2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-27-തീഷ്ണങ്ങളായ കൈപ്പൊള്ളലുകള്‍

ഇരുപത്തിയേഴ്
തീഷ്ണങ്ങളായ കൈപ്പൊള്ളലുകള്‍
ഗുരോ,അങ്ങ് നേരത്തെ പറഞ്ഞ ബ്രാഹ്മണ മതത്തിന്‍റെ മേല്ക്കോയ്മയായിരുന്നോ അതിന് കാരണം.
തീര്‍ച്ചയായും പ്രഹ്ളാദ.ആചാര്യമര്യാദകളിലും സാമൂഹ്യജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും മലയാളി തമിഴരില്‍ നിന്നും വ്യത്യസ്തരായി തീര്‍ന്നു.ബ്രാഹ്മണരുടെയും സവര്‍ണ്ണരുടെയും സമ്പര്‍ക്കത്തിന്‍റെ ഭാഷയായാണ് മലയാളം വളര്‍ന്നത്. സംസ്കൃത പദങ്ങള്‍ ചേര്‍ക്കുകയും വ്യാകരണ നിയമങ്ങള്‍ തെറ്റിച്ച് ഭാഷ പ്രയോഗിക്കുകയും ചെയ്യാന്‍ ബ്രാഹ്മണര്‍ താത്പ്പര്യം കാട്ടി.ഈ ഭാഷാശൈലിക്ക് ഇണങ്ങുന്ന നാട്ടുഭാഷയാണ് സവര്‍ണ്ണരും സംസാരിച്ചത്. ഇങ്ങനെ രണ്ട് ശൈലികള്‍ പരസ്പ്പരം പൊരുത്തപ്പെടാന്‍ നടത്തിയ ശ്രമത്തിലൂടെയാണ് മലയാള ഭാഷ രൂപപ്പെട്ടത്. ബ്രാഹ്മി ലിപിയില്‍ നിന്നും രൂപഭേദം പ്രാപിച്ച വട്ടെഴുത്തായിരുന്നു കൊല്ലവര്‍ഷാരംഭത്തിലെ നമ്മുടെ ഭാഷ. എന്നാല്‍ എട്ടാം നൂറ്റാണ്ടിലെത്തുമ്പോഴേക്കും ശിലാലിഖിതങ്ങളില്‍ സംസ്കൃതത്തിന്‍റെ മേല്ക്കോയ്മ കാണാം. ആ കാലത്തുതന്നെ ബ്രാഹ്മണര്‍ ഭരണ കാര്യങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു എന്നതാണ് ഇതിനു കാരണം. പതിനൊന്നാം നൂറ്റാണ്ടില് തമിഴ് നാട്ടില്‍ തമിഴ് ലിപിക്ക് പ്രചാരം സിദ്ധിച്ചെങ്കിലും കേരളത്തില്‍ വട്ടെഴുത്തുതന്നെ തുടര്‍ന്നുപോന്നു. പതിനഞ്ചാം നൂറ്റാണ്ടുവരെ ഇതിന് മാറ്റമുണ്ടായില്ല. തുടര്‍ന്നുണ്ടായ മലയാണ്മ എന്ന ലിപിയാണ് പതിനെട്ടാം നൂറ്റാണ്ടുവരെയും വ്യവഹാരത്തിന് ഉപയോഗിച്ചുവന്നത്. മലബാര്‍ പ്രദേശത്ത് ചെറിയ രൂപാന്തരത്തോടെ അത് കോലെഴുത്തെന്ന പേരിലും പ്രചരിച്ചു.
ഗുരോ, നൃത്തശില്പ്പങ്ങളിലും ഇവ്വിധം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകുമല്ലോ?”, പ്രഹ്ളാദന്‍ ചോദിച്ചു.
തീര്‍ച്ചയായുമുണ്ട് പ്രഹ്ളാദ.കൃസ്ത്വബ്ദം ആദി ശതകങ്ങളില്‍ തന്നെ പ്രചാരത്തിലുണ്ടായിരുന്ന കൂത്തും കൂടിയാട്ടവും ഹിന്ദുക്ഷത്രകലകളായി മാറി. ഹൈന്ദവമതാദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉതകുന്ന കഥകള്‍ മാത്രം അവതിരിപ്പിക്കുന്ന രീതിയും നിലവില്‍ വന്നു. ഭഗവദജ്ജുകമാണ് പ്രധാനമായും കളിച്ചിരുന്നത്.അതിന്‍റെ കഥ പ്രഹ്ളാദന് അറിയാമോ?”
ഇല്ല പ്രഭോ
എങ്കില്‍ കേട്ടോളൂ, അഷ്ടിക്ക് വകയില്ലാത്ത ഒരു നാമമാത്ര ബ്രാഹ്മണന്‍ ,പള്ളികളില്‍ സുഭിക്ഷഭക്ഷണം കിട്ടും എന്ന ധാരണയില്‍ ബുദ്ധമതം സ്വീകരിക്കുന്നതും പള്ളിയില്‍ ബുദ്ധസന്ന്യാസിമാര്‍ ഒരു നേരം മാത്രമെ ഭക്ഷണം കഴിക്കൂ എന്നുകണ്ട് ബൌദ്ധജീവിതം ഉപേക്ഷിച്ച് പിന്‍തിരിയുന്നതുമാണ് കഥ. അക്കാലത്തെ സാമൂഹികാവസ്ഥയുടെ ചിത്രമായി ഇതിനെ കാണാന്‍ കഴിയും. ഈ കലാരൂപത്തിന് ഇന്നുകാണുന്ന മാറ്റങ്ങള്‍ വരുത്തിയത് തോലനാണ്.
സംഗീതവും നൃത്തവുമെല്ലാം ക്ഷേത്രകേന്ദ്രീകൃതമായിരുന്നു പ്രഹ്ളാദ. അതിനായി പ്രത്യേക പരിശീലനം സിദ്ധിച്ച ദേവദാസികളുമുണ്ടായിരുന്നു. ക്ഷേത്രങ്ങളോടുള്ള ജനങ്ങളുടെ ആദരവും അതുവഴി ഭക്തിയും വര്‍ദ്ധിപ്പിക്കയായിരുന്നു ബ്രാഹ്മണരുടെ ലക്ഷ്യം. ജനങ്ങളില്‍ മതബോധം ഉളവാക്കുന്നതിന് പുരാണേതിഹാസങ്ങള്‍ വായിച്ചു വ്യാഖ്യാനിക്കുന്ന ഏര്‌പ്പാടും ഉണ്ടാക്കി. ഇതിനായി മഹാഭാരത പട്ടത്താനം ക്ഷേത്രങ്ങളില്‍ ഏര്‍പ്പാടുചെയ്തു.
സാഹിത്യത്തിന്‍റെ കാര്യമോ ഗുരോ?”
പ്രഹ്ളാദ, ഏഴാം നൂറ്റാണ്ടില്‍ കുലശേഖര ആഴ്വാര്‍ എഴുതിയ പെരുമാള്‍ തിരുമൊഴിയും എട്ടാം നൂറ്റാണ്ടില്‍ ചേരമാന്‍ പെരുമാള്‍ ആള്‍വാര്‍ എഴുതിയ തിരുകൈലായജ്ഞാന ഉല എന്ന കൃതിയും തമിഴ് സാഹിത്യമാണെങ്കിലും എട്ടാം നൂറ്റാണ്ടിനുശേഷം എണ്ണപ്പെട്ട തമിഴ് കാവ്യങ്ങളൊന്നും രചിക്കപ്പെടുകയുണ്ടായില്ല. സാഹിത്യഭാഷ എന്ന നിലയില്‍ തമിഴിന്‍റെ സ്ഥാനം സംസ്കൃതം കൈയ്യടക്കി. കുലശേഖര ആഴ്വാര്‍ തന്നെ എഴുതിയ മുകുന്ദമാല എന്ന സംസ്കൃത ഭക്തികാവ്യം ആ ഭാഷയുടെ പ്രചാരണത്തിന് മുഖ്യകാരണമാവുകയും ചെയ്തു. ഒന്‍പതാം നൂറ്റാണ്ടുമുതല്‍ കേരളം സംസ്കൃത സാഹിത്യത്തിന് നല്ല സംഭാവനകള്‍ ചെയ്യാന്‍ തുടങ്ങി. കുലശേഖര വര്‍മ്മന്‍റെ തപതീ സംവരണം , വിച്ഛിന്നാഭിഷേകം, സുഭദ്രാദനഞ്ജയം എന്നീ നാടകങ്ങള്‍ പ്രശംസ പിടിച്ചുപറ്റി. ആശ്ചര്യമഞ്ജരി എന്ന ഗദ്യകൃതിയും കുലശേഖര വര്‍മ്മന്‍ രചിച്ചു. നാടകങ്ങളുടെ മോശം കാലമായിരുന്നിട്ടും ശക്തിഭദ്രന്‍റെ ആശ്ചര്യചൂഢാമണിക്ക് വന്‍ പ്രശസ്തി ലഭിച്ചു. രാമായണത്തെ ആസ്പദമാക്കിയാണ് അതെഴുതിയിരുന്നത്.
ഗുരോ,തത്വചിന്തയുടെ മേഖലെയെ കുറിച്ച് ഒന്നും പറഞ്ഞില്ല
പ്രഹ്ളാദ, കര്‍മ്മമീമാംസ സിദ്ധാന്തത്തെ പ്രകാശിപ്പിച്ചുകൊണ്ട് ശബരഭാഷ്യത്തിന് പ്രഭാകരന്‍ എഴുതിയ വ്യാഖ്യാനം ശ്രദ്ധേയമാണ്. അതിലും ശ്രദ്ധേയമാണ് അദ്വൈതസിദ്ധാന്തം ആവിഷ്ക്കരിച്ചുകൊണ്ട് ബ്രഹ്മസൂത്രം, ദശോപനിഷത്തുകള്‍,ഗൌഡപാദരുടെ മാണ്ഡ്യൂക്യകാരിക, ഭഗവത്ഗീത എന്നിവയ്ക്ക് ശങ്കരാചാര്യര്‍ എഴുതിയ വ്യാഖ്യാനങ്ങള്‍. മുപ്പത്തിമൂന്ന് മൂലഗ്രന്ഥങ്ങളും അറുപത്തിനാല് സ്തോത്രങ്ങളും പ്രപഞ്ചസാരം എന്ന മന്ത്രശാസ്ത്രവും ശങ്കരാചാര്യര്‍ രചിച്ചു. ലീലാശുകന്‍റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതം, വാസുദേവ ഭട്ടതിരിയുടെ യുധിഷഠിര വിജയം,ത്രിപുര ദഹനം,നളോദയം,ശൌരികഥ എന്നീ യമക കാവ്യങ്ങള്‍,ശങ്കര നാരായണന്‍റെ ശങ്കരനാരായണീയം എന്നിവ വിലപ്പെട്ട സംസ്കൃത കൃതികളാണ്. ഗണിത ശാസ്ത്രത്തിലുള്ള ജ്ഞാനം വെളിവാക്കുന്ന പുസ്തകമാണ് ശങ്കരനാരായണീയം. തച്ചുശാസ്ത്രം,ശബ്ദകോശം,ആയുര്‍വേദം,ജോത്സ്യം എന്നിവയിലെല്ലാം ബ്രാഹ്മണര്‍ ബൌദ്ധരില്‍ നിന്നും പാണ്ഡിത്യം നേടിയെടുത്തിരുന്നു പ്രഹ്ളാദ.
ഗുരോ,വിഗ്രഹാരാധനയുടെ കഥ എങ്ങിനെയായിരുന്നു,”പ്രഹ്ളാദന്‍ ചോദിച്ചു.
പ്രഹ്ളാദ,വേദങ്ങള്‍ ബിംബങ്ങളെക്കുറിച്ചോ ബിംബാരാധനയെക്കുറിച്ചോ ഒന്നും തന്നെ പറയുന്നില്ല. വിഹാരങ്ങള്‍ സ്ഥാപിച്ച് ആരാധനയ്ക്കും ധ്യാനത്തിനുമായി ബുദ്ധവിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ തുടങ്ങിയത് ബൌദ്ധന്മാരാണ്. ബുദ്ധമതം സരൂപ ദൈവത്തെ അംഗീകരിക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ദൈവത്തെപോലും അംഗീകരിക്കുന്നില്ല. എന്നാല്‍ മഹായാന ബുദ്ധമതത്തിന്‍റെ ഉദയത്തോടുകൂടി ആചാരാനുഷ്ഠാനങ്ങളും വിഗ്രഹാരാധനയും ആരംഭിച്ചു. അങ്ങിനെയാണ് ആരാധനയ്ക്ക് ക്ഷേത്രങ്ങളുടെ ആവശ്യകതയുണ്ടായത്. ബുദ്ധമതക്കാരില്‍ നിന്നും ലഭ്യമായതാണ് ഈ ആരാധനാരീതി. ബുദ്ധമതക്ഷേത്രങ്ങളില്‍ ചികിത്സയും പഠനവുമൊക്കെ നിലനിന്നിരുന്നു. പ്രഹ്ളാദ,അതിന്‍റെ ബാക്കിപത്രമാണ് തിരുവടി ക്ഷേത്രത്തില്‍ ഭ്രാന്തിനും തകഴി ക്ഷേത്രത്തില്‍ കുഷ്ഠത്തിനും മരുന്നു നല്കി വരുന്നത്.
പ്രഹ്ളാദന്‍ ഓര്‍മ്മകളില്‍ ഓടിയിറങ്ങി ഒരു ഭ്രാന്തുചികിത്സയുടെ ഉന്മാദം ഉള്‍ക്കൊണ്ട് ചിരിച്ചു. ശരിക്കും ഭ്രാന്തില്ലാത്ത ആരാ ഉള്ളെ എന്ന് അകക്കണ്ണില്‍ ഒരു ചോദ്യമെറിഞ്ഞ് അവന്‍ ഗുരുവിനെ നോക്കി.അവന്‍റെ ചിന്തകള്‍ മനസ്സിലാക്കി ഗുരു ചിരിച്ചു.
പ്രഹ്ളാദ, നാം ഇന്നുകാണുന്ന ഹിന്ദു ക്ഷേത്രങ്ങള്‍ പലതും ബുദ്ധക്ഷേത്രങ്ങള്‍ കൈയ്യേറി നിര്‍മ്മിച്ചവയാണ് എന്നു നീ അറിയണം. പുതുക്കി നിര്‍മ്മിച്ചവര്‍ ബുദ്ധമത വിശ്വാസികളായ തച്ചന്മാരായിരുന്നു എന്നത് മറ്റൊരു നിയോഗം. അവര്‍ക്കറിയാവുന്ന ബുദ്ധക്ഷേത്ര നിര്‍മ്മിതി തന്നെയാണ് ഹിന്ദുക്ഷേത്രങ്ങളില്‍ ഉപയോഗിച്ചത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ ക്ഷേത്രങ്ങള്‍ തമിഴ് ക്ഷേത്രങ്ങളില്‍ നിന്നും തീര്‍ത്തും വേറിട്ട് നില്ക്കുന്നതും. ക്ഷേത്രനിര്‍മ്മാണത്തില്‍ മാത്രമല്ല ഉത്സവങ്ങളിലും ബ്രാഹ്മണമതം ബൌദ്ധരെ അനുകരിക്കുകയാണുണ്ടായത്. ആനയെ കോലംകെട്ടി എഴുന്നള്ളിപ്പും കുതിരകെട്ടും രഥോത്സവവും താലപ്പൊലിയും ബൌദ്ധരില്‍ നിന്നും കടം കൊണ്ടതാണ്. ഹിന്ദുക്ഷേത്രങ്ങളില്‍ ഉത്സവാദികള്‍ നടപ്പായതോടെ ജനങ്ങള്‍ അവിടേക്ക് ആകര്‍ഷിക്കപ്പെട്ടു. ക്രമേണ ബൌദ്ധദേവാലയങ്ങള്‍ ക്ഷയിക്കുകയും നാമാവശേഷമാവുകയും ചെയ്തു. അതോടെ ഉത്സവാദികളുടെ കുത്തക ബ്രാഹ്മണര്‍ക്ക് മേല്നോട്ടമുള്ള ക്ഷേത്രങ്ങളില്‍ മാത്രമായി. അവര്‍ണ്ണരായി തീര്‍ന്ന ബൌദ്ധരുടെ അവശേഷിച്ച ദേവാലയങ്ങളില്‍ പഞ്ചവാദ്യം,കുട എഴുന്നള്ളിപ്പ് തുടങ്ങിയ ആഘോഷങ്ങളോടുകൂടിയ ഉത്സവം നടത്തുന്നത് നിരോധിക്കുകയും ചെയ്തു.
ഗുരോ,നേരത്തെ സൂചിപ്പിച്ച തച്ചന്മാരുടെ കൂട്ടത്തിലാണോ പെരുന്തച്ചന്‍റെ സ്ഥാനം”,പ്രഹ്ളാദന്‍ സംശയമുണര്‍ത്തിച്ചു.
പ്രഹ്ളാദ, പെരുന്തച്ചന്‍ ബൌദ്ധരായ ശില്പ്പികളുടെ പരമ്പരയിലെ ഏറ്റവും മിടുക്കനായ തച്ചനായിരുന്നു. ആലുവയ്ക്കടുത്തുള്ള ഉളിയന്നൂരാണ് അദ്ദേഹത്തിന്‍റെ ജന്മസ്ഥലം. എത്രയോ തലമുറ പിന്നില്‍ നിന്നുവന്ന യവനന്മാരുടെയും തദ്ദേശീയരുടെയും ഇണചേരലുകളുടെ ശക്തിബീജം. ഏഴാം നൂറ്റാണ്ടിലായിരുന്നു ജനനം. തിരുച്ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്‍റെയും കൂത്തമ്പലത്തിന്‍റെയും ശില്പ്പി പെരുന്തച്ചനാണ്. അങ്ങിനെ അനേകം ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ശില്പ്പിയും. ഉളിയന്നൂരിലെ ഊരാളന്മാരുടെ ഭിന്നരുചികളെ സംതൃപ്തിപ്പെടുത്താന്‍ പ്രത്യേകരീതിയില്‍ ക്ഷേത്രക്കുളം നിര്‍മ്മിച്ച് അവരെ വിഡ്ഢികളാക്കിയ വിരുതനാണ് പെരുന്തച്ചന്‍. ആ ക്ഷേത്രക്കുളം ചില കോണുകളില്‍ നിന്നു നോക്കിയാല്‍ വൃത്തമായും മറ്റു ചില കോണുകളില്‍ സമചതുരമായും വേറൊരു കോണില്‍ ചതുരമായും തോന്നിയിരുന്നു പ്രഹ്ളാദ. ബുദ്ധമതം ക്ഷയോന്മുഖമാവുകയും തനിക്കിഷ്ടപ്പെടാത്ത രീതിയില്‍ ബ്രാഹ്മണമതം ഉയര്‍ന്നുവരികയും ചെയ്യുന്നതുകണ്ട് അദ്ദേഹം കൃസ്തുമതം സ്വീകരിക്കുകയും ശിഷ്യഗണങ്ങള്‍ അദ്ദേഹത്തോടൊപ്പം മതം മാറുകയും ചെയ്തു. ഇതില്‍ ദേഷ്യം പൂണ്ട ബ്രാഹ്മണരാണ് അസൂയമൂത്ത പെരുന്തച്ചന്‍ മകനെ ഉളികൊണ്ട് കൊന്നു എന്ന കഥ പ്രചരിപ്പിച്ചത്. മരം മുറിക്കാന്‍ ഈര്‍ച്ചവാള്‍ ഉപയോഗിച്ച ആദ്യ തച്ചനും പെരുന്തച്ചന്‍ തന്നെ. അദ്ദേഹത്തിന്‍റെ പ്രശസ്തി അന്യനാടുകളിലേക്ക് വ്യാപിക്കുകയും പല്ലവരും മറ്റും വിളിച്ചുകൊണ്ടുപോയി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. പെരുന്തച്ചന്‍റെ പാരമ്പര്യം നിലനിര്‍ത്തുന്ന നല്ല ശില്പ്പികള്‍ നമുക്ക് ധാരാളമായുണ്ട് പ്രഹ്ളാദ.അവര്‍ നമുക്ക് നല്‍കുന്ന ആഹ്ലാദം ചില്ലറയല്ല.”, ഗുരു താന്‍ കണ്ട ശില്പ്പങ്ങളുടെ ഓര്‍മ്മയില്‍  ആഹ്ളാദിച്ചു. 
ഗുരോ,ബൌദ്ധരില്‍ നിന്നും ബ്രാഹ്മണമതം ഉള്‍ക്കൊണ്ട മറ്റു ശാഖകള്‍ ഏതൊക്കെയാണ്,പ്രഹ്ളാദന്‍ ചോദിച്ചു.
പ്രഹ്ളാദ, പറഞ്ഞാല്‍ തീരാത്തത്ര ശക്തമായിരുന്നു ബൌദ്ധ-ജൈന പാരമ്പര്യം. ബ്രാഹ്മണര്‍ വൈദ്യശാസ്ത്രം പഠിച്ചത് ബൌദ്ധരില്‍ നിന്നും ജൈനരില്‍ നിന്നുമാണെന്ന് നിനക്കറിയാമല്ലോ. അഷ്ടാംഗഹൃദയത്തിന്‍റെ കര്‍ത്താവായ വാഗ്ഭടന്‍ എട്ടാം നൂറ്റാണ്ടിലാണ് കേരളത്തിലെത്തിയത്. അദ്ദേഹം ബൌദ്ധനായിരുന്നു. അഷ്ടാംഗഹൃദയത്തിന് ഏറ്റവും പ്രചാരം സിദ്ധിച്ച നാടും കേരളമാണ്. ബൌദ്ധന്മാര്‍ക്കിടയില്‍ ആ വൈദ്യശാസ്ത്രം വേഗത്തില്‍ പ്രചരിച്ചു. അവര്‍ അവര്‍ണ്ണരായി തീര്‍ന്ന ശേഷവും ആ പാരമ്പര്യം നിലനിന്നു. ക്രമേണ ബ്രാഹ്മണരും അഷ്ടാംഗഹൃദയം പഠിച്ച് പ്രയോഗിക്കാന്‍ തുടങ്ങി. അവര്‍ അമരസിംഹന്‍റെ ജ്യോതിഷഗ്രന്ഥവും പഠിച്ച് പ്രാഗത്ഭ്യം നേടി.വിദ്യാഭ്യാസത്തിലും ബ്രാഹ്മണര്‍ ബൌദ്ധരെ അനുകരിക്കുകയാണുണ്ടായത്. ബൌദ്ധദേവാലയങ്ങളോടനുബന്ധിച്ച് വിദ്യാമന്ദിരങ്ങള്‍ ഉണ്ടായിരുന്നു. ആ രീതി അനുകരിച്ച് ശാലകള്‍ നിര്‍മ്മിക്കാന്‍ ബ്രാഹ്മണര്‍ രാജാക്കന്മാരെ നിര്‍ബ്ബന്ധിച്ചു. വിജയപുരത്ത് അഖിലേന്ത്യാ പ്രശസ്തിയാര്‍ജ്ജിച്ച കാന്തളൂര്‍ ശാല ഏഴാം നൂറ്റാണ്ടിലെ നിലവില്‍ വന്നിരുന്നു. പ്രഹ്ളാദ,ഒരു പക്ഷെ നീ വായിച്ചിട്ടുണ്ടാകും, ഉദ്യോത നമ്പൂതിരി എട്ടാം നൂറ്റാണ്ടില്‍ എഴുതിയ കുവലയമാല ചമ്പു,അതില്‍ നായകനായ കുവലയ ചന്ദ്രന്‍ ഒരു പള്ളിപതിയുടെ ആതിഥ്യം സ്വീകരിച്ച് കുറച്ചു നാള്‍ താമസിച്ച ശേഷം മരകകര നദി കടന്ന്, നദിയുടെ വടക്കെ കരയിലുള്ള വിജയപുരിയില്‍ എത്തിച്ചേര്‍ന്നു എന്നും അവിടെ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉപരിപഠനം നടത്തുന്ന സര്‍വ്വചാത്തനാം മഠം സന്ദര്‍ശിച്ചുവെന്നും എഴുതിയിട്ടുണ്ട്. പ്രഹ്ളാദ, ഈ മഠം ശരിക്കും കാന്തളൂര്‍ ശാലയാണെന്ന് നീ അറിയുക.
പ്രഹ്ളാദന്‍ കുവലയ മാലയിലെ വരികള്‍ ഓര്‍മ്മിച്ചെടുക്കാന്‍ പണിപ്പെടുന്നത് ഗുരു അറിഞ്ഞു.
പ്രഹ്ളാദ, മണിമേഖലയില്‌‍ സൂചിതമായ വഞ്ചി സര്‍വ്വകലാശാലയില്‍ എന്നതുപോലെ കാന്തള്ളൂര്‍ ശാലയിലും സാംഖ്യം,വൈശേഷികം,ന്യായം,ലോകായതം,ബൌദ്ധം എന്നീ ദര്‍ശനങ്ങളാണ് പഠിപ്പിച്ചിരുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടുവരെ ഈ സ്ഥാപനം നിലനിന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ചോളന്മാരുടെ ആക്രമണ കാലത്ത് സ്ഥാപനത്തിന് ദാനമായി നല്കിയിരുന്ന കലംപാട് കലമറുത്തത് കാരണം കാന്തള്ളൂര്‍ ശാലയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആരംഭിച്ചു. കാന്തളൂര്‍ ശാലയെ അനുകരിച്ചാണ് പാര്‍ത്ഥിവ പുരം ശാല,ശ്രീ വല്ലഭ പെരുംശാല,മൂഴിക്കുളം ശാല,തിരുവല്ല ശാല മുതലായവ ഉണ്ടായത്. എഡി എണ്ണൂറ്റി അറുപത്തിയാറിലാണ് ആയ് രാജാവായ കരനന്ദടക്കന്‍ പാര്‍ത്ഥിവ പുരം ശാല നിര്‍മ്മിച്ചതും അതിന്‍റെ ചിലവിലേക്കായി വളരെയധികം ഭൂമി ദാനം ചെയ്തതും. എഡി എണ്ണൂറ്റി അറുപത്തിരണ്ട് വരെ പാണ്ഡ്യരാജ്യം വാണിരുന്ന ശ്രീ വല്ലഭനാണ് ശ്രീ വല്ലഭ പെരും ശാല സ്ഥാപിച്ചത്. ആയുധാഭ്യാസത്തിനും വേദ പഠനത്തിനും മറ്റും പ്രയോജനീഭവിച്ച ഈ ശാലകള്‍ ബ്രാഹ്മണ മതത്തിന്‍റെ പ്രചാരണത്തിനും നിലനില്പ്പിനും ഏറെ സഹായിച്ചു. എന്നാല്‍ മറ്റുള്ളവരെ അറിവിന്‍റെ വഴിയില്‍ നിന്ന് അയിത്തം കലിപ്പിച്ച് അകറ്റി നിര്‍ത്താനും അവര്‍ മറന്നില്ല.
ഓര്‍മ്മയുടെ വാതായനങ്ങള്‍ തുറന്നു വരുന്നുണ്ട് പ്രഭോ.തീഷ്ണങ്ങളായ കൈപൊള്ളലുകള് എന്നെ വേദനിപ്പിക്കുന്നു.എങ്കിലും ഏറെ അറിയാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ എന്നെ അടക്കിയിരുത്തുന്നില്ല.എനിക്കിനിയും പലതും അറിയാനുണ്ട് ഗുരോ.നമ്മുടെ ആഘോഷങ്ങളെക്കുറിച്ച്,നാടന്‍ കലകളെ കുറിച്ച്.
പറയാം പ്രഹ്ളാദ,നീ അതിനുമുന്‍പായി ഈ നറുനീണ്ടി വെള്ളം കുടിക്കൂ.കൃഷ്ണതുളസിയുടെ മണിയരികള്‍ നിന്നെ സമാധാനിപ്പിക്കട്ടെ.
അവന്‍ ശ്രദ്ധയോടെ വെള്ളം കുടിച്ചു.
പ്രഹ്ളാദ,സംഘകാലത്തുതന്നെ തമിഴകത്ത് ഓണം ആഘോഷിച്ചിരുന്നു.ഏഴുദിവസമായിരുന്നു ആഘോഷം.മഹാബലിയെ ജയിച്ച വാമനമൂര്‍ത്തിയുടെ സ്മരണയുമായി ബന്ധപ്പെടുത്തിത്തന്നെയായിരുന്നു ആഘോഷം.ഓണക്കാലത്ത് മധുരയിലെ അങ്ങാടികളിലും തെരുവുകളിലും നഗരവാസികള്‍ കൂട്ടം ചേര്‍ന്ന് താന്താങ്ങളുടെ ഇഷ്ടദൈവങ്ങളെ ആരാധിക്കുകയും ഉല്ലാസത്തോടെ നടക്കുകയും ചെയ്തിരുന്നു.ക്ഷേത്രങ്ങളുടെ മുന്‍ഭാഗങ്ങളിലും നിരത്തുകളിലും കളിപ്പോര്‍ നടന്നിരുന്നു. ഈ ആഘോഷം വൈഷ്ണവ ഭക്തിപ്രസ്ഥാനം കേരളത്തില്‍ പ്രചരിച്ചതോടെ ഇവിടെയും ആഘോഷിക്കാന്‍ തുടങ്ങി. ക്രമേണ തമിഴ്നാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ഈ ആഘോഷം നമ്മള്‍ ദേശീയ ഉത്സവമാക്കി മാറ്റിയെടുത്തു. അയിത്താചരണം മാറിയതോടെ സഹനത്തിന്‍റെ പ്രതീകമായി,സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും സമത്വത്തിന്‍റെയും ബിംബമായ മഹാബലിയുടെ തിരിച്ചുവരവിന്‍റെ ആഘോഷമായി അത് മാറി. ഒരു പക്ഷെ,അടിച്ചമര്‍ത്തപ്പെട്ട അവര്‍ണ്ണന്‍റെ കാല്പ്പനിക ബിംബമായി മാവേലിയും സവര്‍ണ്ണന്‍റെ ക്രൂരമായ കുരുട്ടുബുദ്ധിയുടെ നീചരൂപമായി വാമനനും മാറി എന്നുപറയുന്നതാവും ശരി. കമ്മ്യൂണിസത്തെ സ്വീകരിച്ച അതേ വികാരവായ്പാണ് നമുക്ക് മാവേലിയോടുമുള്ളത്. അന്ന് തൃക്കാക്കരക്ഷേത്രത്തിന്‍റെ സ്ഥാപനമാണ് ഓണാഘോഷത്തിന് ആക്കം കൂട്ടിയത്. വിഷ്ണുപാദത്തെ സ്മരിക്കുന്ന തിരുകാല്‍കരൈയില്‍ നിന്നാണല്ലോ തൃക്കാക്കരയുണ്ടായത്, പ്രതിഷ്ഠ വാമനമൂര്‍ത്തിയും. എട്ടാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം സ്ഥാപിതമായപ്പോള്‍ വാമനനുണ്ടായിരുന്ന പ്രാമുഖ്യം ക്രമേണ മഹാബലി കൈയ്യേറി എന്നു പറയാം.പ്രഹ്ളാദ,ഒന്നുകൂടി, ഓണാഘോഷം യഥാര്‍ത്ഥത്തില്‍ ആരംഭിച്ചത് അസ്സീറിയയിലാണ്.ദ്രാവിഡരുടെ മൂലവംശങ്ങളില്‍ ഒന്ന് അസ്സീറിയന്‍ മേഖലയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത മധ്യധരണ്യാഴി വംശജരാണ്. അവരില്‍ ഒരുകൂട്ടരാണ് കാലക്രമേണ ദക്ഷിണേന്ത്യയില്‍ എത്തിയത്. അവര്‍ വ്യത്യസ്ത തരക്കാരായി തിരിഞ്ഞശേഷവും ഓരാചാരമെന്ന നിലയില്‍ ഓണാഘോഷം തുടര്‍ന്നുവന്നു. ശരിക്കും ബലി അസ്സീറിയയിലെ നിനേവയിലെ രാജാവായിരുന്നു പ്രഹ്ളാദ. ബലിയുടെ പുത്രന്‍ ബാണന്‍ ഭരിച്ച ശോണിതപുരവും യാഥാര്‍ത്ഥത്തില്‍ നിനേവ തന്നെ. മൂവായിരം കൊല്ലം മുന്‍പ് പ്രജാക്ഷേമ തത്പ്പരനായി രാജ്യം ഭരിച്ച ആ മഹാനായ ബലിയെ നന്മയുടെ പ്രതീകമായിരുന്നതിനാല്‍ തലമുറ കൈമാറി ഈ കൈമാറി ഈ കൊച്ചുകേരളത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നു എന്നു പറയാം. നോക്കൂ പ്രഹ്ളാദ,ചരിത്രം പോകുന്ന വഴി.ഇതുകൊണ്ടുതന്നെയാണ് ഞാന്‍ പറയുന്നത്, ഈ അതിര്‍ത്തികളും ജാതിമത വേര്‍തിരിവുകളും തൊലിനിറ ഭേദങ്ങളുമൊക്കെ വെറും വ്യര്‍ത്ഥമായ പുറംപൂച്ചുകള്‍ മാത്രമാമെന്ന്. ആത്യന്തികമായി മനുഷ്യന്‍ ഒന്നേയുള്ളു,മറ്റു ജീവജാലങ്ങളെപോലെ.
അതെ ഗുരോ,ആ മഹത് സത്യത്തെ ആര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും.പലവിധ സംഘര്‍ഷങ്ങളില്‍ പെട്ടുഴലുന്ന എനിക്ക് പോലും ,ഒരു പക്ഷെ എല്ലാം ത്യജിച്ച അങ്ങയ്ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന് ഞാന്‍ സംശയിക്കുന്നു.
ശരിയാണ് പ്രഹ്ളാദ,നിന്‍റെ സംശയം അസ്ഥാനത്തല്ല.ഈ ഭൂമിയുടെ ഏതെങ്കിലുമൊരു കാലത്തെ തകര്‍ച്ചയ്ക്ക് മനുഷ്യന്‍ കാരണമായിത്തീരണമെങ്കില്‍ അവനില്‍ ആസുരതകള്‍ വളര്‍ന്നേ തീരു.അത് തീഷ്ണമാവുക എന്നത് പ്രകൃതി നിശ്ചയമാകാം.
അപ്പോള്‍ മഹാബലിയോടുള്ള ആദരവില്‍ തുടങ്ങി വാമനമൂര്‍ത്തിയുടെ ആരാധനയില്‍ വളര്‍ന്ന് വീണ്ടും മഹാബലിയോടുള്ള സ്നേഹാദരങ്ങളില്‍ തിളങ്ങി നില്ക്കയാണ് നമ്മുടെ ഓണം. എന്നാല്‍ വിഷു,ഹിന്ദുമതത്തിന്‍റെ ഉയര്‍ച്ചയുടെ കാലത്ത് ഉദയം ചെയ്ത ഒരാഘോഷമാണ്. നരകാസുരനെ ജയിച്ച വിഷ്ണുവിന്‍റെ അപദാനങ്ങളെ കീര്‍ത്തിക്കുന്ന ഒന്നാണ് വിഷുവാഘോഷം.ചൈത്രമാസത്തിലാണല്ലോ പ്രഹ്ളാദ,വിഷു ആഘോഷിക്കുന്നത്. ഗണിതശാസ്ത്രം ഏറെ പുരോഗമിച്ച കൊല്ലവര്‍ഷാരംഭത്തിലാണ് വിഷുവിന് പ്രാധാന്യം കൂടിയത്. ശങ്കരനാരായണീയം രചിക്കപ്പെട്ടതും ആ കാലത്താണ്.സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക് നേരെ വരുന്ന മേടം ഒന്നാം തീയതി വിഷുവാഘോഷത്തിന് തെരഞ്ഞെടുക്കാന്‍ ഗണിതശാസ്ത്രപരമായ പരിഗണനകള്‍ കാരണമായി എന്നുപറയാം.എന്നാല്‍ ബ്രാഹ്മണമതം വികസിക്കുകയും അതില്‍ ആദ്യം വിശ്വാസമര്‍പ്പിച്ചവരെ നായര്‍ എന്ന ശൂദ്രഗണമായി നമ്പൂതിരി ചാര്‍ത്തുനല്കുകയും ചെയ്തശേഷമാണ് തിരുവാതിര ആഘോഷം തുടങ്ങുന്നത്. ധനുമാസത്തിലെ തിരുവാതിര നാളിലാണ് ഈ ആഘോഷമെന്ന് നിനക്കറിയാമല്ലൊ.യുവതികള്‍ പുലരും മുന്‍പെ പുഴയിലും കുളങ്ങളിലും പോയി മുങ്ങിത്തുടിച്ച് കുളിക്കുന്നത് ഒരു പക്ഷെ നീ കണ്ടിട്ടുണ്ടാവില്ല. അപ്പൊഴേക്കും കുളങ്ങള്‍ നമുക്ക് നഷ്ടമായല്ലൊ,പുഴകളും.അവര്‍ ഈ സമയം മധുരമായ പ്രേമഗാനങ്ങളും ആലപിക്കും.തുടിച്ചുകുളിയും ഊഞ്ഞാലാട്ടവും കളികളില്‍പെടും. പിന്നെ പകല്‍ ഉപവാസമാണ്. സന്ധ്യയാകുമ്പോള്‍ ഭഗവതി ക്ഷേത്രത്തില്‍ ചെന്ന് ആരാധിക്കുയും രാത്രിയില്‍ ഉറക്കമൊഴിച്ച് തിരുവാതിരപ്പാട്ടുകള്‍ പാടി നൃത്തം ചെയ്ത് രസിക്കുകയും ചെയ്തിരുന്നു. ഇന്ന് ഇതൊക്കെ സിനിമകളില്‍ മാത്രമല്ലെയുള്ളു. ഒഴിഞ്ഞുപോകേണ്ടവ ഒഴിഞ്ഞുതന്നെ പോകും എന്നതിന് ഉദാഹരണമാണ് ഇതൊക്കെ. സ്ത്രീകള്‍ വീട്ടുപണികളിലും പുരുഷന്‍റെ സുഖോപകരണം എന്ന നിലയിലും മാത്രം കഴിഞ്ഞിരുന്ന ഒരു കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് പ്രഹ്ളാദ തിരുവാതിര.എന്നാല്‍ കൈകൊട്ടിക്കളി അങ്ങിനെയല്ല.അതൊരു പഴയകാല നാടന്‍ കളിതന്നെയാണ്. യുവതികളും ബാലികമാരും വട്ടമിട്ടുനിന്ന്, പാട്ടിന്‍റെ താളത്തിനൊപ്പിച്ച് കൈകൊട്ടി ചുവടുവച്ചു കളിക്കുന്ന ഈ രീതി നീ കണ്ടിട്ടുണ്ടാവും. ശാലീന സുന്ദരമായ ഗ്രാമീണജീവിതത്തിന്‍റെ ഒഴുക്കും സ്വാരസ്യവും അതിലുണ്ട്. സ്ത്രീയുടെ ശരീരവഴക്കത്തിന്‍റെ ഒരു സുന്ദരസൃഷ്ടിയായി അതിനെ കാണാവുന്നതാണ്. പിന്നെയും പലതുണ്ട് പ്രഹ്ളാദ. വള്ളംകളിയും വഞ്ചിപ്പാട്ടും പിന്നെ കുറത്തിയാട്ടം,കുമ്മി,തുമ്പിതുള്ളല്‍,തെയ്യം,പടയണി തുടങ്ങി നിരവധി നാടന്‍ കളികളും കലകളും.ദാരികവധം ഉള്ളടക്കമായുള്ള തെയ്യമാണ് വടക്കെ മലബാറില്‍ തീഷ്ണതയോടെ നിലനില്ക്കുന്ന ഒരു കലാരൂപം.അമ്മ ദൈവത്തിന് കേരളീയര്‍ക്കിടയിലുള്ള പ്രാധാന്യത്തെ വെളിപ്പെടുത്തുന്ന ഒരു കലാരൂപം കൂടിയാണ് തെയ്യം. പ്രഹ്ളാദ,ഇതിലൊക്കെയും അത്ഭുതകരമായ ഒരു വശമുള്ളത്, ബ്രാഹ്മണമതവുമായി തീരെ ബന്ധമില്ലാത്ത ഇവയെല്ലാം തന്നെ ആ മതത്തിന്‍റെ പ്രചാരണത്തിനും മേല്ക്കോയ്മയ്ക്കുമായി ഉപയോഗിക്കപ്പെട്ടു എന്നതാണ്. പഴയ രൂപമാതൃകകളില്‍ പുതിയ ഭാവം പകര്‍ന്നുകൊണ്ടുള്ള ഈ സാംസ്ക്കാരിക പരിവര്‍ത്തനത്തിന് നേതൃത്വം നല്കിയത് ശ്രീശങ്കരനായിരുന്നു. അദ്ദേഹത്തിന്‍റെ കാലത്തിനുമുന്‍പ് സംഘര്‍ഷാത്മകമായ ഒരന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങള്‍ ജൈന-ബൌദ്ധമതങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വേട്ടയാടുന്ന കാലമായിരുന്നു.എന്നാല്‍ അവര്‍ക്ക് സാധിച്ചതിനേക്കാള്‍ കൂടുതല്‍ പരിവര്‍ത്തനം സാധിക്കാന്‍ ശങ്കരന് കഴിഞ്ഞു. പ്രതിയോഗികളില്‍ നിന്നുപോലും ഉത്കൃഷ്ടമായതെന്തും സ്വീകരിച്ചാണ് ശങ്കരന്‌‍ മുന്നോട്ടുപോയത്. ബൌദ്ധസിദ്ധാന്ത രൂപവും അദ്ദേഹം സ്വീകരിച്ചു.എന്നിട്ട് ബുദ്ധമതത്തെ തന്നെ എതിര്‍ത്ത് പരാജയപ്പെടുത്തി. ഈ മാതൃക തന്നെയാണ് പിന്നീട് മറ്റു മണ്ഡലങ്ങളില്‍ തുടര്‍ന്നുവന്ന ബ്രാഹ്മണന്മാര്‍ പിന്തുടര്‍ന്നതും. ഇതിന്‍റെയെല്ലാം ഫലമായി വലിയ ഒച്ചപ്പാടില്ലാതെ ബ്രാഹ്മണാധിപത്യത്തിലുള്ള ഒരു ഫ്യൂഡല്‍ വ്യവസ്ഥയും ഫ്യൂഡല്‍ സംസ്ക്കാരവും വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഈ വിധത്തിലുള്ള ശക്തമായ ഒരു പരിവര്‍ത്തനം ഗുണപരമായി വരുത്താന്‍ കഴിവുള്ള ഒരാളാണ് പ്രഹ്ളാദ,ഭാരതനാടിന് ഇന്നാവശ്യം. അതുണ്ടാകുമോ എന്നതാണ് പ്രശ്നം.ഫ്യൂഡല്‍ സംവിധാനം കെട്ടിപ്പടുക്കാന്‍ എളുപ്പമാണ്,എന്നാല്‍ സമത്വ ദര്‍ശനം നടപ്പാക്കാന്‍ എളുപ്പവഴികള്‍ ഒന്നും തന്നെയില്ല എന്നതാണ് സത്യം.അറിവിന്‍റെ പ്രകാശം എല്ലാവരുടെയും ഉള്ളിലേക്ക് കൊളുത്തി വിടാന്‍ ആര്‍ക്കാ കഴിയുക.ജീവനില്ലാത്ത ബിംബങ്ങള്‍ക്കോ ദുരമൂത്ത മനുഷ്യര്‍ക്കോ  അതിനാവില്ലല്ലോ പ്രഹ്ളാദ ,ശുഭാപ്തി വിശ്വാസം നഷ്ടമായ ഗുരുവിന്‍റെ വാക്കുകളില്‍ പ്രഹ്ളാദന്‍ ഗദ്ഗദകണഠനായി.
സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ കടന്നുകയറ്റങ്ങളുടെയും ബുദ്ധമതത്തിന്‍റെ അപചയത്തിന്‍റെയും ശൈവ വൈഷ്ണവ മതങ്ങളുടെ ഉള്‍ച്ചേരലിലൂടെ ഉയര്‍ന്നുവന്ന ബ്രാഹ്മണ മതത്തിന്‍റെ മേല്ക്കോയ്മയുടെയും കാലം ശക്തിയാര്‍ജ്ജിക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പ്രഹ്ളാദ. നിന്‍റെ അച്ഛനമ്മമാരുടെ കുടുംബക്കാര്‍ അടിയാക്കളില്‍ തുടങ്ങി അമരക്കാര്‍ വരെയായി പലയിടങ്ങളില്‍ വസിക്കുന്ന കാലം. ചരിത്രം എപ്പോഴും ഭരണാധികാരിയുടെയും സമ്പന്നന്‍റെയും കഥയാണല്ലൊ പറയുക. കഥ പറയുന്ന കവിയും ഓര്‍മ്മിക്കപ്പെടും. അധികാരം നിലനിര്‍ത്താനായി വെട്ടേറ്റു മരിച്ച ഭടന്മാരും അവരുടെ കുടുംബവും സമ്പന്നന് സുഖസൌകര്യമൊരുക്കിയ കൃഷീവലനും പണിക്കാരുമൊക്കെ കടലിലെ തിരകളെപോലെ വിസ്മൃതിയിലാവും. പ്രഹ്ളാദ,നീ ഓര്‍ക്കുന്നുണ്ടാകുമല്ലോ,കുലശേഖര രാജാക്കന്മാരുടെ കാലത്തുതന്നെ ചേരരാജ്യം പതിനേഴുനാടുകളായി ഭാഗിക്കപ്പെട്ടിരുന്നു.കോലത്തു നാടുകൂടി ചേരുമ്പോള്‍ പതിനെട്ടു നാട്ടാരായി കേരളീയര്‍ വിഭജിക്കപ്പെട്ടിരുന്നു.വേണാട്,വെണ്‍പലിനാട്,നന്‍റുഴൈ നാട്,പെരുമ്പടപ്പ് തുടങ്ങി ചെറുതും വലുതുമായ അനേകം നാടുകള്‍.ഓരോ നാടിനും ഒരു നാടുവാഴി.എല്ലാം നിയന്ത്രിക്കാന്‍ ബ്രാഹ്മണ സഭകള്‍. ഏതാണ്ട് ഇതായിരുന്നു സംവിധാനം.
വേണാട്ടിലും സൈന്യാധിപന്മാരില്‍ ഒരാളായി നിന്‍റെ രക്തമുണ്ടായിരുന്നല്ലൊ.വീറോടെ പോരാടിയ ദേവവര്‍മ്മന്‍. മഹോദയപുരം വാണിരുന്ന കുലശേഖരന്മാരുടെ പരമാധികാരത്തിന് കീഴ്പ്പെട്ട് നാടുവാണിരുന്ന നാടുവാഴികളായിരുന്നു വേണാട്ടിലെ അയ്യനടികള്‍ തിരുവടികളും ഗോവര്‍ദ്ധന മാര്‍ത്താണ്ഡനും. എന്നാല്‍ ക്രമേണ വേണാട് ശക്തിപ്പെട്ടു.ഗോവര്‍ദ്ധന മാര്‍ത്താണ്ഡന്‍ നന്‍റുഴൈ നാടിന്‍റെ ഭരണാധികാരം കൂടി ഭാസ്ക്കര രവിവര്‍മ്മന് നല്കിയിരുന്നു.കൊല്ലത്ത് പനംകാവില്‍ കൊട്ടാരത്തില്‍ താമസിച്ചിരുന്ന രാമര്‍ തിരുവടിയാണ് ചോളന്മാരെ തോല്പ്പിച്ച് വേണാടിന്‍റെ യശസ്സ് വര്‍ദ്ധിപ്പിച്ചത്. ഒടുവിലത്തെ കുലശേഖര രാജാവിന്‍റെ മൂത്ത സഹോദരിയില്‍ ജനിച്ച പുത്രനായിരുന്നു രാമര്‍ തിരുവടി. വേണാട് രാജാവാണ് അവരെ വിവാഹം ചെയ്തിരുന്നത്.അങ്ങിനെ രാമര്‍ വേണാടിന്‍റെയും അധിപനായി.കുലശേഖര രാജാവിന് പുത്രന്മാര്‍ ഇല്ലാതിരുന്നതിനാല്‍ ഏറ്റവും പ്രായം കൂടിയ സഹോദരി പുത്രന്‍ എന്ന നിലയില്‍ കുലശേഖര ബിരുദവും കോയിലധികാരി ബിരുദവും രാമര്‍ക്ക് വന്നുചേര്‍ന്നു. രാമര്‍ തിരുവട് കോയിലധികാരി ശ്രീ കുലശേഖര ചക്രവര്‍ത്തികള്‍ എന്ന വിശേഷണത്തോടെയാണ് അദ്ദേഹം അറിയപ്പെട്ടത്. എന്നാല്‍ അനന്തരഗാമികള്‍ കുലശേഖര ബിരുദം മാത്രമെ സ്വീകരിച്ചുള്ളു. അവസാനത്തെ ചേരരാജാവിന്‍റെ ഇളയ സഹോദരിയെ വിവാഹം ചെയ്തത് പെരുമ്പടപ്പ് നമ്പൂതിരിയായിരുന്നു.അവരുടെ പുത്രനും അനന്തര തലമുറയും മഹോദയപുരം ആസ്ഥാനമാക്കിയ കോയിലധികാരികളായി തുടര്‍ന്നു.കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയിലുള്ള പ്രദേശമായിരുന്നു അന്നത്തെ വേണാട്. രാമര്‍ തിരുവടികളുടെ സൈന്യം ചോളന്മാരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് കോട്ടാറിലേക്ക് ഓടിച്ചു. കേരളത്തില്‍ നാഞ്ചിനാട് മാത്രമായിരുന്നു അവര്‍ക്ക് സ്വന്തം. അത് ക്രമേണ പാണ്ഡ്യന്മാര്‍ കൈവശമാക്കി.എഡി ആയിരത്തിഒരുനൂറ്റി പതിനെട്ടില്‍ കുലോത്തുംഗ ചോളന്‍റെ നിര്യാണത്തോടെ ചോളന്മാരുടെ പ്രതാപവും അസ്തമിച്ചു. രാമര്‍ തിരുവടികള്‍ എന്ന രാമവര്‍മ്മ കുലശേഖരന്‍റെ കാലശേഷം വേണാട് രാജാവായ വീരകേരള വര്‍മ്മയുടെ കാലത്ത് നാഞ്ചിനാടും വേണാടിന്‍റെ ഭാഗമായി തീര്‍ന്നു.

     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ