സമീപനങ്ങളും തുടര്ന്നുവന്ന ജനാധിപത്യ ഭരണകൂടങ്ങള്ക്കെല്ലാം കൂടുതല് ആര്ജ്ജവത്തോടെ ഏറ്റെടുക്കേണ്ടി വന്നു. പ്രഹ്ളാദ,പക്ഷെ ഈ വികസനം ബംഗാളില് കൊണ്ടുവരാന് അവര്ക്ക് കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് ചിന്താഗതി മാത്രമല്ല , വിശാലമായ മറ്റു ചില കാഴ്ചപ്പാടുകളും തൊഴില് തേടിയുള്ള ദേശാടനവും മദ്ധ്യേഷ്യയില് നിന്നുള്ള പണത്തിന്റെ ഒഴുക്കുമെല്ലാം കേരളത്തിലെ ജനജീവിതത്തെ മാറ്റിമറിക്കാന് ഉപകരിച്ചു എന്ന് കാണേണ്ടിവരും. ജ്യോതിബാസുവിനെപ്പോലുള്ള മുതിര്ന്ന കമ്മ്യൂണിസ്റ്റുകളേക്കാള് മിടുക്കന്മാരായിരുന്നു കേരളത്തിലെ നേതാക്കള് എന്ന് നമ്മള് വിശ്വസിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ പൊതുവായ അവസ്ഥയുമായി കേരളത്തെ താരതമ്യം ചെയ്യാന് കഴിയില്ലെന്ന് പ്രഹ്ളാദന് അറിയാമല്ലൊ. പത്തുശതമാനം പേര് അതിസമ്പന്നതയുടെ സുഖസൗകര്യങ്ങള് ആര്ജ്ജിച്ചവരും ഭരണാധികാരികള് ഇവരുടെ സംരക്ഷകരുമായി തീര്ന്നിരിക്കുന്ന നാടാണ് നമ്മുടെ ഭാരതം.അതിനുതാഴെയുള്ളവരില് അന്പത് ശതമാനം ജനത അടിമകളെപ്പോലെ കഴിയുമ്പോഴും നമ്മള് ഇടയ്ക്കിടെ ഒരു വോട്ടലൂടെ നാമെല്ലാം സമന്മാരായ ഇന്ത്യന് പൗരന്മാരാണെന്ന് ഈ പാവപ്പെട്ടവരെ ഓര്മ്മിപ്പിക്കുകയും അതില് അഭിമാനം കൊള്ളാന് അവരോട് അഭ്യര്ത്ഥിക്കുകയുമാണ്. ഈ അവസ്ഥയില് നിന്നും കുറച്ചെങ്കിലും മികച്ചുനില്ക്കുന്ന നാടാണ് നമ്മുടേത്. ചോദിച്ചു വാങ്ഹാനും അവകാശങ്ങള്ക്കും സൗകര്യങ്ങള്ക്കുമായി മുറവിളി കൂട്ടാനുമറിയുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിന് ശോഷണം സംഭവിച്ചുകൊണ്ടിരിക്കയാണ് എന്നതൊരു സത്യമാണെങ്കിലും.
കര്ഷക തൊഴിലാളികള്,പരമ്പരാഗത കൃഷിക്കാര്,മത്സ്യത്തൊഴിലാളികള്,കയര്,കശുവണ്ടിത്തൊഴിലാളികള്, തുടങ്ങിയവരുടെ ദരിദ്രമായ ജീവിത ക്രമങ്ങളില് നിന്നും നാം ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു. വിവരസാങ്കേതിക വിദ്യ തുടങ്ങി വിപുലങ്ങളായ പുതിയ തൊഴില് മേഖലകളും വിദേശ തൊഴിലുകളും സാങ്കേതിക വിദഗ്ധരുടെ മികവുകളും ഇടനിലക്കച്ചവടവുമൊക്കെയായി കേരളം വേറിട്ടൊരു യാത്രയിലാണ്. നമ്മുടെ മദ്യഹാരകന്മാരും വിനോദസഞ്ചാര മേഖലയിലെ പുത്തന് കൂറ്റുകാരുമൊക്കെ ചേര്ന്ന് വലര്ന്നുവരുന്ന സമൂഹം നമുക്കൊക്കെ ഒരത്ഭുതമായി മാറുകയാണ്. ഇന്ത്യയുടെ മൊത്തം രീതികളില് നിന്നും വേറിട്ട സമൂഹം. ഒരുപക്ഷെ നൂറ്റാണ്ടുകള്ക്കു മുന്പ് അനേകം വിദേശികള്  കൂടിക്കലര്ന്ന്  ഇവിടെയുണ്ടായിതീര്ന്ന സമൂഹത്തിന്റെ ഒരു ചാക്രികമായ തിരിച്ചുവരവ് എന്നുതന്നെ ഇതിനെ വിളിക്കാന് കഴിയും പ്രഹ്ളാദ. നീയും നിനക്ക് ശേഷമുള്ള തലമുറയുമൊക്കെ അതിന്റെ കണ്ണികളാണെന്നു പറയാം.
നമ്മള് സംസാരിക്കുന്നത് സമത്വവും കമ്മ്യൂണിസവുമൊക്കെയാണെങ്കിലും നമ്മെ വിഴുങ്ങിക്കൊണ്ടിരിക്കുന്നത് മുതലാളിത്തമാണ്. ദൂരെ എവിടെയോ നില്ക്കുന്ന വര്ഗ്ഗ ശത്രുവായി നമ്മള് മുതലാളിത്തത്തെ ചിത്രീകരിക്കുകയും അതിന് അമേരിക്കയുടെ കൊടിനിറം നല്കുകയും ചെയ്യുന്നു.എന്നിട്ട് രാഷ്ട്രീയ മത ഭേദമില്ലാതെ ചിന്തിക്കുന്നത് ഒന്നുമാത്രം, ലാഭം,കൂടുതല് ലാഭം. അത് പാര്ട്ടിക്കുള്ള ലാഭമാകാം അല്ലെങ്കില് പ്രസ്ഥാനത്തിനുള്ള ലാഭമാകാം. ഇത് മുതലാളിത്തത്തിന്റെ മാത്രം സ്വഭാവമാണ് എന്നു നാം മറക്കുകയും ചെയ്യുന്നു.  
  പ്രഹ്ളാദ,ഇന്നിപ്പോള് നമ്മള് നേരിടുന്ന വിഷയങ്ങള് ഏറെ ഭീതിദമാണ്. പ്രാദേശിക രാഷ്ട്രീയ പാര്ട്ടികള്ക്ക് മുന്തൂക്കമുള്ള ഭരണമാണ് കേന്ദ്രത്തില് ഉണ്ടാകുന്നത്. അവര് കാര്യങ്ങള് നിയന്ത്രിക്കുമ്പോള് കേരളത്തിന്റെ കാര്യങ്ങള് കേള്ക്കാന് ആളില്ലാത്ത അവസ്ഥ സംജാതമായേക്കാം. മെച്ചപ്പെട്ട ജീവിത നിലവാരം ജനങ്ങള് ആര്ജ്ജിച്ചതിനാല് സാമ്പത്തിക സഹായങ്ങള് വെട്ടിക്കുറയ്ക്കുന്നു.പാവപ്പെട്ടവര്,കീഴ്ജാതിക്കാരനോ മേല്ജാതിക്കരനോ ആകട്ടെ,അവൻറെ പുരോഗതിക്ക് തടസ്സം നില്ക്കുംവിധമാണ് നിയമങ്ങള് കൊണ്ടുവരുന്നത്.അതുകൊണ്ടുതന്നെ അവര്ണ്ണരിലും സാമ്പത്തികമായി ഉയര്ന്നവര് പ്രത്യേക വംശമായി വളര്ന്നുവരുന്നത്. അവരില് ഭൂരിപക്ഷവും സ്വസമുദായത്തിലെ പാവപ്പെട്ടവനെ ഇഷ്ടപ്പെടുകയോ സഹായിക്കുകയോ ചെയ്യുന്നില്ല. സംവരണം കാലക്രമേണ ഇല്ലാതാകേണ്ട ഒന്നാണ് പ്രഹ്ളാദ.സര്ക്കാര് സേവനത്തില് ഒരിക്കല് സംവരണാനുകൂല്യം ലഭിക്കുന്ന വ്യക്തിയുടെ അടുത്ത തലമുറയ്ക്ക് ഇത് നിഷേധിക്കപ്പെടണം. എങ്കിലെ ആ സമുദായത്തിലെ പാവപ്പെട്ടവന് ഇതിൻറെ ഗുണം ലഭിക്കൂ.അങ്ങിനെ സംവരണം എന്ന സൗകര്യം ലഭിക്കുന്ന ജനതയുടെ എണ്ണം കുറച്ചുകൊണ്ടുവരണം. ഒടുവില് രണ്ട് സമുദായമെ ഉണ്ടാവൂ,സാമ്പത്തികമായി ഉയര്ന്നവനും സാമ്പത്തികമായി താണവനും. ഇത് ഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ല തന്നെ
ഗുരു പറഞ്ഞു നിര്ത്തി.
അനേക നൂറ്റാണ്ടുകളിലെ അടിച്ചമര്ത്തലിലൂടെ മസ്തിഷ്ക ശോഷണം സംഭവിച്ച ഒരു ജനതയ്ക്ക് സംവരണമല്ലാതെ മറ്റെന്താണ് ഗുരോ അഭികാമ്യം.
പ്രഹ്ളാദ, ശോഷണം സംഭവിച്ച സമൂഹത്തില് സംവരണ ആനുകൂല്യം കൊണ്ട് മെച്ചപ്പെട്ടവര് തലമുറകളായി അതിൻറെ ഗുണമെടുക്കുകയും അവരുടെ സഹോദരങ്ങള് അടിമത്തത്തില് തുടരുകയും ചെയ്യുന്നതിലാണ് എനിക്കെതിര്പ്പ്.ലക്ഷങ്ങളുടെ വരുമാനമുള്ളവര്ക്ക് ആനുകൂല്യം നല്കുമ്പോള് അതേ സമുദായത്തില് പട്ടിണി കിടക്കുന്നവന് എന്നാണ് ഗുണഫലമുണ്ടാവുക പ്രഹ്ളാദ.
പ്രഹ്ളാദൻ മറുപടി പറയാൻ കഴിയാതെ നിശബ്ദനായി.
നമ്മള് ഇനിയും ഒരുപാട് മാറാനുണ്ട് പ്രഹ്ളാദ.സംവരണം ഒരു നാണക്കേടാണ് എന്ന ചിന്ത അതര്ഹിക്കാത്തവരില് ഉണ്ടാവണം. വീടിനോടും സ്വന്തക്കാരോടും തന്നോടും മാത്രം കൂറുവളരുന്ന സമൂഹത്തിലെ ഓരോ വ്യക്തിയും സമൂഹത്തോട് പ്രതിബദ്ധതയുള്ളവനായി മാറണം. ചുറ്റും കാണുന്ന ഓരോ വ്യക്തിയും തൻറെ അംശമാണ് എന്ന തിരിച്ചറിവ് അവനുണ്ടാകണം.അത്തരമൊരു സമൂഹക്രമം സൃഷ്ടിച്ചെടുക്കയാവണം പ്രഹ്ളാദ,നിൻറെ കടമ.നീ ഗുഹയില് നിന്നും പുറത്തു കടക്കുമ്പോള് ബോധിവൃക്ഷം ഗൗതമന് നല്കിയ ഊര്ജ്ജം നിനക്കുണ്ടാകണം. അത് സമൂഹത്തില് പ്രസരിപ്പിക്കാൻ നിനക്ക് കഴിയണം.
 ഇത്രയും പറഞ്ഞ് ഗുരു ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.പ്രഹ്ളാദൻ കുണ്ഡലിനിയെ ഉണര്ത്താനുള്ള ധ്യാനത്തിനായി കണ്ണടച്ചു.
ദൂരെ നിന്ന് ഒരു കാറ്റു അവനെ തഴുകി ഗുഹക്കുള്ളിലേക്ക് കയറി വന്നു.
ആ കാറ്റിൻറെ ആര്ദ്രതയില് പ്രഹ്ളാദൻ  ചിരിച്ചു.
ബുദ്ധൻറെ  ചിരി !!
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%
   


3 അഭിപ്രായങ്ങൾ:

  1. മനോഹരം....അതി മനോഹരം.. കേരളത്തെപറ്റി ഉപയോഗിച്ചിരിക്കുന്ന പല വസ്തുതകളും ഞാനും റഫര൯സ് കിട്ടാതെ നോട്ട് ബുക്കിൽ എഴുതിയിട്ടിരിക്കുന്ന സംശയങ്ങളാണ്. പല വഴി കേട്ട് അത്ഭുതപ്പെട്ടതെല്ലാം ഒരിടത്ത് കണ്ട് മരവിച്ച് നിൽക്കുന്നു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. ബ്ളോഗില്‍ കയറിയിട്ട് അധിക കാലമായി. അഭിപ്രായത്തിന് നന്ദി.

    മറുപടിഇല്ലാതാക്കൂ