2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-17-അടിമകളും ഉടമകളും

പതിനേഴ്

അടിമകളും ഉടമകളും

കാലം മാറുകയായി.ആടുമാട് മേയ്ച്ച് നടന്ന് മന്‍റം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്നവര്‍ പ്രാകൃത ഗോത്രങ്ങളായി മാറി. കലപ്പയുടെയും ‍കാളയുടെയും സഹായത്തോടെ കാര്‍ഷികാഭിവൃദ്ധി ഉണ്ടാക്കിയവര്‍ മുന്നോക്കക്കാരായി. കൂട്ടുകുടുംബങ്ങളായി കഴിഞ്ഞ അവര്‍ സമൃദ്ധിയുടെ പര്യായമായി. ഭംഗികെട്ട തറയും കാവുകളുമുള്ള മന്‍റങ്ങളില്‍ വസിച്ചിരുന്ന വേട്ടുവന്മാര്‍ മാംസവും ഇടയ സ്ത്രീകള്‍ തൈര്‍ നിറച്ച കുടങ്ങളുമായും കര്ഷക വീടുകളില്‍ വന്ന് അവ നല്‍കി പകരം വെണ്‍നെല്ല് വാങ്ങിപോകുമായിരുന്നു. ഫലപുഷ്ടിയുള്ള മണ്ണും ധാരാളം മഴയുള്ള കാലാവസ്ഥയും കൃഷി പുഷ്ടിപ്പെടുത്തി. നെല്ല്,കരിമ്പ്,വരക്,തിന,എള്ള് എന്നിവയായിരുന്നു പ്രധാന കൃഷികള്‍.മരുതപ്രദേശത്ത് ഉഴവര്‍ കൃഷിചെയ്ത് പൊലിപ്പിച്ചു. വയലില്‍ പുരുഷന്മാര്‍ പണിയെടുക്കുമ്പോള്‍ പൊന്‍വളയണിഞ്ഞ ഉഴവ സ്ത്രീകള്‍ ,തഴയുടയണിഞ്ഞ്, കള്ളുകുടിച്ച്,കൂട്ടുകൂടി പാട്ടുപാടി വയലരുകില്‍ പറവകളെ ഓടിക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. കാളകളെയും പശുക്കളെയും മേയ്ച്ചു നടന്ന രീതി മേല്ലെ അവസാനിക്കുകയായിരുന്നു. അവയെ വീട്ടില്‍ കെട്ടിയിട്ട് വളര്‍ത്തുന്നതിലായി താത്പ്പര്യം. മേയാനായി പോകുന്ന കാലികള്‍ വൈകിട്ട് വീടണയുമായിരുന്നു. അവയെ കെട്ടിയിട്ട് പുല്ലും വൈക്കോലും നല്കി, ചാണകം വയലില്‍ വളമാക്കി.
പുല്‍മേടുകളും കുറ്റിക്കാടുമുള്ള മുല്ലൈകളില്‍ ഇടയര്‍,ആയര്‍ എന്നീ ഗണങ്ങള്‍ പാര്‍ത്തു. അവര്‍ വരകും മുതിരയും കൃഷിചെയ്തു. എന്നാല്‍ കുറിഞ്ഞികളില്‍ താമസിച്ച കുറവരും എയിനരും വില്ലവരും വേട്ടയാടിയും തേന്‍,ചക്ക,തിന എന്നിവ സംഭരിച്ചും ജീവിച്ചു. മഴ കുറഞ്ഞ പാലനിലങ്ങളില്‍ അധിവസിച്ചിരുന്ന മറവരും മഴവരും പോരാളികളായിരുന്നു. അവര്‍ക്ക് വേട്ടയാടാന്‍ മടിയായതോടെ പിടിച്ചുപറിക്കാരായി മാറി. നെയ്തലില്‍ താമസിച്ച പരതവര്‍,മാനവര്‍,വലയര്‍,ഉമണര്‍ എന്നീ വര്‍ഗ്ഗങ്ങള്‍ മീന്‍പിടിച്ചും ഉപ്പുണ്ടാക്കിയും ജീവിച്ചു.
പ്രഹ്ലാദ, നീ ഇവരെയൊക്കെ തിരിച്ചറിയുന്നുണ്ടോ ? അധികാരത്തിന്‍റെ ചെങ്കോലില്‍ അഹങ്കരിക്കുന്ന നിന്‍റെ മുന്‍ഗാമികള്‍ അവരുടെ രക്തത്തെ ഈ കൂട്ടത്തില്‍ തിരിച്ചറിഞ്ഞില്ല, അഥവാ അറിയാന്‍ മിനക്കെട്ടില്ല. സമ്പത്തും അധികാരവും മനുഷ്യനെ വിവിധ സമുദായങ്ങളാക്കി മാറ്റുകയായിരുന്നു.
സാമ്പത്തിക ഭദ്രത നേടിയ ഗണാധിപന്മാര്‍ നാട്ടുരാജാക്കന്മാരായി മാറി. പട്ടാളത്തെ നിലനിര്‍ത്താന്‍ അവര്‍ക്കേ കഴിഞ്ഞുള്ളു. എല്ലാ പുരുഷന്മാരും യുദ്ധസേവനം നടത്തിവന്ന രീതി വിട്ട് യുദ്ധസേവനം ഒരു തൊഴിലായി മാറി.
മുസ്സിരിസ്സിലും നൌറയിലും വന്നുചേര്‍ന്ന വിദേശകപ്പലുകള്‍ കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും വാങ്ങി പകരം സ്വര്‍ണ്ണവും തുണികളുമൊക്കെ നാട്ടിലിറക്കി മടങ്ങി.തുണ്ടിസിലെ മുത്തുവിളയുന്ന കടലും ധാരാളം സമ്പത്ത് നല്കിവന്നു. അക്കാലത്ത് വെറ്റിലയുടെ കയറ്റുമതിയും സജീവമായിരുന്നു. എഡി ഇരുനൂറ്റി ഇരുപത്തിയഞ്ചില്‍ മുസ്സിരിസ്സില്‍ റോമക്കാര്‍ അധിവാസം തുടങ്ങി. വ്യാപരമായിരുന്നു ലക്ഷ്യം. വ്യാപാരസംരക്ഷണത്തിന് റോമന്‍ പട്ടാളവും വന്നെത്തി.
പക്ഷെ ഒന്നുണ്ട് പ്രഹ്ളാദ,എല്ലാ സമൂഹവും ഐക്യത്തോടെയാണ് അന്ന് കഴിഞ്ഞുവന്നത്.
സമൃദ്ധിയും സന്തോഷവും നിറഞ്ഞ നാട്ടിന്‍പുറങ്ങളില്‍ ഉത്സവങ്ങള്‍ കൊണ്ടാടപ്പെട്ടു.കൂത്തരുടെയും പാണരുടെയും നൃത്തങ്ങള്‍,വാദ്യഗീതങ്ങള്‍ എന്നിവകൊണ്ട് എവിടെയും എപ്പോഴും മുഖരിതമായിരുന്നു. നാടന്‍ കള്ളും വിദേശമദ്യങ്ങളും സുലഭമായി പ്രചരിച്ചിരുന്നു എന്നുമാത്രമല്ല സ്വര്‍ണ്ണപാത്രങ്ങളില്‍ മദ്യം പകര്‍ന്നുകൊടുക്കുന്ന മദാലസകളായ തരുണീമണികളുടെ മതിമയക്കുന്ന നടന വിശേഷവും രാജകീയ സദസ്സുകളെ ലഹരിപിടിപ്പിച്ചു. സ്തുതിഗീതം പാടുന്ന ഗായകകവികള്‍ക്ക് അനേകം പൊന്‍നാണ്യങ്ങള്‍ നാട്ടുരാജാക്കന്മാര്‍ സമ്മാനമായി നല്കിയിരുന്നു.
നാട്ടുരാജാക്കന്മാരും അവരെ ചുറ്റിപ്പറ്റി കഴിയുന്നവരും സമ്പന്നരായി തീര്‍ന്നു. ഉഴവര്‍,ചാന്‍റോന്‍,വണിക്കുകള്‍ എന്നിവരില്‍ നിന്നാണ് സമ്പന്ന വര്‍ഗ്ഗമുണ്ടായത്. ഉഴവരെക്കാള്‍ ഉയര്‍ന്നുനിന്നവരായിരുന്നു മദ്യഹാരകന്മാരായ ചാന്‍റോന്‍. സുഖജീവിതത്തിന്‍റെ അപരിത്യാജ്യഭാഗമായിരുന്നു കള്ളുകുടി. രാജകീയ സത്ക്കാരങ്ങളില്‍ കള്ള് നിര്‍ബ്ബന്ധപാനീയമായിരുന്നു.മദ്യോത്പ്പാദകരുടെ സംരക്ഷകന്മാരായിരുന്നു രാജാക്കന്മാര്‍. ചാന്‍റോന്‍ മെയ്മ്മറൈ എന്ന് രാജാവിനെ അഭിസംബോധനചെയ്ത് കവികള്‍ പുകഴ്ത്തിപ്പാടി. കള്ള് വില്പ്പനയ്ക്ക് പ്രത്യേക ശാലകള്‍ ഉണ്ടാക്കി കൊടിനാട്ടിയിരുന്നു. ആനക്കൊമ്പും കാട്ടുപശുക്കളുടെ മാംസവും വാങ്ങി പകരം വാറ്റുകള്ള് കൊടുത്ത് ധനികരായ മദ്യഹാരകന്മാരും ഉണ്ടായിരുന്നു.
വിദേശവ്യാപാരം രാജാവിന്‍റെ കൈകളിലായിരുന്നു. എന്നാല്‍ ആഭ്യന്തര വ്യാപാരത്തിലൂടെ ഉപ്പുകച്ചവടക്കാരായ ഉമണരും ധാന്യക്കച്ചവടക്കാരായ കൂലവാണികരും മാളികകള്‍ വച്ച് ആഢംബരത്തോടെ ജീവിച്ചു. അവര്‍ തലയിലും കഴുത്തിലും മാല ധരിച്ചു. അത് ഉയര്‍ന്നവരുടെ അവകാശമായിരുന്നു. ഇറച്ചി ചേര്‍ത്ത് പാകപ്പെടുത്തിയ ഊന്‍ ചോറും നെയ്മണമുള്ള കറികളും മത്സ്യക്കറികളും കള്ളും കഴിച്ച് കൂത്തും പാട്ടുമായി അവര്‍ ജീവിച്ചു. ധനപുഷ്ടിയുള്ള കുടികളില്‍ പിറന്നവര്‍ മിഴാവിന്‍റെ വടിവുള്ള ചക്കച്ചുളകള്‍ തിന്നും മുളം കുഴലുകളില്‍ അടച്ചുവച്ച് മത്തുപിടിപ്പിച്ച കള്ള് വേണ്ടുവോളം കുടിച്ചും ആനന്ദലഹരിയില്‍ ആറാടി. പനങ്കുരുന്നു നീരും ഇളനീരും കരിമ്പുനീരും ചേര്‍ന്ന മുന്നീര്‍ പാനീയവും കഴിച്ചിരുന്നു. യവനന്മാര്‍ ഭംഗിയാര്‍ന്ന കുപ്പികളില്‍ കൊണ്ടുവന്ന കുളിര്‍ നറുമണമാര്‍ന്ന മധു,യുവതികളാണ് രാജാവിന് പകര്‍ന്നു നല്കിയിരുന്നത്.
ഈ സമയം ഒരു കൂട്ടര്‍ ദാരിദ്ര്യത്തില്‍ പെട്ട് യാചകരായി മാറി. അങ്ങിനെ സമൂഹത്തില്‍ മേലോരും കീഴോരുമുണ്ടായി. അന്തണര്‍,അരയര്‍,വണികര്‍,ഉഴവര്‍ എന്നിവര്‍ മേലോരില്‍പെട്ടു. ധര്‍മ്മനിഷ്ടയുള്ളവരും ജീവജാലങ്ങളോട് കാരുണ്യമുള്ളവരുമായിരുന്നു അന്തണര്‍.അധ്യയനം,അധ്യാപനം,യജനം,ദാനം,പരിഗ്രഹം എന്നിവ അനുഷ്ടിച്ച അന്തണര്‍ ബൌദ്ധ-ജൈന-ബ്രാഹ്മണ മതങ്ങളിലെ ആചാര്യന്മാരായിരുന്നു. പുലവര്‍,പറയര്‍,പാണര്‍,കൂത്തര്‍,വിറലികള്‍,പറയന്‍,പൊരുനര്‍ എന്നിവരും സമാരാധ്യന്മാരായിരുന്നു.ഗ്രാമസമുദായത്തലവനായ കീഴാര്‍മാര്‍,ഗ്രാമസമുച്ചയാധിപനായ വേള്‍,രാജാവ്,സില്‍ബന്ധികള്‍,വില്ലോര്‍ നായകര്‍ എന്നിവര്‍ അരയ വിഭാഗമായി മാറി. മഴവര്‍,മറവര്‍,വേട്ടുവര്‍ എന്നിവരുടെ നായകന്മാരും ഉയര്‍ന്ന വിഭാഗമായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുവന്ന വൈചികരും തമിഴ്നാട്ടിലെ ചെട്ടിയാരന്മാരും കര്‍ണ്ണാടകയിലെ ഷെട്ടിമാരും വണികരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഉഴവരും വേളാളന്മാരും പനയും തെങ്ങും കൃഷിചെയ്ത ചാന്‍റോനും ഉന്നതരായിരുന്നു.
ഭൂമിയും ഉപകരണങ്ങളുമില്ലാതെ അദ്ധ്വാന ശക്തി മാത്രം കൈമുതലാക്കിയവരായിരുന്നു വിനൈജ്ഞര്‍.കള്ളുകുടിയന്മാരായ ഇവര്‍ പുല്‍ത്തകിടികളില്‍ കന്നുമേയ്ക്കുകയും വയലുകളില്‍ കതിര്‍മണി കൊയ്യുകയും ചെയ്തു. അവര്‍ പണക്കാരുടെ അടിയോരായി മാറി. അടിമകളുടെ സ്ഥാനമായിരുന്നു അവര്‍ക്ക്.മൃഗങ്ങളേയും ഉത്പ്പന്നങ്ങളേയും പോലെ ഇവരെയും കൈമാറ്റം ചെയ്തുവന്നു.
പ്രഹ്ളാദ,നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ അദ്ധ്വാനിക്കുന്നവന്‍ അടിമയായി തീര്‍ന്നിരുന്നു എന്ന് നീ അറിയുക.അടിമകളിലും ഉടമകളിലും നിന്‍റെ രക്തത്തിലുള്ളവര്‍ പരസ്പരം അറിയാതെ പീഡനമേല്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു.കാലത്തിന് ഒളിച്ചുവയ്ക്കാന്‍ കഴിയാത്തൊരു സത്യമാണത്.നീ കഥ തുടര്‍ന്നുകേട്ടോളൂ.
എഡി മുന്നൂറ്റിയമ്പതില്‍ ചൊല്‍വക്കടുങ്കോ വാഴിയാതന്‍റെ കാലത്ത് അദ്ദേഹത്തെ സ്തുതിച്ച് കവിതകള്‍ എഴുതിയ മുത്തബാണന്‍ എന്ന കവിക്ക് നെല്‍പ്പാടങ്ങളും കാലികളും സ്വര്‍ണ്ണവും മാത്രമല്ല ,ചോറും വസ്ത്രവും മാത്രം പ്രതിഫലം പറ്റി ജോലിചെയ്യുന്ന വേലക്കാരെയും സമ്മാനമായി നല്കിയിരുന്നു.രാജാവിന്‍റെ ഭാവി പ്രവചിച്ച ചെല്ലമുത്തിന് ആന,കുതിര,പശുക്കൂട്ടം,നെല്ല് കുമിച്ചിട്ടിരിക്കുന്ന സ്ഥലം എന്നിവയാണ് ദാനം നല്കിയത്.വഴിയാതന്‍റെ കാലത്ത് അന്യനാടുകളില്‍ നിന്നും അടിമകളെ ഇറക്കുമതി ചെയ്യുകയും യവന സ്ത്രീകളെ പരിചാരികമാരായി രാജധാനികളില്‍ പാര്‍പ്പിക്കുകയും ചെയ്തു വന്നു.
കാലികളെ മേയ്ക്കാനുള്ള ഇടവും വലിയ കുളങ്ങളും പൊതുസ്വത്തായിരുന്നു. എന്നാല്‍ കൃഷിഭൂമികള്‍ സ്വകാര്യസ്വത്തായി മാറി, കുടികള്‍ സ്വത്ത് കൈകാര്യം ചെയ്യുകയും വിളവിന്‍റെ ഒരുഭാഗം രാജഭോഗമായി നല്‍കുകയും ചെയ്തുവന്നു. കരി,കലപ്പ,അരിവാള്‍,കോടാലി എന്നിവയും സ്വകാര്യസ്വത്തായിരുന്നു.ഇവ ആവശ്യക്കാര്‍ക്ക് നല്‍കി ഉടമസ്ഥര്‍ പ്രതിഫലം വാങ്ങിയിരുന്നു. ഈ സ്വത്തുടമ സമ്പ്രദായത്തില്‍ നിന്നാണ് മേലോര്‍ കീഴോര്‍ വിഭജനം ആവിര്‍ഭവിച്ചത്. എങ്കിലും അഗതികളോട് ഗൃഹനായികമാര്‍ കാരുണ്യം കാട്ടിവന്നു.ജൈന-ബുദ്ധമത പ്രചരണം ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തെ പ്രാപ്തരാക്കി.
ഋതുക്കള്‍ മാറുമ്പോള്‍ പൂക്കാലം മാറുമ്പോലെ ധനികന്‍റെ സ്വത്ത് നശിക്കുകയും വീണ്ടും പുഷ്പിക്കുകയും ചെയ്യും. എന്നാല്‍ ഔദാര്യശീലം നഷ്ടപ്പെട്ടവന് എല്ലാം നഷ്ടപ്പെടുന്നു ,അവനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന തിരുക്കുറല്‍ വചനം പൊതുവായി എല്ലാവരും ഉള്‍ക്കൊണ്ടിരുന്നു.
പ്രഹ്ളാദ,എന്നും നിലനില്ക്കുന്ന മഹത്തായ വചനമായി നീ ഈ വാക്കുകള്‍ അറിക,ഇതി നീ അറിഞ്ഞാലും സമൂഹമാകെ അറിഞ്ഞാലും ഏതു വഴിക്കും ധനികനാകാനുള്ള ആസക്തി മനുഷ്യന് നഷ്ടമാകുന്നില്ല. ഒരു പക്ഷേ ഭൂമിയുടെ,മനുഷ്യകുലത്തിന്‍റെ നാശത്തിനായി ദൈവം തയ്യാറാക്കിയ ഒരു നീതിയാകാം അത്.

അതെ ഗുരോ,ഞാനും അങ്ങിനെ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ