2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-31-അടിതെറ്റിയ അടവുനയങ്ങള്‍

മുപ്പത്തിയൊന്ന്
അടിതെറ്റിയ  അടവുനയങ്ങള്‍
ജീവിതം യുദ്ധത്തിന് കാഴ്ചവച്ച് മരിച്ചവര്‍. ഇന്നും അധികാരത്തിനും പണത്തിനുമായി മനുഷ്യന്‍ ജീവിതം കാഴ്ച വയ്ക്കുകയല്ലെ ഗുരോ.
വളരെ ശരിയാണ് പ്രഹ്ളാദ.ഒടുവില്‍ ആറടിമണ്ണില്‍ വിശ്രമിക്കാനോ ഒരു കൂന ചാരമാകാനോ നിയോഗിക്കപ്പെട്ട മനുഷ്യന് ഈ ആര്‍ത്തി നല്‍കിയത് ഏത് ദൈവമാണോ എന്തോ ? ഹൈദര്‍ മരിച്ച സമയം നോക്കി മലബാര്‍ സ്വന്തമാക്കാന്‍ ബ്രിട്ടീഷുകാര്‍ പുറപ്പെട്ടു. ആയിരത്തി എഴുനൂറ്റി എണ്‍പത്തിമൂന്നില്‍ അവര്‍ കണ്ണൂര്‍ ഉപരോധിച്ചു. ജനറല്‍ മക്ലിയോഡായിരുന്നു നേതാവ്. ആയിരത്തി എഴുനൂറ്റി എണ്‍പത്തിനാല് ജനുവരിയില്‍ കണ്ണൂര്‍ ബീവിയുമായി ബ്രിട്ടീഷുകാര്‍ സഖ്യമുണ്ടാക്കി. നായന്മാരുടെ ആക്രമണത്തില്‍ നിന്നും ബീവിയെ സംരക്ഷിക്കാനും  പകരം പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും ചുരുങ്ങിയ വിലയ്ക്ക് കുരുമുളകും ബ്രിട്ടീഷുകാര്ക്ക് നല്കാമെന്നും ബീവി ഉടമ്പടിയുണ്ടാക്കി. കൂടുതല്‍ യുദ്ധങ്ങള്‍ക്ക് മുതിരാതെ ഇംഗ്ലീഷുകാര്‍ ആയിരത്തി എഴുനൂറ്റി എണ്‍പത്തിനാലില്‍ ടിപ്പുവുമായി മംഗലാപുരത്തുവച്ച് സന്ധി ചെയ്തു. ഇതനുസരിച്ച് ഇംഗ്ലീഷുകാരുടെ വ്യാപാര താത്പ്പര്യങ്ങള്‍ക്ക് ടിപ്പു സംരക്ഷണം നല്കി. കോലത്തുനാട്ടിലെ രാജാക്കന്മാരുടെ മേലുള്ള ടിപ്പുവിന്‍റെ അധീശാധികാരം വിട്ടുകൊടുക്കുകയും ചെയ്തു. ചിറക്കല്‍ രാജാവ് ടിപ്പുവിനോട് വിശ്വസ്ഥതയോടെ പെരുമാറി.കമ്പനിയില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ഒരു ലക്ഷം രൂപയ്ക്കുവേണ്ടി രാജാവ് കമ്പനിയെ നിര്‍ബന്ധിച്ചു. ഈ ആവശ്യം നിഷേധിക്കപ്പെട്ടപ്പോള്‍ ആയിരത്തി എഴുനൂറ്റി എണ്‍പത്തിയെട്ടില്‍ ചിറക്കല്‍ രാജാവ് ഇംഗ്ലീഷുകാരുടെ കൈവശമിരുന്ന ധര്‍മ്മടം ആക്രമിച്ചു. എന്നാല്‍ ചിറക്കല്‍ രാജാവ് പാലക്കാട്ടു വച്ച് മരണമടയുകയും പിന്നീടുവന്ന ചിറക്കല്‍ രാജാവ് ഇംഗ്ലീഷ് അനുകൂലിയായി മാറുകയും ചെയ്തു.
അപ്പോള്‍ ടിപ്പുവിന് മലബാര്‍ ബന്ധം ഇല്ലാതായോ ഗുരോ
ഏതാണ്ട് അതായി അവസ്ഥ.തുടര്‍ന്നുള്ള പോരാട്ടം ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിലായി. അത് ഒടുവില്‍ മലബാറിലെ രാജാക്കന്മാര്‍ അടിമകളാകുന്ന സ്ഥിതിയിലെത്തുകയും ചെയ്തു. തന്ത്രശാലികള്‍ക്ക് മുന്നില്‍ അടിയറവ് എന്നു പറയില്ലെ,അതുതന്നെ.ആയിരത്തി എഴുനൂറ്റി എണ്‍പത്തിയൊന്‍പതില്‍ ടിപ്പു താമരശ്ശേരി വഴി മലബാര്‍ ആക്രമിച്ചു. തുടര്‍ന്ന് തിരുവിതാംകൂറിലെ നെടുംകോട്ട ആയിരത്തി എഴുനൂറ്റി തൊണ്ണൂറില്‍ തകര്‍ക്കുകയും തെക്കോട്ട് നീങ്ങുകയും ചെയ്തു. ഈ സമയം ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം പിടിക്കാന്‍ മുതിരുന്നു എന്നു മനസ്സിലാക്കി ടിപ്പു നാട്ടിലേക്ക് തിരിച്ചു.ഇതോടെ അറയ്ക്കല്‍ ബീവി ഒഴികെ കോലത്തുനാട്ടിലെ രാജാക്കന്മാരെല്ലാം ഇംഗ്ലീഷുകാര്‍ക്കൊപ്പമായി. ആയിരത്തി എഴുനൂറ്റി തൊണ്ണൂറ് ഡിസംബറില്‍ ജനറല്‍ ആംബര്‍ ക്രോംബിയുടെ നേതൃത്വത്തില്‍ സുശക്തമായ ഒരു സൈന്യം ബീവിയുടെ കണ്ണൂര്‍ കോട്ട ആക്രമിച്ചു.ബീവി കീഴടങ്ങി. ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റിരണ്ട് മാര്‍ച്ച് പതിനെട്ടിനാണ് ശ്രീരംഗപട്ടണം സന്ധിയുണ്ടാക്കിയത്.അതോടെ ടിപ്പുവിന്‍റെ അധീനതയിലുണ്ടായിരുന്ന മലബാര്‍ പ്രദേശങ്ങള്‍ മുഴുവന്‍ ബ്രിട്ടീഷ് അധീനതയിലായി. ബ്രിട്ടീഷ് മേല്ക്കോയ്മയ്ക്ക് കീഴില്‍ നികുതി പിരിക്കുന്ന കീഴ്ക്കോയ്മകളായി കോലത്തുനാട്ടിലെ രാജാക്കന്മാര്‍ മാറി.ചിറക്കല്‍ രാജാവ് അന്‍പതിനായിരം രൂപയും കടത്തനാട് മുപ്പതിനായിരം രൂപയും കോട്ടയം രാജാവ് ഇരുപത്തയ്യായിരം രൂപയും അറക്കല്‍ ബീവി പതിനയ്യായിരം രൂപയും പ്രതിവര്‍ഷം റവന്യൂ പിരിവ് അടയ്ക്കണം എന്നായിരുന്നു കരാര്‍.കമ്പനിക്ക് നികുതി പിരിച്ചുകൊടുക്കുന്നതില്‍ രാജാക്കന്മാര്‍ പരാജയപ്പെടുകയും അതേ സമയം കഴിയുന്നത്ര നികുതി ജനങ്ങളില്‍ നിന്നും അവര്‍ പിരിച്ചെടുക്കുകയും ചെയ്ത അവസരത്തില്‍ കമ്പനി ഈ രാജാക്കന്മാരെ അവരുടെ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുകയും അവര്‍ക്ക് അടുത്തൂണ്‍ അനുവദിക്കുകയും ചെയ്തു.അതോടെ കോലത്തിരി രാജവംശവും അവരുടെ സാമന്തന്മാരായി ഉയര്‍ന്നുവന്ന ചെറുകിട രാജാക്കന്മാരുടെ വംശവും എന്നത്തേക്കുമായി ഭരണാധികാരത്തില്‍ നിന്നും നീക്കംചെയ്യപ്പെട്ടു. പ്രഹ്ളാദ,ഒന്നോര്‍ക്കുക,ഓരോ വിജയത്തിനും ഒരു പരാജയം കാത്തിരിപ്പുണ്ടാകും.ഉന്നതങ്ങളില്‍ എത്തുന്നവര്‍ ചിലപ്പോള്‍ ആഴങ്ങളില്‍ വിസ്മൃതിയിലാകും.കുലശേഖര സാമ്രാജ്യത്തിന്‍റെ കാലത്തുപോലും സ്വതന്ത്ര പദവി അലങ്കരിച്ചിരുന്നവരായിരുന്നു കോലത്തിരി രാജവംശം.പതിനെട്ടാം നൂറ്റാണ്ടുവരെ പ്രതാപം നിലനിന്നു. പതിനെട്ടില്‍ കര്‍ണ്ണാടക രാജാവും ഹൈദരലിയും ടിപ്പുവും ബ്രിട്ടീഷുകാരും അവരെ കീഴടക്കി.ഒടുവില്‍ ബ്രിട്ടീഷുകാരുടെ നികുതിപിരിവുകാരായി. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആദിയില്‍ ബ്രിട്ടീഷുകാരുടെ പെന്‍ഷന്‍കാരുമായി.
ചില ജീവികളും സസ്യങ്ങളും ഇല്ലാതാകും പോലെ ഒരു രാജവംശവും –ല്ലെ ഗുരോ.
 വാസ്തവം
സാമൂതിരിയുടെ ചരിത്രവും ഏതാണ്ടിങ്ങനെയൊക്കെ തന്നെയാണ് പ്രഹ്ളാദ
തൊള്ളായിരത്തി പതിനേഴില്‍ കുലശേഖര രാജാവായ കോതരവിയുടെ കാലത്ത് ഗംഗന്മാര്‍ പാലക്കാട് ആക്രമിച്ചു. പാലക്കാട്ടേയും പരിസരപ്രദേശങ്ങളിലെയും നാടുവാഴികളാണ് ഗംഗന്മാരെ ചെറുത്തോടിച്ചത്. കൂട്ടത്തില്‍ മാനവിക്രമന്മാര്‍ എന്ന സമര്‍ത്ഥരായ രണ്ട് ഏറാടി സഹോദരന്മാരും ഉണ്ടായിരുന്നു. ഏറനാട്ടിലെ ചില പ്രദേശങ്ങള്‍ പാരിതോഷികമായി രാജാവ് ഇവര്‍ക്ക് നല്‍കി. അങ്ങിനെ അവര്‍ ഏറള്‍നാട് ഉടൈയവരായി ആ പ്രദേശത്ത് ഭരണം തുടങ്ങി. കുലശേഖര രാജവംശം അവസാനിക്കും വരെ ഏറള്‍നാട് ഉടൈയവരും സാമന്തന്മാരായി കഴിഞ്ഞു. എന്നാല്‍ കുലശേഖരഭരണം അവസാനിച്ചതോടെ നെടിയിരുപ്പ് സ്വരൂപം സ്വാതന്ത്യം പ്രഖ്യാപിച്ചു.
രാജ്യം സമൃദ്ധമാകണമെങ്കില്‍ സമുദ്രവ്യാപാരം നടക്കണമെന്ന് നെടിയിരുപ്പ് മൂപ്പില്‍ മനസ്സിലാക്കി. രാജ്യവികസനത്തിനുള്ള മാര്‍ഗ്ഗങ്ങളും അന്വേഷിച്ചുതുടങ്ങി. സമൂദ്രതീരവുമായി ബന്ധം സ്ഥാപിക്കണമെങ്കില്‍ പോളനാടോ പരപ്പനാടോ സ്വന്തമാക്കണം. പരപ്പനാടിന് നെടിയിരുപ്പ് സ്വരൂപവുമായി വിവാഹബന്ധമുള്ളതിനാല്‍ അവരെ ഒഴിവാക്കി, പന്ത്രണ്ടാം നൂറ്റാണ്ടില്‍  പോളനാടിനെ ആക്രമിച്ചു. കല്ലായിപ്പുഴയുടെ ഇടതുവശത്ത് പന്നിയങ്കരയിലായിരുന്നു ക്യാമ്പ്. പുഴയുടെ വലതുവശത്തുള്ള കൊക്കോഴിക്കോടായിരുന്നു പോളനാട്ട് രാജാവായ പോര്‍ളാതിരിയുടെ ആസ്ഥാനം.പോര്‍ളാതിരിക്ക് തുണയായി കോലത്തിരി വന്നു. കോലത്തിരിയുമായി അസുഖത്തിലായിരുന്ന പൊറാട്ടിരി നെടിയിരുപ്പുകാരെയും സഹായിച്ചു.പൊറാട്ടിരി തന്‍റെ മന്ത്രിമുഖ്യനായ മങ്ങാട്ടച്ചനെ നെടിയിരിപ്പിന് ഉപദേശകനായി അയച്ചുകൊടുത്തു. മങ്ങാട്ടച്ചന്‍റെ ഉപദേശപ്രകാരം നെടിയിരിപ്പുകാര്‍ അവരുടെ സേനനായകനെ മാറ്റി തമ്മെപ്പണിക്കരെ പടനായകനായി നിശ്ചയിച്ചു. നയകോവിദനായ മങ്ങാട്ടച്ചന്‍ പൊര്‍ളാതിരിയുടെ അനുയായികളില്‍ ഛിദ്രം സൃഷ്ടിക്കുകയും അവരില്‍ ഒരു വിഭാഗത്തെ നെടിയിരുപ്പിന്‍റെ അനുകൂലികളായി മാറ്റുകയും ചെയ്തു. ഇതിനിടെ പൊറാട്ടിരി കോലത്ത്നാട് ആക്രമിച്ചു. അതോടെ കോലത്തിരി തന്‍റെ സേനയെ അങ്ങോട്ടേക്ക് പിന്‍വലിച്ചു. തുടര്‍ന്ന് ദുര്‍ബ്ബലരായ പോളനാടിനെ നെടിയിരുപ്പ് സ്വരൂപം കീഴടക്കി. നെടിയിരുപ്പിന്‍റെ ആസ്ഥാനം കൊക്കോഴിക്കോട്ടേക്ക് മാറ്റി.കാലക്രമത്തില്‍ അതിന്‍റെ പരിസരത്ത് കോഴിക്കോട് എന്നൊരു നഗരം പണിതുയര്‍ത്തി. അറബികളും ചൈനക്കാരും യൂറോപ്യന്മാരും അവിടെ കച്ചവടത്തിനായി വന്നുതുടങ്ങി. അറബികള്‍ കാലിക്കൂത്ത് എന്നും ചൈനക്കാര്‍ കൂലിഫോ എന്നും യൂറോപ്യന്മാര്‍ കാലിക്കറ്റ് എന്നും ഈ സ്ഥലത്തെ വിളിച്ചു. കോഴിക്കോടിന്‍റെ അഭിവൃദ്ധിയോടെ നെടിയിരുപ്പ് സ്വരൂപത്തിന്‍റെയും സ്ഥാനമാനങ്ങള്‍ ഉയര്‍ന്നു. അവര്‍ സ്വമി നമ്പ്യാതിരി തിരുമുല്‍പ്പാട് എന്ന പദവി സ്വീകരിച്ചു. ആ പേര് ചുരുങ്ങി പിന്നീട് സാമൂതിരിയും സാമൂരിയുമായി
ഗുരോ,ഇത്ര രസകരമാണീ കഥകള്‍ എന്നെനിക്കറിയില്ലായിരുന്നു”,പ്രഹ്ളാദന്‍ പറഞ്ഞു.
ഒരുപാട് രസകരമായ കഥകളുടെ ചങ്ങലയാണ് പ്രഹ്ളാദ, ചരിത്രം. കോഴിക്കോട് തുറമുഖത്ത് സാമൂതിരി ധാരാളം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി.രാജകീയപണ്ടികശാലകള്‍ നിര്‍മ്മിച്ച് ചരക്കുകള്‍ സൂക്ഷിക്കാന്‍ സൌകര്യമൊരുക്കി.പണ്ടികശാലകളില്‍ കാവല്‍ ഏര്‍പ്പെടുത്തി. കളവോ വ്യാജമോ ചെയ്യുന്നതിന് കഠിനശിക്ഷകള്‍ നല്‍കി. സാമൂതിരി സത്യസന്ധത ഒരു ജീവിത വ്രതമാക്കുകയും പ്രജകള്‍ അതനുസരിക്കുകയും ചെയ്തു. തന്മൂലം കോഴിക്കോട് അതിവേഗത്തില്‍ അഭിവൃദ്ധി പ്രാപിക്കുകയും കേരളത്തിലെ പ്രധാനതുറമുഖങ്ങളില്‍ ഒന്നായിത്തീരുകയും ചെയ്തു. ചൈന,സിലോണ്‍,മാലദ്വീപ്,യമന്‍,പേര്‍ഷ്യ എന്നു തുടങ്ങി ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ കോഴിക്കോട്ടങ്ങാടിയില്‍ വന്നിരുന്നു.ആര്‍ക്കും സ്വതന്ത്രമായി വ്യാപാരം നടത്താന്‍ കോഴിക്കോട്ട് സൌകര്യം നല്‍കിയിരുന്നു. രാജാവിന് ചുങ്കം കൊടുക്കുന്ന ആര്‍ക്കും ദേശ-ജാതി-മത വ്യത്യാസം കൂടാതെ വ്യാപാരം നടത്താന്‍ കഴിഞ്ഞു. ആര്‍ക്കും കുത്തക അനുവദിച്ചിരുന്നില്ല. പ്രധാന വിദേശവ്യാപാരികള്‍ ചൈനക്കാരും അറബികളുമായിരുന്നു.ചെട്ടികളും കോഴിക്കോട് കോയയും മഠത്തില്‍ മൂപ്പനെന്ന തീയനും കുഞ്ഞിക്കളത്തില്‍ അരയനും ആഭ്യന്തരവ്യാപാരത്തില്‍ മുന്നിട്ടുനിന്നു. ജൂതന്മാര്‍,മുസ്ലീങ്ങള്‍,ക്രിസ്ത്യാനികള്‍ എന്നിവരും വളഞ്ചിയര്‍,ആയിരത്തി അയ്നൂറ്റുവര്‍ തുടങ്ങിയ വ്യാപാരി സംഘടനകളും ഇവിടെ വ്യാപാരം നടത്തിയിരുന്നു. വ്യാപാരത്തിനൊപ്പം യുദ്ധകാര്യങ്ങളിലും സാമൂതിരി ഏര്‍പ്പെട്ടിരുന്നു. സാമൂതിരി കോവിലകത്തെ ഒരു തമ്പുരാട്ടിയെ കോലത്തിരി രാജകുമാരന്‍ തട്ടിക്കൊണ്ടുപോയതിന്‍റെ പേരില്‍ സാമൂതിരി കോലത്തിരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ആയിരത്തി ഇരുനൂറില്‍ സാമൂതിരി മേല്‍ക്കൈ നേടിയതോടെ യുദ്ധം ഒത്തുതീര്‍ന്നു. ഇതുപ്രകാരം പന്തലായിനി ഉള്‍പ്പെടെ കോഴിക്കോടിന് വടക്ക് കോലത്തിരിക്ക് അവകാശപ്പെട്ട ചില പ്രദേശങ്ങള്‍ സാമൂതിരിക്ക് വിട്ടുകൊടുത്തു.
സാമൂതിരിയുടെ വികസനതന്ത്രം അവിടെ തീര്‍ന്നുവോ ഗുരോ
ഇല്ല പ്രഹ്ളാദ,അതൊരു തുടക്കമായിരുന്നു. വള്ളുവനാടായിരുന്നു അടുത്തനോട്ടം. കുലശേഖര രാജവംശം അസ്തമിച്ചതോടെ മാമങ്കമഹോത്സവം ആഘോഷിച്ചിരുന്നത് തിരുനാവായ് പ്രദേശം ഉള്‍പ്പെട്ട വള്ളുവനാടിന്‍റെ അധിപനായ വള്ളാട്ടിരിയുടെ നേതൃത്വത്തിലായിരുന്നു.ധാരാളം നെല്ലുവിളയുന്ന വള്ളുവനാട് ഐശ്വര്യപൂര്‍ണ്ണവുമായിരുന്നു.വള്ളുവനാട് ആക്രമിക്കാന്‍ അവസരം പാര്‍ത്തിരിക്കയായിരുന്നു സാമൂതിരി.ഈ സമയം പന്നിയൂര്‍ ഗ്രാമക്കാരും ശുകപുരം ഗ്രാമക്കാരും തമ്മില്‍ നിരന്തരം വഴക്കുണ്ടായക്കൊണ്ടിരുന്നു. പന്നിയൂരുകാര്‍ ഒരു ശിവക്ഷേത്രം നിര്‍മ്മിച്ചു.ശുകപുരക്കാര്‍ അത് ചുട്ടെരിക്കുകയും ശിവലിംഗം മോഷ്ടിക്കുകയും ചെയ്തു.ശുകപുരക്കാര്‍ വള്ളാട്ടിരിയെയും പന്നിയൂരുകാര്‍ സാമൂതിരിയെയും സഹായത്തിന് സമീപിച്ചു. ഇതോടെ സാമൂതിരി തിരുനാവായ് ആക്രമിക്കാന്‍ പുറപ്പെട്ടു.കോഴിക്കോടിനും വള്ളുവനാടിനും മദ്ധ്യേ പരപ്പനാട്,വെട്ടത്തുനാട് എന്നീ രണ്ട് സ്വതന്ത്രനാടുവാഴികളും ഉണ്ടായിരുന്നു.സാമൂതിരികോവിലകവുമായി ബന്ധപ്പെട്ടുകിടക്കുന്ന പരപ്പനാട്,സുഹൃത്ത് രാജ്യമായ വെട്ടത്തുനാട് എന്നിവരുടെ സമ്മതത്തോടെ സാമൂതിരി തെക്കോട്ട് പടനയിച്ചു. എന്നാല്‍ വളരെക്കാലം യുദ്ധം നടത്തിയിട്ടും വള്ളാട്ടിരിയെ തോല്പ്പിക്കാന്‍ കഴിഞ്ഞില്ല. പതിനെട്ടടവും പരാജയപ്പെട്ടപ്പോള്‍ സാമൂതിരി ഒരു സൂത്രം പ്രയോഗിച്ചു. വള്ളാട്ടിരിയുടെ കുലദേവതയായ തിരുമാന്ധാംകുന്ന് ഭഗവതിയെ വാളില്‍ ആവാഹിച്ച് കൊണ്ടുപോകുന്നതിന് മന്ത്രകര്‍മ്മങ്ങളും ഭജനയും ആരംഭിച്ചു.അന്ധവിശ്വാസികളായ വള്ളാട്ടിരിയുടെ നായന്മാര്‍ പരിഭ്രാന്തരായി. മങ്ങാട്ടച്ചന്‍ നയതന്ത്രത്തിലൂടെ വള്ളാട്ടിരിയുടെ സഹായിയായ ഒരു വള്ളോടിയെ സ്വാധീനിച്ച് വലയിലാക്കുകയും ചെയ്തു.തോല്‍വി സുനിശ്ചിതം എന്നുകണ്ട വള്ളാട്ടിരി ആയിരത്തി മുന്നൂറ്റി അന്‍പതില്‍ തിരുനാവായ ഉപേക്ഷിച്ചുപോയി. അങ്ങിനെ സാമൂതിരി മാമാങ്കത്തിന്‍റെ രക്ഷാപുരുഷനായി നിലപാട് നില്‍ക്കാനുള്ള അവകാശം സ്ഥാപിച്ചു. ഇതോടെ കേരളത്തിലെ ഏറ്റവും പ്രബലനും ബഹുമാനിതനുമായ രാജാവായി സാമൂതിരി ഉയര്‍ന്നു. വള്ളാട്ടിരിയുടെ പല പ്രദേശങ്ങളും ആക്രമിച്ച് കൈയ്യടക്കി.അവിടെല്ലാം സ്വന്തക്കാരെ നാടുവാഴികളാക്കി. പെരുമ്പടപ്പും തരൂരുമായി പിന്നെ ലക്ഷ്യം. സാമൂതിരിയുടെ പടയോട്ടം കണ്ട് വിഹ്വലരായ തലപ്പിള്ളിനാട് സാമൂതിരിക്ക് കീഴടങ്ങി. പെരുമ്പടപ്പും പൂക്കൈതയും ചിത്രകൂടവും സാമൂതിരി കീഴടക്കി.ആയിരത്തി മുന്നൂറ്റി അറുപത്തിയഞ്ചില്‍ കാരക്കാട് വഴി കിഴക്കോട്ടുനീങ്ങിയ സൈന്യം പെരുമ്പടപ്പിന്‍റെ അധീനതയിലുള്ള പല പ്രദേശങ്ങളും കൈക്കലാക്കി കൊടുവായൂരെത്തി. ഇവിടം കേന്ദ്രമാക്കിക്കൊണ്ട് പാലക്കാട് ആക്രമിച്ചു പിടിച്ചു.
പ്രഹ്ളാദ,ഇതിനിടെ പെരുമ്പടപ്പ് സ്വരൂപത്തിന്‍റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയിരുന്നു. അതോടെ കൊച്ചി പിടിക്കുക എന്നതായി സാമൂതിരിയുടെ ഉന്നം.കൊച്ചിയോട് വിരോധമുള്ള കൊടുങ്ങല്ലൂര്‍ പടിഞ്ഞാറ്റേടത്തു കോവിലും ഇടപ്പള്ളി രാജയും സാമൂതിരിയെ സഹായിച്ചു. കൊച്ചി വേഗം കീഴടങ്ങി. സാമൂതിരിയുടെ സാമന്തപദവി അംഗീകരിച്ചു. കപ്പം കൊടുക്കാനും പുതിയ രാജാവ് സ്ഥാനാരോഹണം ചെയ്യുമ്പോള്‍ പുരുഷാന്തരം നല്‍കുവാനും സാമൂതിരി ആവശ്യപ്പെടുമ്പോള്‍ സൈന്യത്തെ അയച്ചുകൊടുക്കാനും അവര്‍ സമ്മതിച്ചു. സാമൂതിരിയുടെ അനുമതിയോടെ മാത്രമെ കോവിലകത്തിന്‍റെ ഓട് മേയുകയുള്ളു എന്നുപോലും സമ്മതിക്കേണ്ടിവന്നു. കൊച്ചി കീഴടങ്ങിയതോടെ കൊച്ചിയുടെ സാമന്തന്മാരായ പറവൂര്‍,മങ്ങാട്,വടക്കുംകൂര്‍,തെക്കുംകൂര്‍,പുറക്കാട് എന്നീ രാജാക്കന്മാരും സാമന്തന്മാരായി. വടക്ക് തുടശ്ശേരി മുതല്‍ തെക്ക് കൊല്ലം വരെയുള്ള നാടുകളുടെ മേധാവിയായിതീര്‍ന്നു സാമൂതിരി. ഇങ്ങനെ പ്രതാപവാനായി നില്‍ക്കുന്ന കാലത്താണ് ആയിരത്തി നാനൂറ്റി തൊണ്ണൂറ്റിയെട്ട് മെയ് ഇരുപതിന് പോര്‍ച്ചുഗീസ് കപ്പലില്‍ വാസ്കോഡഗാമ കോഴിക്കോട്ടെ കാപ്പാട് എത്തി നങ്കൂരമിട്ടത്.ഗാമയെയും അനുയായികളെയും രാജകീയ പ്രൌഢിയോടെ സ്വീകരിച്ച് കോവിലകത്ത് കൊണ്ടുവന്നു. മറ്റു വ്യാപാരികളെപോലെ കോഴിക്കോട് വ്യാപാരം നടത്തുവാനുള്ള എല്ലാ സൌകര്യങ്ങളും നല്കാമെന്നും സാമൂതിരി അറിയിച്ചു. പക്ഷെ ഗാമ കൊണ്ടുവന്ന വില്പ്പനച്ചരക്കുകള്‍ കോഴിക്കോട് അങ്ങാടിയില്‍ സുലഭമായിരുന്നതുകൊണ്ടും അറബിക്കച്ചവടക്കാരുടെ എതിര്‍പ്പുകൊണ്ടും ഗാമയ്ക്ക് സുഗമമായി കച്ചവടം നടത്താന്‍ കഴിഞ്ഞില്ല. ഗാമയുടെ ചരക്കുകള്‍ക്ക് പകരം കുരുമുളക്,ഏലം,കറുവപ്പട്ട എന്നിവ നല്‍കണമെന്ന് ഗാമ സാമൂതിരിയോട് ആവശ്യപ്പെട്ടു. ചരക്ക് കൈമാറ്റം കോഴിക്കോട്ടങ്ങാടിയില്‍ പതിവില്ലെന്നും സ്വര്‍ണ്ണവും വെള്ളിയും കൊടുത്ത് ആവശ്യമുള്ളവ വാങ്ങണമെന്നും സാധാരണ വ്യാപാരികള്‍ നല്‍കുന്ന ചുങ്കം ഗാമ നല്‍കണമെന്നും സാമൂതിരി മറുപടി കൊടുത്തു. ഇതോടെ ഗാമ പിണങ്ങി. തന്‍റെ കപ്പലില്‍ കയറിയിരുന്ന മത്സ്യത്തൊഴിലാളികളെ കരക്കിറക്കാതെ ഗാമ കണ്ണൂര്‍ വഴി പോര്‍ച്ചുഗലിലേക്ക് മടങ്ങിപ്പോയി.
സാമൂതിരിയുടെ പോര്‍ച്ചുഗല്‍ ബന്ധം അതോടെ തീര്‍ന്നുവോ ഗുരോ
ഇല്ല പ്രഹ്ളാദ, ആയിരത്തി അഞ്ഞൂറില്‍ , പതിമൂന്ന് കപ്പലുകളും ആയിരത്തി ഇരുനൂറു പട്ടാളക്കാരുമായി കബ്രാളിനെ പോര്‍ച്ചുഗല്‍ രാജാവ് കോഴിക്കോട്ടേക്കയച്ചു. സമുദ്രതീരത്ത് സജ്ജമാക്കിയ പന്തലില്‍ രാജാവ് നേരിട്ടെത്തി കബ്രാളിനെ സ്വീകരിച്ചു. കോഴിക്കോട് ഒരു പണ്ഡികശാലയും കോയപ്പക്കി എന്ന കച്ചവടക്കാരനെ സഹായിയായും നല്‍കി. പോര്‍ച്ചുഗീസ്സുകാര്‍ സമാധാനപ്രിയരായിരുന്നില്ല, അവര്‍ അറബിക്കച്ചവടക്കാരെ ഉപദ്രവിച്ചു. തുടര്‍ന്ന് പോര്‍ച്ചുഗീസ് –മുസ്ലിം സംഘട്ടനം നടന്നു. ഏതാനും പോര്‍ച്ചുഗീസ്സുകാര്‍ മരിച്ചു.ഇതിന് പ്രതികാരമായി ഹാര്‍ബറില്‍ കിടന്ന പത്ത് അറബിക്കപ്പലുകള്‍ പോര്‍ച്ചുഗീസ്സുകാര്‍ പിടിച്ചെടുക്കുകയും അഞ്ഞൂറോളം മുസ്ലീങ്ങളെ വധിക്കുകയും ചെയ്തു. പിടിച്ചെടുത്ത കപ്പലുകള്‍ക്ക് തീവച്ചശേഷം കബ്രാള്‍ കൊച്ചിക്ക് പുറപ്പെട്ടു.ആയിരത്തി അഞ്ഞൂറ്റി ഒന്ന് ജനുവരിയില്‍ കോഴിക്കോട്ടുനിന്നും ഒരു നാവികപ്പട വരുന്നതായി വിവരം കിട്ടിയ കബ്രാള്‍ അന്നുരാത്രി തന്നെ കൊച്ചി വിട്ടു.
എന്നിട്ട്-   “
ആയിരത്തി അഞ്ഞൂറ്റി രണ്ടില്‍ ഇമാനുവല്‍ രാജാവ് ഇരുപത് കപ്പലുകളോടുകൂടി വാസ്കോഡഗാമയെ വീണ്ടും കേരളത്തിലേക്ക് അയച്ചു. ഹജ്ജ് കവിഞ്ഞ് മടങ്ങിവരുകയായിരുന്ന മുസ്ലീങ്ങളുടെ ഒരു കപ്പല്‍ കണ്ണൂരിനടുത്തു വച്ച് അവര്‍ അക്രമിക്കുകയും അതിലെ സാധനങ്ങള്‍ കൊള്ള ചെയ്ത ശേഷം കപ്പലിന് തീ വയ്ക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുന്നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. അവരെ ജീവനോടെ ചുച്ചെരിച്ചശേഷം മടങ്ങിയ ഗാമ ആയിരത്തി അഞ്ഞൂറ്റി രണ്ട് ഒക്ടോബറില്‍ വീണ്ടും കോഴിക്കോടെത്തി.മുസ്ലിം കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അയാള്‍ സാമൂതിരിയെ പ്രേരിപ്പിച്ചു. സാമൂതിരി ആ ആവശ്യം നിരസിച്ചു.തുടര്‍ന്ന് അന്‍പതോളം മുസ്ലീങ്ങളെ ക്രൂരമായി കൊലപ്പെടുത്തി. കോഴിക്കോട്ടേക്ക് വരുന്ന എല്ലാ ചരക്കുകപ്പലുകളെയും കൊള്ളയടിക്കാന്‍ തന്‍റെ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്കിയ ശേഷം ഗാമ കൊച്ചിക്ക് പോയി. കൊച്ചിയില്‍ നിന്നും സാമാനങ്ങളുമായി മടങ്ങിയ ഗാമയെ പന്തലായനിയില്‍ വച്ച് സാമൂതിരിയുടെ നാവികസേന ആക്രമിച്ചു.പക്ഷെ സാമൂതിരിയുടെ സേനയ്ക്ക് വന്‍നഷ്ടമുണ്ടാക്കിയ ശേഷം ഗാമ പോര്‍ച്ചുഗലിലേക്ക് തിരിച്ചുപോയി.
ഈ സന്ദര്‍ഭത്തില്‍ കൊച്ചി രാജാവിന്‍റെ സംരക്ഷണത്തിലുണ്ടായിരുന്ന മുപ്പത് പോര്‍ച്ചുഗീസുകാരെ വിട്ടുകൊടുക്കാന്‍ സാമൂതിരി കൊച്ചിരാജാവിനോട് ആവശ്യപ്പെട്ടു. കൊച്ചി വഴങ്ങിയില്ല.തുടര്‍ന്ന് ആയിരത്തി ആഞ്ഞൂറ്റി മൂന്ന് ഏപ്രിലില്‍ ചേറ്റുവായില്‍ വച്ചു നടന്ന യുദ്ധത്തില്‍ കൊച്ചി തോറ്റു.തെക്കോട്ടുനീങ്ങിയ സേന മട്ടാഞ്ചേരിയില്‍ വീണ്ടും ഏറ്റുമുട്ടി. കൊച്ചി രാജാവ് പൈപ്പിന്‍ ദ്വീപിലെ ഇളംകുന്നപ്പുഴ ക്ഷേത്രത്തിലേക്ക് രക്ഷപെട്ടു. മഴക്കാലമായതിനാല്‍ സാമൂതിരി കൊടുങ്ങല്ലൂര്‍ക്ക് മടങ്ങി. സെപ്തംബറില്‍ ഒരു നാവികസേനയുമായി ആല്‍ബുക്കര്‍ക്ക് വൈപ്പിനില്‍ എത്തി എന്നറിഞ്ഞതോടെ കൊച്ചിയില്‍ നിന്നും സാമൂതിരിയുടെ നായന്മാരും കൊടുങ്ങല്ലൂരേക്ക് തിരിച്ചു. അതൊരു താത്ക്കാലിക പിന്‍വാങ്ങലായിരുന്നു. ആയിരത്തി അഞ്ഞൂറ്റി നാലില്‍ കൂടുതല്‍ സന്നാഹങ്ങളോടെ സാമൂതിരി മടങ്ങിവന്നു. ആറേഴ് സ്ഥലങ്ങളില്‍ യുദ്ധമുണ്ടായി.കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ കൊച്ചിയിലേക്ക് ജയിച്ചുകയറാന്‍ കഴിഞ്ഞില്ല. ഓണം കഴിഞ്ഞ് ആക്രമണം തുടരാനായി സാമൂതിരി തിരിച്ചുപോന്നു.ഈ സമയം പോര്‍ച്ചുഗീസ്സുകാരുടെ കൂടുതല്‍ സൈന്യം എത്തിച്ചേരുകയും അവര്‍ കൊടുങ്ങല്ലൂര്‍ ആക്രമിക്കുകയും ചെയ്തു.കൊടുങ്ങല്ലൂര്‍ അഴിയില്‍ നിര്‍ത്തിയിരുന്ന സാമൂതിരിയുടെ പടവുകളെയും പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ചു.
തനിച്ചുള്ള നീക്കം ആപത്തെന്നുകണ്ട സാമൂതിരി ഈജിപ്തിലെയും ഗുജറാത്തിലെയും ബീജാപ്പൂരിലെയും സുല്‍ത്താന്മാരുടെ സഹായം അഭ്യര്‍ത്ഥിച്ചു.ചെറുപീരങ്കികള്‍ ഘടിപ്പിച്ച വേഗതയുള്ള യുദ്ധനൌകകള്‍ തയ്യാറാക്കി പൊന്നാനിയിലും കോഴിക്കോടും കാപ്പാടും പന്തലായിനിയിലും ധര്‍മ്മടത്തും യുദ്ധസജ്ജമാക്കി നിര്‍ത്തി. എന്നാല്‍ ആയിരത്തി അഞ്ഞൂറ്റി ആറ് മാര്‍ച്ചില്‍ കണ്ണൂരിന് സമീപം വച്ചുണ്ടായ സംഘട്ടനത്തില്‍ പോര്‍ച്ചുഗീസ്സുകാര്‍ സാമൂതിരിയുടെ നാവികപ്പടയ്ക്ക് വന്‍ ക്ഷീണമുണ്ടാക്കി.
വല്ലാത്ത പ്രതിസന്ധിയായിരുന്നു-ല്ലെ ഗുരോ
തീര്‍ച്ചയായും പ്രഹ്ളാദ.പോര്‍ച്ചുഗീസുകാര്‍ അതുകൊണ്ടും അടങ്ങിയില്ല.അവര്‍ പൊന്നാനി ആക്രമിച്ചു. തുടര്‍ന്ന് കരക്കിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ നാവികസേനാനി കുട്ടിയാലി തടഞ്ഞു. പക്ഷെ പീരങ്കിവെടികള്‍ ഉതിര്‍ത്ത് അതിന്‍റെ മറവില്‍ അവര്‍ കരക്കിറങ്ങുകയും നഗരത്തിന് തീവയ്ക്കുകയും ചെയ്തു.ശക്തിയായ എതിര്‍പ്പിനെ തുടര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ തിരിച്ചുപോയി. ഇന്ത്യസമുദ്രത്തിലും പോര്‍ച്ചുഗീസ് മേല്‍ക്കോയ്മ നിലനിന്നിരുന്നു. അവരെ ഒതുക്കാനായി ഈജിപ്തിലെ സുല്‍ത്താന്‍ നാവികസേന മേധാവി മിര്‍ ഹുസൈന്‍റെ നേതൃത്വത്തില്‍ ഒരു നാവികസേനയെ അയച്ചു. ആയിരത്തി അഞ്ഞൂറ്റി ഏഴ് സെപ്തംബറില്‍ അവര്‍ ദിയുവിലെത്തി. ഗുജറാത്തിന്‍റെയും സാമൂതിരിയുടെയും സൈന്യത്തോടുചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ പോര്‍ച്ചുഗീസ്സ് കപ്പല്‍പ്പട ചിന്നിച്ചിതറിപോയി. നാവികസേനാധിപന്‍ കൊല്ലപ്പെട്ടു.വക്രബുദ്ധിയായ പോര്‍ച്ചുഗീസ്സുകാര്‍ നയം മാറ്റി. ആയിരത്തി അഞ്ഞൂറ്റിയെട്ട് ഫെബ്രുവരിയില്‍ പോര്‍ച്ചുഗീസ് നാവികസേനയുടെ പുതിയ നായകന്‍ ദിയുവിലെത്തി ഗവര്‍ണ്ണറായ മാലിക് ഇയാസിനെ വശത്താക്കി. ഈ വഞ്ചനയില്‍ മനംമടുത്ത ഈജിപ്തുകാര്‍ യുദ്ധം മതിയാക്കി മടങ്ങി. അതോടെ വീണ്ടും പോര്‍ച്ചുഗീസ്സുകാര്‍ സമുദ്രാധിപതികളായി. അവര്‍ സാമൂതിരിക്കെതിരായ യുദ്ധത്തിന് ആക്കം കൂട്ടി. ആയിരത്തി അഞ്ഞൂറ്റി ഒന്‍പത് ഡിസംബറില്‍ അല്‍ഫോണ്‍സോ ഡി ആല്‍ബുക്കര്‍ക്ക് പോര്‍ച്ചുഗീസ് വൈസ്രോയിയായി സ്ഥാനാരോഹണം ചെയ്തു. മാര്‍ഷല്‍ കുടിഞ്ഞോയെ കോഴിക്കോട് ആക്രമിക്കാന്‍ നിയമിച്ചു. കൊച്ചി രാജാവിനെ കൊണ്ട് തെക്കന്‍ അതിര്‍ത്തിയിലും പടയൊരുക്കം നടത്തിച്ചു. കോഴിക്കോട് ആക്രമിച്ച പോര്‍ച്ചുഗീസ്സുകാര്‍ക്ക് കരയുദ്ധത്തില്‍ വീരന്മാരായ സാമൂതിരിയുടെ പട്ടാളക്കാരുടെ എതിര്‍പ്പിനുമുന്നില്‍ കനത്ത പരാജയം ഏല്‍ക്കേണ്ടി വന്നു. മാര്‍ഷല്‍ കുടിഞ്ഞോ വധിക്കപ്പെട്ടു. അധികം വൈകാതെ അന്നത്തെ സാമൂതിരിയും മരണപ്പെട്ടു. അദ്ദേഹമുയര്‍ത്തിയ പ്രതിരോധം തുടര്‍ന്നുകൊണ്ടുപോകാനോ പോയ തലമുറയുടെ വീര്യം ഉള്‍ക്കൊള്ളനോ കഴിയാത്ത ആളായിരുന്നു ഇളമുറത്തമ്പുരാന്‍. സുഖജീവിതം കാംഷിച്ച് അയാള്‍ പോര്‍ച്ചുഗീസ്സുമായി ഉടമ്പടിയുണ്ടാക്കി.ആയിരത്തി അഞ്ഞൂറ്റി പതിമൂന്ന് ഡിസംബറിലായിരുന്നു അത്. അതിന്‍പ്രകാരം അവര്‍ കോഴിക്കോട് കോട്ടകെട്ടി. നാലുനൂറ്റാണ്ടായി തുടര്‌‍ന്നുവന്ന സ്വതന്ത്രവ്യാപാരനിയമം നീക്കി. സുഗന്ധവ്യഞ്ജനങ്ങള്‍ പൂര്‍ണ്ണമായും പോര്‍ച്ചുഗീസ്സുകാര്‍ക്ക് നല്‍കാന്‍ സമ്മതിച്ചു. മുസ്ലിം വ്യാപാരികള്‍ പോര്‍ച്ചുഗീസ്സുകാരുടെ പാസ്സ് വാങ്ങണമെന്ന നിയമവും നടപ്പിലാക്കി. അല്‍ബുക്കര്‍ക്കിന്‍റെ കാലം സമാധാനപരമായി കഴിഞ്ഞുവെങ്കിലും പിന്നീട് വന്ന വൈസ്രോയിമാര്‍ നാട്ടുകാര്‍ക്ക് പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഒരു വിരലനക്കാന്‍ പോലും രാജാവ് തയ്യാറായില്ല. എന്നാല്‍ കുഞ്ഞാലിമരയ്ക്കാറും അനുയായികളും അവരെ നിരന്തരം ശല്യം ചെയ്തുവന്നു. ഭാരമേറിയ വലിയ പോര്‍ച്ചുഗീസ്സ് കപ്പലുകളെ കുഞ്ഞാലിയുടെ ഭാരംകുറഞ്ഞതും വേഗമേറിയതുമായ കപ്പലുകള്‍ നിരന്തരം ആക്രമിച്ചു. മലബാര്‍ നാവികരുടെ സങ്കേതങ്ങള്‍ നശിപ്പിക്കാനുള്ള പോര്‍ച്ചുഗീസ്സ് ശ്രമങ്ങള്‍ വിജയിച്ചതുമില്ല. സാമൂതിരി കുഞ്ഞാലിയെ രഹസ്യമായി സഹായിക്കുന്നുണ്ട് എന്ന ധാരണയില്‍ അവര്‍ ആയിരത്തി അഞ്ഞൂറ്റി ഇരുപത്തിയാറ് ഫെബ്രുവരിയില്‍ പൊന്നാനിയും കോഴിക്കോടും പന്തലായിനി കൊല്ലവും ആക്രമിക്കുകയും കപ്പലുകളും പട്ടണവും കൊള്ല ചെയ്യുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തു. ഈ സമയം പോര്‍ച്ചുഗീസ്സ് അനുകൂലിയായ സാമൂതിരി മരിച്ചു. പുതിയ സാമൂതിരി ആയിരത്തി അഞ്ഞൂറ്റി ഇരുപത്തിയാറ് ജൂണില്‍ കോഴിക്കോട്ടെ പോര്‍ച്ചുഗീസ്സ് കോട്ട ഉപരോധിച്ചു. സാമൂതിരിയുടെ എതിര്‍പ്പിനു മുന്നില്‍ പോര്‍ച്ചുഗീസ്സുകാര്‍ക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. അവര്‍ കോട്ട സ്വയം നശിപ്പിച്ച് കൊച്ചിക്ക് പോയി.
അപ്പോള്‍ ഒരു തലമുറയില്‍ തണുത്ത വീര്യം അടുത്ത തലമുറയില്‍ കൊഴുത്തു-ല്ലെ ഗുരോ

അങ്ങിനെയും സംഭവിക്കാറുണ്ട് പ്രഹ്ളാദ.ആയിരത്തി അഞ്ഞൂറ്റി മുപ്പത്തി ഒന്നില്‍ കുഞ്ഞാലി രണ്ടാമന്‍ നാവികാധിപത്യം ഏറ്റെടുത്തു.അതോടെ കടല്‍യുദ്ധം ശക്തിപ്പെട്ടു.ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴില്‍ ഒരു ഈജിപ്ഷ്യന്‍ നാവികപ്പട കൂടി വന്നതോടെ പോര്‍ച്ചുഗീസ്സുകാര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. അവര്‍ ആയിരത്തി അഞ്ഞൂറ്റി നാല്പ്പതില്‍ സാമൂതിരിയുമായി സന്ധിചെയ്തു. എന്നാല്‍ ഏറെ കഴിയും മുന്‍പ് അവര്‍ കരാര്‍ ലംഘനം തുടങ്ങി.ആയിരത്തി അഞ്ഞൂറ്റി എഴുപത്തൊന്നില്‍ സാമൂതിരി ചാലിയത്തുള്ള പോര്‍ച്ചുഗീസ് കോട്ട ഉപരോധിച്ചു.വളരെയധികം സാധനസാമഗ്രികളും ആയുധങ്ങളും ഉപേക്ഷിച്ച് അവര്‍ കൊച്ചിക്ക് മടങ്ങി.സാമൂതിരി അതെല്ലാം കൈക്കലാക്കി കോട്ട ഇടിച്ചുനിരത്തി. കുറെകാലം കഴിഞ്ഞപ്പോള്‍ പോര്‍ച്ചുഗീസ്സുകാര്‍ യുദ്ധവിരാമത്തിന് അപേക്ഷിച്ചു.യുദ്ധം കാരണം കച്ചവട മാന്ദ്യമുണ്ടായിരുന്നതിനാല്‍ രാജാവ് അതംഗീകരിച്ചു.ആയിരത്തി അഞ്ഞൂറ്റി എണ്‍പത്തിനാലില്‍ ഒത്തുതീര്‍പ്പുണ്ടാക്കി.ആയിരത്തി ആഞ്ഞൂറ്റി തൊണ്ണൂറ്റൊന്നില്‍ കോഴിക്കോട് ഒരു പള്ളിയും പണിതു.ആയിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിഅഞ്ചില്‍ കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്‍ കോട്ടയ്ക്കല്‍ മുഖ്യനായി സ്ഥാനമേറ്റു.സാമൂതിരിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്ന മുന്‍കാല മരയ്ക്കാര്‍മാരില്‍ നിന്നും ഇയാള്‍ വ്യത്യസ്ഥനായിരുന്നു. ഇയാള്‍ സാമൂതിരിയെ ധിക്കരിച്ചു.ഈ സമയം പോര്‍ച്ചുഗീസ്സുകാര്‍ മരക്കാര്‍കോട്ട ഉപരോധിച്ചു.സാമൂതിരിയും പക്ഷം ചേര്‍ന്നു.ഗത്യന്തരമില്ലാതെ കുഞ്ഞാലി സാമൂതിരിക്ക് മുന്നില്‍ കീഴടങ്ങുന്നതായി അറിയിച്ചു.കീഴടങ്ങിയ കുഞ്ഞാലിയെ സാമൂതിരി പോര്‍ച്ചുഗീസുകാര്‍ക്ക് നല്‍കി. അവര്‍ കുഞ്ഞാലിയെ വധിക്കുകയും മൃതശരീരത്തെ അപമാനിക്കുകയും ചെയ്തു. കുഞ്ഞാലിയെ വിട്ടുകൊടുത്ത തന്‍റെ പ്രവൃത്തിയില്‍ രാജാവ് ദുഖിച്ചു.പക്ഷെ അതൊരു പരിഹാരമായിരുന്നില്ല.എന്നുമാത്രമല്ല അഞ്ചുനൂറ്റാണ്ടുകാലം സാമൂതിരിയും മലബാര്‍ മുസ്ലീങ്ങളും തമ്മിലുണ്ടായിരുന്ന അഭംഗുരമായ വിശ്വാസം ഇല്ലാതാവുകയും ചെയ്തു. കുഞ്ഞാലിയുടെ മരണമേല്പ്പിച്ച മുറിവുമായി സാമൂതിരി കൊടുങ്ങല്ലൂരുള്ള പോര്‍ച്ചുഗീസ്സ് കോട്ട ഉപരോധിച്ചു.എന്നാല്‍ നാവികസേനാബലമില്ലാതിരുന്നതിനാല്‍ വിജയിച്ചില്ല.പിന്നെ അനേകകാലം കഴിഞ്ഞ് ആയിരത്തി അറുനൂറ്റി അറുപത്തിരണ്ടില്‍ ഡച്ചുകാരുടെ സഹായത്തോടെയാണ് കോട്ട കൈയ്യടക്കാന്‍ കഴിഞ്ഞത്.ആയിരത്തി അറുനൂറ്റി അറുപത്തിമൂന്ന് ജനുവരി ഏഴിനാണ് അവര്‍ കോട്ട ഉപേക്ഷിച്ചു പോയത്.ഫെബ്രുവരി പതിമൂന്നിന് കണ്ണൂര്‍ കോട്ടയും വിട്ടൊഴിഞ്ഞതോടെ കേരളത്തിലെ പോര്‍ച്ചുഗീസ്സ് അധ്യായം അവസാനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ