2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-13-സംസ്ക്കാരങ്ങളുടെ ഇണചേരല്‍

                                    പതിമൂന്ന്

സംസ്ക്കാരങ്ങളുടെ  ഇണചേരല്‍

ഭാഷയിലും സംസ്ക്കാരത്തിലും അനുസ്യൂതമായ മാറ്റം സംഭവിക്കയായിരുന്നു.നാട്ടിലാകെ അന്യദേശക്കാരുടെ എണ്ണം കൂടിക്കൂടി വന്നു.എല്ലാ ഗോത്രങ്ങളിലും വ്യത്യസ്ത നിറമുള്ളവരുടെ സങ്കലനമായി കഴിഞ്ഞിരുന്നു. സങ്കലനപ്പെടാതെ തനതായി കഴിയാന്‍ ആഗ്രഹിച്ച ആദിമ ഗോത്രക്കാര്‍ കാട്ടിനുള്ളിലേക്ക് പിന്മാറിക്കൊണ്ടിരുന്നു. കാര്‍ഷികവൃത്തിയും കാലിമേയ്ക്കലും തൊഴിലാക്കിയവര്‍ കാടുകള്‍ വെട്ടിമാറ്റി അവിടൊക്കെ കൃഷിയിറക്കി. കാട്ടില്‍ നിന്നും സുഗന്ധവ്യഞ്ജനങ്ങളും ആറുകളില്‍ നിന്നും മുത്തുകളും ശേഖരിച്ച് അവര്‍ വിദേശികളെ കാത്തിരുന്നു.വിദേശികള്‍ കൊണ്ടുവന്ന മദ്യം പുരുഷന്മാരെ ദാഹാര്‍ത്തരും മണമുള്ള ലേപനങ്ങള്‍ സ്ത്രീകളെ ഉന്മത്തരുമാക്കി. വസ്ത്രങ്ങള്‍ ഗോത്രത്തലവനെ അവരുടെ അടിമയാക്കി.
ബിസി എണ്ണൂറുകളില്‍ ടയറിലെ രാജാവായ ഹീരം അയച്ച കപ്പലില്‍ വന്നവരും ലക്ഷ്യമിട്ടത് കുരങ്ങും മയിലും ആനക്കൊമ്പും ചന്ദനവും മുത്തുകളുമൊക്കെയായിരുന്നു. അവര്‍ വടക്ക് പടിഞ്ഞാറെ തീരത്തുള്ള ഓഫിര്‍ തുറമുഖത്ത് ഇറങ്ങി വ്യാപാരം നടത്തി. ഭൂപ്രകൃതിയും സമൃദ്ധിയും സമഞ്ജസിച്ച ചേരള നാട് ഹോറ എന്ന നാവികനെ ആനന്ദതുന്തിലനാക്കി. അയാള്‍ മാത്രം തിരികെ പോയില്ല. ഹോറയെ നാട്ടുപ്രമാണി സന്തോഷത്തോടെ സ്വീകരിച്ചു. പുരോയുടെ പുത്രന്‍ ശെന്തിലനായിരുന്നു പ്രമാണി. പ്രമാണിയുടെ സുന്ദരിയായ മകളെ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു.
മിടുക്കിയായ ശെങ്കളി ആ വൈദേശികനുമായി വേഗമിണങ്ങി. അയാള്‍ ഒരു നല്ല കലാകാരനായിരുന്നു.മുളങ്കുഴലില്‍ ഗാനമാലപിക്കുന്ന,ശില്പ്പങ്ങള്‍ കൊത്താന്‍ ചാതുര്യമുള്ള കലാകാരന്‍. ശെങ്കളിയെ മാതൃകയാക്കി അയാള്‍ നിര്‍മ്മിച്ച പ്രതിമ അധികം വൈകാതെ ആ നാട്ടില്‍ ഭൂമിദേവിയുടെ പ്രതീകമായി മാറി.ദേവീവിഗ്രഹത്തെ സംരക്ഷിക്കാന്‍ കെട്ടിടമുണ്ടാക്കി,നിത്യപൂജയും തുടങ്ങി.എല്ലാ സങ്കടങ്ങള്‍ക്കും പരിഹാരം ദേവിയെ പ്രാര്‍ത്ഥിക്കലും കര്‍മ്മങ്ങള്‍ നടത്തലുമായി.
അയാള്‍ ഹീബ്രുഭാഷ ശെങ്കളിയെ പഠിപ്പിച്ചു.
ശെങ്കളി,നീ ആ പക്ഷിയെ കണ്ടോ,ചിറക് വിരിച്ച് നിര്‍ത്തമാടുന്ന സുന്ദരന്‍,അതാണ് തൂകി-ഇം,”അവന്‍ പറഞ്ഞു.
മയിലിനെ ചൂണ്ടിയാണ് അയാള്‍ അങ്ങിനെ പറഞ്ഞത്.അവള്‍ ആവര്‍ത്തിച്ചു പറഞ്ഞു,തൂകി-ഇം.
മരഞ്ചാടി നടക്കുന്ന കുരങ്ങിനെ കണ്ടപ്പോള്‍ ഹോറ പറഞ്ഞു, നോക്കൂ,ഇത് കോപ്
ഒരു കറുത്ത ദ്രാവിഡനെ കണ്ടപ്പോള്‍ ഹോറ പറഞ്ഞു,കര്‍പ്യന്‍
അവള്‍ ചിരിച്ചു,എന്നിട്ട് പറഞ്ഞു, കര്‍പ്യന്‍.”
ഒരു ദിവസം ചോറുണ്ടാക്കാന്‍ അരിയെടുത്തപ്പോള്‍ അവള്‍ ചോദിച്ചു, ഇതിനെന്താ പറയുക?”
ഒറിസ്, അയാള്‍ പറഞ്ഞു.
ഒറിസ് ,അവള്‍ ആവര്‍ത്തിച്ചു
കറിവയ്ക്കാനായി ഇഞ്ചി ഇളക്കിയെടുക്കുമ്പോള്‍ ഹോറ ചോദിച്ചു, ശെങ്കളി,ഇതിന്‍റെ പേര് പറയാമോ?”
അവള്‍ പറഞ്ഞു,അറിയില്ല.
ഇത് സിഗിബെറോസ് , അയാള്‍ പറഞ്ഞു.
അവള്‍ക്ക് അതാവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുതോന്നി.
സിജി, -സിഗി,- സിബ്രോസ്
അതുകേട്ട് അയാള്‍ തറയില്‍ വീണുകിടന്ന് ചിരിച്ചു.അവള്‍ തത്ക്കാലം പിണങ്ങിയെങ്കിലും ഭാഷ പഠിപ്പ് ഉപേക്ഷിച്ചില്ല.അടുത്ത ദിവസം വെപ്പരി കൊണ്ടുവന്ന് കാട്ടി അവള്‍ പറഞ്ഞു,ഹോറ,ഇതിന്‍റെ പേര് പറയു.
പിപ്പലി, അവന്‍ പറഞ്ഞു.
പിപ്പ്-പീപ്പ്-പിപ്പലി, പറഞ്ഞൊപ്പിച്ചു.
പോകെപ്പോകെ അവള്‍ ഹീബ്രുഭാഷ നന്നായി പഠിച്ചു.പലരേയും പഠിപ്പിച്ചു, സ്വയമറിയാതെ അവള്‍ പലര്‍ക്കും ഗുരുവായി മാറി.
മദ്ധ്യേഷ്യയില്‍ നിന്നും അക്രമണോത്സുകരായ ആര്യന്മാര്‍ ഇന്ത്യയില്‍ പ്രവേശിച്ച് ആക്രമമത്തിലൂടെ കൈയ്യടക്കിയ ദേശങ്ങളില്‍ ദ്രാവിഡരെ ആദ്യം അടിമകളാക്കിയെങ്കിലും സാവധാനം അവരുടെ ബുദ്ധിയുടെയും ആദ്ധ്യാത്മികതയുടെയും ആഴം മനസ്സിലാക്കി അവരുമായി സമരസപ്പെട്ടു.അടിമത്തത്തേക്കാള്‍ ഗുണം സങ്കലനമാണ് എന്നവര്‍ കണ്ടെത്തി. നിരീക്ഷണത്തിലൂടെയും മനനത്തിലൂടെയും നന്മയുടെ അംശം സ്വാംശീകരിക്കുന്ന ദ്രാവിഡരെ ഗുരുക്കന്മാരാക്കി.ആ സൌഹൃദത്തിന്‍റെ മൂര്‍ത്തഭാവമെന്ന നിലയില്‍ ദ്രാവിഡദൈവങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനും അവര്‍ തയ്യാറായി. അങ്ങിനെ ചേയോന്‍റെ പിതാവായ ശിവനും അമ്മയായ കൊറ്റവൈയും അതേകാലത്ത് മറ്റൊരു ഗോത്രത്തലവനായിരുന്ന വിഷ്ണുവുമെല്ലാം ആര്യദൈവങ്ങളായി മാറി. ശിവന്‍ ഹൈന്ദവ സംസ്ക്കാരകാലത്ത് പശുപതിയായി ആരാധിക്കപ്പെട്ടിരുന്നു.മൂന്നുമുഖമുള്ള ദൈവമായിരുന്നു ശിവന്‍.ശിവന്‍റെ ചുറ്റിലും എപ്പോഴും മൃഗങ്ങളുള്ളതായി സങ്കല്പ്പിച്ചിരുന്നു. ധ്യാനനിമഗ്നനായ യോഗിയായും സൃഷ്ടികര്‍മ്മവുമായി ബന്ധപ്പെട്ട ലിംഗമായും ശിവനെ സങ്കല്പ്പിക്കാന്‍ തുടങ്ങി.
കാലിമേയ്ക്കുന്ന അതേ പ്രാധാന്യത്തോടെ കാര്‍ഷികവൃത്തിയെ കാണാനും ആര്യന്മാര്‍ തയ്യാറായി. ദ്രാവിഡസമൂഹത്തിലെ പൂജാരിമാരും ആര്യസമൂഹത്തിലെ പൂജാകര്‍മ്മികളും ചേര്‍ന്ന് പുതിയൊരു ജാതി ഉടലെടുത്തു. ബ്രാഹ്മണസമൂഹം എന്നു വിളിക്കപ്പെട്ട ഈ കൂട്ടര്‍ കൃഷിയുടെ മേല്‍നോട്ടം ഏറ്റെടുത്തു. അതോടെ തൊഴില് ചെയ്യുന്നവര്‍ ശൂദ്രര്‍ എന്നറിയപ്പെടാന്‍ തുടങ്ങി. ആര്യന്മാരായ ഭരണാധികാരികള്‍  ക്ഷത്രിയരായി.
ഡക്കാണിലെ മഴകുറഞ്ഞ പ്രദേശത്തുകൂടി ഈ സങ്കലന സമൂഹത്തിലെ ഒരുകൂട്ടമാളുകള്‍ തെക്കോട്ടുനീങ്ങി.അവിടെ നവീനശിലാ സംസ്ക്കാരത്തില്‍ കഴിഞ്ഞു വന്നവരുമായി ചേര്‍ന്ന് കിഴക്കോട്ടുള്ള യാത്ര തുടര്‍ന്നു.കടന്നുപോകുന്ന നദീതീരങ്ങളിലെല്ലാം കുറേപ്പേര്‍ താമസമാക്കി. അങ്ങിനെ ഈ കൂട്ടര്‍ ആന്ധ്ര മുതല്‍ ബംഗാള്‍ വരെ പൂര്‍വ്വതീരത്ത് വ്യാപിച്ചു. ഒരു കൂട്ടര്‍ നര്‍മ്മദ താഴ്വാരത്തിലൂടെ മധ്യഇന്ത്യയിലെ പര്‍വ്വതനിരകളിലേക്കും മഴകൂടിയ വനഭാഗങ്ങളിലേക്കും വ്യാപിച്ചു. നാനാവശത്തും വേരുറപ്പിച്ച ആര്യന്മാര്‍ അങ്ങിനെ നാടിനെ ആര്യാവര്‍ത്തമാക്കി.
ആ കാലത്താണ് മാന്ത്രിക-താന്ത്രിക സൂത്രങ്ങളുടെ സമാഹാരമായ അഥര്‍വ്വവേദം ആര്യ-ആര്യേതര ജനതയുടെ ആത്മീയജീവിതവൃത്തികളുടെ നിയമാവലിയായി തീര്‍ന്നത്. ആ കാലത്തുതന്നെയാണ് പ്രകൃതിയെ ഭയക്കുകയും ആരാധിക്കുകയും ചെയ്ത ജനസമൂഹത്തിന്‍റെ ആത്മീയതയെ ബ്രാഹ്മണര്‍ ചൂഷണം ചെയ്യാന്‍ തുടങ്ങിയതും.
പ്രഹ്ളാദാ,നീ രാമായണ കഥ പല വട്ടം വായിച്ചിട്ടുണ്ടല്ലോ,ഒരു പാട് സംശയങ്ങളും നീ സ്വയം ചോദിച്ചിട്ടുണ്ടാവും.ഒരിക്കലും അടങ്ങാത്ത സംശയങ്ങളുടെ കടലുകളാണ് വേദങ്ങളും ഇതിഹാസങ്ങളും. എന്നിലും അവശേഷിക്കുന്ന സംശയങ്ങള്‍ എത്രയോ ഉണ്ട്. നിനക്കറിയാമോ,ശ്രീരാമന്‍റെ കാലത്ത് ദ്രാവിഡരായ ഉത്തരേന്ത്യക്കാര്‍ക്ക് സഹ്യനിപ്പുറമുള്ള ദേശം അന്യമായിരുന്നു. അതുകൊണ്ടുതന്നെ വാല്മീകിയും പിന്നീട് കഥകള്‍ കൂട്ടിച്ചേര്‍ത്തവരും സാങ്കല്പ്പികമായ അനേകം കഥാപാത്രങ്ങളെ ചമച്ചത്. പ്രഹ്ളാദാ,ഒരു പക്ഷേ,അനേക കാതം യാത്ര ചെയ്ത് പാണ്ഡ്യനാട്ടിലൂടെ ശ്രീരാമനും സൈന്യവും ലങ്കയിലേക്ക് പോയിട്ടുണ്ടാവും. എന്നാല്‍ അതിനിപ്പുറം സമൃദ്ധമായ കാടുകള്‍ക്കുള്ളില്‍ ജീവിച്ച മനുഷ്യര്‍ അവരുടെ കാഴ്ചയ്ക്കപ്പുറമായിരുന്നു. ചേയോനൊപ്പം ഗോദാവരീതടം കടന്നെത്തിയ ആദിദ്രാവിഡരും ആദിമനുഷ്യരും കടല്‍മാര്‍ഗ്ഗമെത്തിയ ആര്യന്മാരും ചേര്‍ന്ന സമൂഹം അവര്‍ക്ക് സങ്കല്പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു.അതുകൊണ്ടുതന്നെയാകാം വാനരസംഘത്തിന്‍റെ ഒരു കഥ ഭാവനയില്‍ മെനഞ്ഞെടുത്തതും, ഗുരു പറഞ്ഞു നിര്‍ത്തി.
ചെമ്പുകൊണ്ടുള്ള ത്രിശൂലവും ഇരുമ്പിലുള്ള കത്തിയും അരിവാളും ചൂണ്ടയും വേലും മുക്കാലിയും ദക്ഷിണദേശക്കാര്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും കാര്‍ഷിക വിപ്ലവത്തിന് ബീജാവാപമായ കലപ്പ അവര്‍ക്ക് ലഭിച്ചത് വളരെ വൈകിയാണ്. നിലം ഉഴുതുമറിക്കാനുള്ള കലപ്പ ഇല്ലാതിരുന്നതിനാല്‍ ചേരള നാട്ടിലെ കാര്‍ഷികരംഗത്ത് ഒരു നിശ്ചലാവസ്ഥ നിലനിന്നിരുന്നു. പ്രഹ്ളാദാ,നിന്‍റെ അപ്പുപ്പന്മാര്‍ ആദ്യമുണ്ടാക്കിയ കലപ്പ ദീര്‍ഘചതുരാകൃതിയിലുള്ളതായിരുന്നു. ഇത് കടും തറയെ ഇളക്കാന്‍ പര്യപ്തമായിരുന്നില്ല. വീടുകളും ആദ്യകാലരീതിയില്‍ നിന്നും വ്യത്യാസപ്പെട്ടിരുന്നില്ല. കളിമണ്ണുകൊണ്ട് വൃത്താകൃതിയില് തറയുണ്ടാക്കി അതിന്മേല്‍ കൂരകള്‍ നിര്‍മ്മിക്കുന്ന പതിവ് തുടര്‍ന്നുവന്നു. അതിന്‍റെ മുകള്‍ഭാഗം കൂണ്‍പോലെ കൂര്‍ത്തുമിരുന്നു”, ഗുരു തുടര്‍ന്നു.  
ഉത്തരേന്ത്യയില്‍ വലിയ വെട്ടുകല്ലുകൊണ്ട് അടിത്തറകെട്ടി ബലവത്തായ മേല്‍ക്കൂരയുള്ള വീടുകള്‍ നിര്‍മ്മിച്ചു. കാലികളെ സംരക്ഷിക്കാന്‍ തൊഴുത്തുമുണ്ടാക്കി. അവര്‍ വീട്ടാവശ്യങ്ങള്‍ക്കായി ചാരനിറം പൂശിയ മണ്‍പാത്രങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ദക്ഷിണേന്ത്യന്‍ ജനത പുതിയവ സ്വീകരിക്കാന്‍ മടികാണിച്ച യാഥാസ്ഥിതികരായിരുന്നു. ആര്യന്മാര്‍ പ്രകൃതിയെ ജയിക്കുന്നതിന് ഭൌതിക ഉപകരണങ്ങള്‍ സൃഷ്യിച്ചപ്പോള്‍ ആത്മീയ ഉപകരണങ്ങളിലായിരുന്നു ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രിയം.
  ഭാഷ,വിശ്വാസം,മതം,ചിന്ത,കല,സാഹിത്യം തുടങ്ങിയവയായിരുന്നു ആത്മീയോപകരണങ്ങള്‍. മനുഷ്യജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുക ഭൌതികമായ ഉപകരണങ്ങളാണ്.ആത്മീയോപകരണങ്ങള്‍ പ്രതിസ്പന്ദനങ്ങള്‍ ഏല്പ്പിക്കും. ദക്ഷിണേന്ത്യന്‍റെ ആത്മീയോപകരണങ്ങള്‍ പരിവര്‍ത്തനത്തിന് വിഘാതമുണ്ടാക്കുകയാണ് ചെയ്തത്. ആത്മീയോപകരണങ്ങളെ മുറുകെപിടിച്ച സമൂഹത്തില്‍ മാറ്റം വരുത്താന്‍ ഉജ്വലമായ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരാന്‍ സഹസ്രാബ്ദങ്ങള്‍ വേണ്ടിവന്നു.
പ്രഹ്ളാദാ,നമുക്ക് സംഭവിച്ചതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഈ ഒരാത്മീയാവസ്ഥയുടെ മുറുക്കിപ്പിടുത്തം തന്നെയാണ്. പുറമെ ഏറെ മുന്നേറിയെങ്കിലും നമ്മിലെ യാഥാസ്ഥിതിക ഭാവം പിന്മാറാന്‍ മടിക്കുന്നു”, ഗുരുവിന്‍റെ ചിന്തയ്ക്കുമുന്നില്‍ അവന്‍ ശിരസ്സു കുനിച്ചു.
സിന്ധുതടത്തിലെ താമ്രയുഗ സംസ്ക്കാരത്തിന്‍റെ അനന്തരാവകാശിയായിരുന്ന ഉത്തരേന്ത്യ അയോയുഗത്തിലേക്ക് പ്രവേശിച്ചത് താമ്രയുഗത്തിലെ ആത്മീയ ഭാണ്ഡത്തോടുകൂടിയാണ്. ഇവ ഭൌതിക പുരോഗതിക്ക് വിഘാതവുമായിരുന്നു. ചാതുര്‍വര്‍ണ്ണ്യത്തില്‍ അധിഷ്ടിതമായ ബ്രാഹ്മണ മേധാവിത്വവും ദൈവപ്രീതിക്ക് വേണ്ടിയുള്ള യാഗങ്ങളും കൃഷിയുടെയും വാണിജ്യത്തിന്‍റെയും പുരോഗതിക്ക് തടസ്സമായി. ഈ തടസ്സങ്ങള്‍ തട്ടിനീക്കുന്നതിന് സഹായിച്ചത് ജൈന-ബുദ്ധ സന്ദേശങ്ങളും ആ മതങ്ങളുടെ പ്രചാരണവുമാണ്. അതുകൊണ്ടുതന്നെ മൌര്യ സാമ്രാജ്യവും അര്‍ത്ഥശാസ്ത്രത്തില്‍ പ്രതിബിംബിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ സംവിധാനവും ഉടലെടുത്തത്.മനുഷ്യസമൂഹത്തില്‍ യുഗാന്തരങ്ങളായി ഈട്ടംകൂടുന്ന അസംബന്ധങ്ങള്‍ നീക്കം ചെയ്യുക ശ്രമകരമായ ഒരു പണിയാണ്. ആ ജോലിയാണ് സാവധാനമായി സമൂഹത്തില്‍ സംഭവിച്ചതും.ചിലയിടത്ത് വേഗം സംഭവിക്കുന്ന ഈ മാറ്റം ചേരളത്തില്‍ സംഭവിക്കാന്‍ സഹസ്രാബ്ദങ്ങള്‍ വേണ്ടിവന്നു.
പ്രഹ്ളാദാ,ആ മാറ്റങ്ങളുടെ അത്ഭുതകരമായ കഥയാണ് ഇനി ഞാന്‍ പറയാന്‍ പോകുന്നത്, ഗുരു പറഞ്ഞു. പ്രഹ്ളാദന്‍ ഒന്നുകൂടി മുന്നോട്ടാഞ്ഞിരുന്നു.
ഹോറയുടെയും ശിങ്കളിയുടെയും പുത്രനായിരുന്നു ശിങ്കാരന്‍.ശിങ്കാരന്‍ ഗോത്രത്തലവനായപ്പോള്‍ അവര്‍ ബേപ്പൂരില്‍ നിന്നും തെക്കോട്ട് യാത്രചെയ്ത് ചൂര്‍ണ്ണിതീരത്തെത്തി. അവിടെ താമസിച്ച് കൃഷിചെയ്തും കാലിമേയ്ച്ചും ഗോത്രം പുലര്‍ത്തി. അക്കാലത്താണ് ചൂര്‍ണ്ണിയിലെ ശംഖുകളില്‍ നിന്നും മനോഹരമായ ചൌര്‍ണ്ണേയങ്ങള്‍ അവര്‍ കണ്ടെത്തിയത്. കടലോരത്ത് കച്ചവടത്തിനുവന്ന അറബികളെ ചൌര്‍ണ്ണേയം അത്ഭുതപ്പെടുത്തി. അവര്‍ ചൌര്‍ണ്ണേയത്തിനുപകരമായി പലവിധ ചരക്കുകളും നാണയങ്ങളും നല്കാന്‍ തയ്യാറായി. ശിങ്കാരന്‍റെ സുന്ദരിയായ പുത്രി ചൌര്‍ണ്ണേയത്തേക്കാള്‍ അഴകുള്ളവളായിരുന്നു. അവളുടെ കാന്തിയില്‍ മയങ്ങിയ ഫെലൂന്‍ എന്ന അറബി കച്ചവടം കഴിഞ്ഞ് തിരികെ പോകുന്ന കപ്പലില്‍ കയറാന്‍ കൂട്ടാക്കിയില്ല. അവന്‍ ചൂര്‍ണ്ണിനദിക്കരയില്‍ അവളെയും സ്വപ്നംകണ്ടിരുന്നു. ഒടുവില്‍ ശിങ്കാരന്‍റെ സമ്മതത്തോടെ അവളെ വിവാഹം ചെയ്ത് അവിടെ കൂടി.
പ്രഹ്ളാദാ,അങ്ങിനെ നിന്‍റെ ബന്ധുകുലത്തില്‍ ഒരറബിയും വന്നുകൂടി”, ഗുരു ഒരിറക്ക് വെള്ളം കുടിച്ച് വീണ്ടും കഥ തുടര്‍ന്നു.
ജനതകള്‍ തമ്മിലുള്ള ഇണചേരല്‍ സംസ്ക്കാരങ്ങളുടെ ലയനമായി മാറിക്കൊണ്ടിരുന്നു.
ശിങ്കാരന്‍ മരിക്കും മുന്‍പെ ഫെലൂനെ ഗോത്രത്തലവനായി പ്രഖ്യാപിച്ചു. നാളതുവരെ തുടര്‍ന്നുവന്ന വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഒരു തീരുമാനം . അന്യനാട്ടില് നിന്നും വന്ന് ഗോത്രത്തില്‍ ചേര്‍ന്നയാള്‍ ഗോത്രത്തലവനാകുക. അതും തലവന്‍റെ മകളെ വിവാഹം ചെയ്തു എന്ന ഒറ്റ കാരണത്താല്‍. ശിങ്കാരന്‍റെ മൂത്ത സഹോദരീപുത്രനും കൂട്ടരും പിണങ്ങിപ്പിരിഞ്ഞു. അവര്‍ പ്രത്യേക ഗോത്രമായി മാറി. ശിങ്കാരന്‍ എതിര്‍ത്തില്ല. പോകുന്നവര്‍ പൊയ്ക്കോട്ടെ എന്ന സമീപനമായിരുന്നു. എതിര്‍പ്പുണ്ടായിട്ടും പുറത്തു പറയാതെ മറ്റുള്ളവര്‍ ഗോത്രത്തില്‍ ഉറച്ചു നിന്നു.
ഫെലൂന് നല്ല നേതൃപാടവമുണ്ടായിരുന്നു. ചൂര്‍ണ്ണിയുടെ തീരത്ത് അയാള്‍ നെല്‍കൃഷി സജീവമാക്കി. മൌര്യചക്രവര്‍ത്തിയായ അശോകന്‍ ആ കാലത്ത് ചേരളദേശത്തിന് ഒരുപാട് സഹായങ്ങള്‍ ചെയ്തിരുന്നു. മൃഗാശുപത്രികള്‍,കുളങ്ങള്‍,കിണറുകള്‍ എന്നിവ നിര്‍മ്മിച്ചു നല്കാന്‍ അദ്ദേഹം പ്രത്യേക താത്പ്പര്യമെടുത്തു. അശോക ചക്രവര്‍ത്തിയുടെ ലക്ഷ്യം ബുദ്ധമതപ്രചരണമായിരുന്നു.
വില്ലുവ ഗോത്രത്തിനു പുറമെ മറ്റനേകം ഗോത്രങ്ങളും ബുദ്ധമതം സ്വീകരിച്ചു. ഇത് ഗോത്രങ്ങളുടെ ഏകീകരണത്തിന് കാരണമായി. ഈ കാലത്ത് കൃഷിക്കൊപ്പംതന്നെ കാലിമേയ്ക്കലിനും പ്രാധാന്യം കൈവന്നിരുന്നു. ഫെലൂന്‍റെ പുത്രന്‍ ശംഖനാഥന്‍റെ കാലത്ത് കാലികളുടെ പ്രാധാന്യം വര്‍ദ്ധിക്കുകയും മന്‍റങ്ങള്‍ നിലവില്‍ വരുകയും ചെയ്തു. നൂറുകണക്കിന് കാലികള്‍ ഓരോ മണ്‍റത്തിനും സ്വന്തമായിരുന്നു. അങ്ങിനെ ഗോത്രത്തലവന്‍ മണ്‍റങ്ങളുടെ നേതാവായ മന്നനായി. ശംഖനാഥനായിരുന്നു ചേരളത്തിലെ ആദ്യ മന്നന്‍. കാലിമേയ്ക്കുന്ന കോലായിരുന്നു രാജാധികാര ചിഹ്നം. കാലിക്കൂട്ടം ഒത്തു ചേരുന്ന മരച്ചുവട്ടിലെ അമ്പും വില്ലും ഗോത്രചിഹ്നമായി തുടര്‍ന്നു. ആ മരത്തിനു കീഴെ ഇരുന്ന് ഗോത്രത്തിലെ അംഗങ്ങള്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തു. വടക്കുനിന്നും സിംഹള ദേശത്തുനിന്നും വന്ന ബുദ്ധഭിക്ഷുക്കളായിരുന്നു പല വിഷയങ്ങളിലും മന്നനെ ഉപദേശിച്ചിരുന്നത്. അവരുടെ കൂട്ടത്തില്‍ നല്ല വൈദ്യന്മാരുമുണ്ടായിരുന്നു. കാട്ടുചെടികള്‍ക്കിടയില്‍ നിന്നും ഔഷധങ്ങള്‍ കണ്ടെത്തി അവര്‍ രോഗങ്ങള്‍ ഭേദമാക്കി. രോഗങ്ങള്‍ വന്നാല്‍ അവ മാറ്റാന്‍ ദൈവങ്ങള്‍ക്കേ കഴിയൂ എന്നു വിശ്വസിച്ചിരുന്ന ഗോത്രക്കാര്‍ക്ക് വൈദ്യന്മാര്‍ ദൈവങ്ങളായി മാറി. അവര്‍ക്ക് സമൂഹത്തില്‍ വലിയ അംഗീകാരവും കിട്ടി.
പാലി ഭാഷ പഠിപ്പിക്കാനും ബുദ്ധസംഹിതകള്‍ പ്രചരിപ്പിക്കാനുമായി ബുദ്ധഭിക്ഷുക്കള്‍ പള്ളിക്കൂടങ്ങള്‍ തുടങ്ങി. ബുദ്ധക്ഷേത്രങ്ങളോട് ചേര്‍ന്നായിരുന്നു ഇവ സ്ഥാപിച്ചത്. അങ്ങിനെ പള്ളികളോടുചേര്‍ന്ന് പള്ളിക്കൂടങ്ങളുണ്ടായി. ബുദ്ധമതം സ്വീകരിച്ചതോടെ വില്ലുവ ഗോത്രക്കാര്‍ സമാധാനപ്രിയരായി മാറി. ഹിന്ദുമതവും ഒപ്പം തന്നെ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല. ആര്യമതമെന്ന നിലയില്‍ അതിനെ സ്വീകരിക്കാന്‍ ഗോത്രക്കാര്‍ ആഗ്രഹിച്ചില്ല. മത്സ്യഗോത്രക്കാര്‍ അതിക്രമിച്ചു കടന്ന് മരച്ചുവട്ടിലെ വില്ലുമുറിച്ച് പ്രകോപനം സൃഷ്ടിക്കും വരെ സമാധാനം നിലനിന്നു. എന്നാല്‍ ഈ അതിക്രമത്തോടെ ഭിക്ഷുക്കളുടെ ഉപദേശമൊന്നും അനുസരിക്കാന്‍ ശംഖനാഥന്‍ നിന്നില്ല. വില്ലുവ യോദ്ധാക്കളെകൂട്ടി അയാള്‍ യുദ്ധത്തിനുപുറപ്പെട്ടു. അനേക ദിനങ്ങള്‍ നിണ്ടുനിന്ന ഘോരയുദ്ധമായിരുന്നു ഫലം. രണ്ടു ഗോത്രങ്ങളിലും ഒരുപാട് മരണങ്ങള്‍ നടന്നു. ഒടുവില്‍ മത്സ്യഗോത്രക്കാര്‍ ഓടി രക്ഷപെട്ടു. യുദ്ധം ജയിച്ചെങ്കിലും വില്ലുവഗോത്രക്കാര്‍ക്ക് അവരുടെ മന്നനെ നഷ്ടമായി. വിജയത്തിനടുത്തെത്തി നില്ക്കെയാണ് ശംഖനാഥന്‍ പരിക്കേറ്റ് വീണത്. അമ്പില്‍ രൂക്ഷമായ വിഷാംശമുണ്ടായിരുന്നു. രക്ഷിക്കാന്‍ വൈദ്യന്മാര്‍ക്ക് പോലും കഴിഞ്ഞില്ല.പടക്കളത്തില്‍ വച്ചുതന്നെ മേഘനാഥന്‍ നേതൃത്വമേറ്റെടുത്തു.അച്ഛന്‍ തുടങ്ങിവച്ച യുദ്ധം മകന്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ഏയ്,പ്രഹ്ളാദാ,-നിന്‍റെ മുന്‍ഗാമികളില്‍ ഒരുവന്‍റെ മരണം നിന്നെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടാവണം-ല്ലെ.
“  അതെ ഗുരോ,ഉള്ളിലെ നീറ്റല്‍ ഞാനറിയുന്നു  “
മേഘനാഥന്‍ ബുദ്ധമതത്തിന്‍റെ അന്തഃസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട മന്നനായിരുന്നു. അയാള്‍ മന്ത്രവാദവും പ്രതിമാരാധനയും നിര്‍ത്തലാക്കി. ഇത്തരം തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് കൃഷിഭൂമിയും കലപ്പയും കാളന്മാരെയും നല്‍കി. ഉത്തരേന്ത്യയില്‍ നിന്നും നല്ല വസ്ത്രങ്ങളും കാര്‍ഷികോപകരണങ്ങളും വാങ്ങി ഗോത്രക്കാര്‍ക്ക് വിതരണം ചെയ്തു, പകരമായി ചൂര്‍ണ്ണേയവും സുഗന്ധവ്യഞ്ജനങ്ങളും കച്ചവടം ചെയ്തു. ഈ രീതിയില്‍ അന്യ രാജ്യങ്ങളുമായി വാണിജ്യ-സാംസ്ക്കാരിക-രാഷ്ട്രീയ ബന്ധം സ്ഥാപിച്ചു. ബുദ്ധമതം ജനതയെ കര്‍മ്മോന്മുഖരാക്കി.സ്വന്തം കര്‍മ്മമാണ് മനുഷ്യജീവിതത്തെ രൂപപ്പെടുത്തുന്നത് എന്ന് ബുദ്ധഭിക്ഷുക്കള്‍ ഉത്ഘോഷിച്ചു. അവനവന്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങള്‍ക്ക് പ്രതിവിധിയാകണമെങ്കില്‍ സ്വയം നല്ല മാര്‍ഗ്ഗത്തിലൂടെ ചരിക്കണമെന്ന് അവര്‍ ഉപദേശിച്ചു. ദൈവവിശ്വാസവും മതവിശ്വാസവും ദുഷ്കര്‍മ്മങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെന്ന ബോധം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സഹജീവികളെ സ്നേഹിക്കുകയും നല്ലവണ്ണം അദ്ധ്വാനിക്കുകയും വേണമെന്നും ബുദ്ധഭിക്ഷുക്കള്‍ ഓര്‍മ്മിപ്പിച്ചു. അതാണ് നിര്‍വ്വാണത്തിനുള്ള മാര്‍ഗ്ഗം എന്നും ജനങ്ങളെ അവര്‍ ബോദ്ധ്യപ്പെടുത്തി. അങ്ങിനെ ജനങ്ങള്‍ അദ്ധ്വാനശീലരായി.

     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ