2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter--36- ഗോത്രരീതികളുടെ തിന്മകള്‍ക്കെതിരായ കലാപം

മുപ്പത്തിയാറ്
ഗോത്രരീതികളുടെ  തിന്മകള്‍ക്കെതിരായ  കലാപം
പ്രഹാളാദ,ഇന്നത്തെപോലെ അന്നും ജനകീയ അധികാര കേന്ദ്രങ്ങളും സമുദായ അധികാര കേന്ദ്രങ്ങളും പ്രത്യേകം തന്നെയായിരുന്നു.ഈ ആചാരങ്ങളുടെയെല്ലാം സംരക്ഷകനായി ഓരോ തറയിലും തണ്ടാന്‍ എന്നോ ചാന്നാന്‍ എന്നോ ഉള്ള പേരില്‍ സമുദായനേതാക്കന്മാര്‍ ഉണ്ടായിരുന്നു.സമുദായ ഭരണത്തില്‍ ഇവര്‍ ഏകാധിപതികളായിരുന്നു.വിവാഹം,തിരണ്ട്കുളി,താലികെട്ട്,പുളികുടി തുടങ്ങിയ ആചാരങ്ങളില്‍ തറയിലെ തണ്ടാന്‍ നിര്‍ണ്ണായക സാന്നിദ്ധ്യമായിരുന്നു.താലികെട്ടിനുള്ള പന്തലിടുവാന്‍ അടക്കാമരം മുറിക്കുന്നതിനു മുന്‍പ് തണ്ടാന്‍റെ ഔപചാരികമായ സമ്മതം വാങ്ങേണ്ടതുണ്ടായിരുന്നു.വിവാഹ മോചനത്തിലും തീരുമാനം തണ്ടാന്‍റേതായിരുന്നു.ഒരു നായര്‍ മരിക്കുമ്പോള്‍ മൃതദേഹം ദഹിപ്പിക്കേണ്ട ചുമതലയും തണ്ടാനായിരുന്നു.
ഗുരോ,ഇന്നും തണ്ടാന്‍റെ സാന്നിദ്ധ്യം ദഹനക്രിയയില്‍ കാണാറുണ്ടല്ലൊ
ശ്മശാനങ്ങളുടെ എണ്ണം കൂടുകയും പുരയിടങ്ങളില്‍ സ്ഥലം കുറയുകയും ചെയ്യുന്ന ഈ കാലത്ത് അപൂര്‍വ്വം ഗ്രാമങ്ങളില്‍ മാത്രം ഒരു സൂചകം പോലെ അത് നിലനില്ക്കുന്നു എന്നുമാത്രമെയുള്ളു പ്രഹ്ളാദ.എന്നുമാത്രമല്ല,ഇപ്പോള്‍ ചുമതലക്കാര്‍ സമുദായ മുഖ്യനു പകരം ഒരു പാവപ്പെട്ട തണ്ടാനാണ് എന്നതും ശ്രദ്ധേയമാണ്”,പ്രഹ്ളാദന്‍ അതംഗീകരിച്ച് തലകുലുക്കി.
ഇത്തരത്തില്‍ ഒരുപാട് അസംബ്ബന്ധങ്ങള്‍ സമൂഹത്തില്‍ നിലനിന്നിരുന്നു പ്രഹ്ളാദ.പ്രസവം,മരണം,തീണ്ടാരി എന്നിവ സംഭവിച്ചാല്‍ ഏതാനും നാള്‍ പുല ആചരിച്ചിരുന്നു.പുല തീരുന്ന ദിവസം മണ്ണാത്തിയില്‍ നിന്നും മാറ്റ് വാങ്ങി ഉടുക്കണം.നമ്പൂതിരിമാര്‍ക്കും നായന്മാര്‍ക്കും വസ്ത്രം അലക്കി കൊടുത്തിരുന്നത് മണ്ണാന്മാരായിരുന്നു.ഒരു സ്ത്രീ പുല ആചരിക്കുന്നതിന് പ്രത്യേക കാലങ്ങളുണ്ടായിരുന്നു.അത് കഴിഞ്ഞാല്‍ പുല നീക്കണം.അല്ലെങ്കില്‍ അവള്‍ ജാതിഭ്രഷ്ടയാക്കപ്പെടും.പുല മാറണമെങ്കില്‍ മണ്ണാത്തി ശുദ്ധമായ സ്വന്തം വസ്ത്രം നല്കി പുലയുള്ളവളുടെ വസ്ത്രം സ്വീകരിക്കണം.മാറ്റ് വസ്ത്രം മണ്ണാത്തി നല്കിയില്ലെങ്കില്‍ പുലയുള്ളവള്‍ ഭ്രഷ്ടയാകും.എന്നാല്‍ അത്തരമൊരു നിഷേധസമീപനം കൈക്കൊള്ളാന്‍ അടിമത്തത്തില്‍ കഴിയുന്ന തീയ്യന് കഴിഞ്ഞിരുന്നില്ല.ഇങ്ങനെ നിരവധി അസംബ്ബന്ധങ്ങളില്‍ പൊറുതിമുട്ടിയാണ് പതിനേഴാം നൂറ്റാണ്ടില്‍ വന്‍തോതില്‍ ഈഴവരും മറ്റ് അവശ സമുദായക്കാരും ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും പരിവര്‍ത്തനം ചെയ്തത്.മലബാറിലെ ചെറുമര്‍ വന്‍തോതില്‍ ഇസ്ലാംമതം സ്വീകരിച്ചു.അതോടെ ഒറ്റ കുതിപ്പിന് അവര്‍ സമൂഹത്തിന്‍റെ അംഗീകാരം നേടുകയായിരുന്നു.തിരുവിതാംകൂറില്‍ കൂടുതല്‍ പേരും ക്രിസ്തുമതം സ്വീകരിക്കയാണുണ്ടായത്.
വളരെ വിചിത്രമായ ഒരു മാനസ്സികാവസ്ഥയായിരുന്നു ഈ മുന്നോക്കക്കാര്‍ക്ക് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം-ല്ലെ ഗുരോ.ഇന്ന് മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ നടക്കാറുണ്ടല്ലൊ,വധഭീഷണി പോലുമുണ്ടാകുന്നു.
പ്രഹ്ളാദ,അന്നത്തെ ഭരണാധികാരികള്‍ മുസ്ലിം-ക്രിസ്ത്യന്‍ സമുദായക്കാര്‍ക്ക് പ്രത്യേക പരിഗണന നല്കിയിരുന്നു.അവര്‍ പള്ളികള്‍ പണിയുകയും ആചാര്യമര്യാദകള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്തു.ഖാസിമാരെയും ബാങ്ക് വിളിക്കാരെയും സര്‍ക്കാരാണ് നിയമിച്ചിരുന്നത്.ഖജാനയില്‍ നിന്നും ശമ്പളവും നല്കി.വെള്ളിയാഴ്ച ജുമാനമസ്ക്കാരം ഒഴിവാക്കാന്‍ പാടില്ലെന്ന് മുസ്ലീങ്ങളെ നിര്‍ബന്ധിക്കുകയും അതില്‍ നിന്നും ഒഴിഞ്ഞുനില്ക്കുന്നവരെ ശിക്ഷിക്കുകയും പിഴ വസൂല്‍ ചെയ്യുകയും പതിവായിരുന്നു. കൊലക്കുറ്റം ചെയ്യുന്ന മുസ്ലീങ്ങളെ മുസ്ലിംനേതാക്കളുടെ സമ്മതപ്രകാരം തൂക്കിക്കൊന്ന് ശവശരീരം സംസ്ക്കാരിക്കാനായി മുസ്ലീങ്ങളെ ഏല്പ്പിച്ചിരുന്നു.അവര്‍ അതിനെ കുളിപ്പിച്ച് അന്ത്യോപചാര കര്‍മ്മങ്ങള്‍ ചെയ്ത് മുസ്ലിം ശവകുടീരത്തില്‍ മറവുചെയ്തു.എന്നാല്‍ അമുസ്ലീങ്ങളെ തൂക്കിക്കൊല്ലുകയാണെങ്കില്‍ ശവശരീരം നായ്,കുറുക്കന്‍ മുതലായവയ്ക്ക് തിന്നാന്‍ വിട്ടുകൊടുക്കയല്ലാതെ മറവ് ചെയ്തിരുന്നില്ല.
വളരെ വിശേഷം തന്നെ ഗുരോ.ഇതിന്‍റെയൊക്കെ പൊരുള്‍ തേടിപ്പോയാല്‍ എങ്ങും എത്തില്ല.ക്രിസ്തീയ സമുദായത്തിനും ഈ അംഗീകാരമുണ്ടായിരുന്നോ ?”
ഉണ്ടായിരുന്നു പ്രഹ്ളാദ.സാമൂഹികമായും സാമ്പത്തികമായും അവര്‍ നായന്മാരുടെ തൊട്ടുപിന്നിലായിരുന്നു.ആദ്യകാലങ്ങളില്‍ അവര്‍ ഹിന്ദുക്കളില്‍ നിന്നും പല അന്ധവിശ്വാസങ്ങളും ആചാരവിശേഷങ്ങളും പകര്‍ന്നെടുത്തിരുന്നു.മിക്കവാറും ഹൈന്ദവാചാരങ്ങളാണ് അവര്‍ പിന്തുടര്‍ന്നതെന്നു പറയാം.അവര്‍ സിറിയന്‍ ക്രിസ്ത്യാനികളായിരുന്നു.റോമിന്‍റെ മേധാവിത്വം അവര്‍ സ്വീകരിച്ചില്ല.ബാബിലോണിലെ പാത്രിയാര്‍ക്കിനോടായിരുന്നു അവരുടെ കൂറ്.മുക്കുവര്‍ ഉള്‍പ്പെടെയുള്ള താണസമുദായങ്ങളില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരായിരുന്നു അവര്‍.പതിനാറാം നൂറ്റാണ്ടിലാണ് ലത്തീന്‍ കത്തോലിക്കാ സഭയ്ക്ക് കേരളത്തില്‍ പ്രചാരം പ്രചാരം ലഭിക്കുന്നത്.പോര്‍ച്ചുഗീസുകാര്‍ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.ആയിരത്തി അഞ്ഞൂറ്റി അന്‍പത്തിയെട്ടില്‍ പേഴ്സ്യന്‍ ബിഷപ്പുമാര്‍ കേരളത്തില്‍ പ്രവേശിക്കുന്നത് പോര്‍ച്ചുഗീസ്സുകാര്‍ തടഞ്ഞു.ആയിരത്തി അറുനൂറ്റി അറുപത്തിയഞ്ചില്‍ ഡച്ചുകാരാണ് ഈ നിരോധനം നീക്കിയത്.തുടര്‍ന്ന് അന്ത്യോക്യയിലെ പാത്രിയാര്‍ക്കിന്‍റെ കീഴില്‍ യാക്കോബായക്കാര്‍ എന്ന പേരില്‍ അവര്‍ തുടര്‍ന്നു.ഇപ്പോള്‍ കോട്ടയത്ത് ദേവലോകം അരമനയിലെ കത്തോലിക്ക ബാവ തിരുമേനിയുടെ കീഴില്‍ കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ ഒരു സ്വതന്ത്ര സഭയായി നിലകൊള്ളുകയാണ്.കത്തോലിക്ക മതത്തെ പ്രോത്സാഹിപ്പിക്കാന്‍ ആയിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റൊമ്പതില്‍ മെനേസിസ് എന്ന പോര്‍ച്ചുഗീസ് ബിഷപ്പ് ഉദയംപേരൂരില്‍ ഒരു സുനഹദോസ് വിളിച്ചുകൂട്ടി.താലികെട്ട്,പുലകുളി തുടങ്ങിയ ഹൈന്ദവാചാരങ്ങള്‍ ഉപേക്ഷിച്ച് ക്രിസ്ത്യാനികള്‍ തികച്ചും ക്രൈസ്തവ സമ്പ്രദായത്തില്‍ ജീവിക്കണമെന്ന സന്ദേശമാണ് സുനഹദോസില്‍ പ്രധാനമായി അംഗീകരിക്കപ്പെട്ടത്.വൈപ്പിന്‍ കോട്ടയില്‍ ഒരു വലിയ സെമിനാരി സ്ഥാപിച്ച് ലത്തീന്‍ മുറയില്‍ പുരോഹിതന്മാരെ പരിശീലിപ്പിക്കുകയും ചെയ്തു.കൊച്ചിക്കും കൊടുങ്ങല്ലൂരിനുമിടയില്‍ ഇത് നടപ്പായില്ലെങ്കിലും ക്രിസ്ത്യാനികള്‍ തിങ്ങിത്താമസിച്ചിരുന്ന വെമ്പലനാട്,ചെമ്പകശ്ശേരി മുതലായ ഭാഗങ്ങളില്‍ ഇത് സാദ്ധ്യമായില്ല.നസ്രാണികള്‍ക്ക് സൈന്യബലവും രാജബലവുമുണ്ടായിരുന്നു.മുപ്പതിനായിരം അംഗങ്ങളുള്ള സൈന്യമായിരുന്നു അവരുടേത്.എന്നിട്ടും ആയിരത്തി അറുനൂറിനും ആയിരത്തി അറുനൂറ്റി അന്‍പത്തിമൂന്നിനുമിടയ്ക്ക് എല്ലാ നസ്രാണികളെയും പോര്‍ച്ചുഗീസ് ജസ്വീറ്ററുടെ അധികാരത്തില്‍ വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞു.നസ്രാണികള്‍ എതിര്‍ത്തുകൊണ്ടേയിരുന്നു.ഡച്ചുകാരുടെ വരവുകൂടിയായപ്പോള്‍ ആയിരത്തി അറുനൂറ്റി അന്‍പത്തിയെട്ടില്‍ അവര്‍ വീണ്ടും സ്വതന്ത്രരായി.
സഹോദരങ്ങള്‍ പല ഘട്ടങ്ങളിലായി മതങ്ങള്‍ മാറിയും ജാതിയിലും ഉപജാതിയിലും പെട്ടും തമ്മിലടിക്കുന്ന ആ തുടര്‍ക്കാഴ്ചകള്‍ അവസാനിക്കുന്നില്ല –ല്ലെ ഗുരോ
ഒരിക്കലുമില്ല പ്രഹ്ളാദ.മനുഷ്യന്‍ ജീവിക്കുന്നിടത്തോളം കാലം ഇത് തൂടരും.ജാതിയും മതവുമില്ലാത്ത മൃഗങ്ങളെയാണ് നാം കണ്ടുപഠിക്കേണ്ടത്.പോട്ടെ,അത്തരം സൈദ്ധാന്തിക ചര്‍ച്ചകള്‍ വേണ്ട.നമുക്ക് ചരിത്രത്തിലേക്ക് വരാം.മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഉയര്‍ന്ന സാമൂഹിക പദവിക്ക് പുറമെ സാമ്പത്തികമായി ഉയരുവാനും സാഹചര്യം ലഭിച്ചിരുന്നു.സഞ്ചാര സ്വാതന്ത്യവും പൊതുസ്ഥലങ്ങളിലെ പ്രവേശനവും നിഷേധിക്കപ്പെട്ട അവര്‍ണ്ണര്‍ ഒരു വശത്തും വ്യാപാരത്തില്‍ വിമുഖരായ സവര്‍ണ്ണര്‍ മറുവശത്തും നിന്ന ആ കാലത്ത് വാണിജ്യം മുസ്ലിം-കൃസ്ത്യന്‍-ജൂത-കൊങ്കിണിമാരുടെ കൈകളിലായിരുന്നു.അങ്ങിനെ അവര്‍ മുതലാളിവര്‍ഗ്ഗമായി ഉയര്‍ന്നുവന്നു.കയറുപിരി പോലുള്ള ചില കൊത്തൊഴിലുകളും മദ്യവ്യാപാരവും നടത്തിവന്ന അപൂര്‍വ്വം അവര്‍ണ്ണര്‍ മാത്രമാണ് പിന്നീട് മുതലാളി വര്‍ഗ്ഗത്തില്‍ ഇടം കണ്ടെത്തിയത്.അതുകൊണ്ടുതന്നെ ഫ്യൂഡലിസത്തിന്‍റെ അന്ത്യനാളുകളില്‍ കൃസ്ത്യാനികളും മുസ്ലീങ്ങളും കൊങ്ങിണിമാരും സമൂഹത്തിലെ ഉയര്‍ത്തട്ടിലേക്ക് കയറിവന്നതും.
ഗരോ,ഇതെല്ലാം സമുദായ സൌഹാര്‍ദ്ദത്തെ ഉലയ്ക്കാന്‍ ഇടയാക്കിയെന്ന് പറയാമോ?”
അതിന് ഘടകങ്ങള്‍ അനേകമാണെന്ന് നമ്മള്‍ കണ്ടതല്ലെ പ്രഹ്ളാദ.പോര്‍ച്ചുഗീസുകാരുടെ ആഗമനമാണ് സമുദായമൈത്രിയില്‍ വിള്ളലുണ്ടാക്കിയ ആദ്യ സംഭവം.മുസ്ലിം വ്യാപാരികളെ പുറംതള്ളാന്‍ അവര്‍ രാജക്കന്മാരെ പ്രേരിപ്പിച്ചു.സാമൂതിരിയും കോലത്തിരിയും ആദ്യം ചെറുത്തുനിന്നെങ്കിലും സാമ്പത്തിക താത്പ്പര്യം ഏറിയതോടെ അവര്‍ അതനുസരിച്ചു.പിന്നെ പോര്‍ച്ചുഗീസ് മുസ്ലിം സംഘട്ടനങ്ങള്‍ക്ക് തുടക്കമായി. രാജാക്കന്മാരുടെ കൂറ് പോര്‍ച്ചുഗീസുകാരോടായപ്പോള്‍ മുസ്ലിം നേതാക്കള്‍ക്ക് ഹിന്ദുരാജക്കന്മാരോടും പകയായി.പതിനെട്ടാം നൂറ്റാണ്ടില്‍ അറക്കല്‍ രാജാവും കോലത്തിരിയും തമ്മില്‍ തെറ്റിയതിനെ തുടര്‍ന്ന് അന്തരീക്ഷം കൂടുതല്‍ ഇരുണ്ടു.പത്തൊന്‍പതാം നൂറ്റാണ്ടില്‍ കുടിയായ്മ ബന്ധത്തില്‍ ബ്രിട്ടീഷുകാര്‍ വരുത്തിയ മാറ്റത്തിന്‍റെ ഫലമായി വളര്‍ന്നുവന്ന കൃഷിക്കാരുടെ അരക്ഷിതാവസ്ഥ മാപ്പിളമാരുടെ മതാന്ധമായ കലാപങ്ങള്‍ക്കും വഴിവച്ചു.ഹൈദരാലിയുടെ ആക്രമണകാലം മുതല്‍ സമാധാനപരമായി ഭൂമി കൈവശം വച്ചിരുന്ന മാപ്പിളമാര്‍, കൃഷിക്കാരെ ഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള അവകാശം ജന്മിമാര്‍ക്ക് നല്കപ്പെട്ടതില്‍ ഉള്‍ചേര്‍ന്ന അനീതിയില്‍ മനംനൊന്തിരുന്നു.സമുദായത്തില്‍ സ്വാധീനശക്തിയുള്ള മാപ്പിള നേതാക്കന്മാര്‍ തങ്ങളുടെ താത്പ്പര്യങ്ങള്‍ക്കായി കൃഷിക്കാരുടെ ഈ വികാരത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് മതാന്ധതയുടെ തീനാളങ്ങള്‍ ജ്വലിപ്പിക്കുകയും അതില്‍ നിന്ന് ആദ്യം നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.ഇതിന്‍റെ പ്രതികരണമെന്നവണ്ണം ഹിന്ദുക്കളായ ജന്മിമാര്‍ മറുഭാഗത്തും മതവികാരം കുത്തിയിളക്കി.ചുരുക്കത്തില്‍ ആയിരം വര്‍ഷത്തിലേറെ നിലനിന്ന മതസൌഹാര്‍ദ്ദം തകര്‍ന്നില്ലാതായി.
ഗുരോ,ഇന്നിപ്പോള്‍ ആ അകല്ച്ച കൂടുകയല്ലെ.
അല്ല എന്ന് പറയാനാണ് ആഗ്രഹമെങ്കിലും യാഥാര്‍ത്ഥ്യം അതല്ല എന്ന് എനിക്കും നിനക്കും അറിയാമല്ലൊ.നല്ലതിനായി നമുക്ക് പ്രര്‍ത്ഥിക്കാം പ്രഹ്ളാദ.
ഗുരുവിനൊപ്പം പ്രഹ്ളാദനും കണ്ണടച്ച് പ്രര്‍ത്ഥിച്ചു.
കുറച്ചുസമയത്തെ മൌനത്തിനുശേഷം ഗുരു സംസാരിച്ചു തുടങ്ങി.
പ്രഹ്ളാദ,ഒരു കാലത്ത് നാടടക്കിവാണവര്‍ ഇപ്പോള്‍ കഷ്ടപ്പെട്ട് ജീവിക്കുന്നത് നീ കാണുന്നില്ലെ.ഇതൊരനിവാര്യ ദുരന്തമാണ്.കുറെ തലമുറകളുടെ സുഖങ്ങള്‍ക്ക് കാലം കടന്നുപോകെ ശോഷിച്ച് ബലഹീനമായ മറ്റൊരു തലമുറ സഹിക്കേണ്ടിവരുക.പതിനാറാം നൂറ്റാണ്ടിലൊക്കെ ഭൂമി രാജാവിന്‍റേതും നാടുവാഴികളായ നമ്പൂതിരിമാരുടേതും ക്ഷേത്രങ്ങളുടേതുമായിരുന്നു. അതല്ലാത്ത ഭൂമിക്ക് നികുതിയും ഏര്‍പ്പെടുത്തിയിരുന്നു.ഹൈദരാലി പടയോടിയ കാലത്ത്  ജാതിമഹിമ നോക്കാതെ എല്ലാ വിഭാഗക്കാരും ഭൂനികുതി നല്‍കാന്‍ കല്‍പ്പനയായി.ഇതിനായി ഭൂമി അളന്ന് തിട്ടപ്പെടുത്തി.കുടിയാന്മാരുമായി നേരിട്ട് ബന്ധപ്പെട്ട് നികുതി നിശ്ചയിച്ചു.തിരുവിതാംകൂറിലേക്ക് ഓടിപ്പോയ ജന്മിമാരുടെ കീഴിലുള്ള കുടിയാന്മാര്‍ പാട്ടത്തില്‍ നിന്നും രക്ഷപെട്ടു.അവശേഷിച്ച ജന്മിമാരുടെ കീഴിലുള്ള കുടിയാന്മാര്‍ക്കും ഭൂമിയില്‍ സ്ഥിരാവകാശം ലഭിച്ചു.ഒരു പറ വിത്ത് വിതയ്ക്കുന്ന ഭൂമിയില്‍ പത്തുപറ നെല്ലുവിളയും എന്നു കണക്കാക്കി അഞ്ചരപ്പറ കൃഷിക്കാരനും ഒന്നരപ്പറ ജന്മിക്കും മൂന്നുപറ സര്‍ക്കാരിലേക്കും എന്ന് കണക്കാക്കിയിരുന്നു.ഭാരിച്ച നികുതിയായിരുന്നിട്ടും ജന്മിയുടെ ഒഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്നും രക്ഷപെട്ടു എന്നതിനാല്‍ കര്‍ഷകര്‍ സംതൃപ്തരായിരുന്നു.ബ്രാഹ്മണര്‍ക്ക് നാളതുവരെയുണ്ടായിരുന്ന രാഷ്ട്രീയ സാമ്പത്തികാധിപത്യം അതോടെ തകരുകയും ചെയ്തു.
ഗുരോ,ഓരോ ആക്രമണങ്ങളും ഓരോ പരിഷ്ക്കാരങ്ങളായി മാറി എന്നാണോ അങ്ങ് പറയുന്നത്.
പ്രഹ്ളാദ,ഏത് കര്‍മ്മവും ഒരു മാറ്റം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.ഹൈദര്‍ക്ക് പിന്നാലെ വന്ന ടിപ്പുവാണ് ഒരു വ്യവസ്ഥാപിത ഭരണത്തിന് വഴിതെളിച്ചത്.മലബാര്‍ സംസ്ഥാനത്തെ തുക്രികളായും തഹശീലുകളായും ഫിര്‍ക്കകളായും തറകളായും തിരിച്ച് ഭരണാധികാരികളെ നിശ്ചയിച്ചത് ടിപ്പുവാണ്.ബ്രിട്ടീഷുകാര്‍ തറകളെ അംശങ്ങളാക്കി എന്നല്ലാതെ മറ്റ് മാറ്റങ്ങള്‍ ഒന്നും വരുത്തിയില്ല.വീതികൂടിയ പീരങ്കി നിരത്തുകള്‍ ഉണ്ടാക്കിയതും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും വൈത്തിരി വഴി ചുരമിറങ്ങി കോഴിക്കോട്ടെത്തുന്ന നിരത്തുണ്ടാക്കിയതും ടിപ്പുവാണ്.തീരദേശ റോഡും ടിപ്പുവിന്‍റെ സംഭാവനയാണ്.ബഹു ഭര്‍തൃത്വം ,സ്ത്രീകളുടെ മാറുമറയ്ക്കാത്ത  വസ്ത്രധാരണ രീതി എന്നിവ മാറ്റാന്‍ ടിപ്പു പരിശ്രമിച്ചു.സ്ത്രീകള്‍ പര പുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീല വൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് തടയാന്‍ വിളംബരം പുറപ്പെടുവിച്ചു.മാറുമറച്ച് നടക്കാനും ആവശ്യപ്പെട്ടു.എന്നാല്‍ ബ്രാഹ്മണ മതത്തിന്‍റെ ലഹരിയില്‍ മുഴുകി ദാസ്യവൃത്തിയില്‍ മനം മയങ്ങിക്കിടന്ന ജനവിഭാഗം ഇതുള്‍ക്കൊള്ളാതെ ടിപ്പുവിനെ എതിര്‍ക്കയാണുണ്ടായത്. ഒറ്റ ക്ഷേത്രം പോലും നശിപ്പിക്കാതെയും സമുദായമൈത്രിക്ക് കളങ്കം വരുത്താതെയും സൈനിക നീക്കം നടത്തിയ ടിപ്പുവിനെപ്പറ്റി നല്ലതല്ലാത്ത പല കഥകളും തത്പ്പര കക്ഷികള്‍ പ്രചരിപ്പിച്ചു.ടിപ്പുവിന്‍റെ സാംസ്ക്കാരിക പരിഷ്ക്കാര ശ്രമങ്ങള്‍ മലബാറില്‍ താത്ക്കാലികമായി പരാജയപ്പെട്ടെങ്കിലും അനന്തര ഫലങ്ങള്‍ കേരളത്തെ പിടിച്ചുലയ്ക്കാന്‍ പോന്നവയായിരുന്നു പ്രഹ്ളാദ.
ഗുരോ,അപ്പോള്‍ നാം കേള്‍ക്കുന്നവയെല്ലാം നേരെന്ന് കരുതാന്‍ പാടില്ല-ല്ലെ.
അതെ പ്രഹ്ളാദ,എല്ലാക്കാലത്തും അതങ്ങിനെ തന്നെയാണ്.പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളാവും താത്ക്കാലികമായി വിജയിക്കുക.പിന്നീടെപ്പോഴെങ്കിലും സത്യം തിരിച്ചറിയപ്പെടുമെന്ന് മാത്രം.എന്നാല്‍ ടിപ്പുവിനെപോലെയായിരുന്നില്ല ബ്രിട്ടീഷുകാര്‍.ഹീനങ്ങളായ പല ആചാരങ്ങളെയും സാമൂഹ്യ സ്ഥാപനങ്ങളെയും നിരോധിക്കുവാനോ പരിഷ്ക്കരിക്കുവാനോ അവര്‍ ശ്രമം നടത്തിയെങ്കിലും ഫ്യൂഡല്‍ ശക്തികളെ ദൃഢപ്പെടുത്തുന്ന അടവുനയങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം.കേരളത്തിലെ അടിമവ്യാപാരം പൂര്‍ണ്ണമായി നിരോധിച്ചതാണ് അവര്‍ കൊണ്ടുവന്ന ഏറ്റവും വലിയ പരിഷ്ക്കാരം.നികുതി കുടിശ്ശഖയ്ക്കു പോലും അടിമകളെ വിറ്റിരുന്ന ഒരു ദേശമായിരുന്നു പ്രഹ്ളാദ നമ്മുടേത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പത്തുവയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്ക് മൂന്നര രൂപയും പത്തുമാസം പ്രായമുള്ള ശിശുവിന് ഒരു രൂപ പത്തണ ആറു പൈസയും വില നിശ്ചയിച്ചിരുന്നു ഇവിടെ.പ്രാകൃതങ്ങളായ ശിക്ഷാരീതികള്‍ അവസാനിപ്പിച്ചതും എടുത്തു പറയേണ്ടതാണ്.ഇന്ത്യന്‍ പീനല്‍ കോഡ് കൊണ്ടുവന്നതോടെ നാടുവാഴിയും നമ്പൂതിരിയും ചേര്‍ന്ന് നിശ്ചയിക്കുന്ന ശിക്ഷകള്‍ ഇല്ലാതായി.നിനക്കറിയാമല്ലൊ എത്ര ക്രൂരമായിരുന്നു ആ ശിക്ഷകള്‍ എന്ന്. അംഗങ്ങള്‍ വിച്ഛേദിക്കുക,ഉപ്പും ചോറും തീറ്റുക,അടിമകളെയും അയിത്തമാക്കുന്നവരേയും വധിക്കുക തുടങ്ങിയ പ്രാകൃത സമ്പ്രദായങ്ങള്‍ ബ്രിട്ടീഷുകാര്‍ നിരോധിച്ചു.ചുരുക്കത്തില്‍ മര്‍ദ്ദിതരും പീഡിതരുമായ സാധാരണ ജനങ്ങള്‍ക്ക് സുരക്ഷിതബോധമുണ്ടാക്കാന്‍ ഇതിന് കഴിഞ്ഞു.സ്വന്തം പുരോഗതിക്കു വേണ്ടി മര്‍ദ്ദിത വിഭാഗം യത്നങ്ങള്‍ തുടങ്ങിയിരുന്നു.ആയിരത്തി എണ്ണൂറ്റി ഇരുപത്തിയൊന്‍പതില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ചാന്നാര്‍ സ്ത്രീകള്‍ ,ഉയര്‍ന്ന ജാതിയില്‍പെട്ട സ്ത്രീകളെപോലെ ജാക്കറ്റും മേല്‍മുണ്ടും ധരിക്കാന്‍ തുടങ്ങി. യാഥാസ്ഥിതികരായ സവര്‍ണ്ണര്‍ ഇതിനെ എതിര്‍ക്കുകയും പുതിയ ക്രിസ്ത്യാനികളുടെ പള്ളികളും സ്കൂളുകളും തീവച്ചു നശിപ്പിക്കുകയും ചെയ്തു.വേദപുസ്തകങ്ങള്‍ വലിച്ചുകീറി കത്തിച്ചു. ഒടുവില്‍ പട്ടാളമിറങ്ങി.കേണല്‍ മണ്‍ട്രോ കുപ്പായം ധരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശവും നല്കി.മേല്‍മുണ്ട് അവകാശത്തിനും സമരം നടന്നിരുന്നു.അവര്‍ ഒളിഞ്ഞും തെളിഞ്ഞും മേല്‍മുണ്ട് ഉപയോഗിക്കുകയും ചെയ്തു.ഇത് വീണ്ടും ലഹളയ്ക്ക് കാരണമായി.ആയിരത്തി എണ്ണൂറ്റി അന്‍പത്തിയൊന്‍പതില്‍ നടന്ന ലഹളയില്‍ പോലീസും മറ്റ് ഉദ്യോഗസ്ഥന്മാരും ലഹളക്കാര്‍ക്കൊപ്പം നിന്നു.ഗ്രാമങ്ങള്‍ കൊള്ളയടിക്കപ്പെട്ടു.ഒരു മാസം ലഹള നീണ്ടിട്ടും തിരുവിതാംകൂര്‍ ഭരണം കനിഞ്ഞില്ല.ഒടുവില്‍ മദിരാശി ഗവര്‍ണ്ണര്‍ ലോര്‍ഡ് ഹാരിസ് ഇടപെട്ടു. ഹിന്ദുക്കളായ ചാന്നാര്‍ സ്ത്രീകള്‍ക്കും ജാക്കറ്റ് ധരിക്കാന്‌‍‍  അനുവാദം കൊടുത്തു. മുക്കുവത്തികളെപോലെ പരുപരുത്ത മേല്‍മുണ്ട് ധരിക്കാനും അനുവദിച്ചു.യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് ഭരണം നടത്തിയ നീചമായ പല ഇടപെടലുകള്‍ക്കുമൊപ്പം ബ്രാഹ്മണ മതം അടിച്ചമര്‍ത്തിയ ജനതയുടെ പുരോഗതിക്കായി അവര്‍ എടുത്ത നിലപാടുകളെ ശ്ലാഘിക്കാതിരിക്കാനും കഴിയില്ല പ്രഹ്ളാദ. ഒരു പക്ഷെ ശ്രീനാരായണന്‍ എന്ന സന്ന്യസിവര്യന്‍റെ ജീവിതം പോലും മുന്നോട്ടുപോയത് ഈ ബ്രിട്ടീഷ് കോയ്മ നിലനിന്നതുകൊണ്ടാണ്.
വസ്ത്രം ധരിക്കാന്‍ വേണ്ടി സമരം ചെയ്യേണ്ടി വന്ന അവസ്ഥ ഓര്‍ക്കാന്‍ തന്നെ വയ്യ ഗുരോ”,പ്രഹ്ളാദന്‍ പറഞ്ഞു
ഇതുപോലെ എത്ര എത്ര സമരങ്ങളുടെ അനുരണങ്ങളിലൂടെയാണ് നാം ഈ കാണുന്ന സമൂഹം ഉണ്ടായതെന്ന് എപ്പോഴും ഓര്‍ക്കണം പ്രഹ്ളാദ. നോക്കൂ,ഇന്ത്യയുടെ അവസ്ഥയെ നന്നായി മനസ്സിലാക്കിയ ജ്ഞാനിയായിരുന്നു കാറല്‍ മാക്സ്. ഇന്ത്യയില്‍ ഇംഗ്ലണ്ടിന് രണ്ടു ചുമതലകള്‍ വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഒന്ന് വിനാശകരവും മറ്റൊന്ന് നവോത്ഥാനപരവും.പഴയ ഏഷ്യാറ്റിക് സമൂഹത്തെ നശിപ്പിക്കുക എന്നതാണ് വിനാശകരമായ പ്രവൃത്തി.പാശ്ചാത്യ സമൂഹത്തിന്‍റെ ഭൌതികാടിത്തറ പാകുക എന്നത് നവോത്ഥാനപരവും.ഈ പരിശ്രമത്തിന് കേരളത്തില്‍ അറിഞ്ഞോ അറിയാതെയോ ബീജാവാപം ചെയതത് ടിപ്പുവായിരുന്നു. ടിപ്പു കൃഷിക്കാരുമായി നേരിട്ട് റവന്യൂ സെറ്റില്‍മെന്‍റ് നടത്തുകയും കൃഷിക്കാര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം നല്കുകയും ചെയ്തു.എന്നാല്‍ ബ്രിട്ടീഷുകാരുടെ സമീപനം ഇതായിരുന്നില്ല. അവര്‍ ജന്മിമാര്‍ക്ക് ഭൂമിയിലുള്ള അവകാശം കൂടുതല്‍ ഉറപ്പാക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. അങ്ങിനെ ബ്രിട്ടീഷ് കോടതിയുടെ പിന്‍തുണയോടെ ഒഴിപ്പിക്കുകയും പാട്ടംകൂടുകയും ചെയ്യുക എന്ന പുതിയ അധികാരം പ്രയോഗിക്കുന്നതില്‍ ജന്മിമാര്‍ക്കുള്ള അതിരുകവിഞ്ഞ ശക്തിക്ക് തിരിച്ചടി നല്കുക എന്ന നിലയിലാണ് മാപ്പിള കലാപം ഉടലെടുത്തത്”, ഗുരു പറഞ്ഞു നിര്‍ത്തി.
ഗുരോ,അപ്പോള്‍ മാപ്പിള ലഹള ഒരു സ്വാതന്ത്യസമരം എന്നതിലേറെ ഒരു സാമൂഹിക സാമുദായിക വിഷയമായിരിന്നു എന്നു പറയാമോ?”
തീര്‍ച്ചയായും പ്രഹ്ളാദ.ഭൂമി കൈയ്യടക്കി വച്ച സവര്‍ണ്ണര്‍ക്കും അവരെ സഹായിക്കുന്ന ബ്രിട്ടീഷുകാര്‍ക്കുമെതിരായ ഒരു പോരാട്ടം.അത് പുണ്യകര്‍മ്മമാണെന്ന് സാധാരണ മുസല്‍മാന്‍മാരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞത് സമുദായനോതാക്കളുടെ വായ്വിരുത്.യഥാര്‍ത്ഥ്യത്തില്‍ ബ്രിട്ടീഷ് മേധവിത്വം വന്നപ്പോഴും കേരളത്തില്‍ ഫ്യൂഡലിസം തുടര്‍ന്നു എന്നുതന്നെ പറയാം. പ്രഹ്ളാദ,നമുക്കതിനെ തിയോക്രറ്റിക് ഫ്യൂഡലിസത്തില്‍ നിന്നും കൊളോണിയല്‍ ഫ്യൂഡലിസത്തിലേക്കുള്ള പ്രവാഹം എന്നു വിശേഷിപ്പിക്കാം.ഏറ്റവും അതിശയകരമായ ചില വിശേഷങ്ങള്‍ കൂടി നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട് പ്രഹ്ളാദ.ചാതുര്‍വര്‍ണ്ണ്യത്തില്‍ അടിമത്തം അനുഭവിച്ചിരുന്ന അവര്‍ണ്ണന്‍ ഇസ്ലാം മതമോ കൃസ്തുമതമോ സ്വീകരിക്കുന്നതോടുകൂടി അവന്‍റെ അയിത്തം ഇല്ലാതായിരുന്നു എന്നതാണ് ആ വിഷയം.ഓര്‍ത്താല്‍ രസകരമായ ഒരു വൈചിത്ര്യം അതില്‍ നിറയുന്നുണ്ട്. ആ വിധത്തില്‍ അനേകം പേര്‍ മതം മാറുന്നതിന് ഈ ഹൈന്ദവ ഫാസിസം ഇടനല്കിയെന്നു പറയാം.അങ്ങിനെ മതം മാറിയവര്‍ക്ക് നല്ല വിദ്യാഭ്യാസവും അതു വഴി തൊഴിലും ലഭിച്ചു എന്നുമാത്രമല്ല സ്വതന്ത്ര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും ലഭിച്ചു. ഈ സാഹചര്യമുണ്ടായിട്ടും മതം മാറാതെ കുറേപേര്‍ പിടിച്ചു നിന്നത് ശ്രീനാരായണന്‍റെയും മറ്റു സാമൂഹിക പരിഷ്ക്കര്‍ത്താക്കളുടെയും തേജസ്സിന്‍റെ ബലം കൊണ്ടുമാത്രമാണ് പ്രഹ്ളാദ.
ഗുരോ,അത്ഭുതകരമാണ് മനുഷ്യചിന്തകള്‍.വിശദീകരണം കണ്ടെത്താന്‍ കഴിയാത്ത പലതും അതില്‍ അന്തര്‍ലീനമായിരിക്കുന്നു.

അതെ പ്രഹ്ളാദ,ഒരു പക്ഷെ ബ്രാഹ്മണമതത്തിന്‍റെ മുഴുവന്‍ ശാഠ്യങ്ങളും ഇല്ലാതാക്കുന്ന ഒരു കല്ലാണ് അരുവിപ്പുറത്ത് പുഴയില്‍ നിന്നും നാണുഗുരു എടുത്ത് കരയില്‍ നിര്‍ത്തിയത് എന്നു പറയാം.പ്രിഷ്ഠാകര്‍മ്മമുള്‍പ്പെടെ ബ്രാഹ്മണപൌരോഹിത്യത്തിന് അവകാശപ്പെട്ട എല്ലാ അവകാശങ്ങളും ശ്രീനാരായണ ഗുരു അവര്‍ണ്ണര്‍ക്ക് നേടിക്കൊടുക്കുകയായിരുന്നു ഇതിലൂടെ.തുടര്‍ന്ന് അവശ സമുദായങ്ങളുടെ ഒരു മുന്നേറ്റമാണ് കേരളം കണ്ടത്.ഈ മുന്നേറ്റത്തിന് ശ്രീ നാരായണന് വേണ്ട പിന്‍തുണയുമായി സവര്‍ണ്ണനായ ശ്രീ ചട്ടമ്പിസ്വാമികള്‍ കൂടി രംഗത്ത് വന്നതോടെ സാമൂഹിക പുരോഗതിക്ക് ഗതിവേഗം കൂടി.സഹോദരന്‍ അയ്യപ്പന്‍റെ മിശ്രഭോജന പ്രസ്ഥാനം തുടര്‍ന്ന് സഹോദരപ്രസ്ഥാനമായി വളര്‍ന്നത് ഗുരുസന്ദേശത്തിന്‍റെ തുടര്‍ച്ചയായി. നൂതനമായ ഒരു ചിന്താസരണി വെട്ടിത്തുറക്കാനും സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് പ്രചാരം നല്കാനും സഹോദര പ്രസ്ഥാനത്തിന് കഴിഞ്ഞു.മതം വ്യക്തികാര്യമാണെന്നും ജാതിയെ ഉന്മൂലനാശം വരുത്തണമെന്നും സഹോദരന്‍ ഉത്ബോധിപ്പിച്ചു. ശ്രീനാരായണീയ പ്രസ്ഥാനത്തിന്‍റെ ചുവടുപിടിച്ച് സവര്‍ണ്ണരും അവര്‍ണ്ണരും സംഘടിച്ച് സ്വജാതിയിലുള്ള അനീതികള്‍ക്കെതിരെ പോരാടി. ശ്രീ നാരയണീയ പ്രസ്ഥാനത്തിലൂടെ മുന്നോട്ടുവന്ന ജനവിഭാഗമാണ് പില്‍ക്കാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് കേരളത്തെ വിപ്ലവ പ്രസ്ഥാനത്തിന്‍റെ ഒരു കേന്ദ്രമാക്കി മാറ്റിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ