2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-18-പിണഞ്ഞു പുളയുന്ന ജീവന്‍റെ കണികകള്‍

പതിനെട്ട്

പിണഞ്ഞു പുളയുന്ന ജീവന്‍റെ കണികകള്‍

ജൈന-ബുദ്ധമതങ്ങളുടെ പ്രഭാവം നശിച്ചു തുടങ്ങിയത് എഡി അഞ്ഞൂറോടുകൂടിയാണ്. രാജക്കന്മാരുടെ ഉപദേശകരും കൊട്ടാരം മേല്‍നോട്ടക്കാരും ബ്രാഹ്മണരായതോടെ ബ്രാഹ്മണമതം മേല്‍ക്കൈ നേടി. ആ കാലത്ത് ജൈന-ബുദ്ധ സന്ന്യാസിമാര്‍ പൊതുവെ അലസരും വഴിവിട്ട ജീവിതം നയിക്കുന്നവരുമായി മാറിയിരുന്നു.എന്നാല്‍ സാധാരണ ജനങ്ങള്‍ ബ്രാഹ്മണമതത്തെ അംഗീകരിച്ചില്ല.അവര്‍ ജൈന-ബുദ്ധമതാചാരപ്രകാരമുള്ള ജീവിതം തന്നെ തുടര്‍ന്നു.
ഈ കാലത്ത് ഭാരതത്തിന്‍റെ കിഴക്കന്‍ ദേശത്തുനിന്നും ബ്രാഹ്മണമതക്കാരുടെ പ്രവാഹമുണ്ടായി.രാജക്കന്മാര്‍ നാടിന്‍റെ സ്വത്തെല്ലാം അവര്‍ക്ക് വീതിച്ചുനല്കി. ജാതി-വര്‍ണ്ണ വ്യത്യാസത്തിന് തുടക്കം കുറിച്ചത് ഈ കാലത്താണ്. ചാതുര്‍വര്‍ണ്ണ്യം വരുകയും രാജാക്കന്മാര്‍പോലും ബഹുമാനിച്ചിരുന്ന പാണരും പറയരും മറ്റും നികൃഷ്ട സമൂഹങ്ങളാവുകയും ചെയ്തു. പ്രവൃത്തിവിഭജനവും സാമ്പത്തിക ഉച്ചനീചത്വവും സാവധാനം സമൂഹത്തെ അസന്തുലിതമാക്കി മാറ്റി. അന്നുവരെ സമൂഹത്തില്‍ അധികവും പ്രേമവിവാഹമായിരുന്നു നടന്നിരുന്നത്. എന്നാല്‍ ജാതിവ്യവസ്ഥ വന്നതോടെ സജാതീയ വിവാഹങ്ങള്‍ക്ക് പ്രാമുഖ്യം കൈവന്നു.
ചേരരാജാക്കന്മാരുടെ സ്വഭാവത്തിലും കാതലായ മാറ്റമുണ്ടായി. സമ്പന്ന വിഭാഗത്തിനു വേണ്ടിയുള്ള രാജാധികാരമാണ് ഉണ്ടായിരുന്നത്. വില്ലോര്‍,ചാന്‍റോര്‍,ഉഴവര്‍ തുടങ്ങിയ സമ്പന്ന സമുദായങ്ങളെ രാജാക്കന്മാര്‍ സംരക്ഷിച്ചു. ചെറുനാടുകളെ യുദ്ധത്തില്‍ കീഴടക്കാന്‍ പടയാളികളെ സ്ഥിരമായി നിയമിച്ചിരുന്നു. യുദ്ധമില്ലാത്ത സമയം ഇവര്‍ കൃഷികളില്‍ ഏര്‍പ്പെട്ടു. കീഴടക്കപ്പെടുന്ന നാട്ടിലെ സ്വത്തുക്കള്‍ കൊള്ളയടിച്ച് ഒരു വിഹിതം പടയാളികള്‍ക്ക് വിതരണം ചെയ്തിരുന്നു. കാലാളില്‍ വില്‍പ്പട,വേല്‍പ്പട,വാള്‍പ്പട എന്നിവയുണ്ടായിരുന്നു. ആനകളെ കോട്ടമതില്‍ തകര്‍ക്കാനും ശത്രുസേനയില്‍ കുഴപ്പമുണ്ടാക്കാനും ഉപയോഗിച്ചു. കുതിരപ്പടയും തേര്‍പ്പടയും കുറവായിരുന്നു. രാജാവിന്‍റെ ഉപദേശകസമിതി വളരെ ശക്തമായിരുന്നു. ഐം പെരും കഴു എന്നാണ് സമിതി അറിയപ്പെട്ടിരുന്നത്. ശാസിക്കാന്‍ കഴിവുള്ള പണ്ഡിതന്മാരില്ലാത്ത രാജാവ് സ്വയം നശിക്കുമെന്ന് തിരുവള്ളുവര്‍ പറഞ്ഞിരുന്നത് ഐം പെരും കഴുവിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.
എഡി അഞ്ഞൂറുകളില്‍ ഭരണം നടത്തിവന്ന ചേരരാജാവായ കോട്ടമ്പലത്ത് തുഞ്ചിയ മാക്കോതൈ, പ്രിയപത്നിയുടെ മരണത്തില്‍ മനംനൊന്ത് പ്രാണന്‍ വെടിയാന്‍ മുതിര്‍ന്നപ്പോള്‍ പണ്ഡിതന്‍ ഉപദേശിച്ചതിന്‍ പ്രകാരം പിന്‍വാങ്ങുകയുണ്ടായി.യുദ്ധപ്രിയരെ പ്രജാപാലനത്തിന് ഉപദേശിക്കുന്ന പണ്ഡിതരും ആ കാലത്ത് ഉണ്ടായിരുന്നു. രാജാവിനുണ്ടാകേണ്ട ഗുണഗണങ്ങളെ കുറിച്ച് കവികളും പാടിയിരുന്നു. ദാനം,ദയ,നീതി,പ്രജാവാത്സല്യം എന്നിവയാണ് രാജാവിന്‍‌റെ മികച്ച ഗുണങ്ങളായി കരുതിയിരുന്നത്. സൈന്യനേതൃത്വവും രാജാവിനായിരുന്നു. ആനപ്പുറത്തിരുന്നാണ് രാജാവ് പടനയിച്ചിരുന്നത്.പടക്കളത്തില്‍ മരണപ്പെട്ട രാജാക്കന്മാരും ഏറെയുണ്ടായിരുന്നു.
നാട്ടുകാരില്‍ നിന്നും നികുതിയും ഉടമസ്ഥരില്ലാത്ത ഭൂമിയിലെ ആദായവും ശത്രുരാജ്യം കൊള്ളയടിച്ചു കിട്ടുന്ന മുതലുമായിരുന്നു രാജ്യത്തിന്‍റെ പ്രധാന സമ്പത്ത്. അദ്ധ്വാനിച്ചുണ്ടാക്കുന്ന മുതലില്‍ ആറില്‍ ഒന്ന് രാജഭോഗമായിരുന്നു. കച്ചവടക്കാരില്‍ നിന്നും ചുങ്കം,ആദായതൊഴിലുകള്‍ക്ക് കരം പിരിവ് എന്നിവ നടപ്പാക്കിയിരുന്നു. ശത്രുരാജ്യത്തെ പശുക്കളെ മോഷ്ടിക്കാന്‍ യോദ്ധാക്കളെ രാജാവ് പ്രേരിപ്പിക്കുമായിരുന്നു. ഇതിന് വെട്ച്ചി എന്നു പറയും. വെട്ച്ചി യുദ്ധത്തിനുപോകും മുന്‍പും കഴിഞ്ഞശേഷവുമുള്ള ആഘോഷമാണ് ഉണ്ടാട്ട്.പശുക്കളെ യുദ്ധവീരന്മാര്‍ പങ്കിട്ടെടുക്കും,ഒരോഹരി രാജാവിനും നല്കും.വെട്ച്ചി യുദ്ധം വര്‍ദ്ധിച്ചതോടെ ഊരിനുചുറ്റും വേലികെട്ടുന്ന സമ്പ്രദായവും നിലവില്‍ വന്നു.
പ്രഹ്ളാദ,തലമുറകള്‍ പലതുകഴിഞ്ഞു, ബ്രാഹ്മണരെ അനുസരിക്കാത്ത നിന്‍റെ പിതാമഹന്മാര്‍ അധികാരത്തില്‍ നിന്നകന്നു. നോക്കൂ,പ്രഹ്ളാദ, ദൂരെ യുദ്ധകാഹളം മുഴങ്ങുന്നു.ഒന്നല്ല,രണ്ടല്ല,മൂന്നു വട്ടം.വേലായുധവേട്ടുവന്‍ തുമ്പപ്പൂമാലചൂടി ഉത്സാഹത്തോടെ ഓടിനടന്ന് കൊണ്ടുപോകേണ്ട ആയുധങ്ങളും മറ്റും എടുത്തുവയ്ക്കുകയാണ്. വേട്ടുവന്‍റെ ഭാര്യ മുല്ലൈമലരി നെറ്റിയില്‍ ചാന്തണിഞ്ഞ് പുരുഷനെ യാത്രയാക്കാനായി അടുത്തെത്തി,പുഞ്ചിരിച്ചുകൊണ്ട് തന്‍റെ മാല അയാളെ ചൂടിച്ചു. അവള്‍ തലയില്‍ ചൂടിയിരുന്ന പൂക്കള്‍ എടുത്തുകളഞ്ഞു. ഇനി ഭര്‍ത്താവ് വരുംവരെ അവള്‍ പൂ ചൂടില്ല. പോത്തിന്‍ തോലുകൊണ്ടുണ്ടാക്കിയ മുരശിലടിച്ച് ഗണശാമന്‍ യുദ്ധകാഹളം മുഴക്കുകയാണ്. നാലുദിക്കില്‍ നിന്നും കാഹളം മുഴങ്ങിയിടത്തേക്ക് ജനം പ്രവഹിക്കുകയാണ്. യുദ്ധരംഗത്തേക്ക് പോകാന്‍ സ്ത്രീകളും എത്തിയിട്ടുണ്ട്.
യുദ്ധം ജയിച്ചുകഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് ചൂടാനുള്ള വാകപ്പൂവും സ്ത്രീകള്‍ കരുതിയിട്ടുണ്ട്.കഴിഞ്ഞദിവസം വേട്ടുവന്‍ പറഞ്ഞതോര്‍ത്ത് മുല്ലൈമലരി ചിരിച്ചു.
മലരീ,ജയിച്ചാല്‍ സുന്ദരിയായ നിന്‍റടുത്തെത്താം.പോര്‍ക്കളത്തില്‍ മരിച്ചുവീണ് വീരസ്വര്‍ഗ്ഗം പൂകിയാല്‍ സുരസുന്ദരിമാരെ വിവാഹം ചെയ്ത് പരമാനന്ദത്തോടെ കഴിയാം.എനിക്കേതായാലും സന്തോഷമാ.
അവള്‍ അതുകേട്ട് പിണങ്ങിയതും അയാള്‍ പിണക്കം മാറ്റിയതും അവള്‍ ഓര്‍ത്തു. രാജാവിനു വേണ്ടി ജീവാര്‍പ്പണം ചെയ്യുന്നത് ശ്രേയസ്സ്ക്കരമെന്ന് യോദ്ധാക്കള്‍ കരുതിയിരുന്നു.  
യുദ്ധത്തില്‍ മുന്നിട്ടു നിന്നത് വില്ലോര്‍കുലമായിരുന്നു. മറവരും മോശക്കാരായിരുന്നില്ല. അവരുടെ സ്ത്രീകളും അസാധാരണ ധൈര്യമുള്ളവരായിരുന്നു.യുദ്ധരംഗത്തേക്ക് പോയ വേട്ടുവന്‍ പോരില്‍ മുറിവേറ്റ് കിടക്കുന്നതറിഞ്ഞ് ഓടിയെത്തിയ മുല്ലൈമലരി പ്രസന്നവദനയായി അവനെ മാറോടുചേര്‍ത്ത് ആലിംഗനം ചെയ്തു. സ്വര്‍ഗ്ഗലോകത്ത് സുരസുന്ദരികള്‍ നിന്ന് തന്നെ മാടിവിളിക്കുന്നുവെന്ന് വേട്ടുവന്‍ പറഞ്ഞപ്പോള്‍ അവള്‍ ആഹ്ലാദത്തോടെ അവന് വിടനല്കി. വിവരമറിഞ്ഞ വേട്ടുവന്‍റെ അമ്മയും മകന്‍റെ പൌരുഷത്തില്‍ ആഹ്ലാദിച്ചു. യുദ്ധത്തിനുപോയ മകന്‍ തോറ്റ് തിരിച്ചുവരുന്നതിനേക്കാള്‍ രാജാവിനുവേണ്ടി പോര്‍ ചെയ്ത് മരണപ്പെടുന്നതായിരുന്നു അമ്മമാര്‍ക്കിഷ്ടം.
യുദ്ധകാലത്ത് പടക്കളത്തിലും പോരാളികളുടെ വീടുകളിലും പോയികണ്ട കാഴ്ചകള്‍ കവിതകളായി പാടിനടക്കുകയും ജനങ്ങള്‍ക്ക് ആവേശം നല്കുകയും ചെയ്യുന്ന കവികളും കവയിത്രികളും ധാരാളമായിരുന്നു.മാ ചാത്തിയാര്‍ മറവക്കുടിലുകള്‍ സന്ദര്‍ശിച്ച് ഇങ്ങനെ എഴുതി.ഒരു മറവസ്ത്രീയുടെ മുഖത്ത് വീരാഗ്നി ജ്വലിച്ചു നിന്നു. മുന്‍ ദിവസം അവളുടെ ഭര്‍ത്താവ് ഒരു കൊലയാനയെ കൊന്നശേഷം മൃതനായിരുന്നു.മാ ചാത്തിയാര്‍ ആ കഥ കേട്ടുനില്ക്കുമ്പോള്‍ മുരശിലടിച്ചുള്ള യുദ്ധകാഹളം കേട്ടു. തെരുവില്‍ കളിച്ചുകൊണ്ടു നിന്ന അവരുടെ ഏക മകന്‍ ഓടിവന്നു.ആ സ്ത്രീയുടെ മുഖത്ത് ആനന്ദം തിരതല്ലി.പറന്നുകിടക്കുന്ന അവന്‍റെ മുടിയില്‍ എണ്ണ തടവി ,അരയില്‍ വെള്ളമുണ്ടുടിപ്പിച്ച് വേലെടുത്ത് കൈയ്യില്‍ നല്കി അവര്‍ പറഞ്ഞു , മകനെ,നിന്‍റച്ഛനും അപ്പുപ്പനും പോരാടി അവരുടെ കര്‍ത്തവ്യം നിറവേറ്റി. നീയും പോയിട്ടുവരിക.
മകന്‍ പോകുന്നത് പ്രാര്‍ത്ഥനയോടെ നോക്കിനിന്നു ആ അമ്മ.അങ്ങിനെ നൂറുകണക്കിന് അമ്മമാര്‍.യുദ്ധം തുടങ്ങി ദിവസങ്ങള്‍ പലതുകഴിഞ്ഞു.വില്ലോര്‍തെരുവിലെ അമ്മമാര്‍ യുദ്ധരംഗത്തുനിന്നുള്ള വിവരങ്ങള്‍ അറിയാന്‍ ആകാംഷയോടെ കാത്തിരിക്കയാണ്. ആ സമയം ഒരു തെരുവോട്ടക്കാരന്‍ അതുവഴി വന്നു.വഴിയിലേക്ക് ഓടിയിറങ്ങിയ ഒരമ്മയോട് അയാള് പറഞ്ഞു,നിങ്ങളുടെ മകന്‍ ശത്രുപ്പടയെ കണ്ട് ഭയന്ന് തിരിഞ്ഞോടി.ശത്രുസേനയിലെ ഒരുവന് അവനെ പിറകില്‍നിന്നും വെട്ടി. അവന്‍ മരണമടഞ്ഞു,ഇത്രയും പറഞ്ഞ് അയാള്‍ ഓട്ടം തുടര്‍ന്നു. ഇതുകേട്ട് അവര്‍ അലറി കരഞ്ഞു. അപമാനം താങ്ങാനാവാതെ മുഖം പൊത്തി. എന്നിട്ട് ചുവന്ന കണ്ണുകളും വിറയ്ക്കുന്ന കരങ്ങളുമായി അവിടെ നിന്നിറങ്ങി ഇങ്ങനെ ആക്രോശിച്ചു, ഞാനീ കേട്ടത് സത്യമാണെങ്കില്‍, അവന്‍ പാലുകുടിച്ച മുലകള്‍ ഞാന്‍ അറുത്തുകളയും.ഇങ്ങനെ പറയുകയും അവര്‍ പോര്‍ക്കളത്തിലേക്ക് യാത്രയാവുകയും ചെയ്തു.തുറിച്ച കണ്ണുകളും വിറയ്ക്കുന്ന ശരീരവുമായി നെഞ്ചുതകര്‍ന്ന് കിടക്കുന്ന മകനെയാണ് അവര്‍ പോര്‍ക്കളത്തില്‍ കണ്ടത്.ആ കിടപ്പുകണ്ട് അവനെ പ്രസവിച്ച സമയത്തേക്കാള്‍ കൂടുതലായി അവര്‍ സന്തോഷിച്ചു.
പ്രഹ്ളാദ,ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ചയും ഈ വില്ലോര്‍കുലത്തില്‍പെട്ടവരായിരുന്നു.തുടര്‍ന്നും എത്രയോ കാലം ഇവര്‍ രാജാക്കന്മാര്‍ക്കായി വെട്ടിയും കുത്തിയും മരിച്ചു. നാട്ടുപ്രമാണിമാരുടെ പോര് തീര്‍ക്കാന്‍ ചോര നല്കി. ഇപ്പോള്‍ കുലപ്പേര് മാറിയെങ്കിലും അവര്‍ അതുതന്നെ തുടരുന്നു.
ശരിയാണ് ഗുരോ,വ്യവസ്ഥിതികളും ജാതിപ്പേരും മാറിയെങ്കിലും പിണഞ്ഞുപുളയുന്ന ജീവന്‍റെ കണികകള്‍ പഴയതുതന്നെ.
അതിയമാന്‍ നെടുമാനഞ്ചി കാലം ചെയ്ത വിവരമറിഞ്ഞ് ആയിരക്കണക്കിന് പ്രജകള്‍ തടിച്ചുകൂടി.മാനഞ്ചി നേരത്തെ നിശ്ചയിച്ച പ്രകാരം വിറകടുക്കി ചിതകൂട്ടി അതില്‍ സുഗന്ധദ്രവ്യങ്ങളും ചന്ദനവും ചേര്‍ത്താണ് തീ കത്തിച്ചത്.പൊതുജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഒരു രാജാവിന്‍റെ ശവദാഹം ആദ്യമായിട്ടായിരുന്നു.പ്രജകളുടെ കണ്ണീര്‍കടലിന് സാക്ഷിയായി അദ്ദേഹം എരിഞ്ഞടങ്ങി.
പുരുഷന്മാര്‍ പോരില്‍ മരിക്കുന്നതാണ് വീരസ്വര്‍ഗ്ഗം പൂകാന്‍ അഭികാമ്യമെന്നാണ് അന്നുള്ളവര്‍ കരുതിയിരുന്നത്. ഒരുപക്ഷെ യുദ്ധം ഒരാഘോഷമായതും ഇത്തരം അബദ്ധവിചാരങ്ങള്‍ നിലനിന്നതിനാലാകാം.അതുകൊണ്ടുതന്നെ പോരിലല്ലാതെ മരിക്കുന്ന പുരുഷന്മാരെ ആയുധം കൊണ്ടുപിളര്‍ന്നാണ് കുഴിച്ചിട്ടിരുന്നത്.പൈമ്പുല്ല് നിരത്തി അതില്‍ ശവശരീരം കിടത്തി പോരില്‍ മരിച്ച വീരക്കഴലാര്‍ന്ന മന്നവന്മാര്‍ പ്രാപിക്കുന്ന വീരസ്വര്‍ഗ്ഗം പ്രാപിക്കുവിന്‍ എന്ന് വേദജ്ഞരായ ബ്രാഹ്മണര്‍ മന്ത്രപൂര്‍വ്വം ആശംസിച്ചുകൊണ്ട് വാളാല്‍ പിളര്‍ന്ന് അടക്കുകയായിരുന്നു ചെയ്തുവന്നത്.മരണാനന്തര ജീവിതമുണ്ടെന്ന് വിശ്വസിച്ചിരുന്നതിനാല്‍ സ്വര്‍ഗ്ഗയാത്രക്കിടയില്‍ ഭക്ഷിക്കാനുള്ള അന്നവും നിവേദിച്ചിരുന്നു. തുടര്‍ന്നും പതിനാലുദിവസം ഭര്‍ത്താവ് മരിച്ചുകിടന്ന സ്ഥാനത്ത് മെഴുകി വൃത്തിയാക്കി പുല്ലുപരത്തി ഭാര്യ അന്നം നിവേദിച്ചിരുന്നു.
ഒരു പടയാളി വീരമൃത്യു വരിച്ചാല്‍ അയാളുടെ സ്മരണക്കായി നടുകാല്‍ നാട്ടുന്ന സമ്പ്രദായവും സാധാരണമായിരുന്നു.ഈ സ്മാരകശിലയില്‍ നായകന്‍റെ പേരും അനുഭവിച്ച ക്ലേശവും രേഖപ്പെടുത്തി മയില്‍പ്പീലിചൂടി കൊണ്ടാടിയിരുന്നു. നടുകല്ലിന് മദ്യം നിവേദിക്കുന്ന രീതിയും നിലനിന്നു. ഭര്‍ത്താവിന്‍റെ ചിതയില്‍ ഭാര്യ ചാടി മരിക്കുന്ന മാലൈനിലയും ചില സമുദായങ്ങള്‍ തുടര്‍ന്നുവന്നു. ആയ് മന്നനായ ആണ്ടിരന്‍ മരിച്ചപ്പോള്‍ പത്നിമാര്‍ അയാളുടെ ചിതയില്‍ ചാടി മരിച്ചിരുന്നു. പൂതപ്പാണ്ടിയന്‍റെ പത്നിയും ചിതയില്‍ ചാടിയാണ് മരിച്ചത്. പൂതപ്പാണ്ടിയന്‍റെ ചിത നന്നായി കത്തിയനേരം പൂതമല്ലി പുഴയില്‍ നീരാടി കൂന്തല്‍ പിഴിഞ്ഞുകൊണ്ട് പുറങ്കാട് ലക്ഷ്യമാക്കി വന്നു.അവിടെയാണ് പൂതപ്പാണ്ടിയന്‍റെ ചിതയെരിയുന്നത്. ഭര്‍തൃവിരഹിയായ അവള്‍ വെള്ളം വാര്‍ന്നുകൊണ്ടിരുന്ന മുടി മുതുകില്‍ ആടിക്കൊണ്ടിരിക്കെ ചിതക്ക് പ്രദക്ഷിണം വച്ച് ഉറച്ച മനസ്സോടെ അതിലേക്ക് ചാടുകയാണുണ്ടായത്. ബുദ്ധ-ജൈനമത വിശ്വാസികളായ വിധവകള്‍ ശിരസ്സ് മുണ്ഡനം ചെയ്ത് ആഭരണങ്ങള്‍ ഉപേക്ഷിച്ച് പരുക്കന്‍ ജീവിതം നയിച്ചു.
പ്രഹ്ളാദ,വീട്ടുകാരണവര്‍ മരിച്ചതോടെ വിധവയാകുന്ന സ്ത്രീ രുചിയില്ലാത്ത ഭക്ഷണമാണ് കഴിക്കുക.ഇലയില്‍ വിളമ്പുന്ന നീര്‍ച്ചോറും വെള്ളരിക്കയും വെളുത്ത എള്ളുചമ്മന്തിയും പുളി ചേര്‍ത്ത് പാകപ്പെടുത്തിയ വേളയിലക്കറിയുമാണ് വിധവകള്‍ കഴിക്കുക. ഭക്ഷണത്തിന് നെയ് ചേര്‍ക്കില്ല. ഊണ് കഴിഞ്ഞാല്‍ പരുക്കന്‍ തറയില്‍ പായില്ലാതെയാണ് അവര്‍ കിടക്കുക. ഭര്‍ത്താവിന് ആഹാരം നിവേദിക്കാന്‍ മുറത്തിന്‍റെ വലുപ്പത്തില്‍ സ്ഥലം വൃത്തിയാക്കി തോരാത്ത കണ്ണീരുമായി അവര്‍ കാത്തിരിക്കും. “,ഗുരുവിന്‍റെ വാക്കുകള്‍ കേട്ട് പ്രഹ്ളാദന്‍റെ കണ്ണുകള്‍ സജലങ്ങളായി.
സ്ത്രീകളുടെ ചാരിത്ര്യത്തിന് വലിയ പ്രാധാന്യമാണ് സമൂഹം നല്കിയിരുന്നത്. ക്രമേണ എന്നവിധം സ്ത്രീകള്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യങ്ങള്‍ എടുത്തുകളയുന്ന തന്ത്രമാണ് ആവിഷ്ക്കരിക്കപ്പെട്ടിരുന്നത്. സുചരിതയായ സ്ത്രീ പെരുമാറുന്നിടം എല്ലാം തികഞ്ഞതെന്ന് തിരുക്കുറള്‍ പറയുന്നു. കളങ്കിതയായ ഭാര്യ ജീവിക്കുന്നിടം മുടിഞ്ഞുപോകുമെന്നും അതില്‍ പറയുന്നു. മൂത്തവര്‍ പഠിപ്പിച്ച സന്മാര്‍ഗ്ഗ പ്രേമം,നന്നടത്ത,സഹനശീലം,ചാരിത്രദാര്‍ഢ്യം,സത്ക്കാര ശീഘ്രത,ബന്ധുസംരക്ഷണം എന്നിവ ഗൃഹനായികയുടെ ഉത്തമ ഗുണങ്ങളായി കണ്ടിരുന്നു. എന്നാല്‍ ധനാഢ്യന്മാര്‍ ഒന്നിലധികം വിവാഹം ചെയ്യുന്നതില്‍ സമൂഹം തെറ്റുകണ്ടിരുന്നില്ല. അവര്‍ പരസ്ത്രീഗമനം നടത്തുന്നതിലും തെറ്റുകണ്ടിരുന്നില്ല. പരത്തകളോട് ഭാര്യയ്ക്ക് അനിഷ്ടമുണ്ടെങ്കിലും അത് ഉള്ളിലൊതുക്കി പ്രശംസിക്കേണ്ടിയിരുന്നു. സ്വകാര്യസ്വത്ത് വന്നതോടെയാണ് ചാരിത്ര്യശുദ്ധിക്ക് പ്രാധാന്യമുണ്ടായത്. സ്വത്തിന്‍റെ അവകാശം തല്‍പ്പുത്രനാകണം എന്ന നിര്‍ബ്ബന്ധത്തില്‍ നിന്നാണ് ചാരിത്ര്യസങ്കല്പ്പം ജനിച്ചത്. മറ്റൊരുവനുമായുള്ള സ്ത്രീയുടെ വേഴ്ച ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ പുരുഷന്‍ ബഹുഭാര്യാത്വവും പരസ്ത്രീഗമനവും നടത്തുകയും തന്‍റെ രീതികള്‍ അംഗീകരിക്കണമെന്ന് ഭാര്യയെ അനുശാസിക്കയും ചെയ്തു.
പ്രേമവിവാഹം കളവെന്നും രക്ഷിതാക്കളുടെ സമ്മതമുള്ള വിവാഹം കര്‍പ്പ് എന്നുമാണ്  അറിയപ്പെട്ടിരുന്നത്. വിവാഹത്തിനു മുന്‍പ് സ്ത്രീപുരുഷന്മാര്‍ക്ക് സ്വതന്ത്രജീവിതമായിരുന്നു.ഉത്സവങ്ങളിലും വിനോദങ്ങളിലും സമത്വബോധത്തോടെ ഇടകലര്‍ന്ന് അവര്‍ പെരുമാറിയിരുന്നു. യുവതീയുവാക്കള്‍ ഒന്നിച്ച് നീരാടും. കളവില്‍ നായികയുടെ ശരീരം സ്പര്‍ശിക്കുക,സ്പര്‍ശിച്ചതിന് കളവായി കാരണമുണ്ടാക്കി പറയുക,സമീപത്ത് വന്ന് പുണരാന്‍ ആവശ്യപ്പെടുക, പുണരാന്‍ തടസ്സമെന്തെന്ന് ചോദിക്കുക,കാലതാമസ്സമോര്‍ത്ത് ദുഃഖിക്കുക,പുണരുക,പുണര്‍ന്നശേഷം നിന്നെ ഞാന്‍ വേര്‍പെടുകയില്ലെന്ന് പറയുക എന്നിങ്ങനെ പ്രണയ ലീലകള്‍ നിരവധിയായിരുന്നു. പൊതുവായി തോഴിമാരായിരുന്നു ബന്ധങ്ങള്‍ ഉറപ്പിച്ചിരുന്നത്.
നെയ്തല്‍ പൂക്കള്‍ നിറഞ്ഞുനില്ക്കുന്ന സമുദ്രതീരത്ത് കാമിനിയെ കാണാന്‍ വന്ന കാമുകനോട് അവളുടെ തോഴി പറയുന്നതെന്തെന്ന് കേള്‍ക്കൂ പ്രഹ്ളാദ. സൂര്യന്‍ അസ്തമിക്കാറായി.അങ്ങ് കയറിവന്ന കോവര്‍കഴുത ഉപ്പുവെള്ളം കലര്‍ന്ന കുഴിവെള്ളത്തില്‍കൂടി ഇപ്പോള്‍ നടക്കാന്‍ ഇഷ്ടപ്പെടുകയില്ല.അതിനാല്‍ ഈ രാത്രിയില്‍ അങ്ങ് പോകരുതേ എന്നു ഞാന്‍ അപേക്ഷിക്കുന്നു. ഞങ്ങളുടെ കുഴിക്കരയില്‍ ചക്രവാകപ്പേട ഇണയെക്കാണാതെ നിലവിളിക്കുന്നത് അങ്ങ് കേള്‍ക്കുന്നില്ലെ. അവിടെ രാത്രിതങ്ങി വെളുപ്പിന് പോകാം. അവന്‍ പ്രതീക്ഷിച്ചതാണ് തോഴി അഭ്യര്‍ത്ഥിക്കുന്നത്. അയാള്‍ സസന്തോഷം ആ ക്ഷണം സ്വീകരിക്കും. ഇത്തരത്തിലുള്ള രസകരമായ പ്രണയകഥകള്‍ അക്കാലത്ത് പതിവായിരുന്നു.
കാമുകന്‍റെ സ്നേഹം കാമുകി സ്വീകരിക്കാതിരുന്നാല്‍ അവന്‍ മടലേറുമായിരുന്നു. പൂമാല ചൂടി ,പനമടല്‍ കൊണ്ടുണ്ടാക്കിയ  കുതിരപ്പുറത്തുകയറി പ്രേമം പരസ്യമായി പ്രഖ്യാപിച്ച് ഉപവാസമനുഷ്ടിക്കും. ഇതുവഴി ഒന്നുകില്‍ കാമുകിയെ ലഭിക്കും അല്ലെങ്കില്‍ മരിക്കും. അവന്‍റെ സ്നേഹം അംഗീകരിക്കാന്‍ പൊതുവെ ബന്ധുക്കള്‍ പ്രേരിപ്പിക്കും. ഇഷ്ടപ്പെട്ട പെണ്ണും ആണും വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഒളിച്ചോടുന്നതും സാധാരണമായിരുന്നു. പ്രേമവിവാഹങ്ങള്‍ തെറ്റിപ്പിരിയാന്‍ തുടങ്ങിയതോടെ കര്‍പ്പിന് കൂടുതല്‍ പ്രാധാന്യം വന്നു.

പ്രഹ്ളാദ,അന്നും വിവാഹങ്ങള്‍ ലഘുചടങ്ങുകളായിരുന്നു. മുഖ്യചടങ്ങ് ചിലമ്പുകഴിനോല്പ്പായിരുന്നു. നായകന്‍ നല്കുന്ന ചിലമ്പ് നായിക അണിയും. കല്യാണവീട്ടില്‍ നിരനിരയായി കാല്‍നാട്ടികെട്ടിയ നെടുംപന്തലില്‍ മണല്‍വിരിച്ച് വിളക്കുകള്‍ കത്തിച്ചുവച്ചിരിക്കുന്നത് നീ കണ്ടില്ലെ പ്രഹ്ളാദ,പന്തലില്‍ മാലകളും തൂക്കിയിട്ടുണ്ട്. സ്ത്രീകള്‍ ആരവാരവം മുഴക്കുന്ന ശബ്ദവും കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ഇനി തലയില്‍ കുടമേന്തിയ സ്ത്രീകള്‍ വധുവിനെ സമീപിച്ച് ചാരിത്യവതിയായി ,വേട്ട കണവനെ സേവിച്ച് പ്രേമപൂര്‍വ്വം വാഴുക എന്നനുഗ്രഹിച്ച് നെറുകയില്‍ നെയ്യും പൂവും ചൊരിയും. രാത്രിയില്‍ വധുവിനെ നല്ല വസ്ത്രങ്ങള്‍ ,ആഭരണങ്ങള്‍ എന്നിവ അണിയിച്ച് നീ ഒരു പൊറുതിക്കാരിയായി എന്നറിയിച്ച് വരന്‍റെയടുത്തേക്ക് അയയ്ക്കും .തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഇറച്ചി ചേര്‍ത്ത നെയ് വെണ്‍ചോറും പരിപ്പുചേര്‍ത്ത് പാകം ചെയ്ത പൊങ്ങലും ചേര്‍ത്ത് സദ്യ കഴിക്കും.ഇത്തരം രാത്രിസദ്യകളില്‍ നിന്നും നമ്മള്‍ പകലൂട്ടിലേക്ക് മാറിയത് ഈ അടുത്തകാലത്താണ് പ്രഹ്ളാദ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ