2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-22-ബുദ്ധിമാന്മാരുടെ കളികള്‍

ഇരുപത്തിരണ്ട്

ബുദ്ധിമാന്മാരുടെ  കളികള്‍

ബൌദ്ധ പ്രഭവ കാലം കഴിഞ്ഞ്  ശൈവ-വൈഷ്ണവ ഭക്തി പ്രസ്ഥാനകാലത്ത് നമ്പൂതിരി സമൂഹം ശക്തിപ്പെട്ടു.പന്തീരാണ്ട് സഭയ്ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായി. രാജഭരണത്തെപറ്റി അഭിപ്രായം പറയാനും രാജാവില്‍ വിശ്വാസമോ അവിശ്വാസമോ രേഖപ്പെടുത്താനും തുടങ്ങി. എട്ടാം നൂറ്റാണ്ടില്‍ ചേര കേന്ദ്ര ഭരണം ദുര്‍ബ്ബലമായപ്പോള്‍ നമ്പൂതിരിമാരുടെ സ്വാധീനശക്തി വര്‍ദ്ധിച്ചു.പന്തീരാണ്ട് സഭ പാസാക്കുന്ന അഭിപ്രായത്തിന് നിര്‍ണ്ണായക സ്വാധീനം വന്നു. ശൈവരും വൈഷ്ണവരും ആശയ സമരവും സംഘട്ടനവും നടത്തുന്നതിനിടെ ബുദ്ധ-ജൈന മതങ്ങള്‍ ദുര്‍ബലമായി. സാധാരണക്കാര്‍ അവയെ നെഞ്ചിലേറ്റിയപ്പോള്‍ ഭരണാധികാരികളും അവരുടെ സില്‍ബന്ധികളും ശൈവ-വൈഷ്ണവ വിശ്വാസികളായി മാറി.
പ്രബലന്മാരായ കുലശേഖര രാജാക്കന്മാരുടെ ആവിര്‍ഭാവത്തോടുകൂടി കുറേക്കൂടി വ്യവസ്ഥാപിതമായ രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ അവര്‍ ആഗ്രഹിച്ചു. നമ്പൂതിരിമാരുടെ പന്തീരാണ്ട് സഭയ്ക്ക് പുറമെ ആഭ്യന്തരകാര്യങ്ങളില്‍ സ്വയംഭരണമുള്ള നാടുവാഴികളും രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുവാന്‍ തുടങ്ങി. ഇവരെല്ലാവരുമായി കൂട്ടായി ആലോചിച്ച് പൊതുനയം രൂപീകരിക്കുവാനും ഏര്‍പ്പാടുണ്ടായി. പന്തീരാണ്ട് സഭയുടെ സ്ഥാനത്ത് നമ്പൂതിരി ഗ്രാമങ്ങളുടെ അധിപതികളായ ഗ്രാമണിമാരും പതിനെട്ടു നാടുകളിലെയും നാടുവാഴികളും മറ്റു പൌരമുഖ്യന്മാരും അഞ്ചുവണ്ണം,മണിഗ്രാമം തുടങ്ങിയ വാണിജ്യ സംഘടനകളുടെ പ്രതിനിധികളും നമ്പൂതിരി കഴകങ്ങളുടെ നേതാക്കളായ തളിയാതിമാരും കൂടി ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായില്‍ സമ്മേളിച്ച് ഭരണകാര്യങ്ങളില്‍ പൊതുനയം രൂപീകരിച്ചു വന്നു.ഈ സന്ദര്‍ഭം ആഢംഭരസമന്വിതം ആഘോഷിക്കുവാനും തീരുമാനിച്ചു. ആഘോഷങ്ങള്‍ക്കൊടുവില്‍ രാജാവില്‍ വിശ്വാസം രേഖപ്പെടുത്തിയാണ് നാടുവാഴികള്‍ പിരിഞ്ഞുപോയത്. മഹോത്സവത്തിന്‍റെ ഭാഗമായി നാട്ടുരാജാക്കന്മാരുടെ സേനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ ചാവേറുകളായി പടവെട്ടി ജീവനൊടുക്കുകയും ചെയ്തിരുന്നു.ഈ ആഘോഷമാണ് പ്രഹ്ളാദ,മാമാങ്കം. എണ്ണൂറ്റി ഇരുപത്തിയൊന്‍പതിലെ ആദ്യ മാമാങ്കത്തില്‍ നിന്‍റെ കുലത്തിലെ ഒരു പടവീരന്‍ ചാവേറായത് നീ അറിക.ചാവേറാകാന്‍ അനേകം പേരാണ് മുന്നോട്ടു വരുക. അതില്‍ നിന്നും നാടുവാഴിയാണ് തെരഞ്ഞെടുപ്പ് നടത്തുക. അന്നുമുതല്‍ അയാള്‍ വൃതാനുഷ്ടാനങ്ങള്‍ തുടങ്ങും. വീട്ടുകാരും നാട്ടുകാരും അയാളോട് ആദരവും ബഹുമാനവും കാണിക്കും. മാമാങ്കം അടുക്കും തോറും വൃതതീവ്രത കൂടുകയും അയാള്‍ കൂടുതല്‍ തേജസ്സാര്‍ന്ന് വരുകയും ചെയ്യും. ചാവേറായി മരിക്കുന്നവര്‍ സ്വര്‍ഗ്ഗലോകം പൂകുമെന്നാണ് നമ്പൂതിരിമാര്‍ അവരെ പറഞ്ഞ് ധരിപ്പിച്ചിട്ടുള്ളത്. ഹിന്ദു ആചാരങ്ങള്‍ ഒരു മതമായി വളര്‍ന്നു വരുന്നതിന്‍റെ ലക്ഷണങ്ങളായിരുന്നു ഇതെല്ലാം.ഈ കാലത്ത് ബുദ്ധ-ജൈന മതങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും രേഖകളുമെല്ലാം ബ്രാഹ്മണരുടെ നേതൃത്വത്തില്‍ ശൈവ-വൈഷ്ണവ മതക്കാര്‍ നശിപ്പിക്കാന്‍ തുടങ്ങി. അനേക തലമുറകള്‍ സമ്പാദിച്ച അറിവിനെയാണ് അവര്‍ നിഷ്ക്കരുണം ചാമ്പലാക്കിയത്.
ആദ്യ മാമാങ്ക മഹോത്സവത്തില്‍ ശങ്കരാചാര്യര്‍ കേരളീയര്‍ പിന്‍തുടരേണ്ട ആചാര്യമര്യാദകള്‍ പ്രഖ്യാപനം ചെയ്തു. ആ ദിവസമാണ് ആചാര്യവാഗഭേദ്യ എന്ന കലിദിനം. രാജാവിനോട് നാടുവാഴിക്കുള്ള കൂറ് പ്രഖ്യാപിക്കാനാണ് ചില ഭടന്മാരെ ആത്മാഹൂതി ചെയ്യിച്ചിരുന്നത്.ഇതുപോലെയുള്ള മറ്റൊരു ചടങ്ങുകൂടിയുണ്ട് പ്രഹ്ളാദ. ഒരു രാജാവ് മരണപ്പെട്ട് മറ്റൊരു രാജാവ് അധികാരമേറുമ്പോള്‍ ഒരു ഊട്ടു ചടങ്ങ് നടത്താറുണ്ട്. പുതിയ രാജാവിന് ചോറ് തയ്യാറാക്കി ഒരിലയില്‍ വിളമ്പും.തന്‍റെ അനുയായികളില്‍ നിന്നും രാജാവ് മുന്നൂറ് നാനൂറ് പേരെ ക്ഷണിക്കും.ആരുടെയും സമ്മര്‍ദ്ദമില്ലാതെ തന്നെ അവര്‍ ഈ ചടങ്ങില്‍ സംബ്ബന്ധിക്കും. രാജാവ് അല്പ്പം ചോറ് കഴിച്ചശേഷം ഓരോരുത്തര്‍ക്കായി ഓരോ പിടി ചോറ് നല്‍കും.അവര്‍ അത് അഭിമാനത്തോടെ കഴിക്കും. ഇങ്ങനെ രാജാവിന്‍റെ ചോറ് കഴിച്ച എല്ലാവരും തന്നെ ,രാജാവ് മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍ ചിതയില്‍ ചാടി മരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. അങ്ങിനെ ചെയ്യാന്‍ അവര്‍ അമാന്തിക്കാറുമില്ല. അവര്‍ ചിതയില്‍ ചാടി വെന്ത് വെണ്ണീറാകും. അഗ്നിയില്‍ ചാടി മരിക്കാന്‍ തീരുമാനിക്കുന്നയാള്‍ രാജകൊട്ടാരത്തില്‍ പോയി സമ്മതം വാങ്ങും. അങ്ങാടികളില്‍ കൂടി നടന്ന് ചിതകൂട്ടിയ സ്ഥലത്ത് എത്തും. ചിതയുടെ പരിസരത്തു നിന്ന് ആളുകള്‍ വിറകെറിയുന്നുണ്ടാകും. ഒടുവില്‍ അതൊരഗ്നികുണ്ഡമായി മാറും.ആ സമയം അയാള്‍ ഓടി വരും. കുടുംബക്കാരും ബന്ധുക്കളും ഒപ്പമുണ്ടാകും. വാദ്യമേളങ്ങള്‍ മുഴങ്ങുമ്പോള്‍,സുഗന്ധ തൈലങ്ങള്‍ പകര്‍ന്ന പാത്രം അയാളുടെ തലയില്‍ വയ്ക്കും. അതില്‍ എരിയുന്ന കല്ക്കരിയിട്ട് ചാരായമൊഴിച്ച് ആളിക്കത്തിക്കും. തല എരിഞ്ഞ് കരിഞ്ഞ മണം പുറത്തുവരുമ്പോഴും അയാള്‍ നടക്കുകയാവും.വേദന പ്രദര്‍ശിപ്പിക്കയില്ല. ഒടുവില്‍ എരിയുന്ന ചിതയിലേക്ക് ചാടും,ദേഹം ചാമ്പലാകും.അതിനുമുന്‍പായി ചിതയ്ക്കടുത്തെത്തുമ്പോള്‍ അരയിലെ കത്തിയൂരി വയറുകീറി ഇടതുകൈകടത്തി കുടല്‍മാലയെടുത്ത് അലറിവിളിക്കും. എന്നിട്ട് സഹോദരനുനേരെ നീട്ടി മരണത്തെയും വേദനയേയും പുച്ഛിച്ച് സംസാരിക്കും.കണ്ടുനില്ക്കാന്‍ കഴിയാത്ത ഭീബത്സമായ ചില ആചാരങ്ങളായിരുന്നു പ്രഹ്ളാദ, ഇതൊക്കെ.പോകെപ്പോകെ ഇതൊക്കെ അവസാനിപ്പിച്ച് മലയാളികള്‍ പുതിയ ലോകം തീര്‍ക്കുന്നതാണ് പ്രഹ്ളാദ,നമ്മള്‍ പിന്നീട് കാണുന്നത്.
                   എണ്ണൂറ്റി ഇരുപത്തിയൊന്‍പതിലെ ആദ്യ മാമാങ്ക കാലത്തുതന്നെ നമ്പൂതിരിമാര്‍ ഗണനീയ ശക്തിയായി മാറിയിരുന്നു. കുലശേഖര രാജാവിന്‍റെ ശക്തി ക്ഷയിച്ചിരുന്നതിനാല്‍ ചോളരുമായുള്ള ഏറ്റുമുട്ടലുകള്‍ രാജാധികാരം ദുര്‍ബ്ബലപ്പെടുത്തി. രാജ്യത്തുണ്ടായ അരാജകാവസ്ഥ നമ്പൂതിരിമാര്‍ അധികാരം സ്ഥാപിക്കാനായി ഉപയോഗപ്പെടുത്തി. നമ്പൂതിരിമാരെ അംഗീകരിക്കുന്നവര്‍ക്ക് കൂടുതല്‍ സൌകര്യങ്ങളും എതിര്‍ക്കുന്നവര്‍ക്ക് കഷ്ടപ്പാടും എന്ന നിലവന്നു. ബുദ്ധ-ജൈന മതങ്ങളില്‍ അടിയുറച്ചവര്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി.നമ്പൂതിരി ഭരണം അംഗീകരിച്ചവരെല്ലാം നായന്മാരായി ഒരു ജാതിക്ക് കീഴില്‍ പല പിരിവുകളായി കൂട്ടം കൂടി കിടന്നു.
ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിന്ന നമ്പൂതിരി ഗ്രാമങ്ങള്‍ എന്ന രീതി മാറി നമ്പൂതിരി താമസിക്കുന്ന ഗ്രാമങ്ങളിലെല്ലാം ക്ഷേത്രം എന്ന നില വന്നു.ക്ഷേത്രങ്ങളെ തളിയെന്നും ക്ഷേത്രഭാരവാഹികളെ തളിയന്മാര്‍ എന്നും വിളിച്ചു.ക്ഷേത്രഭരണം,ഗ്രാമപൊതുഭരണം എന്നിവയില്‍ ഇവര്‍ പങ്കാളികളായിരുന്നു. മാമാങ്കം വന്നതോടെ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തളിയാര്‍മാരോടും തളിയാതിരിമാരോടും ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന സമ്പ്രദായം നിലവില്‍വന്നു.അതോടെ ക്ഷേത്രകാര്യങ്ങള്‍ക്ക് പുറമെ രാജ്യകാര്യങ്ങളിലും അവര്‍ക്ക് ഉപദേശാധികാരം ലഭിച്ചു.പത്താം നൂറ്റാണ്ടില്‍ സ്ഥിതിഗതികളില്‍ കുറച്ചുകൂടി മാറ്റം വന്നു.നാലു കഴകങ്ങളുടെയും തളിയാതിരിമാരോട് കൂടെക്കൂടെ കാര്യങ്ങള്‍ ആലോചിക്കാന്‍ തുടങ്ങി. അതിനായി മഹോദയപുരത്ത് നാലു തളികള്‍ ഏര്‍പ്പെടുത്തി, അവരെ അവിടെ താമസിപ്പിച്ചു. അധികാരം ശക്തമായതോടെ സുന്ദരികളായ സ്ത്രീകളും നമ്പൂതിരി സ്വത്തുക്കളില്‍ ഉള്‍പ്പെടാന്‍ തുടങ്ങി.
പ്രഹ്ളാദ,സമൂഹത്തില്‍ വേഗത്തിലുണ്ടായ മാറ്റം നീ കാണുന്നില്ലെ,ബുദ്ധിമാന്മാര്‍ അവരുടെ ഇച്ഛാനുസരണം ഭരണം മാറ്റുന്ന കളിയാണ് നീ കാണുന്നത്.
ഉവ്വ് ഗുരോ,എത്ര വേഗമാണ് ബുദ്ധ-ജൈന മതങ്ങള്‍ പിറകോട്ടടിക്കപ്പെട്ടത്, തികച്ചും അത്ഭുതകരം.
മൂഴിക്കുളം നമ്പൂതിരി കഴകത്തിന്‍റേതായിരുന്നു മേത്തളി.ഐരാണിക്കുളത്തിന്‍റേത് കീഴ്തളിയും. ചിങ്ങപുരത്ത് തളി ഇരിങ്ങാടിക്കൂടലിന്‍റെയും നെടിയതളി പറവൂരിന്‍റേതുമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടോടെ നമ്പൂതിരിമാരോട് ആലോചിക്കാതെ യാതൊന്നും ചെയ്യില്ല എന്ന നില വന്നു. കേന്ദ്രീകൃത ഭരണം മാറി നാടുവാഴി ഭരണമായി.മതേതര ഭരണ ക്രമം വിട്ട് നമ്പൂതിരിമാരോട് ആലോചിച്ച് ഭരണം നിയന്ത്രിക്കുന്ന രീതി നിലവില്‍ വന്നു.
ഏഴാം നൂറ്റാണ്ടില്‍ വഞ്ചിയായിരുന്നു തലസ്ഥാനം. എട്ടാം നൂറ്റാണ്ടിലാണ് ചേരമാന്‍ പെരുമാള്‍ അഞ്ചൈക്കുളത്തും മതിലകത്തും ഓരോ മഹാദേവര്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്. മതിലകത്ത് ബുദ്ധക്ഷേത്രത്തിന് പകരമാണ് മഹാദേവര്‍ ക്ഷേത്രം വന്നത്. അങ്ങിനെ ആ പ്രദേശം മഹാതേവര്‍പട്ടണം എന്നറിയപ്പെട്ടു. പിന്നീട് മഹോദയപുരമായി,ചേരതലസ്ഥാനവുമായി. അന്ന് അത് വാണിജ്യകേന്ദ്രമായിരുന്നില്ല. വളപട്ടണം,ധര്‍മ്മപട്ടണം,പന്തലായിനി,കാലിക്കൂട്ടു,കൌലം എന്നിവയായിരുന്നു പ്രധാന തുറമുഖങ്ങള്‍.മുചിരി കടലെടുത്തുപോയിരുന്നു. ഒന്‍പതാം നൂറ്റാണ്ടിലാണ് കൊല്ലം പ്രധാന തുറമുഖമായത്. അഞ്ചുവണ്ണം,മണിഗ്രാമം എന്നീ വാണിജ്യസംഘടനകളുടെ ആസ്ഥാനവും കൊല്ലമായിരുന്നു. ഇവര്‍ക്കും പുന്നത്തലപ്പതി,ചൊളൈകുടിപ്പതി എന്നീ പ്രഭുക്കന്മാര്‍ക്കും കൊല്ലം ഭരണത്തില്‍ പങ്കുണ്ടായിരുന്നു. വേണാടിന്‍റെ ആസ്ഥാനവും കൊല്ലമായിരുന്നു.
പ്രഹ്ളാദ,നിന്‍റെ മുന്‍മുറക്കാരില്‍ ഒരാള്‍ക്ക് ,ചൈനീസ് കച്ചവടക്കാരുമായി നല്ല ബന്ധമായിരുന്നു.ചീനവല,ചീനഭരണി,ചീനപ്പഞ്ചസാര എന്നിവ തുറമുഖത്തിറക്കി മറ്റുള്ളവര്‍ക്ക് നല്കിവന്നത് അദ്ദേഹമായിരുന്നു. ചീനക്കപ്പലുകള്‍ കരയ്ക്കടുക്കുമ്പോള്‍ നൂറു ദിര്‍ഹവും മറ്റു കപ്പലുകള്‍ക്ക് ഒന്നു മുതല്‍ പത്തുവരെ ദീനാരവും ചുങ്കം ചുമത്തിയിരുന്നു. അത് വാണിജ്യപുരോഗതിയുടെയും ഐശ്വര്യത്തിന്‍റെയും കാലമായിരുന്നു പ്രഹ്ളാദ.

എണ്ണൂറ്റി ഇരുപത്തിനാല് ഇരുപത്തിയഞ്ചിലാണ് കൊല്ലം നഗരം സ്ഥാപിച്ചത്. കൊല്ലം തോന്‍റിയാണ്ട് എന്ന് ഈ വര്‍ഷം അറിയപ്പെടുന്നു.എണ്ണൂറ്റി നാല്പ്പത്തിയൊന്‍പതില്‍ വേണാട് വാണ അയ്യനടികള്‍ തിരുവടികള്‍ തരിസാപ്പള്ളി ശാസനം തയ്യാറാക്കിയത് കൊല്ലത്തുവച്ചാണ്. ആയിരത്തി തൊണ്ണൂറ്റിയാറില്‍ കുലോത്തുംഗ ചോളന്‍റെ സേനാധിപതിയായ നരലോകവീരന്‍ വേണാട് ആക്രമിച്ച് നശിപ്പിക്കും വരെയും കൊല്ലം പ്രതാപമാണ്ടുതന്നെ നിന്നു. കൊല്ലം നശിച്ച വര്‍ഷം കൊല്ലം അഴിന്താണ്ട് എന്നാണറിയപ്പെടുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ