2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-16-ഭരണവും സ്തുതിപാഠകരും

പതിനാറ്
ഭരണവും സ്തുതിപാഠകരും
നൂറ്റിതൊണ്ണൂറില്‍ മംഗലാപുരം ആസ്ഥാനമാക്കി ഭരിച്ച ആട്ട് കൊട്ട് പാട്ട് ചേരലാതന്‍ കലാപ്രേമിയും സൌന്ദര്യപൂജകനുമായിരുന്നു.നെയ്കല്‍,നറവം എന്നീ പൂക്കള്‍ കോര്‍ത്തിണക്കി കെട്ടിത്തൂക്കി അതില്‍ നിന്നുതിരുന്ന നറുമണം ആസ്വദിച്ച്,സുന്ദരികളായ വിറലികളുടെ മധുരഗാനത്തിലും മോഹന നടനത്തിലും മതിമറന്ന് ഏറെ ലയിച്ചിരിക്കുന്ന സഹൃദയനായിരുന്നു അദ്ദേഹം. എല്ലാവരും എപ്പോഴും സന്തോഷവാന്മാരായിരിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. തിളങ്ങുന്ന പാങ്ങിന്‍ വിളക്കിന്‍റെ പ്രഭാപൂരത്തില്‍ മിഴാവിന്‍റെ മുഴക്കത്തിനൊത്ത് നൃത്തം ചെയ്യുന്ന യുവതികളുടെ കൈകോര്‍ത്തുപിടിച്ച് തുണങ്കൈകൂത്താടുക എന്നത് ചേരലാതന്‍റെ വിനോദമായിരുന്നു.
ആ സദസ്സില്‍ നിന്‍റെ പഴയ തലമുറയുടെ സാന്നിദ്ധ്യം ഞാന്‍ കാണുന്നുണ്ട് പ്രഹ്ളാദ.സംഗീതത്തില്‍ മുറുകി സംഗീതം ഭ്രാന്തായി മാറിയ സുകൃതവിക്രമനാണ് അദ്ദേഹം. കുടുംബവും കുലവും താത്പ്പര്യമില്ലാതെ ദേശാടനം ചെയ്ത മനുഷ്യന്‍. വഞ്ചിയിലേക്ക് മടങ്ങാതെ അലഞ്ഞുതിരിഞ്ഞ് മരണം വരിച്ച സുകൃതവിക്രമന്‍.വിറലികളുടെ കൂട്ടത്തിലും നിന്‍റെ ബന്ധുക്കളുണ്ടായിരുന്നു”, ഗുരു പറഞ്ഞു.
ചേരലാതന്‍റെ ധര്‍മ്മപത്നി സുമോഹിനി അയാളുടെ വഴിവിട്ട ജീവിതത്തെക്കുറിച്ചറിഞ്ഞ് കോപാവേശത്തോടെ നൃത്തവേദിയിലെത്തി.ആനന്ദലഹരിയിലിരിക്കുന്ന രാജാവിനെ കണ്ട് ദേഷ്യം സഹിക്കാന്‍ ഖവിയാതെ  അവര്‍ കൈയ്യിലിരുന്ന  കരിങ്കൂവളപ്പൂക്കള്‍ കൊണ്ട് രാജാവിനെ എറിഞ്ഞു.
നീ എന്തിന് പ്രിയെ ഈ പൂക്കള്‍ എടുത്തെറിയുന്നു,അതിങ്ങ് തന്നേക്കൂ, രാജാവ് കുറച്ച് പരിഹാസത്തോടെ അവളെ സമീപിച്ചു.സദസ്യര്‍ ഇതുകേട്ട് ചിരിച്ചു.സുമോഹിനി കലിതുള്ളി തിരിച്ചുപോയി. 
ആദിമകാലം മുതല്‍ തുടര്‍ന്നുവരുന്ന ഈ ഭാര്യാഭര്‍തൃപോര് മനുഷ്യന്‍ നിലനില്ക്കുന്ന കാലത്തോളം തുടരും. പ്രഹ്ളാദ,കലഹിക്കാന്‍ വേണ്ടിയാണ് സ്ത്രീകളെ സൃഷ്ടിച്ചിട്ടുള്ളതുതന്നെ,ഗുരു പറഞ്ഞു.  
എന്തുകാര്യവും ലളിതമായി കാണുന്ന ആളായിരുന്നു ചേരലാതന്‍.യുദ്ധഭൂമിയില്‍ പോലും വിജയശേഷം ആട്ടവും പാട്ടുമുണ്ടായിരുന്നു. ആ കാലത്ത് കപ്പലില്‍ വരുന്ന സ്വര്‍ണ്ണവും രത്നവും ശേഖരിക്കാന്‍ പണ്ടകശാലകള്‍ തീര്‍ത്തിരുന്നു.യാചകരെ തിരഞ്ഞുപിടിച്ചുകൊണ്ടുവന്ന് വയറുനിറയെ ഭക്ഷണം നല്‍കിയിരുന്നു.കവികള്‍ക്ക് പുറമെ കവയിത്രികളെയും കൊട്ടാരത്തില്‍ ആദരിച്ച ആദ്യരാജാവായിരുന്നു ചേരലാതന്‍. കവയിത്രി കാക്കപ്പാടി നിയാര്‍ നച്ചള്ളയാര്‍ രാജസദസ്സില്‍ അംഗമായിരുന്നു.
രാജാവിനെ പ്രശംസിച്ച് കവിതകള്‍ എഴുതിയതിന് പാരിതോഷികമായി ഇവര്‍ക്ക് ഒന്‍പത് തുലാം പൊന്നും കണക്കറ്റ് പൊന്‍കാശും നല്‍കിയിരുന്നു.
പ്രഹ്ളാദ,സ്തുതിപാടല്‍ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടാകുമൊ? അന്നും ഇന്നും മനുഷ്യര്‍ ഇഷ്ടപ്പെടുന്നത് ഇതൊന്നുമാത്രം.അത് കേള്‍ക്കുമ്പോള്‍ അവന്‍ സ്തുതിപാടകര്‍ക്ക് വാരിക്കോരി കൊടുക്കുന്നു.കിട്ടുന്നവര്‍ വീണ്ടും വീണ്ടും സ്തുതിക്കുന്നു.
ശരിയാണ് ഗുരോ,സത്യം,സനാതന സത്യം.
ചേരലാതന്‍റെ മകന്‍ കുട്ടുവന്‍ കോതൈ കുറേക്കാലം ഭരണം നടത്തി.അദ്ദേഹം കവിതയെഴുതുകയും കവികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുട്ടുവനു ശേഷം പാവൈ പാടിയ പെരുംകടുംകോ നാടുവാണു.അതിനെ തുടര്‍ന്ന് മാവെങ്കോയാണ് ഭരിച്ചത്. മാവെങ്കോ ചോളരാജാവായ രാജസൂയം വെറ്റ പെരുനര്‍ കിളിയുമായും പാണ്ഡ്യരാജാവായ ഉഗ്രപ്പെരുവാള്‍ ഉടിയവുമായും സ്നേഹത്തില്‍ കഴിഞ്ഞു.അവരുടെ കുടുംബങ്ങളില്‍ പരസ്പ്പര വിവാഹം വരെ നടന്നിരുന്നു. എന്നാല്‍ ചേരമാന്‍ വഞ്ചന്‍റെ കാലമായപ്പോഴേക്കും ബന്ധങ്ങള്‍ വഷളായി. ഉദാരമനസ്ക്കനായ വഞ്ചന്‍ കീര്‍ത്തിമാനായി  ഭരണം നടത്തിവരവെ എഡി നൂറ്റിതൊണ്ണൂറില്‍ പാണ്ഡ്യനായ നെടും ചേഴിയന്‍ മുസ്സിരിസ്സിനെ ആക്രമിച്ചു. മുസ്സിരിസ്സ് ആ കാലത്ത് വിവിധ മതങ്ങളുടെ സംഗമഭൂമിയായിരുന്നു.തുറമുഖവും പ്രാന്തപ്രദേശങ്ങളും അതിസമ്പന്നമായിരുന്നു.പാണ്ഡ്യ ആക്രമണ കാലത്തുതന്നെ ചോളരാജാവായ കുളമുറ്റത്ത് തുഞ്ചിയ കിളിവളവനും വഞ്ചിയെ ആക്രമിച്ചു.ഉദാരമനസ്ക്കനായ ചേരമാനെ ആക്രമിച്ചതില്‍ ചോളനാട്ടില്‍ പോലും എതിര്‍പ്പുണ്ടായി. കവികള്‍ ഇതില്‍ ദുഃഖിതരായി കവിതകള്‍ എഴുതി പാടി നടന്നു.ചോളസഭയിലെ കവയിത്രി നപ്പചലൈയാര്‍ വാടാവഞ്ചി വാട്ടിയെന്ന് കവിതയിലൂടെ പ്രസ്താവിച്ചു.ആനകളോട് കൂടിയിരിക്കുന്ന വഞ്ചിരാജാവിനെ പ്രകീര്‍ത്തിക്കാനും അവര്‍ മറന്നില്ല.
പ്രഹ്ളാദ,വഞ്ചന്‍റെ ഭരണകാലത്ത് സേനാനായകരില്‍ ഒരുവനായി നിന്‍റെ ഒരംശത്തെ ഞാന്‍ കാണുന്നു.രാജാവിനുവേണ്ടി ധീരമായി പോരാടിയ ഒരു പടനായകന്‍.മാനവിക്രമന്‍ എന്ന കരുത്തനായ ആ നേതാവ് പടക്കളത്തില്‍ വീരമൃത്യു വരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ അഭിമാനപൂര്‍വ്വം ആ ശരീരത്തെ നമസ്ക്കരിക്കുന്നത് ഞാന്‍ കാണുന്നു, ഇത്രയും പറഞ്ഞ് അകലങ്ങളിലേക്ക് കണ്ണെറിഞ്ഞ് ഗുരു മൌനിയായി.
         അടുത്ത ദിവസം അദ്ദേഹം കഥ തുടര്‍ന്നു. ചൊല്‍വക്കടുംകോയുടെ പിന്‍ഗാമിയായിരുന്നു പെരും ചേരല്‍ ഇരുംപൊറൈ.അതിയമാന്‍റെ തലസ്ഥാനമായ തകടൂര്‍ കീഴടക്കിയതോടെ തകടൂര്‍ എറിന്ത പെരും ചേരല്‍ ഇരുംപൊറൈ എന്ന് അറിയപ്പെട്ടുതുടങ്ങി.ഇരുംപൊറൈക്ക് ശേഷം നാടുവാണ അരയില്‍ കിഴാര്‍ പെരുംചേരലും യുദ്ധവീരനായിരുന്നു. അദ്ദേഹം ചോളതലസ്ഥാനമായ പുകാര്‍ കീഴടക്കുകയും ശക്തന്മാരായ സൈന്യാധിപന്മാരെ സ്വന്തം ചേരിയില്‍ കൊണ്ടുവരുകയും ചെയ്തു.
ഇളം ചേരല്‍ ഇരുമ്പൊറൈയുടെ കാലമായപ്പോള്‍ കരുവൂര്‍ ശാഖ വീണ്ടു കരുത്താര്‍ജ്ജിച്ചു.കുട്ടനാട്,കുടനാട്,പൂഴിനാട്, കൊങ്ങുനാട്,മാതൈനഗരം എന്നിവയുടെ  നാഥനായിരുന്നു ഇളംചേരല്‍.ചോളരെ പോരില്‍ തോല്പ്പിച്ച് കീര്‍ത്തി വളര്‍ത്തിയ ഇളംചേരല്‍ ,ഇളംപഴയന്‍ മാറന്‍റെ ദ്രവ്യങ്ങളും പിടിച്ചെടുത്തിരുന്നു. അനേകം വിദേശികളായ യോദ്ധാക്കളെ അദ്ദേഹം സൈന്യത്തില്‍ ചേര്‍ത്തിരുന്നു. പല ഭാഷകള്‍ സംസാരിക്കുന്ന പടത്തലവന്മാര്‍ക്കൊപ്പം അവരുടെ ആശയങ്ങള്‍ മനസ്സിലാക്കി പെരുമാറാന്‍ ഇളംചേരലിന് കഴിഞ്ഞിരുന്നു. യുദ്ധപ്രിയനായിരുന്ന അദ്ദേഹം തണുപ്പുകാലത്തുപോലും ചതുരംഗപ്പടയോടൊപ്പം കാട്ടില്‍ മരങ്ങള്‍ മുറിച്ച് തീ കാഞ്ഞ് അവിടെ കഴിയുമായിരുന്നു. നാടുവാണ പതിനാറു വര്‍ഷവും യുദ്ധം ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍ന്നു വന്ന മാന്തരന്‍ ചേരല്‍ ഇരുംപൊറൈ കിഴക്ക് കൊല്ലിമല മുതല്‍ പടിഞ്ഞാറ് തൊണ്ടിയും കുടനാടും വരെയുള്ള ചേരസാമ്രാജ്യത്തിന്‍റെ അധിപനായിരുന്നു. സമ്പല്‍സമൃദ്ധമായ നാടിനെക്കുറിച്ച് അക്കാലത്ത് കവി മുത്തുവേലന്‍ പാടിപ്പുകഴ്ത്തിയിരുന്നു. ചോറു തയ്യാറാക്കുന്ന തീയിന്‍റെ ചൂടും ചെങ്കതിരോന്‍റെ ചൂടുമല്ലാതെ മറ്റൊരു ചൂടും അങ്ങയുടെ വെണ്‍കൊറ്റക്കുടക്കീഴില്‍ ജനങ്ങള്‍ക്കറിയില്ല എന്ന് കവി പാടി.ആകാശത്തെ മഴവില്ലല്ലാതെ ശത്രക്കളുടെ കൊലവില്ല് ആ നാട്ടുകാര്‍ കണ്ടിട്ടില്ല. കലപ്പയല്ലാതെ മറ്റൊരായുധവും അവര്‍ക്കറിഞ്ഞുകൂടാ എന്നൊക്കെ മുത്തുവേലന്‍ തുടര്‍ന്ന് പാടി.
രാജാവിനെ പ്രീതിപ്പെടുത്തി സ്വത്തും സ്വര്‍ണ്ണവും തട്ടാനാണ് കവിത എഴുതിയതെങ്കിലും കാര്യങ്ങള്‍ ഏറെക്കുറെ ശരിയായിരുന്നു പ്രഹ്ളാദ. എല്ലാ വീടുകളിലും യോദ്ധാക്കളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കലപ്പയല്ലാത്ത ഒരായുധവും അവര്‍ക്കറിഞ്ഞുകൂടാ എന്നത് അതിശയോക്തിപരമാണ്. ഐശ്വര്യ സമ്പന്നമായ നാട്ടില്‍ നെല്ല് കുത്തുന്ന ശബ്ദം പകലൊക്കെ മുഖരിതമായിരുന്നു. എഡി ഇരുനൂറ്റി എണ്‍പത്തിഅഞ്ചില്‍ നെടുഞ്ചേഴിയനുമായുണ്ടായ യുദ്ധത്തില്‍ മാന്തരന്‍ തടവുകാരനാക്കപ്പെട്ടു.ചൈനക്കാരനായ ഒരു ബുദ്ധസന്ന്യാസി പഠിപ്പിച്ചുകൊടുത്ത കണ്‍കെട്ടുവിദ്യ ഉപയോഗിച്ച് തടവില്‍ നിന്നും രക്ഷപെട്ട് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി അധികാരം പുനസ്ഥാപിച്ചു. പ്രഹ്ളാദ,വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരും കലാകാരന്മാരും പല ദേശക്കാരുമായി നിന്‍റെ രക്തം വളര്‍ന്ന് വികസിച്ചിരിക്കുന്നു. ദാരിദ്ര്യത്തില്‍ കവിയുന്നവര്‍ മുതല് സേനാധിപന്മാര് വരെ.പരസ്പ്പരം അറിയാത്ത രക്തത്തിന്‍റെ പോരാട്ടങ്ങള്‍ പോലും നടന്നു.പ്രഹ്ളാദ,ഇത് മനുഷ്യകുലത്തിന്‍റെ ആകെ കഥയാണ്. നീ ദുഃഖിക്കേണ്ടതില്ല, എല്ലാവരുടെയും ജീവിത കഥ ഇതുതന്നെയാണ് പറയുന്നത്.
      സഹൃദയനായ മാന്തരന്‍ തമിഴ് സാഹിത്യത്തെ പരിപോഷിപ്പിച്ചിരുന്നു.ഐങ്കുറുനൂറ് എന്ന സമാഹാരം അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയതാണ്.മാന്തരന്‍ ഉദാരമനസ്ക്കനും ജ്യോതിഷ വിശ്വാസിയുമായിരുന്നു.മരണം മുന്‍കൂട്ടി അറിയുകയും അതിനനുസരണമായി  ഭരണകൈമാറ്റം നടത്തുകയും ചെയ്തു മാന്തരന്‍. അദ്ദേഹം മരിച്ചപ്പോള്‍ പ്രകൃതി പോലും ദുഃഖാര്‍ത്തയായെന്ന് കവി വേദാഗതന്‍ എഴുതുകയുണ്ടായി.
ചോളരാജാവ് അച്ഛനെ തടവുകാരനാക്കിയതിന്‍റെ ദേഷ്യം കണൈക്കാര്‍ ഇരുംപൊറൈയില്‍ നിരഞ്ഞു നിന്നിരുന്നു.ആദ്യം കിട്ടിയ അവസരത്തില്‍ തന്നെ ചോളന്മാരുമായി ഏറ്റുമുട്ടുകയും വിജയം നേടി ചേര സാമ്രാജ്യത്തിന്‍റെ കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ആ വിജയം ശാശ്വതമായിരുന്നില്ല. കാറ്റ് മാറി വീശി.ചോളനായ ചെങ്കനാല്‍ ,കഴുമലത്തുവച്ചു നടന്ന യുദ്ധത്തില്‍ ചേരന്‍റെ പടനായകനായ കണയനെ വധിച്ചു.അത് കണൈക്കാര്‍ക്ക് കനത്ത നഷ്ടമായി. എങ്കിലും പിന്‍വാങ്ങാതെ യുദ്ധം തുടര്‍ന്നു.പോര്‍ എന്ന സ്ഥലത്തുവച്ച് നടന്ന പോരാട്ടത്തില്‍ കണൈക്കാര്‍ , ചോളനായ ചെങ്കണാന്‍റെ തടവുകാരനായി. കടവായില്‍ കോട്ടത്താണ് കണൈക്കാരെ തടവില്‍ പാര്‍പ്പിച്ചത്.രക്ഷപെടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. എഡി മുന്നൂറ്റിയഞ്ചിലെ വേനല്‍ക്കാലത്ത് ഒരു ദിവസം ദാഹജലം ചോദിച്ചത് കിട്ടാന്‍ വൈകി എന്നത് അദ്ദേഹത്തിന് വലിയ അപമാനമായി തോന്നി. അതില്‍ പ്രതിഷേധിച്ച് അദ്ദേഹം ഉപവസിക്കാന്‍ തീരുമാനിച്ചു. ആരൊക്കെ ഇടപെട്ടിട്ടും അദ്ദേഹം അതില്‍ നിന്നും പിന്‍വാങ്ങിയില്ല. ഉപവസിച്ചുകൊണ്ടുതന്നെ മരണം വരിച്ചു.
പ്രഹ്ളാദ, ഇതാണ് യഥാര്‍ത്ഥ ദ്രാവിഡന്‍റെ അഭിമാനം,അതല്ലെങ്കില്‍ ദുരഭിമാനം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ