2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-19-നന്മ തിന്മകളുടെ കയറ്റിറക്കങ്ങള്‍

പത്തൊന്‍പത്

നന്മ തിന്മകളുടെ കയറ്റിറക്കങ്ങള്‍ 

ചെങ്കുട്ടുവന്‍റെ പുത്രന്‍ വാലോന്‍റെ കിരീടധാരണം ആഴ്ചകള്‍ നീണ്ട ഉത്സവമായിരുന്നു.നഗരത്തിന്‍റെ വിവിധ കോണുകളില്‍ നൃത്തവും സംഗീതവും അരങ്ങേറി.യാഴ്,മിഴാവ്,കുഴല്‍,പെരുവങ്കിയം,തുടിപ്പറ തുടങ്ങിയ സംഗീതോപകരണങ്ങളില്‍ നിന്നുള്ള വാദ്യഘോഷങ്ങളാല്‍ അന്തരീക്ഷം മുഖരിതമായിരുന്നു. വളഞ്ഞ കൊമ്പുള്ളതും കമ്പികള്‍ മുറുക്കി കെട്ടിയതുമായ ഉപകരണമാണ് യാഴ്.പാണന്മാരും പാണിനികളും ഇത് ഉപയോഗിച്ചിരുന്നു. വളരെയധികം കമ്പികളുള്ള പേരിയാഴും ഉപയോഗിച്ചിരുന്നു.തഴയുട ധരിച്ച്,പൂമാല ചൂടി,വളകളും ആഭരണങ്ങളുമണിഞ്ഞ് ,വാര്‍കൂന്തല്‍ ഉച്ചിയില്‍ കെട്ടി പേരിയാഴില്‍ പല രാഗങ്ങള്‍ ഉതിര്‍ക്കുന്ന പാണയുവതികളെ എവിടെയും കാണാമായിരുന്നു. അവര്‍ രാജാവിന്‍റെ ഗുണഗണങ്ങള്‍ പാടിക്കൊണ്ട് നാട്ടുവഴികളെ സജീവമാക്കി.
കൂത്തര്‍ക്കും പാണര്‍ക്കും രാജാവ് സമ്മാനങ്ങള്‍ നല്കി ആദരിച്ചിരുന്നു.വിറലികള്‍ നൃത്തമാടുന്ന വേദികളില്‍ കൂത്തര്‍ കാവടിയാട്ടം നടത്തിവന്നു. കൊട്ടാര അങ്കണത്തിലെ തിളങ്ങുന്ന പാണ്ടില്‍ വിളക്കിന്‍റെ പ്രഭാപൂരത്തില്‍,മിഴാവിന്‍റെ മുഴക്കത്തിനൊപ്പിച്ചാണ് കൂത്തര്‍ തുണങ്കൈക്കൂത്ത് നടത്തിയിരുന്നത്.. സ്ത്രീകള്‍ കൈകോര്‍ത്തുപിടിച്ച് കുരവയിട്ട് കുരവൈക്കൂത്തും നടത്തിയിരുന്നു. പുന്നപ്പൂ കൊത്തുമാല ചൂടി പുരുഷന്മാരും കൂത്തില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കുവേണ്ടി വള്ളിയുടെ വേഷം കെട്ടിയ സ്ത്രീ വള്ളിക്കൂത്തും അല്ലിപ്പാവ പോലെയാകുന്ന അല്ലിയംകൂത്തും നടത്തിയിരുന്നു. 
ആഘോഷങ്ങളുടെ ആ ചാന്ദ്രദിനം തിരുക്കാര്‍ത്തികയായിരുന്നു. എങ്ങും ദീപക്കാഴ്ചകള്‍കൊണ്ടു നിറഞ്ഞ രാത്രി.വിഷ്ണുക്ഷേത്രങ്ങളിലെല്ലാം തന്നെ ആറാട്ടു നടന്നു. തീര്‍ത്ഥസ്നാനത്തിന് സമയമാകുമ്പോള്‍ ക്ഷേത്രപൂജാരി മണിനാദം മുഴക്കും.ഒരു മാസത്തെ വൃതനിഷ്ടയോടെ എത്തുന്ന ജനം ഭക്തിപുരസ്സരം ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിക്കും. അതിനുശേഷം ഭക്തര്‍ വിഷ്ണുപാദത്തില്‍ വീണുവണങ്ങും. തുടര്‍ന്നാണ് തിരുവോണാഘോഷം. കൊട്ടാരത്തിനു മുന്നിലും പണക്കാരുടെ വീടുകളിലും സംഗീതവിദുഷികളായ പാടിനികളും നൃത്തവിദഗ്ധരായ വിറലികളും കൂത്തച്ചികളും ആദരിക്കപ്പെട്ടു. കാലത്ത് മരുതപ്പണ്‍ രാഗവും വൈകിട്ട് ചെവ്വഴിപ്പണ്‍ രാഗവും ആലപിച്ചു. നൃത്തസംഗീത ലഹരിയില്‍ മുഴുകി ജനങ്ങള്‍ ആനന്ദതുന്തിലരായി.
പെണ്‍കുട്ടികള്‍ നൊച്ചിപ്പൂവും ആമ്പല്‍പ്പൂവും കോര്‍ത്ത് അരയില്‍ തഴയുട ധരിച്ച് തലമുടി ഉച്ചിയില്‍ കെട്ടി,മനോഹരവും മൃദുലവുമായ പട്ട് മുറുകെ ചുറ്റിയ അരക്കെട്ടും ചിത്രത്തിലെഴുതപ്പെട്ടതുപോലെയുള്ള ഇളം മുലകളും കാട്ടി നടക്കുമ്പോള്‍ ചെറുപ്പക്കാര്‍ മനസ്സില്‍ സ്വപ്നങ്ങള്‍ കോര്‍ത്ത് ആര്‍ത്തിയോടെ അവരെയും നോക്കിനിന്നു. വിവാഹിതകള്‍ പരുത്തികൊണ്ടോ പട്ടുകൊണ്ടോ ഉള്ള വസ്ത്രം ധരിച്ച് ചിലമ്പ്,പൂമാല,മുത്തുമാല,പുലിപ്പല്‍,താലി,വള,തോട എന്നീ ഭൂഷണങ്ങളും ധരിച്ച് അമ്പലങ്ങളില്‍ പോയിവരുന്ന കാഴ്ചയും സായാഹ്നങ്ങള്‍ക്ക് അഴകേറ്റി.
പുരുഷന്മാര്‍ പരുത്തി വസ്ത്രങ്ങളും പട്ടുവസ്ത്രങ്ങളും ധരിച്ച് മാറില്‍ ചന്ദനവും പൂശിനടന്നു. നനച്ചു വെളുപ്പിച്ച വസ്ത്രമായിരുന്നു പൊതുവെ എല്ലാവര്‍ക്കും പ്രിയം. പോര്‍ മറവര്‍ തുമ്പപ്പൂമാലചൂടി നീലക്കച്ചയും പൂവേല ചെയ്ത ആടയും മയില്‍പ്പീലി കോര്‍ത്ത മാലയും വെച്ചിമാലയും വേങ്ങാപ്പൂമാലയും അണിഞ്ഞ് യുദ്ധത്തിനായി തയ്യാറായി നില്‍ക്കുന്ന കാഴ്ച സ്ത്രീകളില്‍ ആവേശം നിറച്ചിരുന്നു. ഈ പോരാളികള്‍ യുദ്ധകാഹളം മുഴക്കാന്‍ മുരശും കരുതിയിരുന്നു.
വടക്കു പടിഞ്ഞാറു നിന്നുവന്ന ബ്രാഹ്മണരാണ് ഭൂമി,ജലം,വായു,അഗ്നി,ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ തത്വം സസൂക്ഷ്മമായി പ്രചരിപ്പിച്ചത്. നവഗ്രഹങ്ങളുടെ നിലയനുസരിച്ച് മനുഷ്യനും നാടിനുമുണ്ടാകുന്ന അനുഭവങ്ങളെ കുറിച്ചും അവര്‍ പ്രചാരണം നടത്തി. അനേകം ബുദ്ധ-ജൈനമതവിശ്വാസികളെയും ശൈവ-വൈഷ്ണവമതക്കാരെയും ബ്രാഹ്മണമതത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇത് ഉപകരിച്ചു. ശുക്രന്‍റെ നിലയെ ആസ്പദമാക്കിയാണ് മഴയുണ്ടാകുന്നതെന്ന് ബ്രാഹ്മണരായ വാനശാസ്ത്ര പണ്ഡിതന്മാര്‍ വിശ്വസിച്ചു. വെള്ളിനക്ഷത്രം തെക്കുദിച്ചാല്‍ മഴയുണ്ടാവില്ലെന്നായിരുന്നു വിശ്വാസം.ചൊവ്വ ചെല്ലുന്നിടങ്ങളില്‍ ശുക്രന്‍ ചെല്ലില്ലെന്നും വിശ്വസിച്ചു. ശുക്രന്‍ ശുഭഗൃഹങ്ങളോടും നക്ഷത്രങ്ങളോടും ചേര്‍ന്ന് നില്ക്കുകയും ധൂമകേതു ഒഴിഞ്ഞ് ആകാശം തെളിയുകയും ചെയ്യുന്നത് രാജ്യത്തിന് അഭിവൃദ്ധികരമാണെന്നും അവര്‍ മനസ്സിലാക്കി.
നക്ഷത്രങ്ങളുടെ നിലനോക്കി ഭാവി പ്രവചിക്കാനും അവര്‍ മിടുക്കരായിരുന്നു. നക്ഷത്രനിലപ്രകാരം മാന്തരന്‍ ചേരന്‍ ഇരുമ്പൊറൈ പ്രവചിക്കുന്നതിന്‍റെ ഏഴാം നാളില്‍ മരിക്കുമെന്ന് ഒരു ബ്രാഹ്മണ പണ്ഡിതന്‍ പ്രവചിച്ചു. രാജാവ് അപ്രകാരം മരിക്കുകയും ചെയ്തു.അതോടെ ജ്യോതിഷവിശ്വാസം നാട്ടില്‍ രൂഢമായി. വിശ്വാസികളാണെങ്കില്‍തന്നെയും സാങ്കേതിക മികവുനേടാനും ആളുകള്‍ ശ്രമിച്ചിരുന്നു.കരികാലന്‍റെ കാലത്ത് കാവേരിയില്‍ അണകെട്ടിയത് സാങ്കേതികവികാസം നേടിയതിന്‍റെ പ്രതീകമായി നമുക്ക് കാണാന്‍ കഴിയും. കുടികള്‍ നിര്‍മ്മിച്ചിരുന്നത് ശില്പ്പിയന്ത്രംകൊണ്ടായിരുന്നു. മരപ്പണിക്കാരായ തച്ചന്മാര്‍ ,വേലകള്‍ നിര്‍മ്മിക്കുന്ന കൊല്ലന്മാര്‍,മണ്‍പാത്രമുണ്ടാക്കുന്ന കുശവന്മാര്‍ എന്നിവരെ രാജാക്കന്മാര്‍ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. പ്രഹ്ളാദ,നിന്‍റെ രക്തബന്ധത്തില്‍ പെട്ടവര്‍ ഈ തൊഴിലുകളിലെല്ലാം ഏര്‍പ്പെട്ടിരുന്നു. അവര്‍ നല്ല കലാകാരന്മാരും സഹൃദയരുമായിരുന്നു. ഇപ്പോള്‍ അവരൊക്കെ നിന്നില്‍ നിന്നും എത്രയേറെ അകന്നുപോയിരിക്കുന്നുവെന്നും നീ അറിയുക.ധ്രുവങ്ങളുടെ അകലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. തൊഴില്‍ ചെയ്തിരുന്നവന് തൊഴിലിനെ അടിസ്ഥാനമാക്കി ജാതി നിശ്ചയിച്ചതോടെ എല്ലാം നിയതമായ ഫ്രെയിമുകളായി മാറിയത് നിനക്കിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ടാവണം. ബ്രാഹ്മണമതത്തിന്‍റെ ചതിപ്രയോഗമായിരുന്നു പ്രഹ്ളാദ,ഇതൊക്കെ.
പഠിക്കാന്‍ തുടങ്ങിയവര്‍ക്ക് ആയിരംവരെ എണ്ണാന്‍ അറിയാമായിരുന്നു. ബുധനും ശനിയും ഒഴികെയുള്ള ഗ്രഹങ്ങളെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടായിരുന്നു. പരുത്തി തുണി നിര്‍മ്മാണം,ചായം മുക്കല്‍,കരകൌശലങ്ങള്‍ എന്നിവയില്‍ ആളുകള്‍ മിടുക്കുകാട്ടി. പണത്തിന്‍റെ ഉപയോഗവും അവര്‍ മനസ്സിലാക്കിയിരുന്നു. ബ്രാഹ്മണര്‍ സമൂഹത്തില്‍ കൂടുതല്‍ അംഗീകാരം ലഭിക്കാനായി ,യാത്രാസമയത്ത് കാണുന്ന സകുനങ്ങള്‍ വ്യാഖ്യാനിക്കുകയും യാത്രക്കും മറ്റ് പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും പറ്റിയ മുഹൂര്‍ത്തങ്ങള്‍ സംബ്ബന്ധിച്ച് പ്രവചിക്കുകയും ചെയ്തു. കാര്യകാരണസഹിതം വിവരങ്ങള്‍ എടുത്തുപറയാന്‍ അവര്‍ സമര്‍ത്ഥരായിരുന്നു. കാരണം പറയാന്‍ കഴിയാത്തിടത്ത് വിധി,കര്‍മ്മഫലം എന്നീ മൂലകാരണങ്ങള്‍ പറഞ്ഞു വിശ്വസിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഏറ്റവുമധികം വിദ്യ നേടിയവരെയാണ് ബ്രാഹ്മണര്‍ എന്നു വിളിച്ചുവന്നത്. അതുകൊണ്ടുതന്നെ അവര്‍ എവിടെയും ആദരിക്കപ്പെട്ടു. ആചാര്യനെ സഹായിക്കുക,ധനം നല്കുക എന്നിവ പതിവായിരുന്നു. വിദ്യയില്ലാത്തവനെ മാതാവ് പോലും സ്നേഹിച്ചിരുന്നില്ല. കീഴോര്‍ വിഭാഗത്തിലെ പഠിച്ചവര്‍ക്കും അംഗീകാരം ലഭിച്ചിരുന്നു. സമൂഹത്തിന് വിദ്യയോടുള്ള ആദരവിനെ ബ്രാഹ്മണര്‍ ചൂഷണം ചെയ്തു.വിദ്യ നല്കാന്‍ കഴിയുന്നിടത്ത് അത് നല്കിയും മറ്റിടങ്ങളില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ചും ബ്രാഹ്മണര്‍ മേധാവിത്വം നേടി.
ഗണങ്ങളുടെ നേതാക്കളാണ് മരണശേഷം ദൈവങ്ങളായി മാറിയത്. മരണപ്പെട്ട വീരയോദ്ധാവിനെ അടക്കിയ ഇടത്ത് നാട്ടിയ നടുകല്ലിനെയാണ് നാട്ടുകാര്‍ ആരാധിച്ചിരുന്നത്. വെളുപ്പാന്‍കാലത്ത് നീരാടി ,ബലിയിട്ട് നെയ് വിളക്ക് കത്തിച്ചിരുന്നു. നിവേദ്യമായി മദ്യവും മാംസവുമാണ് നല്കിയിരുന്നത്.കാലക്രമത്തില്‍ ഐന്തിണകളില്‍ താമസിച്ചിരുന്ന പ്രധാനകുലങ്ങള്‍ക്കെല്ലാം ഓരോ കുലദൈവങ്ങളുണ്ടായി.ഉഴവര്‍ മഴദേവനായ വേന്തനേയും ആയര്‍ മായോനേയും പരതവര്‍ കടല്‍ദൈവത്തേയും കുറവര്‍ ചോയോനേയും മറവര്‍ കൊറ്റവൈ എന്ന ദേവിയേയും ആരാധിച്ചു. കൊറ്റവൈക്ക് മദ്യം നിവേദ്യമായി നല്കിയിരുന്നു. തിരുനെറ്റിയില്‍ വിളങ്ങുന്ന തൃക്കണ്ണും തിരുമുടിയുടെ പാര്‍ശ്വത്തില്‍ ചന്ദ്രക്കലയും കറുത്ത തിരുക്കഴുത്തുമുള്ള ശിവനെയും മഴു ആയുധമാക്കിയ യമനേയും കലപ്പയും പനകൊടിയുമുള്ള ബലരാമനേയും ആരാധിക്കുന്ന സമൂഹങ്ങളുണ്ടായി. അന്നത്തെ ആരാധന വിശ്വാസം ലളിതമായിരുന്നു.രാജാക്കന്മാരെക്കൊണ്ട് യാഗങ്ങള്‍ ചെയ്യിക്കുകയും ദാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുകയല്ലാതെ സമൂഹത്തിന്‍റെ ആത്മീയ-ഭൌതിക ജീവിതത്തില്‍ ഇടപെടാന്‍ ബ്രാഹ്മണര്‍ക്ക് കഴിഞ്ഞിരുന്നില്ല.പ്രഹ്ളാദ,ഇങ്ങനെയിരിക്കെ, ചെറിയ ഇടപെടലുകളിലൂടെയാണ് അവര്‍ അധികാര നിയന്ത്രാക്കളായി മാറിയത്. അക്കാലത്തും എല്ലാ മതങ്ങളും നാട്ടില്‍ പ്രചരിച്ചിരുന്നു. ശിവനെ ആരാധിച്ച ചെങ്കുട്ടുവന്‍ ബുദ്ധമതക്കാരിയായ കണ്ണകിയെ പ്രതിഷ്ടിച്ച കഥ നിനക്കറിയാമല്ലോ. ഒരേ വീട്ടില്‍ തന്നെ ബുദ്ധ-ജൈന-ഹിന്ദുമതവിശ്വാസികള്‍ സൌഹാര്‍ദ്ദപൂര്‍വ്വം കഴിഞ്ഞിരുന്നു. പ്രഹ്ളാദ,നിന്‍റെ വീട്ടിലും മുന്‍ഗാമികള്‍ വിവിധ മതങ്ങളില്‍ വിശ്വസിച്ച് ഒന്നിച്ച് കഴിയുകയും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ബുദ്ധമതം പ്രചരിപ്പിച്ച നെടുംചേരലാതന്‍റെ സഹോദരന്‍ പല്‍യാനെ യാഗങ്ങള്‍ കഴിച്ച ബ്രാഹ്മണമതവിശ്വാസിയായിരുന്നു. മനുഷ്യജീവിതത്തെയും ജീവിത ബന്ധങ്ങളേയും യാതൊരുവിധത്തിലും വരിഞ്ഞുകെട്ടാത്ത ആദര്‍ശ സംഹിതകള്‍ മാത്രമായിരുന്നു മതം.
ചാതുര്‍വര്‍ണ്ണ്യവും യാഗവുമായിരുന്നു ബ്രാഹ്മണ മതത്തിന്‍റെ മുദ്രകള്‍. വേദം പഠിക്കുക,പഠിപ്പിക്കുക,യാഗം ചെയ്യുക,ചെയ്യിക്കുക,ദാനം ചെയ്യുക,സ്വീകരിക്കുക എന്ന ഷഡ് കര്‍മ്മങ്ങള്‍ ബ്രാഹ്മണര്‍ അനുസരിച്ചു.
ജൈനമതം കൊങ്ങുദേശത്തുകൂടിയാണ് പ്രചാരത്തില്‍ വന്നത്.അത് വടക്കന്‍ കേരളത്തില്‍ വ്യാപിച്ചു. പുറപ്പുണ്ണേറ്റ പെരും ചേരലാതനും കോപ്പെരും ചോഴനും വടക്കിരുന്ന് ആത്മത്യാഗം ചെയ്ത ജൈനരായിരുന്നു.തൊല്‍ക്കാപ്പിയം രചിച്ച തൊല്‍ക്കാപ്പിയരും ജൈനസന്ന്യാസിയായിരുന്നു.പൊതുവെ മാംസഭോജികളായ മനുഷ്യര്‍ക്കിടയില്‍ ജൈനര്‍ വരക്,തിന,കൊള്‍,അവര എന്നിവ ശ്രേഷ്ടഭക്ഷണമായി കരുതി ഉപയോഗിച്ചു.പ്രഹ്ളാദ,നീ ഒന്നറിയുക,നിന്‍റെ രക്തത്തിലുള്ളവര്‍ വടക്കു ദിക്കില്‍ ഇപ്പോഴും സസ്യഭുക്കുകളായി ജീവിക്കുന്നുണ്ട്. ജൈനമതക്കാരായിരുന്ന അവരിപ്പോള്‍ തീയ്യരും മേനോനുമൊക്കെയാണെന്നേയുള്ളു.
കണ്ണകിക്കുശേഷം കോവലന്‍റെ പിതാവും കോവല കാമുകി മാധവിയും മാധവി പുത്രി മണിമേഖലയും ബുദ്ധമതം സ്വീകരിച്ചു എന്നതാണ് ചരിത്രം.സിലോണില്‍ നിന്നാണ് ബുദ്ധസന്ന്യാസിമാര്‍ വന്നത്.മലകയറി വരുന്നതിലും എളുപ്പമായിരുന്നു കടല്‍ കടന്നുവരുന്നത്. വടക്കേയിന്ത്യയില്‍ നിന്നും സിലോണിലേക്കും അവിടെ നിന്നും കേരളത്തിലേക്കുമുള്ള യാത്രകള്‍. അവര്‍ ദക്ഷിണകേരളത്തിലാണ് പ്രധാനമായും മതപ്രചരണം നടത്തിയത്. രാജാക്കന്മാരുടെ സഹായത്തോടെ അവര്‍ ശതവാഹനക്ഷേത്രങ്ങള്‍ സ്ഥാപിച്ചു.അവിടെ ജാതിഭേദങ്ങളില്ലാതെ മനുഷ്യര്‍ ശരണം വിളികളുമായി വന്നുപോയി. പ്രഹ്ളാദ,നിനക്കറിയാമല്ലോ നമ്മുടെ ശാസ്താവ് ബൌദ്ധദൈവമായിരുന്നെന്നും ബാവരി ബൌദ്ധാചാര്യനായിരുന്നെന്നും.നിന്‍റെ ശരീരത്തിലോടുന്ന വികാരം ബൌദ്ധപരമാണെന്നും നീ തിരിച്ചറിയണം.
പ്രഹ്ളാദ,ക്രൈസ്തവമതത്തിന്‍റെയും ജൂതവാസത്തിന്‍റെയും കഥകളും നീ അറിയേണ്ടവ തന്നെയാണ്. എഡി അന്‍പത്തിരണ്ടിലാണ് സെന്‍റ് തോമസ് കൊടുങ്ങല്ലൂരിനടുത്ത് മാലിയങ്കരയില്‍ വന്നിറങ്ങിയത്. മാലിയങ്കര,പാലയൂര്‍,കോട്ടക്കാവ്,കോക്കമംഗലം,കൊല്ലം,നിരണം,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അദ്ദേഹം ഏഴിപള്ളികള്‍ പണിതു.ആ കാലത്തുതന്നെ നിന്‍റെ തക്തത്തില്‍ ചിലര്‍ പുതുമയോടും അപരിചിതത്വത്തോടും താത്പര്യമേറി ക്രൈസ്തവമതം സ്വീകരിച്ചു. അവരെല്ലാം ഇന്ന് വളരെ ഉയര്‍ന്ന നിലയിലാണ് പ്രഹ്ളാദ,അവരെ നീ തിരിച്ചറിയാതിരിക്കയാണ് ഉചിതം.
വേണ്ട പ്രഭോ,എനിക്കാരെയും തിരിച്ചറിയണമെന്നില്ല. ചരിത്രം ഒന്നു പറഞ്ഞുകേട്ടാല്‍ മതി, പ്രഹ്ലാദന്‍ പറഞ്ഞു.
എങ്കില്‍ കേട്ടോളൂ,എഡി അറുപത്തിയെട്ടിലാണ് ജറുസലേം പള്ളി നശിപ്പിക്കപ്പെട്ടതിനെതുടര്‍ന്ന് ജൂതന്മാര്‍ കേരളത്തില്‍ കുടിയേറിയത്. അവര്‍ മറ്റാരെയും മതംമാറ്റി ഒപ്പം കൂട്ടാന്‍ ആഗ്രഹിച്ചില്ല. അത്രയേറെ യാഥാസ്ഥിതികരായിരുന്നു അവര്‍. ഒക്ടേവിയന്‍റെ മാരകപദ്ധതികളില്‍ നിന്നും മകനായ സിസേറിയനെ രക്ഷിക്കാന്‍ ക്ലിയോപാട്ര മകനെ കേരളത്തിലേക്കയ്ക്കാന്‍ പോലും പദ്ധതിയിട്ടിരുന്നു. അതൊക്കെ ഒരു കാലം.ഓര്‍ക്കാന്‍ സുഖമുള്ള കാര്യങ്ങള്‍. ഇപ്പൊ അത്ഭുതം തോന്നുന്നവ.
അതൊക്കെ പോട്ടെ പ്രഹ്ളാദ, നീ തിരുവള്ളുവരെ കുറിച്ച് കേട്ടിട്ടുണ്ടല്ലോ-ല്ലെ.അപാര മനുഷ്യ സ്നേഹവും അതിതീവ്ര കര്‍മ്മോത്സുകതയും കാട്ടിയിരുന്ന മഹാനായിരുന്നു അദ്ദേഹം. ഒരു മതത്തിലും ഉറയ്ക്കാതെ നന്മയെ പരിപോഷിപ്പിച്ച മഹത് വ്യക്തിത്വം.അറത്തുപ്പാല്‍,പൊരുള്‍പ്പാല്‍,കാമത്തുപ്പാല്‍ എന്നിവയാണ് തിരുക്കുറലിന്‍റെ പ്രതിപാദ്യ വിഷയങ്ങള്‍. സ്നേഹവും ധര്‍മ്മവും വിളയാടുന്ന ഗൃഹത്തില്‍ ആനന്ദവും ഐശ്വര്യവും നിറഞ്ഞ ജീവിതം പ്രകാശിക്കുമെന്ന് അദ്ദേഹം എഴുതിയത് ഇന്നും പ്രസക്തമാണ്. ഗുണവതിയായ ഭാര്യയുള്ള ഗൃഹം എല്ലാം തികഞ്ഞതാണെന്നും തിരുക്കുറല്‍ പറയുന്നു.പിഴച്ച ഭാര്യയുള്ളിടം മുടിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഭര്‍ത്താവിന്‍റെ നന്മയ്ക്ക് അടിസ്ഥാനം ഭാര്യയാണെന്നും തിരുവള്ളുവര്‍ രേഖപ്പെടുത്തുന്നു.ഈ നന്മയുടെ തങ്കക്കട്ടകളാണ് മക്കള്‍ എന്നദ്ദേഹം ഉത്ഘോഷിക്കുന്നു.പുരുഷന്മാര്‍ തൊഴിലെടുക്കുകയും സ്ത്രീകള്‍ കുടുംബം നോക്കുകയും ചെയ്ത ഒരുകാലത്തിന്‍റെ പ്രതിഫലനമായി നമുക്കിതിനെ കാണാം പ്രഹ്ളാദ.
താന്‍ ജീവിക്കുന്ന ലോകവുമായി പൊരുത്തപ്പെട്ടു ജീവിക്കുവാന്‍ കഴിയാത്തവന്‍ എത്രതന്നെ വിദ്വാനാണെങ്കിലും യാതൊന്നും പഠിച്ചിട്ടില്ല എന്ന് തിരുക്കുറള്‍ പറയുന്നു. ലോകം എങ്ങിനെയോ അതുപോലെ ജീവിക്കുന്നതാണ് ബുദ്ധിപൂര്‍വ്വകം എന്നത് സാധാരണക്കാര്‍ക്ക് നേര്‍ക്കുപിടിച്ച കണ്ണാടി. അന്യന്‍റെ ഭാര്യയെ ആഗ്രഹിക്കരുത്,ഇത് ധര്‍മ്മം മാത്രമല്ല സാധാരണ മര്യാദകൂടിയാണ് എന്നദ്ദേഹം പറയുന്നു. ധര്‍മ്മനിഷ്ടയോടുകൂടിയ ജീവിതചര്യയില്‍കൂടി ചാരിതാര്‍ത്ഥ്യം നേടുന്നത് ദേവലോകപ്രാപ്തിയെക്കാള്‍ മഹനീയമെന്നും തിരുവള്ളുവര്‍ എഴുതുന്നു. ബ്രാഹ്മണമതസിദ്ധാന്തത്തെയും അദ്ദേഹം എതിര്‍ത്തിരുന്നു. സസ്യാഹാര ജീവിതം പ്രോത്സാഹിപ്പിക്കാനും തിരുവള്ളുവര് മുന്നിട്ടുനിന്നിരുന്നു. കപട സന്ന്യാസികളെ ഭത്സിക്കാനും തിരുവള്ളുവര്‍ മടിച്ചിരുന്നില്ല. ആഗ്രഹത്തെ ഉപേക്ഷിക്കുന്ന മനുഷ്യന് പുനര്‍ജന്മത്തില്‍ നിന്നും രക്ഷനേടാമെന്നും അല്ലാത്തപക്ഷം അനിശ്ചിതത്വം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും വള്ളുവര്‍ പാടിനടന്നു. പ്രഹ്ളാദ,ഒരുവന്‍ ജീവിക്കുന്ന കാലം മര്യാദയായി ജീവിക്കാനുള്ള എല്ലാ വഴികളും വള്ളുവര്‍ എഴുതിവച്ചിരുന്നു. ഈ തത്വങ്ങളെല്ലാം ബുദ്ധമത ദര്‍ശനങ്ങളാണുതാനും. ദാനം,ദയ,ധര്‍മ്മം,പ്രജാക്ഷേമം എന്നിവയാണ് രാജാവിനുവേണ്ട ഗുണങ്ങളെന്നും കൃഷി,കച്ചവടം,ധര്‍മ്മനിഷ്ട എന്നിവ രാജക്ഷേമ നിദാനങ്ങളാണെന്നും അദ്ദേഹം എഴുതി.നമ്മുടെ അധിപന്മാര്‍ എന്നും ഓര്‍ക്കേണ്ട മഹത് വചനങ്ങള്‍-ല്ലെ പ്രഹ്ളാദ.
അര്‍ത്ഥമുണ്ടായാല്‍ ധര്‍മ്മവും കാമവും എളുപ്പം പ്രാപിക്കാം എന്ന പൊതുതത്വം അന്നും നിലനിന്നിരുന്നതായി തിരുക്കുറള്‍ പറയുന്നു. മദ്യപാനം,ചൂതുകളി എന്നിവയെ തിരുവള്ളുവര്‍ ശക്തമായി എതിര്‍ത്തിരുന്നു. സ്നേഹം,വിനയം,ദയ,ദാനശീലം,സത്യം എന്നീ പഞ്ചശീലങ്ങള്‍ അനുഷ്ടിക്കാന്‍ ഗുരുക്കന്മാര്‍ ജനങ്ങളെ പ്രേരിപ്പിച്ചിരുന്നു.ദാനം ചെയ്യാത്തവന്‍റെ സമ്പത്ത് ഏകാന്തതയില്‍ ജീവിതം അവസാനിപ്പിക്കുന്ന സ്ത്രീയുടെ സൌന്ദര്യംപോലെയാണെന്ന് തിരുവള്ളുവര്‍ പാടിനടന്നു.
പ്രഹ്ളാദ,ഇത്തരം നന്മയുള്ള മനുഷ്യര്‍ വാഴുന്ന ഒരു കാലം കഴിയുമ്പോള്‍ വീണ്ടും തിന്മ മേല്ക്കൈ നേടും.ഇതൊരു പ്രകൃതിതത്വമാണ് കുഞ്ഞേ,നീ അത് മനസ്സിലാക്കണം.
ഗുരു തുടര്‍ന്നു, എഡി ഇരുനൂറ്റിയഞ്ചില്‍ കാറും കോളും നിറഞ്ഞ ആകാശം പോലെ ദക്ഷിണേന്ത്യ കലുഷിതമായി. നൂറ്റാണ്ടുകള്‍ നീണ്ട പകയുടെയും പകരംവീട്ടലുകളുടെയും കാലം. എവിടെയും അക്രമവും പിടിച്ചുപറിയും നടമാടി.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും സുരക്ഷയുണ്ടായില്ല.കളഭ്രരായിരുന്നു ഭരണം നടത്തിയിരുന്നത്. യുദ്ധത്തിന്‍റെ ശംഖൊലികളല്ലാതെ മറ്റൊന്നും എവിടെയും കേള്‍ക്കാനുണ്ടായിരുന്നില്ല.കളഭ്രകുലത്തിലെ അച്ചുതവിക്കന്തന്‍ ഭരിച്ചിരുന്ന കാലത്ത് ചോള-ചേര-പാണ്ഡ്യന്മാരെ അദ്ദേഹം തടവില്‍ പിടിച്ചിട്ടു. അങ്ങിനെ ദക്ഷിണായനം മുഴുവന്‍ അടക്കിവാണു. തുടര്‍ന്ന് അനേക നൂറ്റാണ്ടുകള്‍ കളഭ്രന്മാരുടെ ഭരണമായിരുന്നു. ഒടുവില്‍ എഡി അഞ്ഞൂറ്റിഎഴുപതില്‍ പല്ലവരാജാവായ സിംഹവിഷ്ണു, കളഭ്രനായ കോതവിക്കന്തനെ തോല്പ്പിച്ചു. എന്നാല്‍ അറുനൂറ്റിരണ്ടില്‍ കോതവിക്കന്തന്‍റെ മകന്‍ ശൂരവിക്കന്തന്‍ അധികാരം തിരിച്ചുപിടിച്ചു. അയാളും യുദ്ധവീരനായിരുന്നു. അറുനൂറ്റിപതിനഞ്ചില്‍ അയാളെ പാണ്ഡ്യരാജാവായ കടുംകോന്‍ തോല്പ്പിച്ചു. തുടര്‍ന്നുനടന്ന യുദ്ധത്തിന്‍റെ ഒടുവില്‍ ബാഹുവിക്കന്തന്‍ അധികാരത്തില്‍ വന്നു. അറുനൂറ്റിനല്പ്പത്തിരണ്ടില്‍ പല്ലവരാജാവായ നരസിംഹവര്‍മ്മന്‍ ബാഹുവിക്കന്തനെ തോല്‍പ്പിച്ചു. തുടര്‍ന്ന് കാടുകളില്‍ തമ്പടിച്ച് ഒളിപ്പോരാട്ടം നടത്തിയ ശൂരവിക്കന്തന്‍റെ മകന്‍ താണുവിക്കന്തന്‍ അറുനൂറ്റിയന്‍പതില്‍ അധികാരം തിരിച്ചുപിടിച്ചു. പതിനാലുവര്‍ഷങ്ങള്‍ക്കു ശേഷം അറുനൂറ്റി അറുപത്തിനാലില്‍ ചാലൂക്യരാജാവായ വിക്രമാദിത്യന്‍ താണുവിക്കന്തനെ തോല്പ്പിച്ചു. കാടേറിയ കളഭ്രര്‍ വീണ്ടും ഒളിപ്പോര്‍ തുടങ്ങി. അറുനൂറ്റി എഴുപത്തി ഒന്നുവരെ നീണ്ട യുദ്ധത്തിനൊടുവില്‍ മായാവിക്കന്തന്‍ അധികാരം വീണ്ടെടുത്തു. പകവീട്ടലുകളുടെ നാളുകളായിരുന്നു അതെല്ലാം.യുദ്ധങ്ങളുടെ മണവും പൊടിയും മാത്രം നിറഞ്ഞുനിന്ന കാലം.ബുദ്ധ-ജൈന സന്ന്യാസിമാരുടെ നിലപാടുകളിലും ഈ കാലത്ത് കാര്യമായ മാറ്റം സംഭവിച്ചിരുന്നു. ആദര്‍ശങ്ങളില്‍ നിന്നും സംശുദ്ധജീവിതത്തില്‍ നിന്നും വ്യതിചലിച്ച് അവര്‍ മേന്മ കുറഞ്ഞവരും സുഖലോലുപരുമായി മാറി.വിശ്വാസികള്‍ മതം ഉപേക്ഷിച്ചുപോവുകയോ സന്ന്യാസിമാരെ അകറ്റിനിര്‍ത്തുകയോ ചെയ്തു.
യുദ്ധവും പ്രതികാരവും അവസാനിച്ചിരുന്നില്ല.അറുനൂറ്റി തൊണ്ണൂറ്റിരണ്ടില്‍ വിനയാദിത്യന്‍ എന്ന ചാലൂക്യരാജാവ് അധികാരം തിരിച്ചുപിടിച്ചു. അവസരം പാര്‍ത്തിരുന്ന കളഭ്രന്‍ മേലതവിക്കന്തന്‍ ചേര-ചോള രാജവംശങ്ങളുടെ സഹായത്തോടെ എഴുനൂറ്റിയഞ്ചില്‍ അധികാരം തിരിച്ചുപിടിച്ചു.ചാലൂക്യനും ഒളിയുദ്ധം തുടര്‍ന്നു.എഴുനൂറ്റിമുപ്പത്തിയൊമ്പതില്‍ വിക്രമാദിത്യന്‍ രണ്ടാമന്‍ ചാലൂക്യരുടെ വിജയം വീണ്ടുമുറപ്പിച്ചു. കളഭ്രരുടെ ശക്തമായ തിരിച്ചടികള്‍ കൊണ്ട് ശത്രുക്കള്‍ വശംകെട്ടു. അലി അരശര്‍ എന്നായിരുന്നു ശത്രുക്കള്‍ കളഭ്രരെ വിശേഷിപ്പിച്ചിരുന്നത്.
പ്രഹ്ളാദ,നീ വിചാരിക്കുന്നുണ്ടാകും ഈ ചരിത്രത്തിനിടയില്‍ നിന്‍റെ തായ് തന്തൈ വഴികള്‍ എവിടെയാണെന്ന്.തായ് വഴിയില്‍പെട്ടവര്‍ യുദ്ധംമടുത്ത് ദൂരേക്ക് ദൂരേക്ക് പാലായനം ചെയ്ത് കൃഷിചെയ്തും മറ്റും ഉപജീവനം കഴിച്ചു. തന്തൈ വഴികളില്‍പെട്ടവര്‍ കച്ചവടം ചെയ്ത് പട്ടണത്തില്‍ തന്നെകഴിഞ്ഞു.കാലം ഇനിയും കിടക്കുകയല്ലെ പ്രഹ്ളാദ,നീ എന്തൊക്കെ കാണാനിരിക്കുന്നു.

അവന്‍ ധ്യാനനിരതനായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ