2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-34- മേലാള കീഴാള കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍

മുപ്പത്തിനാല്
മേലാള കീഴാള കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍
ഇതൊക്കെ സന്തോഷം തരുന്ന വാര്‍ത്തകളാണ്- ല്ലെ ഗുരോ”
തീര്‍ച്ചയായും പ്രഹ്ളാദ.അധഃസ്ഥിതരില്‍ നിന്നും രാജാക്കന്മാരുമുണ്ടായിരുന്നു എന്നറിയുന്ന സന്തോഷം.ഞാന്‍ നേരത്തെ പറഞ്ഞപോലെ ബ്രാഹ്മണമതത്തില്‍ ചേരാന്‍ വൈകി എന്ന അപരാധമെ അവരൊക്കെയും ചെയ്തുള്ളു.ഞങ്ങള്‍ ബൌദ്ധരാണ്, ഞങ്ങള്‍ക്ക് ഞങ്ങളുടെ മതം എന്ന സത്യസന്ധമായ സമീപനത്തെയാണ് ബ്രാഹ്മണര്‍ ധിക്കാരമായിക്കണ്ട് തൊട്ടുകൂടാത്തവരാക്കിയതും അക്ഷരത്തില്‍ നിന്നകറ്റിയതും.ബ്രാഹ്മണനൊപ്പം ചേര്‍ന്ന സഹോദരന്‍ നായരായി.പിന്നീട് ചേര്‍ന്നവന്‍ ഈഴവനും ഒടുവില്‍ ചേര്‍ക്കപ്പെട്ടവന്‍ പുലയനുമായി,ഒരേ ജനിതകം, പലതരം വിധികള്‍.തിരുവിതാംകൂര്‍ ദേശത്ത് പെരുമാട്ടുപുലയിയുടെ വംശത്തില്‍ നിന്നും മറ്റൊരു രാജവംശവുമുണ്ടായി.അത് കൊക്കോതമംഗലത്തായിരുന്നു.റാണിയായിരുന്നു ഭരണാധികാരി.അവര്‍ക്ക് അതിസുന്ദരിയായൊരു മകളുണ്ടായിരുന്നു.അവളുടെ തിരണ്ടുകല്യാണത്തിന് കൊക്കോതമംഗലത്തെ നായന്മാര്‍ക്ക് റാണി ഒരു തിട്ടൂരം അയച്ചു.നായന്മാര്‍ അടിയന്തിരത്തില്‍ സംബ്ബന്ധിച്ച് വേണ്ട ഒത്താശകള്‍ ചെയ്യണം  ,അല്ലാത്തപക്ഷം അവരെ പുല്ലോടെ,പുരയോടെ,കല്ലോടെ, കരടോടെ ചോദ്യം ചെയ്യുന്നതാണ് എന്നായിരുന്നു തിട്ടൂരം.പല നായര്‍പ്രമാണിമാര്‍ക്കും അത് ഒരവഹേളനമായി തോന്നി.എങ്കിലും എതിര്‍ക്കാതെ ചടങ്ങില്‍ പങ്കെടുത്തു.നല്ല അവസരം വരുമ്പോള്‍ പ്രതികാരം ചോദിക്കാം എന്നും കരുതി.അക്കാലത്ത് ആറ്റിങ്ങല്‍ നിന്നും കുശനായന്മാര്‍ നെടുമങ്ങാട്ടും സമീപപ്രദേശങ്ങളിലും കലം കച്ചവടത്തിന് വന്നിരുന്നു.ആ കൂട്ടത്തില്‍ ഒരു നായര്‍ കുറേ കലങ്ങളുമായി റാണിയുടെ കൊട്ടാരത്തിലും ചെന്നു.റാണി അപ്പോള്‍ അവിടുണ്ടായിരുന്നില്ല.അതിനാല്‍ മകളാണ് കലം വാങ്ങിയത്. വില നെല്ലായി അളന്നുകൊടുത്തു.നായര്‍ നെല്ലുമായി ആറ്റിങ്ങലിലേക്ക് മടങ്ങി.വീട്ടില്‍ചെന്ന് നെല്ലളന്നുനോക്കുമ്പോള്‍ അതില്‍ രണ്ട്മാറോളം നീളത്തില്‍ ഒരു മുടി.നായരും നായരുടെ ഭാര്യയും അയലാളര്‍ പെണ്ണുങ്ങളും ആ മുടികണ്ട് അത്ഭുതപരതന്ത്രരായി.പെണ്ണിന്‍റെ മുടി ഇത്തരമെങ്കില്‍ അവളുടെ സൌന്ദര്യം എന്താകും എന്നവര്‍ അതിശയപ്പെട്ടു.തലമുടിയുടെ കഥ നിമിഷങ്ങള്‍ക്കകം നാടൊട്ടുക്ക് പരന്നു.ആ കൊതുകമുടി കാണാന്‍ ആളുകള്‍ തിങ്ങിക്കൂടി.കുശനായര്‍ രാജ്യമെങ്ങും പ്രസിദ്ധനായി.ആറ്റിങ്ങല്‍ തമ്പുരാനും ഈ വിവരമറിഞ്ഞു.ഉടന്‍ കുശനായരുടെ വീട്ടിലേക്ക് എഴുന്നള്ളി .തമ്പുരാന്‍ മുടിയുമായാണ് മടങ്ങിയത്.പിന്നെ അവളെക്കുറിച്ചായി അന്വേഷണം.അവളുടെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ അനേകം പേര്‍ വന്നു.അവര്‍ക്കൊക്കെയും രാജാവിന്‍റെ പാരിതോഷികങ്ങള്‍ കിട്ടി.ആ മുടി കാണുംതോറും തമ്പുരാന് വിഷാദം വര്‍ദ്ധിച്ചുവന്നു.അവളെ സ്വന്തമാക്കാതെ ഉറക്കമില്ല എന്ന അവസ്ഥയായി.ഒടുവില്‍ അവളെ തനിക്ക് വിവാഹം ചെയ്ത് തരണമെന്നൊരു ദൌത്യം റാണിക്കയച്ചു.റാണി അത് നിരസിച്ചു.നയോപായത്തിനുള്ള ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടതോടെ യുദ്ധത്തിനായി തമ്പുരാന്‍ തയ്യാറെടുത്തു.ആര്‍പ്പും നടപ്പും നടവെടിയുമായി,കാലാളെയും ആനകളെയും കൂട്ടി തമ്പുരാന്‍ കൊക്കോതമംഗലത്തെത്തി. റാണിയും വേണ്ട രക്ഷായുധങ്ങള്‍ കരുതിയിരുന്നു.ഇഞ്ചവേലി,പഞ്ചവേലി മുതലായവകൊണ്ട് കോട്ടയുടെ പരിരക്ഷ വര്‍ദ്ധിപ്പിച്ചു.കിടങ്ങില്‍ മുതലകളെ ഇറക്കി.കറുപ്പ് കൊടുത്ത് ലഹരി പിടിപ്പിച്ച് ആനകളെ കോട്ടയ്ക്കുള്ളില്‍ നിര്‍ത്തി.പക്ഷെ റാണിയുടെ സൈന്യത്തിലെ അസംതൃപ്തരായ നായന്മാര്‍ അവരെ ചതിച്ചുകൊണ്ട് ശത്രുപക്ഷം ചേര്‍ന്നു.യുദ്ധം മുറുകി.റാണി തോല്‍ക്കുമെന്നായി.മകളെ നിലവറയില്‍ ഒളിപ്പിച്ചെങ്കിലും അവിടം വെട്ടിത്തുറന്ന് ശത്രുക്കള്‍ പുലക്കന്യകയെ പിടികൂടി.കോട്ടയും കൊട്ടാരവും നശിപ്പിച്ച ശേഷമാണ് രാജാവ് കുമാരിയുമായി മടങ്ങിയത്.
സ്ത്രീകള്‍ക്കുവേണ്ടി നടത്തിയ യുദ്ധങ്ങള്‍ ലോകമൊട്ടാകെയുണ്ടല്ലൊ ഗുരോ
ഇത്തരം അനേകം കഥകളുടെ ശേഷിപ്പാണ് പ്രഹ്ളാദ നാമിന്നു കാണുന്ന സംവിധാനങ്ങള്‍.ഇപ്പോഴും കഥകള്‍ ഏറെയുണ്ടല്ലൊ.അവ വരും തലമുറകള്‍ക്ക് കേട്ടുരസിക്കാനോ സങ്കടപ്പെടാനോ ഉള്ളവയായി നിലനില്ക്കും.
മറ്റു ജാതിക്കാരും ഇത്തരത്തില്‍ ഒറ്റപ്പെട്ട  രാജവംശങ്ങളായിട്ടുണ്ടാകാം.
ഉണ്ടാകാം എന്നല്ല പ്രഹ്ളാദ ഉണ്ട് എന്നുതന്നെ ഉത്തരം.വടക്കേ മലബാറിലെ മാന്നനാര്‍ എന്ന തീയ്യനാടുവാഴി ഉദാഹരണമാണ്.വാരക്കോട്ട് ഇല്ലത്തിലേതായിരുന്നു അദ്ദേഹം.മഞ്ചലും രത്നാഭരണവും പട്ടുവസ്ത്രവും അദ്ദേഹം ഉപയോഗിച്ചിരുന്നു.പ്രസ്തുത കുടുംബത്തില്‍ അനന്തരാവകാശികള്‍ ഇല്ലാതെ വരുമ്പോള്‍ കോലത്തുനാട്ടിലെ തീയ്യര്‍ ഒരു ഘോഷയാത്രയായി കുറുമാത്തൂര്‍ നമ്പൂതിരിയുടെ മനയ്ക്കല്‍ ചെല്ലുകയും മാന്നനാരുടെ സഹോദരിയായി ദത്തെടുക്കുന്നതിന് അവിവാഹിതയായ ഒരു നമ്പൂതിരി സ്ത്രീയെ ആവശ്യപ്പെടുകയും നമ്പൂതിരിമാര്‍ കൂടിയാലോചിച്ച് തീയ്യരുടെ ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തിരുന്നു.ക്രിസ്ത്യന്‍ സമുദായത്തിലും ഒരു നാടുവാഴിയുണ്ടായിരുന്നു,വില്ലാര്‍വട്ടം.ചേന്ദമംഗലം വൈപ്പിന്‍ പ്രദേശങ്ങളും വില്ലാര്‍വട്ടത്തിന്‍റേതായിരുന്നു.പാലിയത്തച്ചന്‍ വില്ലാര്‍വട്ടത്തിന്‍റെ സാമന്തനായിരുന്നു.പതിനാറാം നൂറ്റാണ്ടില്‍ അനന്തരാവകാശികള്‍ ഇല്ലാതായതിനെത്തുടര്‍ന്ന് ആ കുടുംബം അന്യം നിന്നുപോയി.മുസ്ലിം സമുദായത്തില്‍ നിന്നുണ്ടായ നാടുവാഴികള്‍ കുറേക്കൂടി പ്രസിദ്ധരാണ്. അറക്കല്‍ രാജവംശം ധര്‍മ്മടം ആസ്ഥാനമാക്കിയാണ് ഭരണം നടത്തിയിരുന്നത്.സ്വന്തമായി നാണയം പോലും അവര്‍ അടിച്ചിറക്കിയിരുന്നു.സമുദ്രാധിപത്യം വഹിച്ചിരുന്ന അറയ്ക്കല്‍ രാജ ആഴിരാജ എന്നും അറിയപ്പെട്ടിരുന്നു.ലക്ഷദ്വീപുകളുടെ അധിപതികളായിരുന്നു അവര്‍.ഹൈദരാലി കോലത്തുനാട് കീഴടക്കി അറക്കല്‍ രാജാവിനെയാണ് വിശ്വസിച്ച് ഏല്പ്പിച്ചത്. എന്നാല്‍ കപ്പം കൊടുക്കാതിരുന്നതിന്‍റെ പേരില്‍ അവര്‍ പിന്നീട് തെറ്റുകയും ഹൈദരാലി രാജഭരണം കോലത്തിരിക്ക് തിരിച്ചുനല്‍കുകയുമാണ് ഉണ്ടായത്.
ഇതെല്ലാം ഒറ്റപ്പെട്ട  ഓരോ തുരുത്തുകള്‍ ആയിരുന്നു-ല്ലെ ഗുരോ
തീര്‍ച്ചയായും പ്രഹ്ളാദ.നമ്പൂതിരി നായര്‍ കൂട്ടുകെട്ടിന്‍റെ ഭരണത്തിനിടയില്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രം.രാജാവുണ്ടായിരുന്നെങ്കിലും നമ്പൂതിരിമാരുടെ ഗ്രാമസങ്കേതങ്ങളിലും ക്ഷേത്രസങ്കേതങ്ങളിലും അവര്‍തന്നെയാണ് ഭരണവും നീതിനിര്‍വ്വഹണവും നടത്തിവന്നത്.ക്ഷേത്രസങ്കേതത്തില്‍ രാജാവ് തെറ്റ് കാണിച്ചാല്‍ ശിക്ഷിക്കാനുള്ള അധികാരംപോലും ക്ഷേത്രയോഗത്തിനുണ്ടായിരുന്നു.ശരിക്കും രാഷ്ട്രത്തിനുള്ളില്‍ മറ്റൊരു രാഷ്ട്രം പോലെയാണ് അവര്‍ ഭരിച്ചിരുന്നത്.സാമുദായികമായ കുറ്റകൃത്യങ്ങളില്‍ രാജാവ് വിധികല്‍പ്പിച്ചിരുന്നത് വൈദികന്മാരുടെ ഉപദേശാനുസരണമായിരുന്നു.
ഇന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ക്ക് തീരുമാനം നിശ്ചയിച്ച് നല‍്‍കുന്നപോലെയാണോ ഗുരോ
ശരിക്കും അതുതന്നെ പ്രഹ്ളാദ.സംവിധാനം മാറിയെങ്കിലും ജാതിമതവേര്‍തിരിവുകളെ ഒഴിവായിട്ടുള്ളു.ഇപ്പോള്‍ സമ്പത്തും അധികാരവും ചേര്‍ന്ന് മറ്റൊരുതരം സവര്‍ണ്ണരെയാണ് സൃഷ്ടിച്ചിരിക്കുന്നത്.പഴയകാലത്തെപോലെ അശാസ്ത്രീയമായ ശിക്ഷാരീതികള്‍ ഒഴിവായി എന്നത് ആശ്വാസം.അന്നത്തെ ശിക്ഷാരീതികള്‍ ഇന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ചിരിയോ സങ്കടമോ വരുക എന്നറിയില്ല.സത്യപരീക്ഷയിലൂടെയാണ് കുറ്റങ്ങള്‍ തെളിയിച്ചിരുന്നത്.ജലപരീക്ഷ,അഗ്നിപരീക്ഷ,വിഷപരീക്ഷ,തൂക്കുപരീക്ഷ എന്ന് നാലിനം പരീക്ഷകള്‍ അന്ന് നിലനിന്നിരുന്നു.മുതലയുള്ള ജലാശയത്തില്‍കൂടി നീന്തുവാന്‍ വിടുന്നതാണ് ജലപരീക്ഷ.തിളക്കുന്ന നെയ്യില്‍ കൈമുക്കിക്കുന്നത് അഗ്നിപരീക്ഷ.കുടത്തില്‍ പട്ടിണിക്കിട്ട വിഷപ്പാമ്പിന്‍റെ കുടം തുറന്ന് അതില്‍ കൈഇടീക്കുന്നതാണ് വിഷപരീക്ഷ.ഉപദ്രവമേല്ക്കാതെയോ കൈപൊള്ളാതെയോ രക്ഷപെട്ടാല്‍ അവന്‍ കുറ്റക്കാരനല്ല എനാനയിരുന്നു തീരുമാനം.ബ്രാഹ്മണര്‍ക്ക് ഈ മൂന്നുവിധി പരീക്ഷകളുമുണ്ടായിരുന്നില്ല.അവര്‍ക്ക് പകരം തൂക്ക് പരീക്ഷയായിരുന്നു.ആദ്യം കുറ്റക്കാരനെന്ന് സംശയിക്കുന്ന ആളിനെ തുലാസ്സില്‍ തൂക്കിയതിന് ശേഷം കുറ്റവിവരം എഴുതിക്കെട്ടി രണ്ടാമതും തൂക്കിനോക്കുമ്പോള്‍ തൂക്കംകൂടിക്കണ്ടാല്‍ കുറ്റക്കാരനാണെന്ന് നിശ്ചയിക്കും.അഗ്നിപരീക്ഷയുടെ രീതി ഇങ്ങനെയായിരുന്നു പ്രഹ്ളാദ,തിളയ്ക്കുന്ന എണ്ണയില്‍ ഒരു നാണയമിടും.അത് കൈകൊണ്ടെടുത്ത ശേഷം കൈ ഭദ്രമായി ബാന്‍ഡേജ് ചെയ്ത് സീല്‍ വയ്ക്കും.മൂന്നാം നാള്‍ ബാന്‍ഡേജ് അഴിക്കുമ്പോള്‍ കൈയ്ക്ക് യാതൊന്നും സംഭവിച്ചതായി കണ്ടില്ലെങ്കില്‍ അയാള്‍ കുറ്രക്കാരനല്ല.കൈ പൊള്ളുകയോ പഴുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ കുറ്റക്കാരനായി വിധിക്കും.നോക്കണേ,എത്ര ക്രൂരമാണ് സംവിധാനമെന്ന്.
ശരിക്കും ക്രൂരത തന്നെ.അവിടെയും ബ്രാഹ്മണനെ രക്ഷിക്കുകയാണ് ചെയ്യുന്നത്.
ശിക്ഷാവിധികള്‍ വളരെ ക്രൂരമായിരുന്നു പ്രഹ്ളാദ.കൊല,അംഗഭംഗം,അടി,അടിമയാക്കല്‍,ജാതിഭ്രഷ്ട്,പിഴ ഇവയായിരുന്നു സാധാരണ ശിക്ഷകള്‍.ബ്രാഹ്മണര്‍ക്ക് ജാതിഭ്രഷ്ടും പിഴയും മാത്രം.പശുവിനെ കൊന്നതിന് കഴുവേറ്റിയ സംഭവമുണ്ടായിട്ടുണ്ട്.നായരുടെ വീട്ടിലെ മൂന്ന് നാളീകേരം കട്ട ചാന്നാരെ അല്പ്പം ചോറില്‍ ധാരാളം ഉപ്പുചേര്‍ത്ത് തീറ്റിക്കുകയും ചെറിയ കൂടുകളില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.പതിനഞ്ചടി നീളവും എട്ടടി വീതിയും അഞ്ചേമുക്കാല്‍ അടി പൊക്കവുമുള്ള കൂട്ടില്‍ ഇരുപതുപേരെ ഇട്ടടച്ച സംഭവങ്ങള്‍ വരെ ഉണ്ടായിരുന്നു.ആനയെകൊണ്ട് ചവിട്ടിച്ചു കൊല്ലുക,പീരങ്കിയുടെ വായില്‍കൂടി ചിന്നിച്ചിതറിപ്പിക്കുക,കണ്ണ് ചൂഴ്ന്നെടുക്കുക,കൈ,ചെവി,മൂക്ക് മുതലായവ വെട്ടിക്കളയുക,ചാട്ടവാര്‍ കൊണ്ടടിച്ചു പൊട്ടിച്ച് മുറിവില്‍ കുരുമുളക് പുരട്ടി വെയിലത്ത് നിര്‍ത്തുക തുടങ്ങി ശിക്ഷാവിധികള് നിരവധിയുണ്ടായിരുന്നു.അവര്‍ണ്ണര്‍ക്ക് മാത്രമായി ചിത്രവധം എന്നൊരു ക്രൂരശിക്ഷാവിധിയും നടപ്പിലാക്കിയിരുന്നു.ഒരുവന്‍റെ മുട്ടില്‍കൂടി തോള്‍വരെ ഒരു ഇരുമ്പുപാര അടിച്ചുകയറ്റി അയാളെ ഒരു മരത്തിന്മേല്‍ പൂട്ടിയിടുന്നു.ചിലപ്പോള്‍ മൂന്നുദിവസം കൊണ്ട് മാത്രമേ അയാള്‍ മരിക്കുകയുള്ളു.
ഗുരോ,കേള്‍ക്കുമ്പോള്‍ തന്നെ സഹിക്കാന്‍ കഴിയാത്ത പീഢനങ്ങള്‍
അതെ പ്രഹ്ളാദ,മറ്റ് ജീവജാലങ്ങളെ അധികം ഉപദ്രവിക്കാത്ത സസ്യഭുക്കുകളായ നമ്പൂതിരിമാരാണ് ഇതിനൊക്കെ നേതൃത്വം നല്‍കിയത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ നിറയുകയാണ്.ഇതിനുപുറമെയാണ് അദ്ധ്വാനിക്കുന്നവന്‍റെ ചട്ടിയില്‍ കൈയ്യിട്ടുവാരുന്ന വിധമുള്ള നികുതികള്‍.കേട്ടാല്‍ ചിരി വരുന്ന ഇനം നികുതികളായിരുന്നു അന്ന്.ഇന്നും വ്യത്യാസമൊന്നുമില്ലെങ്കിലും.ഇപ്പോള്‍ ഒക്കെ നല്ലപേരുകളിട്ടും പെട്ടെന്ന് മനസ്സിലാകാത്ത രീതിയിലുമാണല്ലൊ.ബ്രാഹ്മണരെയും ക്ഷേത്രങ്ങളേയും ഭൂനികുതിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു.സാധാരണക്കാര്‍ എന്തുചെയ്താലും നികുതി നല്കേണ്ടതായും വന്നു.തെങ്ങ്,പന എന്നിവയില്‍ കയറി മദ്യമുണ്ടാക്കുന്നതിന് ഏണിക്കാണവും തളക്കാണവും നല്കേണ്ടിയിരുന്നു.തൊഴിലാളി സ്ത്രീകള്‍ക്ക് ചുമത്തിയിരുന്ന കരമാണ് മുലൈവില.താണജാതിക്കാരില്‍ നിന്നും ആളെണ്ണി പിരിവ് നടത്തിയിരുന്നതിനെ തലൈവില എന്നു പറഞ്ഞിരുന്നു.രണ്ട് കക്ഷികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അങ്കംവെട്ടാന്‍ തീരുമാനിച്ചാല്‍ രാജാവിന് അങ്കക്കിഴി നല്കണം.ചരക്ക് ഗതാഗതത്തിനും ചുങ്കം ചുമത്തിയിരുന്നു.ഇതിന് പുറമെയുള്ള വില്പ്പന നികുതിയാണ് അഴിവുല്‍ക്കം.കരയിലും ജലത്തിലും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് കടത്ത് വസൂല്‍ചെയ്തിരുന്നു.മത്സ്യം പിടിക്കുന്നവരില്‍ നിന്നും വലപ്പണവും തുറമുഖത്ത് വള്ളങ്ങളില്‍ നിന്നും തുറയും പിരിച്ചിരുന്നു.മണ്‍പാത്രമുണ്ടാക്കുന്നവര്‍ ചെക്കിറയും തുണിനെയ്ത്തുകാര്‍ തറിക്കുടമയും അലക്കുകാര്‍ വണ്ണാരപ്പാറയും സ്വര്‍ണ്ണപ്പണിക്കാര്‍ തട്ടാരപ്പാട്ടവും കൊടുത്തിരുന്നു. ജലസേചനത്തിന് നീര്‍ക്കൂലിയും മീന്‍പിടിക്കാനുള്ള കുത്തകാവകാശത്തിന് മീന്‍പാട്ടവും ചുമത്തിയിരുന്നു.ബലഹീനരില്‍ നിന്നും നിര്‍ബ്ബന്ധിച്ച് പിരിച്ചിരുന്നതാണ് ഏഴ.അടിയന്തിരാവസ്ഥയില്‍ സാമന്തന്മാരോട് വാങ്ങുന്നത് കോഴയും ചെറിയ കുറ്റങ്ങള്‍ക്കുള്ള പിഴ തപ്പുമായിരുന്നു.രാജകുടുംബങ്ങളിലെ വിവാഹാദി വിശേഷങ്ങള്‍ക്ക് കൊടുത്തിരുന്ന ദ്രവ്യമാണ് കാഴ്ച.ദുര്‍നടപടികള്‍ക്ക് സ്ത്രീകളെ അടിമകളായി വില്ക്കുമ്പോള്‍ കൊടുത്തിരുന്ന കരമാണ് പുലയാട്ടുപെണ്ണ്.അടിമകളുടെ ഉടമസ്ഥര്‍ കൊടുത്തിരുന്ന കരമാണ് അടിമക്കാശ്.സ്ഥാനികളും മാനികളും മരിച്ചാല്‍ അടുത്ത അവകാശി സ്ഥാനമേല്ക്കുമ്പോള്‍ പുരുഷാന്തരം കൊടുത്തിരുന്നു.അവകാശികളില്ലാതെ മരിക്കുന്നവന്‍റെ സ്വത്ത് അറ്റാലടക്കം എന്ന പേരില്‍ രാജാവിന് സിദ്ധിച്ചിരുന്നു.കൃഷിയില്‍ നിന്നും രാജാവിന് സിദ്ധിച്ചിരുന്ന ഓഹരിയാണ് രക്ഷാഭോഗം.വീടുമേയുവാനും പടിപ്പുരകെട്ടുവാനും കല്യാണത്തിന് പന്തലിടുവാനും വാദ്യഘോഷങ്ങള്‍ ഏര്‍പ്പെടുത്തുവാനും രാജഭോഗം നല്കേണ്ടിവന്നു.തുലാസ് ഉപയോഗിച്ച് കച്ചവടം ചെയ്യാന്‍ തുലാക്കൂലി,അളവുപാത്രം ഉപയോഗിക്കാന്‍ നിറക്കൂലി,എണ്ണയുടെ വില്പ്പന നികുതിയായി കുടത്തിനു നാഴി,ഉപ്പിന്‍റെ വില്പ്പന നികുതിയായി കലത്തിന് ഉഴക്ക് എന്നിവയും ഈടാക്കിയിരുന്നു. അടിയന്തിര ഘട്ടങ്ങളില്‍ ഇതിനുപുറമെ തലയെണ്ണി പ്രത്യേക നികുതിയും ഈടാക്കിയിരുന്നു.
ഗുരോ,ഭീകരം തന്നെ,ധൂര്‍ത്തിന് പണം തികയാതെ വരുമ്പോള്‍ ഭരണാധികാരികള്‍ ഇതൊക്കെ തിരികെ കൊണ്ടുവരുമോ എന്നാണെന്‍റെ  പേടി.
ഭയക്കേണ്ടി വരും പ്രഹ്ളാദ,ഭരണച്ചിലവുകള്‍ കൂടിക്കൂടി വരുമ്പോള്‍ ഭരണാധികാരികള്‍ക്ക് സാധാരണ ജനങ്ങളെ മാത്രമെ പിഴിയാന്‍ കഴിയുകയുള്ളു.അങ്ങിനെ ലഭിക്കുന്ന പണം അന്ന് ബ്രാഹ്മണര്‍ക്ക് വേണ്ടിയും ക്ഷേത്രങ്ങള്‍ക്ക് വേണ്ടിയും ആഘോഷങ്ങള്‍ക്ക് വേണ്ടിയും പൊടിപൂരമായി ദുര്‍വ്വിനിയോഗം ചെയ്തു.ഇന്നും ഉന്നതശ്രേണികളില്‍ മേയുന്നവരെ ബ്രാഹ്മണരായി കണക്കാക്കാം.ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും. സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും ഉത്ഘാടനങ്ങളുമെല്ലാം ഉത്സവങ്ങളല്ലെ പ്രഹ്ളാദ.നാമം മാറിയെങ്കിലും രീതി മാറിയെങ്കിലും എല്ലാം ഒന്നുപോലെതന്നെ.പ്രഹ്ളാദ,സമ്പത്ത് ഒരേകേന്ദ്രത്തില്‍ കുമിഞ്ഞുകൂടുകയും മറുഭാഗത്ത് ദാരിദ്ര്യം നിലനില്ക്കുകയും ചെയ്താല്‍ എന്ത് പുരോഗതിയാണുണ്ടാവുക.നാം ഇപ്പോള്‍ ആ വഴിക്കാണ് നീങ്ങുന്നത്.പണ്ടും ഏതാണ്ടങ്ങനെതന്നെയായിരുന്നു.വിദേശ വ്യാപാരമായിരുന്നല്ലൊ നമ്മുടെ സാമ്പത്തിക സംവിധാനത്തിന്‍റെ നട്ടെല്ല്.പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളില്‍ കൊല്ലവും ഏഴിമലയുമായിരുന്നു കേരളത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങള്‍.ചൈനക്കാരും അറബികളും പ്രധാന കച്ചവടക്കാരും.പതിനാലാം നൂറ്റാണ്ടിലാണ് അവര്‍ കോഴിക്കോട്ടേക്ക് തിരിഞ്ഞത്.പതിനഞ്ചാം നൂറ്റാണ്ടില്‍ ചൈന വ്യാപാരത്തില്‍ നിന്നും പിന്മാറുകയും അറബികള്‍ മേല്ക്കോയ്മ നേടുകയും ചെയ്തു.പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്യന്മാരുടെ വരവോടെയാണ് കൊച്ചിക്ക് പ്രാധാന്യം കിട്ടുന്നത്.പോര്‍ച്ചുഗീസുകാരും ഡച്ചുകാരും കൊച്ചിയെ ആദ്യം വികസിപ്പിച്ചു.ഇംഗ്ലീഷുകാര്‍ അഞ്ചുതെങ്ങിലും തലശ്ശേരിയിലും ഫ്രഞ്ചുകാര്‍ മാഹിയിലും താവളമടിച്ചെങ്കിലും അവിടം വേണ്ടത്ര വികസിച്ചില്ല.പ്രഹ്ളാദ,അന്നും എന്നും സമ്പത്താണ് ശക്തിയുടെ പ്രതീകമായി മാറിയത്.പ്രധാന തുറമുഖങ്ങളുടെ അധിപതിയായിരുന്നു അതത് കാലത്തെ കേരളരാഷ്ട്രീയത്തിലെ വന്‍ശക്തി.ഇന്ന് പലരും ആ പാഠമുള്‍ക്കൊണ്ടാണ് സ്വത്ത് കുന്നുകൂട്ടുന്നത്.ചരിത്രാരംഭം മുതലെ വാണിജ്യവിളകളും അവയുടെ വ്യാപാരവുമായിരുന്നു കേരളത്തിന്‍റെ ജീവനാഡി.കുരുമുളക്,കറുവപ്പട്ട,ഏലം തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ലോകകമ്പോളത്തിലെ പ്രിയംകരമായ ചരക്കായിരുന്നപ്പോള്‍ കേരളം ലോകത്തിന്‍റെ ആകര്‍ഷണകേന്ദ്രമായിരുന്നു.ഗ്രീക്കുകാരും റോമാക്കാരും മുതല്‍ ഇംഗ്ലീഷുകാര്‍ വരെ എല്ലാവരും ഈ സുഗന്ധം തേടിയാണ് ഇവിടെ വന്നത്.അങ്ങിനെ നമുക്കൊരു സങ്കര സംസ്ക്കാരമുണ്ടായി. അതിന് ശക്തിയും പുതുമയെ സ്വീകരിക്കാനുള്ള കഴിവുമുണ്ടായി.എന്നാല്‍ പരമ്പരാഗത രീതികള്‍ ആഴത്തില്‍ വേരുറച്ച് ഒപ്പം മുന്നോട്ട് നീങ്ങുകയും ചെയ്തു.അതുകൊണ്ടാണ് നാം വിദ്യഭ്യാസത്തില്‍ മുന്നില്‍ നില്ക്കുമ്പോള്‍തന്നെ അന്ധവിശ്വാസവും ആചരിക്കുന്നത്, കമ്മ്യൂണിസത്തെ പുല്‍കുമ്പോഴും വിവാഹം,വീടുവയ്പ്പ് തുടങ്ങി എന്തിനും ജാതകവും നാളും സമയവുമൊക്കെ നോക്കുന്നതും.വിശ്വപൌരനായതുകൊണ്ടാണ് ചുറ്റുവട്ടത്തെ പ്രശ്നങ്ങളെ കാണാതെ ലോകകാര്യങ്ങളില്‍ വ്യാപരിക്കുന്നത്.
 പ്രഹ്ളാദന്‍ ചിരിച്ചു.
 “എന്താ പ്രഹ്ളാദ നിന്‍റെ ചിരിയുടെ പൊരുള്‍.
അങ്ങയുടെ നര്‍മ്മം നന്നായാസ്വദിച്ച് ചിരിച്ചതാണ് ഗുരോ.
അപ്പൊ നീ ബഹുമിടുക്കനായീന്നര്‍ത്ഥം. ഇനി കാര്യത്തിലേക്ക് വരാം.ഇവിടെ സംഘകാലത്തും തുടര്‍ന്നുള്ള ചില നൂറ്റാണ്ടുകളിലും അടിമത്തത്തിന് തുല്യമായ തുല്യമായ ഒരു സമ്പത്ത് വ്യവസ്ഥയാണ് നിലനിന്നത്.ശരിക്കും പ്രാചീന വര്‍ഗ്ഗ സമുദായം.പിന്നീട് ഫ്യൂഡലിസത്തിലേക്കുള്ള പരിവര്‍ത്തനമായി.ഈ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അടിമസമ്പ്രദായം പൂര്‍ണ്ണമായി നശിക്കുകയും ഫ്യൂഡല്‍ബന്ധങ്ങള്‍ മാത്രം ശക്തിപ്പെടുത്തുകയുമാണ് ചെയ്യേണ്ടിയിരുന്നത്.എന്നാല്‍ വാണിജ്യവിളകളുടെ ഉടമ അടിമ സമ്പ്രദായത്തിലൂടെ അടിമത്തം ശക്തമാവുകയാണുണ്ടായത്.പണമോ ധാന്യമോ കടം വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ഒരുവന്‍ ഉത്തമര്‍ണ്ണന്‍റെ അടിമയായി തീരുന്ന ഒരിനം വേട്ടയാടലിന്‍റെ കഥയായിരുന്നു അടിമത്തം പറഞ്ഞു തന്നത്.ക്ഷാമകാലങ്ങളിലും പ്രകൃതികോപങ്ങള്‍ മൂലം നാശനഷ്ടങ്ങള്‍ സംഭവിക്കുമ്പോഴും ഉപജീവനത്തിന് നിവര്‍ത്തിയില്ലാതെ ഭൂവുടമസ്ഥരില്‍ നിന്നും പണവും ധാന്യവും കടം വാങ്ങി അടിമകളായവരായിരുന്നു ഏറെയും.പുലയരും പറയരും വേട്ടുവരും ഉള്ളാടരും ഇവ്വിധം അടിമകളായി.ഈഴവര്‍,മുസ്ലീങ്ങള്‍,അരയര്‍ തുടങ്ങിയവരും അടിമകളായവരില്‍ ഉള്‍പ്പെട്ടു.പുലയര്‍ സ്പര്‍ശിച്ച കുലീനയായ സ്ത്രീയും മണ്ണാന്മാര്‍ സ്പര്‍ശിച്ച സ്ത്രീയുമൊക്കെ അടിമകളുടെ കൂട്ടത്തിലുണ്ടായിരുന്നു.പോര്‍ച്ചുഗീസുകാര്‍ മുസ്ലിം സ്ത്രീകളെ അടിമകളാക്കി വച്ചിരുന്നു.പാടങ്ങളിലും പമ്പുകളിലും പണിയെടുക്കാനാണ് അടിമകളെ ഉപയോഗിച്ചിരുന്നത്.അനന്തരാവകാശിയില്ലാതെ മരിക്കുന്ന പ്രഭുവിന്‍റെ അടിമകള്‍ സര്‍ക്കാര്‍ അടിമകളായിരുന്നു.ഇവരെ പാട്ടത്തിന് കൊടുക്കുമായിരുന്നു.ഒരു കൊല്ലത്തെ പാട്ടം പത്ത് പറ നെല്ലായിരുന്നു.പ്രഹ്ളാദ,ഇന്നത്തെ കാലത്ത് ആയിരം രൂപ പോലും മതിപ്പില്ലാത്ത വില്പ്പന ചരക്കായിരുന്നു മനുഷ്യന്‍ എന്നര്‍ത്ഥം.സ്ത്രീയുടെ പാട്ടം ഇതിലും കുറവായിരുന്നു. അടിമകളെ വില്ക്കുകയോ കൊല്ലുകയോ ചെയ്യാനുള്ള അവകാശം ഉടമയ്ക്കുണ്ടായിരുന്നു.
ഒരു ദിവസത്തെ കൃഷിപ്പണിക്ക് ഒരു പുരുഷന് മൂന്നിടങ്ങഴിയും സ്ത്രീക്ക് രണ്ടിടങ്ങഴിയും കുട്ടിക്ക് ഒരിടങ്ങഴിയും ധാന്യമാണ് കൂലി നല്കിയിരുന്നത്.പണിയില്ലാത്ത ദിവസം ഇതിന്‍റെ പകുതിയും.ഇതും കൃത്യമായി കൊടുക്കാറില്ലായിരുന്നു.പ്രഹ്ളാദ,വിശപ്പുള്ളവന്‍ മറ്റൊന്നും ചിന്തിക്കില്ലെന്ന മനഃശാസ്ത്രമാണ് അവര്‍ പ്രയോഗിച്ചത്.നിശബ്ദമായി എന്തും സഹിക്കുന്ന ഒരു വളര്‍ത്തുമൃഗമായി അവനെ മാറ്റാന്‍ യജമാനന്മാര്‍ക്ക് കഴിഞ്ഞു.പാടത്ത് കൃഷിയിറക്കാനും കുരുമുളക് വള്ളികള്‍ വച്ചുപിടിപ്പിക്കാനും നനയ്ക്കാനും വയലില്‍ വെള്ളം തേവാനും വിളകാക്കാനും കൊയ്യാനും മെതിക്കാനും തെങ്ങു കയറി നാളീകേരം പറിക്കാനും കാട്ടില്‍ നിന്ന് ഏലം പറിക്കാനും എല്ലാം അടിമകളെയാണ് ഉപയോഗിച്ചത്. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗം അടിമകളായിരുന്നു.രാജ്യത്തെ സമ്പത്ത് വ്യവസ്ഥയില്‍ അടിമവേല നിര്‍ണ്ണായക പങ്ക് വഹിച്ചു.രാജാക്കന്മാരും നാടുവാഴികളും ധനിക കൃഷിക്കാരും വണിഗ്വരന്മാരും വലിയ ഉടമകളായിരുന്നു.ധനിക കൃഷിക്കാര്‍ക്ക് മുപ്പതിനുമേല്‍ അടിമകളുണ്ടായിരുന്നു,ഇടത്തരം കൃഷിക്കാര്‍ക്ക് ഇത് പത്തില്‍ താഴെയായിരുന്നു.രണ്ടോ മൂന്നോ അടിമകളും അത്രയും കാളകളും ഉള്ളവര്‍ക്ക് പത്ത് പറ നിലം കൃഷിചെയ്യാമായിരുന്നു.
ഫ്യൂഡല്‍ ബന്ധങ്ങളായിരുന്നു സമ്പദ് വ്യവസ്ഥയിലെ നിര്‍ണ്ണായക ഘടകം.ഭൂമിയില്‍ അധികവും നമ്പൂതിരിമാരുടെ ജന്മമായി മാറിയിരുന്നു.ഗണ്യമായ മറ്റൊരു ഭാഗം ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലും.കൃഷിക്കാര്‍ അടിമകളെ വച്ച് നിലംകൃഷി ചെയ്തുണ്ടാക്കുന്ന വിളവിന്‍റെ നല്ലൊരു ഭാഗം ജന്മിക്ക് പാട്ടവും വാരവുമായി കൊടുക്കേണ്ടിയിരുന്നു.കൃഷിപ്പിഴവ് സംഭവിച്ചാലും വിളവ് മോശമായാലും നശിച്ചാലും കുടിയാന്‍ പാട്ടം കൊടുക്കണം.ഇതില്‍ വീഴ്ച വരുത്തിയാല്‍ മുട്ടിരട്ടി പാട്ടമാണ്.ജന്മിമാര്‍ കുടിയാന്മാരെ വല്ലാണ്ട് ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോഴാണ് മൂഴിക്കളം കച്ചം ഏര്‍പ്പെടുത്തി കുടിയാന്മാര്‍ക്ക് സംരക്ഷണം നല്കാന്‍ കുലശേഖര ചക്രവര്‍ത്തിമാര്‍ ശ്രമിച്ചത്.മൂഴിക്കളം കച്ചം ഊരാളന്മാരുടെ അഴിമതി നിയന്ത്രിക്കുകയും ചിട്ടയായ രീതികള്‍ പരിപാലിക്കാന്‍ ഊരാളരെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു.എന്നാല്‍ പന്ത്രണ്ടാം ശതകത്തില്‍ ബ്രാഹ്മണ പ്രാബല്യം വര്‍ദ്ധിക്കുകയും അവര്‍ കാരാളരെ കൂടുതല്‍ പിഴിഞ്ഞെടുക്കുകയും മൂഴിക്കളം കച്ചം ലംഘിക്കുകയും ചെയ്തു.ആദ്യകാലത്ത് കാരാളര്‍ ജന്മിമാര്‍ക്ക് കൊടുക്കേണ്ടിയിരുന്ന പാട്ടം രാജഭോഗത്തിന് തുല്യമായിരുന്നു.ഇത് വിളവിന്‍റെ ആറിലൊന്നായി നിശ്ചയിച്ചിരുന്നു.പിന്നീട് കോപ്പതവാരം,പതിപ്പതവാരം എന്നെല്ലാമുള്ളപേരില്‍ അഞ്ചിലൊന്ന് മേലൊടി ഈടാക്കുവാന്‍ തുടങ്ങി.പിന്നീടത് നാലിലൊന്നും മൂന്നിലൊന്നുമായി.നിശ്ചയിച്ച പാട്ടം കൊടുക്കുന്നതില്‍ മുടക്കം സംഭവിച്ചാല്‍ കാരാളനെ അറസ്റ്റ് ചെയ്ത് നിര്‍ബന്ധമായി പാട്ടം വസൂലാക്കാനുള്ള വ്യവസ്ഥകളും ബ്രാഹ്മണര്‍ കൊണ്ടുവന്നു.
സമീപനങ്ങള്‍ കാലം ചെല്ലുംതോറും മുറുകുകയായിരുന്നു.കൃത്യസമയത്ത് പാട്ടം അളക്കാതിരുന്നാല്‍ നിലം ഒഴിഞ്ഞുകൊടുക്കേണ്ട സ്ഥിതിയിലായി കാരാളര്‍.ആ നിലം മറ്റൊരാള്‍ക്ക് ഉയര്‍ന്ന പാട്ടത്തിന് നല്കും.ചുരുക്കത്തില്‍ തന്‍റേതെന്ന് മനസ്സില്‍ കരുതി ഭൂമി ഉപയോഗിക്കാന്‍ കഴിയാത്ത സമ്മര്‍ദ്ദത്തിലേക്കാണ് അവനെ വ്യവസ്ഥിതി തള്ളിവിട്ടത്.ഏകാധിപതികളുടെ ക്രൂരത നമുക്കിവിടെ കാണാന്‍ കഴിയും.ഇങ്ങനെ ഊരാളന്മാരുടെ ധിക്കാരത്തിന് വിധേയരായി കുടിയാന്മാര്‍ ഭൂമി ഒഴിഞ്ഞുകൊടുക്കേണ്ടി വരുകയും പാട്ടം വര്‍ദ്ധിപ്പിച്ച് കൊടുക്കേണ്ടിവരുകയും ചെയ്ത സന്ദര്‍ഭത്തില്‍ ,ഇതിനൊരു ക്രമീകരണം വരുത്തുവാന്‍ വേണ്ടിയാണ് പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴുള്ള പൊളിച്ചെഴുത്ത് സമ്പ്രദായം ഏര്‍പ്പെടുത്തിയത്.കുടിയാനില്‍ നിന്നും ഒരു സംഖ്യ ജന്മി മുന്‍കൂറായി വാങ്ങുകയും കുടിയാന്‍ കൊടുക്കേണ്ട പാട്ടത്തിന് ഒരു സംഖ്യ ജാമ്യമായി നിര്‍ത്തുകയും ചെയ്യുന്നു.കുടിയാന്‍ ക്രമമായി പാട്ടം കൊടുത്തുകൊണ്ടിരുന്നാല്‍ പൊളിച്ചെഴുത്തെന്നത് കേവലം ചടങ്ങ് മാത്രമാകും.പാട്ടം കൊടുക്കാന്‍ മുടക്ക് വരുത്തുകയോ സമയക്ലിപ്തത പാലിക്കാതിരിക്കുകയോ ചെയ്താല്‍ , പൊളിച്ചെഴുത്ത് വേളയില്‍ ജന്മിക്ക് കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാനും കഴിഞ്ഞിരുന്നു.എങ്കിലും കാണാക്കുടിയാന്മാര്‍ തന്നെ തുടര്‍ന്നും കൃഷിചെയ്യുക എന്നതായിരുന്നു പതിവ്.കാണാക്കുടിയാനെ ഒഴിപ്പിക്കാന്‍ ജന്മിക്ക് സ്വതസിദ്ധമായ അവകാശം ഉണ്ടായിരുന്നില്ല.എന്നാല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ കാണാക്കുടിയാനെ ഒഴിപ്പിക്കാന്‍ ജന്മിക്ക് പൂര്‍ണ്ണമായ അവകാശമുണ്ട് എന്നു വിധിച്ചതോടെ ചിത്രം വീണ്ടും മാറിമറിഞ്ഞു.ജന്മവൈചിത്ര്യം കൊണ്ടുമാത്രം ജന്മിയായി മാറിയ വ്യക്തികളുടെ പരമാധികാരം അംഗീകരിച്ചതോടെ ഫ്യൂഡല്‍ കാലഘട്ടത്തില്‍ വളര്‍ന്നുവന്ന സാമ്പത്തിക ചൂഷണത്തിനുമേല്‍ അരക്ഷിതാവസ്ഥയും കൂടി ബ്രിട്ടീഷ് ഭരണം സൃഷ്ടിച്ചുവിട്ടു.
ഗുരോ,അടിമ വ്യാപാരം നിരോധിച്ചതും ഇതേ ബ്രിട്ടീഷുകാര്‍ തന്നെയല്ലെ.
അതെ പ്രഹ്ളാദ,ഇതൊക്കെ മനുഷ്യചരിത്രത്തിലെ ചില തമാശകളാണ്.ഫ്യൂഡല്‍ സമ്പ്രദായത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച അതേ സമൂഹം തന്നെയാണ് അടിമയെ വില്ക്കുന്നവനും വാങ്ങുന്നവനും പിഴവിധിച്ചതും ഈ സമ്പദായം അവസാനിപ്പിച്ചതും.എന്നിട്ടും അടിമകള്‍ ഉടമകളെ വിട്ടുപോയില്ല.ഉടമകള്‍ സ്വത്ത് ഭാഗം വച്ചപ്പോള്‍ ഒരു വിഹിതമായി അടിമകളെയും ഭാഗിച്ചെടുത്തിരുന്നു.അടിമകള്‍ എന്ന പദം അടിയാളര്‍ എന്നായി മാറി.അന്ധമായ ബ്രാഹ്മണ ഭക്തിയും അവര്‍ പ്രചരിപ്പിച്ച വിധിവിശ്വാസവുമാണ് കേരളത്തിലെ കൃഷിക്കാരെയും അടിമകളെയും അവരുടെ ദയനീയാവസ്ഥ സ്വീകരിക്കുവാനും അത് നിശബ്ദമായി സഹിക്കുവാനും പ്രേരിപ്പിച്ചത്.ഏതൊരു പ്രാതികൂല്യവും മര്‍ദ്ദനവും അനുഭവപ്പെടുമ്പോഴും അവര്‍ അത് തങ്ങളുടെ വിധിയാണെന്നു കരുതി സ്വീകരിച്ചു.അനുസരണശീലരും യജമാനനോട് ഒരിക്കലും അക്രമം പ്രവര്‍ത്തിക്കാത്തവരുമായിരുന്നു കേരളത്തിലെ കാര്‍ഷിക അടിമകള്‍.പ്രഹ്ളാദ,ബ്രാഹ്മണ മതത്തെ സിദ്ധാന്തപരമായി പരാജയപ്പെടുത്തിയതിന് ശേഷം മാത്രമെ ഇവിടെ അദ്ധ്വാനിക്കുന്നവന്‍റെ അവകാശപ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നുള്ളുവെന്ന് നീ മനസ്സിലാക്കണം.
ഉവ്വ്,ഗുരോ,ചരിത്രം അതാണല്ലൊ നമ്മെ പഠിപ്പിക്കുന്നത്." 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ