2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-30-കൊല്ലും കൊലവിളിയും പിന്നെ തലോടലും

മുപ്പത്
കൊല്ലും കൊലവിളിയും പിന്നെ തലോടലും
ഈശാനവര്‍മ്മന്‍റെ കാലശേഷം നൃപരാമന്‍ രാജാവായി. ഈശാനന് ചോളരാജകുമാരിയില്‍ ജനിച്ച പുത്രനായിരുന്നു നൃപരാമന്‍.നൃപരാമന്‍ ചെറുപ്പത്തിലെ മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത ചന്ദ്രവര്‍മ്മന്‍ തുടര്‍ന്ന് രാജാവായെങ്കിലും അധികം കഴിയാതെ അയാളും മരിച്ചു. ഈ സാഹചര്യത്തില്‍ ഈശാനവര്‍മ്മന്‍ ചേദി രാജകുമാരിയില്‍ ജനിച്ച പുത്രന്‍ പാലകനെ വരുത്തി മൂഷികരാജാവാക്കി. പാലകന്‍ കുറെകാലം സമാധാനമായി രാജ്യം ഭരിച്ചു. പാലകന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ മരുമകനായ വലിധരന്‍ രാജാവായി. അങ്ങിനെ പത്താം നൂറ്റാണ്ടില്‍ മൂഷിക രാജവംശം മരുമക്കത്തായം സ്വീകരിച്ചു.
വലിധരന്‍റെ കാലത്ത് മൂഷിക രാജ്യത്തെ ഗംഗന്മാര്‍ ആക്രമിച്ചു. വലിധരന്‍ അവരെ തോല്പ്പിച്ചു. വലിധരന് ശേഷം മരുമക്കളായ രിപുരാമനും വിക്രമരാമനും രാജ്യഭാരമേറ്റു. അവരെ തുടര്‍ന്ന് ജനമണിയും സംഘവര്‍മ്മനും രാജാവായി. ജനമണി രണ്ടാമനെ തുടര്‍ന്നു വന്ന വല്ലഭന്‍ ശക്തനും ഭരണനിപുണനുമായിരുന്നു. പിന്നീട് നൃപവര്‍മ്മനും കുന്ദവര്‍മ്മനും രാജാധികാരമേറ്റു. കുന്ദവര്‍മ്മന്‍ വിഷ്ണുഭക്തനായിരുന്നു. അദ്ദേഹമാണ് നാരായണപുരം സ്ഥാപിച്ചത്. കുന്ദവര്‍മ്മനെ തുടര്‍ന്ന് പാലകന്‍ രണ്ടാമന്‍ രാജാവായി. പക്ഷെ അദ്ദേഹം അധികകാലം ജീവിച്ചില്ല. പിന്നീട് രിപുരാമന്‍ രണ്ടാമന്‍ രാജാവായി. അദ്ദേഹത്തെ തുടര്‍ന്ന് ഗംഭീരനും സഹോദരനുമായ ജനമണി മൂന്നാമന്‍ അധികാരമേറ്റു. ജനമണിയുടെ മരുമക്കളായ വലഭന്‍ രണ്ടാമനും ശ്രീകണ്ഠനുമായിരുന്നു തുടര്‍ന്ന് രാജ്യം ഭരിച്ചത്. ചോളന്മാര്‍ കേരളരാജ്യം ആക്രമിച്ചപ്പോള്‍ ജനമണി , വല്ലഭന്‍റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സഹായത്തിനായി അയച്ചു. എന്നാല്‍ പിതാവിന്‍റെ മരണ വാര്‍ത്തയറിഞ്ഞ് വല്ലഭന്‍ പാതിവഴിയില്‍ തിരിച്ചുപോയി. വളപട്ടണത്ത് തുറമുഖം നിര്‍മ്മിച്ചതും വല്ലഭനാണ്. അതിനാല്‍ അവിടം വല്ലഭപട്ടണം എന്നറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ  ഭരണകാലം സുശോഭനമായിരുന്നു. സാഹിത്യപോഷണത്തിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വല്ലഭന്‍ ദീര്‍ഘകാലം ഭരണം നടത്തി.തുടര്‍ന്ന് ശ്രീകണ്ഠന്‍ രാജാവായി. മൂഷികവംശ കര്‍ത്താവായ അതുലന്‍ ശ്രീകണ്ഠസദസ്സിലെ കവിയായിരുന്നു.
രസകരമായ ചില സംഗതികള്‍ കൂടി നീ അറിയേണ്ടതുണ്ട്, പ്രഹ്ളാദ, മറ്റേതെങ്കിലും തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ കാലാവസ്ഥയുടെ പ്രാതികൂല്യം നിമിത്തമോ മറ്റോ എലിനാട്ടിലെ അഴിമുഖങ്ങളില്‍ അടുക്കുവാന്‍ ഇടവരുകയാണെങ്കില്‍ ഈ നാട്ടുകാര്‍ ആ കപ്പലിലെ എല്ലാ വസ്തുക്കളും കൊള്ളചെയ്തെടുക്കുമായിരുന്നു. മറ്റേതോ തുറമുഖം ലക്ഷ്യമാക്കിവന്ന ഒരു കപ്പലിനെ ദൈവമാണ് തങ്ങളുടെ തീരത്ത് അടുപ്പിച്ചതെന്ന് അവര്‍ വാദിച്ചിരുന്നു.എന്നാല്‍ തങ്ങളുടെ തുറമുഖത്തേക്ക് വരുന്ന കപ്പലുകളെ ആദരവോടെ സ്വീകരിക്കകയും ചെയ്തുവന്നു.ക്രമേണ എലിനാട്ടില്‍ നല്ലൊരു തുറമുഖമുണ്ടായി. ആയിരത്തി നാനൂറ്റി ഇരുപത്തിമൂന്ന് മുതല്‍ നാല്പ്പത്തിയാറുവരെ കോലത്തിരി വാണ കേരളവര്‍മ്മന്‍ വലിയൊരു കലാനിക്ഷേപകനും സാഹിത്യതത്പ്പരനുമായിരുന്നു.അദ്ദേഹത്തിന്‍റെ മരുമകനായ രാമവര്‍മ്മനാണ് ഭാരതസംഗ്രഹം എന്ന കൃതി രചിച്ചത്. പെരിഞ്ചല്ലൂര്‍ ശിവക്ഷേത്രത്തില്‍ ചൈത്രോത്സവ കാലത്ത് നാടകങ്ങള്‍ അരങ്ങേറുന്ന പതിവ് ഏര്‍പ്പെടുത്തിയതും കേരളവര്‍മ്മനാണ്.
യുധിഷ്ടിരവിജയത്തിന് പദാര്‍ത്ഥചിന്തനം എന്ന വ്യാഖ്യാനമെഴുതിയ രാഘവനും കൃഷ്ണവിജയ കാവ്യകര്‍ത്താവായ ശങ്കരനും അദ്ദേഹത്തിന്‍റെ സദസ്യരായിരുന്നു. ആയിരത്തി നാനൂറ്റി നാല്പ്പത്തിയാറു മുതല്‍ നാനൂറ്റി എഴുപത്തിയഞ്ച് വരെ ഭരണം നടത്തിയത് ചെറുശ്ശേരിയുടെ പുരസ്ക്കര്‍ത്താവായ ഉദയവര്‍മ്മനാണ്. കൃഷ്ണഗാഥയില്‍ തുളുമ്പി നില്ക്കുന്ന നര്‍മ്മരസവും പ്രസാദാന്മകമായ അന്തരീക്ഷവും ആ കാലഘട്ടത്തിന്‍റെ പ്രതിഫലനങ്ങളാണ്. ഇദ്ദേഹത്തെ തുടര്‍ന്ന് രാജാവായ രവിവര്‍മ്മനാണ് ഉദയവര്‍മ്മചരിതം രചിച്ചത്. ആയിരത്തി നാനൂറ്റി തൊണ്ണൂറ്റിഎട്ടില്‍ കോഴിക്കോട്ടെത്തിയ പോര്‍ച്ചുഗീസ് വ്യാപാരി വാസ്കോഡഗാമ മടക്കയാത്രക്കിടെ കോലത്തിരിയുമായി ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹം ഗാമയെ സഹര്‍ഷം സ്വാഗതം ചെയ്യുകയും വ്യാപാരത്തിനുള്ള എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. സാമൂതിരിയോട് വൈരാഗ്യത്തിലായിരുന്ന കോലത്തിരി കണ്ണൂര്‍ തുറമുഖത്തുനിന്നുള്ള വ്യാപാരത്തിന്‍റെ കുത്തകാവകാശം തന്നെ പോര്‍ച്ചുഗീസുകാര്‍ക്ക് നല്കി. ആയിരത്തിയഞ്ഞൂറില്‍ കുബ്രാളിന്‍റെ നേതൃത്വത്തില്‍ വന്ന പോര്‍ച്ചുഗീസ് വ്യൂഹം കൊച്ചിയുമായിട്ടാണ് അടുത്ത ബന്ധം പുലര്‍ത്തിയത്.കോലത്തിരി അവരെയും ക്ഷണിച്ചുകൊണ്ടുവന്ന് കച്ചവടസൌകര്യം ഒരുക്കിക്കൊടുത്തു. നൂറ്റാണ്ടുകളായി കണ്ണൂരില്‍ കച്ചവടം നടത്തിയിരുന്ന അറബികള്‍ക്ക് ഇതൊട്ടും ഇഷ്ടപ്പെട്ടില്ല. ആയിരത്തി അഞ്ഞൂറ്റി രണ്ടില്‍ ഗാമയും സംഘവും വീണ്ടും വന്നു.കോഴിക്കോടുമായി വ്യാപാരം നടത്തിയിരുന്ന മുസ്ലീം കച്ചവടക്കാരെ വളരെയേറെ ദ്രോഹിച്ചതിന് ശേഷം കണ്ണൂരെത്തിയ സംഘത്തെ കോലത്തിരി അഭിനന്ദനപൂര്‍വ്വം സ്വീകരിച്ചു.കണ്ണൂരില്‍ ഒരു പണ്ഡകശാല നിര്‍മ്മിക്കുവാന്‍ അനുമതിയും നല്കി. കൊച്ചിയിലെ അതേ വിലയ്ക്ക് കുരുമുളക് നല്കാനും സമ്മതിച്ചു. പത്ത് നായര്‍ കാവല്ക്കാരെ പോര്‍ച്ചുഗീസ്സുകാര്‍ക്ക് വിട്ടുകൊടുത്തു. ഇരുനൂറു പോര്‍ച്ചുഗീസ്സുകാരെ കണ്ണൂരില്‍ നിര്‍ത്തിയശേഷമാണ് ഗാമ തിരിച്ചുപോയത്. ആയിരത്തി അഞ്ഞൂറ്റി മൂന്നില്‍ പോര്‍ച്ചുഗീസ്സ് കപ്പിത്താന്‍ ആല്‍ബുക്കര്‍ക്കും കോലത്തിരിയുടെ അതിഥിയായി കണ്ണൂരില്‍ എത്തിയിരുന്നു.ആയിരത്തി അഞ്ഞൂറ്റിയഞ്ചില്‍ പൂര്‍വ്വേന്ത്യാ പ്രദേശങ്ങളിലെ ആദ്യത്തെ പോര്‍ച്ചുഗീസ്സ് വൈസ്രോയിയായ ഫ്രാന്‍സിസി കോ ഡ അല്‍മേഡ കണ്ണൂരിലെത്തി. കോലത്തിരിയുടെ അനുമതിയോടെ സെന്‍റ് ആഞ്ചലോ കോട്ട നിര്‍മ്മിച്ചു. ലോറന്‍സോ ഡി ബ്രിട്ടോ എന്ന സൈന്യാധിപനെയും നൂറ്റിയന്‍പത് ഭടന്മാരെയും രണ്ട് കപ്പലുകളെയും കോട്ട സംരക്ഷണത്തിനായി ചുമതലപ്പെടുത്തി. അയിരത്തി അഞ്ഞൂറ്റിയാറില്‍ കണ്ണൂര്‍ കേന്ദ്രമാക്കിക്കൊണ്ട് പോര്‍ച്ചുഗീസ്സുകാര്‍ സാമൂതിരിയുടെ ഒരു സേനാവ്യൂഹത്തെ തോല്‍പ്പിച്ചു. ഇതോടെ ഇന്ത്യാ സമുദ്രത്തില്‍ പോര്‍ച്ചുഗീസ്സുകാര്‍ ഗണനീയമായ ഒരു നാവികശക്തിയായി ഉയര്‍ന്നു. ഈ കാലത്തുതന്നെ കോലത്തിരി മരിച്ചു. പിന്നീട് വന്ന കോലത്തിരിയും സാമൂതിരിയുമായി നല്ല ബന്ധത്തിലായി. പോര്‍ച്ചുഗീസ്സുകാരുടെ അനീതിയും അക്രമവും കോലത്തിരിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു. പോര്‍ച്ചുഗീസ്സുകാരുടെ പാസ്സ് കൂടാതെ ഇന്ത്യാസമുദ്രത്തില്‍ യാതൊരു കപ്പലുകളും സഞ്ചരിക്കുന്നതിന് അവര്‍ അനുവദിച്ചിരുന്നില്ല. പോര്‍ച്ചുഗീസ്സുകാരുടെ സുഹൃത് രാജ്യങ്ങളായിരുന്ന കൊച്ചിയുടെയും കോലത്തിരിയുടെയും കപ്പിത്താന്മാര്‍ നല്കുന്ന പാസ്സുകള്‍ പോലും അവര്‍ വകവച്ചില്ല. കോലത്തിരിയുടെ അധീനത്തിലിരുന്ന ലക്ഷദ്വീപുമായും കുതിരകളെ വാങ്ങുന്നതിനുവേണ്ടി ഗുജറാത്തുമായും കോലത്തിരിയുടെ കപ്പല്‍ക്കാര്‍ നടത്തിയിരുന്ന വ്യാപാരത്തെപോലും പോര്‍ച്ചുഗീസ്സുകാരുടെ ഈ നയം ശല്യപ്പെടുത്തി.കണ്ണൂര്‍ തീരത്തുവച്ചുതന്നെ കോലത്തിരിയുടെ കപ്പിത്താന്‍റെ പാസ്സുണ്ടായിരുന്ന ഒരു ചരക്ക് കപ്പല്‍ പോര്‍ച്ചുഗീസ്സുകാര്‍ കൊള്ളയടിച്ചു. ഇത് ജനങ്ങളെ രോഷാകുലരാക്കി. ഇതോടെ കോലത്തിരി പോര്‍ച്ചുഗീസ്സ് സൌഹൃദം പൂര്‍ണ്ണമായി ഉപേക്ഷിച്ചു.
പോര്‍ച്ചുഗീസ്സുകാരുടെ കോട്ട കോലത്തിരിയുടെ നായന്മാര്‍ വളഞ്ഞു. സാമൂതിരിയുടെ സഹായവും കിട്ടി. എന്നാല്‍ ആ ജീവന്മരണ പോരാട്ടം നാലുമാസത്തോളം നീണ്ടു. അപ്പോഴേക്കും ഡി കുഞ്ഞയുടെ നേതൃത്വത്തില്‍ പതിനൊന്ന് പുതിയ കപ്പലുകള്‍ യൂറോപ്പില്‍ നിന്നെത്തി. അവര്‍ വിജയിച്ചു. കോലത്തിരി ഉപരോധം അവസാനിപ്പിച്ചു. എന്നുമാത്രമല്ല അവര്‍ ആവശ്യപ്പെട്ട ഒത്തുതീര്‍പ്പുകള്‍ സമ്മതിക്കുകയും ചെയ്തു. ആയിരത്തി അഞ്ഞൂറ്റിയാറിലാണ് ആല്‍ബുക്കര്‍ക്ക് പോര്‍ച്ചുഗീസ് വൈസ്രോയിയായി സ്ഥാനമേറ്റത്. ആയിരത്തി അഞ്ഞൂറ്റി പത്തില്‍ അദ്ദേഹം കണ്ണൂരില്‍ വച്ച് ഒരു ഡര്‍ബാര്‍ നടത്തി. ഇതില്‍ കോലത്തിരിയും അദ്ദേഹത്തിന്‍റെ മന്ത്രി മുഖ്യനായ ചേനച്ചേരി കുറുപ്പും പങ്കെടുത്തിരുന്നു. ആല്‍ബുക്കര്‍ക്കിന്‍റെ കാലത്ത് കോലത്തിരിയും പോര്‍ച്ചുഗീസുകാരും സൌഹൃദത്തില്‍ കഴിഞ്ഞു. സാമൂതിരിയുമായി പോര്‍ച്ചുഗീസുകാര്‍ സൌഹൃദമുണ്ടാക്കിയത് മാത്രമാണ് കോലത്തിരിയെ അസ്വസ്ഥനാക്കിയ സംഭവം.
പ്രഹ്ളാദ,തുടര്‍ന്നുവന്ന വൈസ്രോയിമാരെല്ലാം തന്നെ തീരെ പരുക്കന്മാരായിരുന്നു. അവര്‍ മിത്രങ്ങളെയെല്ലാം പിണക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. ഒടുവില്‍ ആയിരത്തി അഞ്ഞൂറ്റി ഇരുപത്തിനാലില്‍ വീണ്ടും വാസ്കോഡ ഗാമയെ വീണ്ടും വൈസ്രോയിയായി നിയമിച്ചു. അദ്ദേഹത്തിന്‍റെ സൌഹൃദം നിലനിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും കോലത്തിരി തയാറായിരുന്നു. അത് ഗാമ മുതലാക്കി. കണ്ണൂരില്‍ അന്നത്തെ പ്രമുഖ കച്ചവടക്കാരന്‍ ആലിരാജയുടെ ബന്ധു വലിയ ഹസ്സനായിരുന്നു.വലിയ ഹസ്സന്‍ ജീവിച്ചിരിക്കുന്നിടത്തോളം കച്ചവടത്തില്‍ പോര്‍ച്ചുഗീസ്സുകാര്‍ക്ക് മേല്ക്കോയ്മ കിട്ടില്ലെന്ന് ഗാമ മനസ്സിലാക്കി.വലിയ ഹസ്സനെ പിടിച്ചുകൊടുക്കണമെന്ന ആവശ്യം കോലത്തിരി അംഗീകരിക്കുകയും പിടിച്ചു നല്കുകയും ചെയ്തു. കണ്ണൂര്‍ കോട്ടയില്‍ വച്ച് ഗാമ അയാളെ വധിച്ചു. കോലത്തിരിയുടെ ഈ കാപട്യവും ചതിയും അറബികളെയും മുസ്ലീങ്ങളെയും രാജാവിന്‍റെ ശത്രുക്കളാക്കി.കേരളത്തിലെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഒന്‍പതാണ്ട് നിലനിന്ന ഉറ്റ സൌഹൃദം ഇതോടെ ഇല്ലാതായി.
തുടര്‍ന്ന് കലാപങ്ങളും യുദ്ധങ്ങളും തന്നെയായിരുന്നു പ്രഹ്ളാദ. അറബികള്‍ കോലത്തിരിയുമായുള്ള സൌഹൃദം അവസാനിപ്പിച്ചു. ധര്‍മ്മപട്ടണത്ത് അറയ്ക്കല്‍ രാജയില്‍ അവര്‍ വിശ്വാസവും കൂറും അര്‍പ്പിച്ചു. അറയ്ക്കല്‍  രാജയും കോലത്തിരിയും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇത് കാരണമായി. ഈ അവസരം ഉപയോഗിച്ച് ആയിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ചില്‍ പോര്‍ച്ചുഗീസ്സുകാര്‍ ധര്‍മ്മപട്ടണവും മാഹിയും ആക്രമിച്ച് വന്‍പിച്ച നാശനഷ്ടങ്ങള്‍ വരുത്തി. പോര്‍ച്ചുഗീസ്സുകാര്‍ ലക്ഷദ്വീപുകളെയും വെറുതെ വിട്ടില്ല. ലക്ഷദ്വീപുകള്‍ കോലത്തിരിക്ക് കൈവശം വയ്ക്കാം ,പക്ഷെ അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ലക്ഷദ്വീപിലെ കയര്‍ നല്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിറവേറ്റാന്‍ കഴിയില്ലെന്നും ദ്വീപുകള്‍ ഏറ്റെടുത്തുകൊള്ളാനും കോലത്തിരി പോര്‍ച്ചുഗീസ്സുകാര്‍ക്ക് നിര്‍ദ്ദേശം നല്കി. അവര്‍ അവിടെ നാല്പ്പത് പട്ടാളക്കാരെ നിര്‍ത്തുകയും ദ്വീപുകളിലേക്ക് ഇറക്കുമതി ചെയ്യുന്ന അരിയുടെ മേല്‍ ചുങ്കം പിരിക്കുകയും ചെയ്തു. മാത്രമല്ല,കോഴിക്കോട്ടേക്ക് അരി കയറ്റി പോകുന്നത് ഉപരോധിക്കുകയും ചെയ്തു.
ആയിരത്തി അഞ്ഞൂറ്റി നാല്പ്പത്തിരണ്ടില്‍ മാര്‍ട്ടിന്‍ അല്‍ഫോണ്‍സോ ഡിസൂസ പോര്‍ച്ചുഗീസ്സ് ഗവര്‍ണ്ണറായി. നല്പ്പത്തി രണ്ട് നാല്പ്പത്തിയഞ്ച് കാലത്ത് പല ക്ഷേത്രങ്ങളും അവര്‍ കൊള്ള ചെയ്തു. അറയ്ക്കല്‍ രാജാവിന്‍റെ രണ്ട് അടുത്ത ബന്ധുക്കളെ പോര്‍ച്ചുഗീസ്സുകാര്‍ കൊലപ്പെടുത്തുകയും ചെയ്തു. ഇതോടെ കോലത്തിരി പോര്ച്ചുഗീസ്സ് ബന്ധം ഉപേക്ഷിക്കുകയും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മാര്‍ട്ടിന് ശേഷം വന്ന ഡി കാസ്ട്രോ നിര്‍ബന്ധ മത പരിവര്‍ത്തനത്തിന് ശ്രമിച്ചത് സംഗതി കൂടുതല്‍ കുഴപ്പത്തിലാക്കി. കേരളത്തിലെ രാജാക്കന്മാര്‍ തമ്മില്‍ യോജിക്കാന്‍ ഇത് കാരണമായി. പോര്‍ച്ചുഗീസ്സുകാരെ എതിര്‍ത്തുവന്ന സാമൂതിരിയെയും കുഞ്ഞാലിമരയ്ക്കാരെയും അനുകൂലിക്കാന്‍ കോലത്തിരി തീരുമാനിച്ചു. ആയിരത്തി അഞ്ഞൂറ്റി നാല്പ്പതില്‍ പോര്‍ച്ചുഗീസ്സുകാരും സാമൂതിരിയും തമ്മിലുണ്ടാക്കിയ കരാര്‍ റദ്ദാക്കി സാമൂതിരിയും രംഗത്തുവന്നു.ആയിരത്തി അഞ്ഞൂറ്റി അന്‍പത്തിയെട്ടില്‍ കോലത്തിരി മരക്കാര്‍മാര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. ആയിരത്തി അഞ്ഞൂറ്റി അറുപത്തിനാലില്‍ കണ്ണൂര്‍ കോട്ട ഉപരോധിക്കുകയും പോര്‍ച്ചുഗീസ്സ് കപ്പലുകള്‍ നശിപ്പിക്കുകയും ചെയ്തു. യൂറോപ്പില്‍ നിന്നും പുതിയ നാവികസേന വന്നാണ് സമുദ്രാധിപത്യം തിരികെ പിടിച്ചത്. എങ്കിലും കോലത്തിരിയും സാമൂതിരിയും കുഞ്ഞാലിയും ചേര്‍ന്ന് പോര്‍ച്ചുഗീസ്സുകാരെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു.
അല്ല ഗുരോ ,ഇതൊരു കണക്കിന് അത്ഭുതമല്ലെ. വേണ്ടത്ര കരസേനയില്ലാതെ കുറേ മനുഷ്യര്‍ ദൂരെ നാട്ടില്‍ നിന്നുവന്ന് മറ്റു നാടുകളെ ഭരിക്കുക.
പ്രഹ്ളാദ,മനുഷ്യന്‍റെ അസൂയയും ദുരയും പരസ്പ്പരവിശ്വാസമില്ലായ്മയുമാണ് ഇതിനൊക്കെ കാരണം. ഒന്നിച്ച് കൈകോര്‍ത്താല്‍ ഒരു വിദേശിയും ആയുധവുമായി വരില്ലായിരുന്നു.പക്ഷെ ഒന്നിച്ചു നില്ക്കാനുള്ള മനസ്സുവേണം. തമ്മിലടിക്കാനുള്ള ത്വരയായിരുന്നു മുന്നില്‍, ഇന്നും അതൊക്കെതന്നെയാണ്  തുടരുന്നതും. കാലം മാറിക്കൊണ്ടേയിരുന്നു.യുദ്ധം മൂലം ക്ഷീണിതനായ കോലത്തിരി പോര്‍ച്ചുഗീസ്സുകാര്‍ക്കെതിരായ യുദ്ധത്തില്‍ നിന്നും വിരമിച്ചു. പിന്നീട് ഒരു നൂറ്റാണ്ട് പോര്‍ച്ചുഗീസ്സുകാര്‍ കണ്ണൂരില്‍ തുടര്‍ന്നെങ്കിലും ശക്തിഭദ്രമായ നിലയിലായിരുന്നില്ല. ആയിരത്തി അറുനൂറ്റി അറുപത്തിമൂന്നില്‍ ഡച്ചുകാര്‍ കണ്ണൂര്‍ കോട്ട പിടിച്ചു. തങ്കശ്ശേരിയും കൊച്ചിയും കൊടുങ്ങല്ലൂരും അവര്‍ പിടിച്ചു കഴിഞ്ഞിരുന്നു. ഡച്ചുകാര്‍ കണ്ണൂര്‍ കോട്ടയെ ഉപരോധിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ പോര്‍ച്ചുഗീസുകാര്‍ കീഴടങ്ങി.
ഡച്ചുകാരും കോലത്തിരിയും തമ്മില്‍ ആദ്യമൊക്കെ നല്ല സൌഹൃദമായിരുന്നു. കണ്ണൂര്‍ നഗരവും പരിസരവും കമ്പനി സ്വന്തമാക്കി  വച്ചു. കോലത്തിരിയുടെ സഹായത്തോടെ വ്യാപാരവും തുടര്‍ന്നുവന്നു. ഇതിനായി ഉണ്ടാക്കിയ ഉടമ്പടി വേണ്ടത്ര ഗുണപ്രദമല്ല എന്ന് ബത്തേരിയില്‍ നിന്നും നിര്‍ദ്ദേശമുണ്ടായതിനെത്തുടര്‍ന്ന് പുതിയ കരാറുണ്ടാക്കി. ഇതനുസരിച്ച് കണ്ണൂരിലെ കുരുമുളക് വ്യാപാരത്തിന്‍റെ കുത്തക ഡച്ചുകാര്‍ക്ക് ലഭിച്ചു. അറക്കല്‍ ആലി രാജയുമായും ഡച്ചുകാര്‍ മറ്റൊരു വ്യാപാരഉടമ്പടിയുണ്ടാക്കി. കോലത്തുനാട്ടില്‍ നിന്നും അറയ്ക്കല്‍ രാജ വാങ്ങുന്ന കുരുമുളകിനും ഏലത്തിനും പരിധി നിശ്ചയിച്ചു. ഈ ഉത്പ്പന്നങ്ങള്‍ കണ്ണൂര്‍ തുറമുഖം വഴി മാത്രമെ കയറ്റി അയയ്ക്കാവൂ എന്നും വ്യവസ്ഥചെയ്തു.
ഗുരോ,ഈ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെട്ടോ?”
പ്രഹ്ളാദ,വിദേശിയുടെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഒരു മടിയും കാട്ടാതിരുന്നതിനാല്‍ അവര്‍ തമ്മില്‍ യാതൊരു സംഘട്ടനവും ഉണ്ടായതുമില്ല.
ഡച്ചുകാര്‍ക്ക് പ്രാമുഖ്യം കൂടിയതോടെ കോലത്തിരിയെ അംഗീകരിച്ചിരുന്ന പല നാട്ടുരാജാക്കന്മാരും സ്വതന്ത്രനിലപാടെടുത്തു തുടങ്ങി.കോലത്തുനാട്  ചുരുങ്ങി. തെക്ക് കോട്ട നദി മുതല്‍ വടക്ക് മാഹി നദി വരെയായി കോലത്തുനാടിന്‍റെ അതിര്‍ത്തി. തലശ്ശേരി താലൂക്കിന്‍റെ ഭൂരിഭാഗം കോട്ടയം രാജാവിന്‍റെയും കണ്ണൂരും പരിസരവും ആലിരാജയുടെതുമായി. കവ്വായി നദിയുടെ വടക്കുള്ള പ്രദേശങ്ങള്‍ നീലേശ്വരം രാജാവിന്‍റെയും സ്വന്തമായി. ധര്‍മ്മടത്തിന് കിഴക്കുള്ള പോയനാട് അച്ചന്മാരും ഇരുവഴിനാട് പ്രദേശത്ത് ആറ് നമ്പ്യാര്‍ കുടുംബക്കാരും ഒരു നായര്‍ കുടുംബവും പ്രാദേശിക നാടുവാഴികളായി. മരുമക്കത്തായ സമ്പ്രദായത്തെ മറികടന്ന് സ്വന്തം ഭാര്യയ്ക്കും മക്കള്‍ക്കും ചില കോലത്തിരിമാര്‍ രാജ്യത്തിന്‍റെ ചില പ്രദേശങ്ങള്‍ വിട്ടുകൊടുത്തതുമൂലമാണ് പല നാടുവാഴികുടുംബങ്ങളും ഉദയം ചെയ്തത്. ഇതിനുപുറമെ പള്ളികോവിലകം,ഉദയമംഗലം കോവിലകം,ചിറക്കല്‍ കോവിലകം തുടങ്ങി വിവിധ ശാഖകളായി കോലത്തിരി രാജവംശം വിഭജിക്കപ്പെട്ടു.
പ്രഹ്ളാദ,പതിനേഴാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലാണ് ഇതൊക്കെ സംഭവിച്ചത് എന്നു നീ ഓര്‍ക്കണം. ഈ സമയം ചിറക്കല്‍ രാജാവിന്‍റെ അനുമതിയോടെ തലശ്ശേരിയില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഫാക്ടറി സ്ഥാപിച്ചു. തലശ്ശേരി അന്ന് അപ്രധാനമായ ഒരു ഗ്രാമമായിരുന്നു. ഉദയമംഗലം കോവിലകക്കാരും കറങ്ങോട്ട് നായരും ഇതിനെ എതിര്‍ക്കുകയും ഫാക്ടറിയില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ കോട്ട പണിതു. ആയിരത്തി എഴുനൂറ്റി എട്ട് ആഗസ്റ്റില്‍ ചിറക്കല്‍ രാജാവ് കോട്ടയിരിക്കും സ്ഥലം കമ്പനിക്ക് പതിച്ചുകൊടുത്തു. കുറങ്ങോട്ടുനായര്‍ തുടര്‍ന്നും കമ്പനിക്കാരെ ശല്യം ചെയ്തു. എന്നാല്‍ പ്രീണിപ്പിക്കാന്‍ മിടുക്കരായ കമ്പനി ആയിരത്തി എഴുനൂറ്റി പത്തൊന്‍പതില്‍ നായരുമായി ലോഹ്യം കൂടി. പ്രഹ്ളാദ,ഇങ്ങനെ അനേകം ലോഹ്യം കൂടലിലൂടെയാണ് അവര്‍ ഈ നാട് സ്വന്തമാക്കിയത്.
നായര്‍ക്ക് ഉള്ളുകൊണ്ട് അത്ര ഇഷ്ടമുണ്ടായിരുന്നില്ല. അങ്ങിനെയിരിക്കെ ഫ്രഞ്ചുകാര്‍ കച്ചവടത്തിനായി മലബാറിലെത്തി. ആയിരത്തി എഴുനൂറ്റി ഇരുപത്തിയഞ്ചില്‍ ബലം പ്രയോഗിച്ച് അവര്‍ മയ്യഴി കീഴടക്കി. ഇംഗ്ലീഷുകാര്‍ക്കത് ഇഷ്ടമായില്ല. രണ്ടുകൂട്ടരും മേധാവിത്വത്തിനുള്ള വടംവലി തുടങ്ങി. മാഹിക്കും തലശ്ശേരിക്കും ഇടയിലായിരുന്നു കുറങ്ങോട്ടു നായരുടെ ഇത്തിരിപോന്ന സാമ്രാജ്യം. നായര്‍ ഫ്രഞ്ചുകാര്‍ക്കൊപ്പം ചേര്‍ന്ന് ഇംഗ്ലീഷുകാരുടെ ഔട്ട്പോസ്റ്റ് ആക്രമിച്ചു. ഇരുഭാഗത്തും കുറച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും തന്ത്രശാലികളായ ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങുകയും ആയിരത്തി എഴുനൂറ്റി ഇരുപത്തിയെട്ടില്‍ ഫ്രഞ്ചുകാരുമായി സമാധാനക്കരാര്‍ ഒപ്പിടുകയും ചെയ്തു. അതവര്‍ക്ക് ഒരനിവാര്യതയായിരുന്നു. കാരണം കണ്ണൂര്‍ സെന്‍റ് ആഞ്ചലോ കോട്ടയില്‍ നിന്ന് ഡച്ചുകാര്‍ ഇംഗ്ലീഷുകാര്‍ക്ക് വേണ്ടത്ര ഉപദ്രവം ചെയ്യുന്നുണ്ടായിരുന്നു. രണ്ട് ശത്രുക്കളെ താങ്ങാന്‍ കഴിയാത്ത അവസ്ഥ. ധര്‍മ്മപട്ടണത്തെ ആലിരാജാവായിരുന്നു ഡച്ചുകാര്‍ക്ക് കൂട്ട്. ഇംഗ്ലീഷുകാര്‍ കോട്ടയം രാജാവിനെ കൂട്ടുപിടിക്കുകയും ആലിരാജയെ ധര്‍മ്മപട്ടണത്തുനിന്നും തുരത്താന്‍ ചിറക്കല്‍ രാജാവിന് ആയുധവും ധനവും നല്കുകയും ചെയ്തു. കോട്ടയം ചിറക്കല് രാജാക്കന്മാരും ഇംഗ്ലീഷുകാരും ഒരു വശത്തും ആലിരാജയും ഫ്രഞ്ചുകാര്‍ മറുവശത്തുമായി യുദ്ധം നടന്നു. നൂറ്റാണ്ടുകളായി സൌഹാര്‍ദ്ദത്തില്‍ കഴിഞ്ഞ ഹിന്ദു മുസ്ലിം സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്ത്താന്‍ ഇത് കാരണമായി. ചേരി തിരിഞ്ഞുനിന്ന പൌരപ്രധാനികള്‍ തമ്മില്‍ കണ്ടാല്‍ ലഹളകൂടുന്ന അവസ്ഥ സംജാതമായി. ഹിന്ദു മുസ്ലിം മൈത്രിയാണ് ഇന്ത്യയുടെ ശക്തിയെന്നും ഇത് തകര്‍ത്താലെ അധികാരത്തില്‍ തുടരാന്‍ കഴിയൂ എന്നും ഇംഗ്ലീഷുകാര്‍ ആദ്യം മനസ്സിലാക്കിയത് ഈ മലബാര്‍ മണ്ണിലാണ് പ്രഹ്ളാദ.
അവര്‍ അത് നൂറ്റാണ്ടുകളോളമുള്ള ഭരണത്തിന് ആയുധമാക്കി-ല്ലെ ഗുരോ
അതെ,പ്രഹ്ളാദ,വിദേശികള്‍ പരസ്പ്പരം ഇടിക്കുന്ന ആടുകളുടെ ചോര കുടിക്കുന്ന ചെന്നായ്ക്കളായി മാറുകയായിരുന്നു. ആയിരത്തി എഴുനൂറ്റി മുപ്പത്തിരണ്ടില്‍ തെക്കന്‍ കര്‍ണ്ണാടകത്തിലെ സോമശേഖര നായക് കോലത്തുനാട് ആക്രമിച്ചു. കര്‍ണ്ണാടക സേന വളര്‍പട്ടണം നദി കടന്ന് കണ്ണൂരിന്‍റെ നേര്‍ക്കടുത്തു. ചിറക്കല്‍ രാജാവിന്‍റെയും കര്‍ണ്ണാടക രാജാവിന്‍റെയും സൈന്യങ്ങള്‍ ഏറ്റുമുട്ടി നഷ്ടങ്ങളോടെ പിന്മാറി. ഈ സമയം ധര്‍മ്മപട്ടണം സ്വന്തമാക്കാന്‍ ബ്രിട്ടീഷകാര്‍ കരുനീക്കി. ആയിരത്തി എഴുനൂറ്റി മുപ്പത്തിനാലില്‍ ചിറക്കല്‍ രാജാവ് ധര്‍മ്മപട്ടണം ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു.ധര്‍മ്മപട്ടണത്തിനുമേല്‍ അറക്കല്‍ ബീവിക്കുള്ള അവകാശവാദങ്ങളും ഇംഗ്ലീഷുകാര്‍ വിടര്‍ത്തിയെടുത്തു. കോട്ടയം രാജാവ് മാത്രം അവരുടെ അവകാശം ഉപേക്ഷിക്കാന്‍ സന്നദ്ധനായില്ല. എന്നാല്‍ ആയിരത്തി എഴുനൂറ്റി മുപ്പത്തിയഞ്ചില്‍ കര്‍ണ്ണാടക സേന അഞ്ചരക്കണ്ടി പുഴ കടന്നപ്പോള്‍ കോട്ടയം രാജാവും ധര്‍മ്മപട്ടണം ഇംഗ്ലീഷ് അധീനതയില്‍ നിര്‍ത്താന്‍ സമ്മതിച്ചു. ഉടനെ ഇംഗ്ലീഷുകാര്‍ കര്‍ണ്ണാടക സേനയ്ക്ക് അന്ത്യശാസനം നല്കുകയും അവര്‍ ധര്‍മ്മപട്ടണത്തുനിന്നും പിന്‍വാങ്ങുകയും ചെയ്തു.
തുടര്‍ന്നും  വിദേശികള്‍‌  സംഘട്ടനം തുടര്‍ന്നു—ല്ലെ ഗുരോ.”
അതെ,പ്രഹ്ളാദ,കര്‍ണ്ണാടകക്കാരുമായി കവ്വായി പുഴയ്ക്ക് വടക്കുവച്ചുണ്ടായ യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ ജയിച്ചു.പക്ഷെ മയ്യഴിയിലെ ഫ്രഞ്ചുകാരുടെ ശല്യം തുടര്‍ന്നുവന്നു. യൂറോപ്പിലും ആയിരത്തി എഴുനൂറ്റി നാല്പ്പത്തിനാലില്‍ ഇംഗ്ലണ്ട് ഫ്രാന്‍സ് യുദ്ധം ആരംഭിച്ചിരുന്നു. ആദ്യമൊക്കെ ഫ്രാന്‍സിനായിരുന്നു ജയം. ഈ സമയം അവര്‍ തലശ്ശേരി പിടിക്കുമോ എന്ന ഭയവും ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്നു. ഒരു ഫ്രഞ്ച് നാവികസേന മലബാര്‍ തീരം വഴി പോവുകയും ചെയ്തു. എന്നാല്‍ ആയിരത്തി എഴുനൂറ്റി നാല്പ്പത്തിയെട്ട് ആയപ്പോഴേക്കും സ്ഥിതി മാറിമറിഞ്ഞു. വിജയം ഇംഗ്ലീഷുകാര്‍ക്കായി. ഒരു ഇംഗ്ലീഷ് കപ്പലും മലബാറിലെത്തി. ഇത് ആയിരത്തി എഴുനൂറ്റി നാല്പ്പത്തിയൊന്‍പതിലായിരുന്നു. ഈ സമയം യൂറോപ്പില്‍ സമാധാനം സ്ഥാപിക്കപ്പെട്ടതിനാല്‍ മലബാറിലും സ്ഥിതി ശാന്തമായി,” ഗുരു പറഞ്ഞു.
ശരിക്കും ഫ്രഞ്ചുകാരെ ഓടിക്കയായിരുന്നോ ഇംഗ്ലീഷുകാരുടെ പ്രഥമ ലക്ഷ്യം.
അതുതന്നെയായിരുന്നു അവരുടെ ഉദ്ദേശം. ഒപ്പം തന്നെ പ്രാദേശികമായി ഭരണത്തില്‍ ഇടപെടാനും തുടങ്ങിയിരുന്നു. ചിറക്കല്‍ രാജാവായ ഉദയവര്‍മ്മന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിരാമവര്‍മ്മ രാജാവായി. അദ്ദേഹത്തെ മാറ്റി ഇംഗ്ലീഷുകാര്‍ക്കനുകൂലിയായ ഒരു രാജാവിനെ വാഴിക്കാന്‍ അവര്‍ കുതന്ത്രങ്ങള്‍ നടത്തി. കുഞ്ഞിരാമവര്‍മ്മയും കോട്ടയം രാജാവും കടത്തനാട്ട് രാജാവും ചേര്‍ന്നുകൊണ്ട് ആയിരത്തി എഴുനൂറ്റി അന്‍പത്തിയൊന്നില്‍ തലശ്ശേരി ആക്രമിച്ചു. ഇംഗ്ലീഷുകാര്‍ തോല്ക്കുമെന്നായപ്പോള്‍ അവര്‍ കോട്ടയം രാജാവിനെ സ്വാധീനിച്ച് സമാധാന സന്ധി ഏര്‍പ്പാടാക്കി. അന്‍പതിനായിരം രൂപ കുഞ്ഞിരാമ വര്‍മ്മയ്ക്കും പതിനായിരം രൂപ കോട്ടയം രാജാവിനും കൊടുത്ത് ബ്രിട്ടീഷുകാര്‍ യുദ്ധം അവസാനിപ്പിച്ചു.
ആത്മാഭിമാനം പണയപ്പെടുത്തി കാര്യം നേടാന്‍ ഈ ഇംഗ്ലീഷുകാര്‍ക്ക് ഒരു മടിയുമില്ല- ല്ലെ ഗുരോ
അതെ പ്രഹ്ളാദ, ഇതിന് അടവുനയം എന്നു പറയും.ഫ്രഞ്ചുകാരെ തുരത്തുക എന്നതായിരുന്നു ഇംഗ്ലീഷുകാരുടെ പ്രഥമ ലക്ഷ്യം. അവര്‍ നീലേശ്വരം രാജാവിനെ സ്വാധീനിച്ച് മട്ടലായിലുള്ള ഫ്രഞ്ച് ഔട്ട്പോസ്റ്റിന് നേരെ ആക്രമണം നടത്തിച്ചു. ആയിരത്തി എഴുനൂറ്റി അന്‍പത്തിയാറില്‍ വീണ്ടും ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മില്‍ യുദ്ധം തുടങ്ങി.ആയിരത്തി എഴുനൂറ്റിയറുപത് ഡിസംബറില്‍ നാല് ഇംഗ്ലീഷ് കപ്പലുകള്‍ സൈന്യങ്ങളോടുകൂടി തലശ്ശേരിയില്‍ എത്തി. ആയിരത്തി എഴുനൂറ്റി അറുപത്തി ഒന്ന് ജനുവരിയില്‍ പുതുശ്ശേരിയും ഫെബ്രുവരിയില്‍ മാഹിയും ഇംഗ്ലീഷുകാര്‍ കീഴടക്കി.മറ്റ് ഫ്രഞ്ചുകോട്ടകള്‍ കീഴടക്കി തകര്‍ത്തു. തുടര്‍ന്ന് പാരീസില്‍ വച്ച് ഇംഗ്ലണ്ടും ഫ്രാന്‍സും സമാധാന ഉടമ്പടി ഒപ്പിട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ മാഹി ഫ്രഞ്ചുകാര്‍ക്ക് വിട്ടുകൊടുത്തു.
 കൊല്ലും കൊലവിളിയും പിന്നെ ഔദാര്യവും –ല്ലെ ഗുരോ
പ്രഹ്ളാദ,മനുഷ്യ സംസ്ക്കാരം തന്നെ മൊത്തത്തില്‍ അങ്ങിനെയാണ്. യൂറോപ്പുകാരെക്കാള്‍ ഒട്ടും മെച്ചമായിരുന്നില്ല നാട്ടുകാരും. ആയിരത്തി എഴുനൂറ്റി അറുപത്തിമൂന്നിലാണ് ഹൈദരാലി മൈസൂര്‍ സുല്‍ത്താനായത്. ഇംഗ്ലീഷുകാരുമായും കോലത്തിരിയുമായും വഴക്കിലായിരുന്ന ആലിരാജ ഹൈദരാലിയെ മലബാറിലേക്ക് ക്ഷണിച്ചു. ചിറക്കല്‍ രാജാവുമായി അസുഖത്തിലായിരുന്ന വടക്കന്‍ പ്രദേശങ്ങളുടെ റീജന്‍റ് കാപ്പുത്തമ്പുരാനും കൂട്ടിനുണ്ടായി. മലബാറിനെ ആക്രമിക്കാന്‍ ഉദ്ദേശമിട്ടു നിന്ന ഹൈദരാലിക്ക് ഈ ക്ഷണം ഒരനുഗ്രഹമായി. യുദ്ധം ചെയ്യാന്‍ ഒരു കാരണവും കണ്ടെത്തി. അതിങ്ങനെയാണ്. കര്‍ണ്ണാടക രാജാവിന് കോലത്തിരി രണ്ടു ലക്ഷം പഗോഡ നഷ്ടപരിഹാരം നല്‍കാനുണ്ടായിരുന്നു. ബെദന്തര്‍ ആക്രമിച്ച് കീഴടക്കിയ ഹൈദര്‍ കര്‍ണ്ണാടക രാജാവിന്‍റെ അനന്തരഗാമി എന്ന നിലയിലാണ് ആ തുക ആവശ്യപ്പെട്ടത്. കോലത്തിരി അത് നിരസിച്ചതോടെ യുദ്ധത്തിന് ഒരു കാരണം കിട്ടി. ആയിരത്തി എഴുനൂറ്റി അറുപത്തിയാറ് ഫെബ്രുവരിയില്‍ ഹൈദരുടെയും ആലിരാജയുടെയും സംയുക്തസൈന്യം കോലത്തുനാട്ടിലേക്ക് കടന്നു. യുദ്ധത്തില്‍ ചിറക്കല്‍ രാജാവ് കൊല്ലപ്പെട്ടു. ആലിരാജാവും സൈന്യവും കൊട്ടാരത്തില്‍ പ്രവേശിച്ചപ്പോള്‍ രാജകുടുംബാംഗങ്ങള്‍ തലശ്ശേരിയില്‍ അഭയം പ്രാപിക്കുകയും അവിടെനിന്നും തിരുവിതാംകൂറിലേക്ക് രക്ഷപെടുകയും ചെയ്തു. തുടര്‍ന്ന് ഹൈദര്‍ മലബാറിനെ വെട്ടുകിളി കയറിയ പാടം പോലെയാക്കി. കോട്ടയം കീഴടക്കി കടത്താനാടെത്തി. അവിടെ നായന്മാര്‍ കടുത്ത എതിര്‍പ്പ് നടത്തി. മാഹിപുഴ കടക്കാന്‍ അവര്‍ നന്നെ പാടുപെട്ടു. എന്നാല്‍ തന്ത്രവൈദഗ്ധ്യത്തോടെ ഹൈദര്‍ പുഴ കടന്ന് മുന്നോട്ടുനീങ്ങി. കടത്തനാടന്‍ സേന ഛിന്നഭിന്നമായി  പിന്‍തിരിഞ്ഞോടി. കുറുമ്പ്രനാട് അക്രമിച്ചു കീഴടക്കി കോഴിക്കോടും കീഴടക്കിയശേഷം അയാള്‍ കോയമ്പത്തൂര്‍ക്ക് മടങ്ങി. ആയിരത്തി എഴുനൂറ്റി അറുപത്തിയാറ് ജൂണില്‍ കോട്ടയത്തേയും കടത്തനാട്ടിലേയും രാജാക്കന്മാര്‍ ഹൈദരുടെ അധികാരത്തെ ചോദ്യം ചെയ്തു. വിവരമറിഞ്ഞ് മലബാറിലെത്തിയ ഹൈദര്‍ ലഹളയമര്‍ത്തി. ആയിരത്തി എഴുനൂറ്റി അറുപത്തിയെട്ടില്‍ കപ്പം നല്കാന്‍ സമ്മതിച്ച രാജാക്കന്മാരെ ഹൈദര്‍ പനഃര്‍വാഴിച്ചു. ചിറക്കല്‍ സ്വരൂപം മാത്രം ആലിരാജയുടെ മേല്നോട്ടത്തില്‍ ഏല്‍പ്പിച്ചു. ആലിരാജ കപ്പം കൊടുക്കാതിരുന്നതിനാല്‍ ഹൈദരുമായി പിണങ്ങി. ചിറക്കല്‍ രാജകുമാരന്‍ തിരികെ വരുകയും കപ്പം നല്കാന്‍ സമ്മതം പ്രകടിപ്പിക്കുകയും ചെയ്തതോടെ ഹൈദര്‍ അയാളെയും പൂര്‍വ്വസ്ഥാനത്ത് പ്രതിഷ്ടിച്ചു. അന്നുമുതല്‍ ചിറക്കല്‍ രാജാവ് ഹൈദരോട് കൂറുപുലര്‍ത്തുകയും ഇംഗ്ലീഷുകാരെ നേരിടാന്‍ സഹായിക്കുകയും ചെയ്തു. മലബാറില്‍ പിന്നെയും ലഹളകള്‍ ഉണ്ടായി. ലഹളയമര്‍ത്താന്‍ മകന്‍ ടിപ്പുവിനെ ഹൈദര്‍ നിയോഗിച്ചു. ആയിരത്തി എഴുനൂറ്റി എണ്‍പത്തിരണ്ടില്‍ ഹൈദര്‍ നിര്യാതനായി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ